ADVERTISEMENT

ഈജിപ്ത് എന്ന പേരിനൊപ്പം പലപ്പോഴും മനസ്സിൽ തെളിയുക ചരിത്ര പുസ്തകങ്ങളിലൂടെയും സിനിമകളിലൂടെയും ഏറെ പരിചയപ്പെട്ടിട്ടുള്ള ‘മമ്മി’യുടെ രൂപമായിരിക്കും. ഈജിപ്തിൽ മാത്രമല്ല ഇന്ത്യയിലും മമ്മിയാക്കിയ ഒരു ശരീരം കണ്ടെത്തിയിട്ടുണ്ട്, അഞ്ഞൂറിലധികം വർഷം പഴക്കമുള്ള ഒന്ന്. അതൊരു രാജാവിന്റേതോ പ്രഭുവിന്റേതോ അല്ല, ഒരു ബുദ്ധസന്യാസിയുടേതാണ്. എന്നും കാഴ്ചകളുടെയും അനുഭവങ്ങളുടെയും അദ്ഭുത താഴ്‌വരമായ ഹിമാലയത്തിൽനിന്നാണ് ഈ മമ്മി കണ്ടെടുത്തത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഒട്ടേറെ സഞ്ചാരികളെ ആകർഷിക്കുന്ന സ്പിതി താഴ്‌വരയിലെ ഒരു പ്രധാന കൗതുകകാഴ്ചയാണ് ഇപ്പോൾ ഈ മമ്മി. 

ജീവനോടെ മമ്മിയായ ബുദ്ധഭിക്ഷു

സങ്ക ടെൻസിൽ എന്ന ബുദ്ധസന്യാസിയുടേതാണ് ഈ സംരക്ഷിത ശരീരം എന്നു തദ്ദേശവാസികൾ വിശ്വസിക്കുന്നു. ഒരു നാടിന്റെ രക്ഷയ്ക്കായി സ്വന്തം ശരീരം ത്യജിച്ച മഹാത്മാവാണ് സങ്ക ടെൻസിൻ, അതിനാൽ ഈ ശരീരത്തെ ‘ജീവിക്കുന്ന ബുദ്ധ’നായി അവർ കണക്കാക്കുന്നു. ഒരിക്കൽ വലിയ തേളുകളുടെ ആക്രമണത്താൽ ഈ ഗ്രാമവാസികൾ മുഴുവൻ ദുരിതത്തിലായി. അളരുടെ രക്ഷയ്ക്കായി ഈശ്വരനു മുന്നിൽ ജീവൻ നൽകിയ സങ്ക ടെൻസിലിന്റെ ഐതിഹ്യമാണ് ഗ്രാമവാസികൾ പങ്കുവയ്ക്കുക.

village-of-spiti-valley1

ഈജിപ്തിലെ മമ്മികളിൽനിന്ന് ഒരുപാട് വ്യത്യാസങ്ങളുണ്ട് സ്പിതിയിലെ മമ്മിക്ക്. സങ്ക ടെൻസിലിന്റെ ശരീരം ജീവൻ നഷ്ടപ്പെട്ടശേഷം രാസപദാർത്ഥങ്ങൾ ഉപയോഗിച്ച് മമ്മിയാക്കിയതല്ല. ബുദ്ധമതത്തിലെ നിങ്മ വിഭാഗത്തിൽപെട്ട സന്യാസിമാർക്ക് ജീവൻ ത്യജിക്കുന്നതിനോടൊപ്പം ത്വക്കും മറ്റു ശരീരഭാഗങ്ങളും ജീർണിക്കാത്തവിധം സംരക്ഷിക്കപ്പെടുന്ന അവസ്ഥയിലേക്കു സ്വാഭാവികമായി മാറ്റുകയും ചെയ്യുന്ന ഒരു അനുഷ്ഠാനം ഉണ്ടായിരുന്നു. 

village-of-spiti-valley

ഭക്ഷണം ക്രമീകരിച്ചും ക്രമേണ അളവ് കുറച്ചും പിന്നീട് തീർത്തും ഉപേക്ഷിച്ചും ദീർഘനാൾ ധ്യാനത്തിൽ ഇരിക്കും. കുറച്ചു കാലം കൊണ്ട് ജീവൻ വെടിയുന്നതോടൊപ്പം ശരീരത്തിലെ കൊഴുപ്പും ദ്രവങ്ങളും ഇല്ലാതാകുന്നു.  ചുറ്റും വിളക്കുകൾ കൊളുത്തി വച്ച് അതിനു നടുക്കാണ് ധ്യാനസ്ഥിതനായി ഇരിക്കുന്നത്. ഭക്ഷണ ക്രമീകരണത്തിലൂടെ ശരീരത്തിലെ കൊഴുപ്പും ദ്രവങ്ങളും ഇല്ലാതാകുന്നതിനൊപ്പം മുറിയിലെ വിളക്കിന്റെ ചൂട് തൊലിയെ ഉണക്കുകയും ചെയ്യുന്നു. മരണാനന്തരം സമാധിയായ ശരീരത്തെ മറ്റു ഭിക്ഷുക്കൾ മൂന്നു വർഷക്കാലത്തേക്ക് വിളക്കുകൾ കൊളുത്തിവച്ച ഒരു ഭൗമാന്തർഗുഹയിൽ സൂക്ഷിക്കും. അതും ശരീരത്തെ ജീർണതകളിൽനിന്ന് സംരക്ഷിക്കാനാണ്. സങ്ക ടെൻസിലിന്റെ മമ്മിയും ഇത്തരത്തിൽ ഒന്നാണ്. 

sangha-tenzin1

ഈജിപ്ഷ്യൻ മമ്മികളിൽനിന്നു വ്യത്യസ്തമായി സങ്ക ടെൻസിലിന്റെ ശരീരത്തെ മൂടിയ ആവരണങ്ങളൊന്നുമില്ല. ഇരിക്കുന്ന രൂപത്തിലാണ് ശരീരം, തലമുടിക്കോ പല്ലുകൾക്കോ ജീർണതകളൊന്നുമില്ല. കാർബൺ ഡേറ്റിങ്ങിലൂടെ അഞ്ഞൂറിലധികം വർഷം പഴക്കം ഈ മമ്മിക്കുള്ളതായി കണ്ടെത്തിയിട്ടുണ്ടത്രേ. ഇത്തരത്തിൽ സ്വയം ജീവൻ വെടിഞ്ഞ ബുദ്ധഭിക്ഷുക്കളുടെ മമ്മികൾ ജപ്പാനിലും ടിബറ്റിലും കണ്ടെത്തിയിട്ടുണ്ട്. 

പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com