വയനാട് മുത്തങ്ങ വഴി ഗുണ്ടല്‍പേട്ടിലേക്ക്; മഞ്ഞവിരിച്ച് പാതയോരങ്ങളിൽ സൂര്യകാന്തിപ്പൂക്കള്‍
Mail This Article
ഗുണ്ടല്‍പേട്ടില്‍ ഇനി പൂക്കാലമാണ്. ചെറിയ ചെരിവോടുകൂടി കണ്ണെത്താദൂരം പരന്നു കിടക്കുന്ന വലിയ പൂപ്പാടങ്ങള്‍. മഴക്കാലത്തിന് തുടക്കമാകുന്നതോടെയാണ് ഗുണ്ടല്‍പേട്ടില്‍ പൂക്കാലവും തുടങ്ങുന്നത്. ആദ്യം സൂര്യകാന്തിപ്പൂക്കളുടെ കാലമാണ്. കാര്‍മേഘങ്ങള്‍ക്കിടയിലൂടെ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന സൂര്യന്‍ രശ്മികളെറിഞ്ഞ് സൂര്യകാന്തിപ്പൂക്കളോട് സല്ലപിക്കുന്നുണ്ടാകും. ആ വെളിച്ചത്തില്‍ പൂക്കള്‍ ഒന്നുകൂടി വെട്ടിത്തിളങ്ങും. അപ്പോള്‍ ആ പ്രദേശമാകെ മഞ്ഞയുടെ അഭൂതപൂര്‍വമായ പ്രഭ പരക്കും. വലിയ മരങ്ങളില്ലാത്തതിനാല്‍ ഈ പ്രദേശത്ത് പൂക്കളിലേക്ക് സൂര്യപ്രകാശം നേരെ പതിക്കും. അതുകൊണ്ടാണ് ഗുണ്ടല്‍പേട്ടില്‍ സൂര്യകാന്തിപ്പൂക്കള്‍ തഴച്ചുവളരുന്നത്.
മൈസൂരുവിലേക്കും ബെംഗളൂരുവിലേക്കും പോകുന്നവര്‍ ഇപ്പോള്‍ ഗുണ്ടല്‍പേട്ടില്‍ വണ്ടി നിര്‍ത്താതെ പോകില്ല. വഴിയോരത്ത് മഞ്ഞപ്പരവതാനി വിരിച്ചതുപോലെ സൂര്യകാന്തി പൂത്തുനില്‍ക്കുമ്പോള്‍ ആരായാലും വണ്ടി നിര്‍ത്തും. വയനാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍നിന്നു പൂപ്പാടം കാണാനായി മാത്രം ഇവിടെയെത്തുന്നവരുമുണ്ട്.
വയനാട്ടിലെ ബത്തേരി– മുത്തങ്ങ വഴിയാണ് ഗുണ്ടൽപേട്ടിലേക്ക് പോകുന്നത്. മുത്തങ്ങ കഴിഞ്ഞാല്‍ പിന്നെ കാടാണ്. നിറയെ ഹംപുകളുള്ള റോഡിലൂടെ പതിയെ മാത്രമേ വാഹനം ഓടിക്കാന്‍ സാധിക്കൂ. അമിത വേഗത്തില്‍ വാഹനം ഓടിച്ച് വന്യമൃഗങ്ങളെ ഇടിച്ചു കൊലപ്പെടുത്തുന്നത് പതിവായതോടെയാണ് ഈ വഴി നിറയെ ഹംപ് നിര്‍മിച്ചത്. ലോറിയിടിച്ച് ആനയുള്‍പ്പെടെ കൊല്ലപ്പെട്ട സംഭവവുമുണ്ടായിരുന്നു. വനത്തില്‍ വാഹനം നിര്‍ത്താനും പാടില്ല. ഈ വഴിയോരത്ത് മാനും ആനയും മയിലുമൊക്കെ കണ്ടേക്കാം. കാടു കടന്ന് കര്‍ണാടകയിലെത്തിയാല്‍ പിന്നെ വിശാലമായ കൃഷിയിടങ്ങളാണ്. ഭൂപ്രകൃതി പാടെ മാറിപ്പോകും. കുന്നും മലയും നിറഞ്ഞ വയനാടിനെ കാട് മറച്ചുപിടിച്ചിരിക്കുകയാണെന്ന് തോന്നും. വിശാലമായി നീണ്ടുകിടക്കുന്ന റോഡിന് ഇരുവശത്തും പച്ചക്കറിയും സൂര്യകാന്തിയും.
