കൃത്രിമ വെള്ളച്ചാട്ടവും പ്രകൃതി ഭംഗി ആസ്വദിച്ചുള്ള താമസവും; ഇത് ഹിഡൻ വില്ലേജ്
Mail This Article
മുംബൈ എന്ന മഹാ നഗരത്തിന്റെ ബഹളങ്ങളില്‍ നിന്നൊഴിഞ്ഞ് ശാന്തമായ അന്തരീക്ഷത്തിൽ അവധി ആഘോഷമാക്കണോ?. വെറും രണ്ട് മണിക്കൂറുകൊണ്ട് ഡ്രൈവ് ചെയ്ത് എത്തിച്ചേരാവുന്ന സ്ഥലമുണ്ട്. സുഖ്‌റോളി എന്ന ഗ്രാമം. അവിടെ ഒരു തടാകമുണ്ട് അതിനെ ആശ്രയിച്ചു കഴിയുന്ന സാധാരണക്കാരായ മനുഷ്യരുണ്ട്, ഗ്രാമത്തിന്റെ സമാധാനവും സൗന്ദര്യവും നിറച്ചുവെച്ചിട്ടുള്ള ഒരു റിസോര്‍ട്ടുമുണ്ട്. ഹിഡന്‍ വില്ലേജ് എന്ന പേരുകൊണ്ടുതന്നെ നയം വ്യക്തമാക്കുന്നുണ്ട് ആ റിസോര്‍ട്ട്. ഗ്രാമകാഴ്ചകൾ ആസ്വദിച്ച് ഹിഡൻ വില്ലേജിൽ താമസിക്കാം. ആഘോഷവും ആരവങ്ങളും പബ്ബുകളുമെല്ലാം ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കില്‍ പറ്റിയ ഇടമല്ല ഇതെന്ന് ആദ്യമേ പറയട്ടെ. സമാധാനം, സ്വസ്ഥത, നിശബ്ദത, പ്രകൃതി സൗന്ദര്യം എന്നിവക്കൊക്കെയാണ് ഹിഡന്‍ വില്ലേജില്‍ സന്ദർശകരെ കാത്തിരിക്കുന്നത്.
മുംബൈയില്‍ കുടുംബത്തോടൊപ്പം സമാധാനത്തോടെ അവധി ദിനം ചിലവിടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ ഇടമാണ് ഹിഡന്‍ വില്ലേജ്. ഏതാണ്ട് നാല് ഏക്കറോളം വരുന്ന ഹിഡന്‍ വില്ലേജിന്റെ അതിരുകള്‍ കാക്കുന്നത് മുള വേലികളാണ്. പ്രധാന കവാടം കടന്ന് അകത്തേക്ക് വരുമ്പോള്‍ അവയ്ക്കുള്ളില്‍ താറാവുകളും അരയന്നങ്ങളും സ്വതന്ത്രരായി നടക്കുന്നുണ്ടാവും. പച്ചപ്പിലേക്ക് മിഴിതുറക്കുന്ന രീതിയില്‍ നിര്‍മിച്ചിട്ടുള്ള ചെറുകുടിലുകളിലും ടെന്റുകളിലും താമസിക്കാം.
കോട്ടേജുകളുടെ മുന്‍ വരാന്തയിലിരുന്ന് രാവിലെകളില്‍ ആവി പാറുന്ന ചായ ഊതിക്കുടിക്കാം. വെയിലു പരക്കുമ്പോള്‍ ചൂടില്‍ നിന്നും രക്ഷ തേടി അടുത്തു തന്നെയുള്ള നീന്തല്‍കുളത്തിലേക്ക് ഊളിയിടാം. കൂടാതെ കൃത്രിമ വെള്ളച്ചാട്ടവുമുണ്ട്. കാഴ്ചകൾ കണ്ട് താമസിക്കാൻ മികച്ചയിടമാണിത്.
ഭക്ഷണമാണ് ഹിഡന്‍ വില്ലേജിലെ മറ്റൊരു ആകര്‍ഷണം. അതിഥികള്‍ക്കായി പ്രദേശവാസികള്‍ തന്നെയാണ് ഭക്ഷണം പാചകം ചെയ്യുന്നത്. നാട്ടുരുചിയില്‍ പച്ചക്കറിയും മത്സ്യ മാംസാദികളും കഴിക്കാനുള്ള അവസരവും ഹിഡന്‍ വില്ലേജിലുണ്ട്. അങ്ങനെയങ്ങനെ ഓര്‍മയില്‍ സൂക്ഷിക്കാനായി പല മുത്തുകളും ഒളിപ്പിച്ചു വച്ചുകൊണ്ടാണ് ഹിഡന്‍ വില്ലേജ് ഓരോ സഞ്ചാരിയേയും ക്ഷണിക്കുന്നത്.
English Summary: Hidden Village in mumbai With Lakes And Waterfalls