മെയിന്‍ റോഡിന് സമീപത്തായി നിറയെ പൂപ്പാടങ്ങളുണ്ട്. യാത്രക്കാരില്‍ ഭൂരിഭാഗവും ഇവിടെ നിര്‍ത്തിയാണ് പൂക്കള്‍ കാണുന്നതും ഫോട്ടോ എടുക്കുന്നതും. പൂപ്പാടത്തേക്ക് കടത്തിവിടുന്നതിന് കര്‍ഷകര്‍ യാത്രക്കാരില്‍നിന്നു ചെറിയൊരു തുക ഈടാക്കുന്നുണ്ട്. സമീപകാലത്താണ് ഇവര്‍ തുക ഈടാക്കാന്‍ തുടങ്ങിയതും കാവല്‍ നില്‍ക്കാന്‍ തുടങ്ങിയതും. ഏതാനും വര്‍ഷം മുന്‍പു വരെ ആര്‍ക്കും പൂപ്പാടങ്ങളില്‍ കയറമായിരുന്നു. എന്നാല്‍ അങ്ങനെ എത്തിയവരില്‍ ചിലര്‍ പൂക്കള്‍ പറിക്കാനും നശിപ്പിക്കാനും തുടങ്ങിയതാണ് കര്‍ഷകരെ കാവല്‍നില്‍ക്കാനും തുക ഈടാക്കാനും പ്രേരിപ്പിച്ചത്. എന്നാല്‍ ഉള്‍ഗ്രാമങ്ങളിലെ പാടങ്ങളില്‍ ഇപ്പോഴും കാവലില്ല.
സൂര്യകാന്തിയുടെ വിത്ത് ഉണക്കി എണ്ണയുണ്ടാക്കാനാണ് ഉപയോഗിക്കുന്നത്. പലയിടത്തും പൂക്കള്‍ ഉണങ്ങിത്തുടങ്ങി. ഒരു മാസം കൂടി കഴിയുമ്പോഴേക്കും സൂര്യകാന്തിപ്പൂക്കളുടെ കാലം കഴിയും. പിന്നെ ചെണ്ടുമല്ലിയും വാടാര്‍മല്ലിയും മറ്റു പൂക്കളും നിറയും. പ്രധാനമായും ചെണ്ടുമല്ലിയാണ് കൃഷി ചെയ്യുന്നത്. പെയിന്റ് കമ്പനികളാണ് ഈ പൂക്കളില്‍ ഏറിയ പങ്കും കൊണ്ടുപോകുന്നത്. ബാക്കിയുള്ളവ മാലകെട്ടാനും അലങ്കാരത്തിനുമായി ഉപയോഗിക്കും. ഓണക്കാലമാകുന്നതോടെയാണ് പൂക്കള്‍ക്ക് നല്ല വില ലഭിക്കുക. വടക്കന്‍ കേരളത്തിലെ ഓണത്തിന് പെരുമ കൂട്ടുന്നത് ഗുണ്ടല്‍പേട്ടിലെ പൂക്കളാണ്. എന്നാല്‍ പത്തോ പതിനഞ്ചോ ദിവസം മാത്രമേ ഈ നേട്ടം ലഭിക്കൂ.
മഞ്ഞയുടെ ഉത്സവമാണ് ഇപ്പോള്‍ ഗുണ്ടല്‍പേട്ടില്‍. വീതിയേറിയ വഴിയോരത്തുകൂടി ഗതകാല സ്മരണകള്‍ ഉണര്‍ത്തിക്കൊണ്ട് മണികിലുക്കി കാളവണ്ടികള്‍ കടന്നു പോകുന്നുണ്ടാകും. പശ്ചിമഘട്ട മലനിരകളെ തഴുകിയെത്തുന്ന തണുത്ത കാറ്റ് കാര്‍മേഘങ്ങളേയും കൂട്ടിക്കൊണ്ടു വരും. അപ്പോഴും ചാറ്റല്‍ മഴ നനഞ്ഞ് പൂപ്പാടങ്ങളിലും പച്ചക്കറിപ്പാടങ്ങളിലും പ്രതീക്ഷകളെ താലോലിക്കുകയാകും സാധാരണക്കാരായ കര്‍ഷകര്‍.
ചിത്രങ്ങൾ: അരുണ്‍ വർഗീസ്
English Summary: Sunflowers welcomes tourists to Gundlupet