ADVERTISEMENT

എവിടെ നോക്കിയാലും കനത്ത പച്ചപ്പും മലനിരകളും... ഇടയ്ക്ക് അവിടവിടെയായി ചിതറിക്കിടക്കുന്ന പാറക്കെട്ടുകളില്‍ കയറി നോക്കിയാല്‍ ഒരു ചിത്രത്തിലെന്ന പോലെ ഇഴഞ്ഞു നീങ്ങുന്ന തീവണ്ടിയുടെ ദൃശ്യം കാണാം. മേമ്പൊടിയായി ഈ പ്രദേശത്തിന് മുകളില്‍ എപ്പോഴും മഞ്ഞിന്‍റെ ഒരു മൂടുപടമുണ്ട്. മുന്‍പേ, ‘ഗൂഗിള്‍ മാപ്പില്‍ ഇല്ലാത്ത ഇടം’ എന്നായിരുന്നു വിളിപ്പേരെങ്കിലും ഈയിടെയായി പുതിയ സ്ഥലങ്ങളും കാഴ്ചകളും തേടിപ്പോകാന്‍ ഇഷ്ടമുള്ള സഞ്ചാരികള്‍ ഇവിടേക്ക് കൂട്ടമായി എത്തുന്നു. മഹാരാഷ്ട്രയിലെ ഭൂരിഭാഗം വിനോദസഞ്ചാരകേന്ദ്രങ്ങളും പോലെ പ്രകൃതിഭംഗിയുടെ ധാരാളിത്തം എങ്ങും കാണാം. ഇത് ഖോപോളി.

പൂനെയ്ക്കും മുംബൈയ്ക്കും ഇടയിലുള്ള വളഞ്ഞുപുളഞ്ഞ ഹൈവേയിലാണ് ഖോപോളി എന്ന സുന്ദരി മറഞ്ഞിരിക്കുന്നത്. വീക്കെന്‍ഡുകളില്‍ യാത്ര പോകാനുള്ള മികച്ച ഒരു സ്ഥലമാണ് ഇവിടം. ബജറ്റ് ഫ്രെണ്ട്ലി ആണെന്നത് മറ്റൊരു മെച്ചമായി പറയാം. 

ഖോപോളിയിലെ ഏറ്റവും പ്രശസ്തമായ ഒരു വിനോദസഞ്ചാര ആകര്‍ഷണമാണ് ഇമാജിക്ക തീം പാർക്ക്. ഹിൽ സ്റ്റേഷനിൽ നിന്ന് കുറച്ച് അകലെയായാണ് തീം പാർക്ക് സ്ഥിതിചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ച തീം പാർക്കുകളിൽ ഒന്നാണിത്. സാഹസിക റൈഡുകളും അറ്റാച്ച്‌ഡ് വാട്ടർ പാർക്കും കൂടാതെ, സന്ദര്‍ശകര്‍ക്കായുള്ള നിരവധി ഷോകളും പലസമയങ്ങളിലായി അരങ്ങേറാറുണ്ട്.

പശ്ചിമഘട്ടത്തിന്‍റെ മടിത്തട്ടിലായി സ്ഥിതിചെയ്യുന്ന തുംഗ്രാളി തടാകമാണ് കണ്ണുകള്‍ക്ക് കുളിരേകുന്ന മറ്റൊരു കാഴ്ച. തെളിഞ്ഞ നീലനിറത്തിലുള്ള ജലത്തില്‍ ചുറ്റുമുള്ള മലനിരകള്‍ പ്രതിഫലിക്കുന്നത്, ഹൃദയഹാരിയായ കാഴ്ചയാണ്. പശ്ചിമഘട്ടത്തിലൂടെ വളഞ്ഞുപുളഞ്ഞ്, താഴേക്ക് പതിക്കുന്ന കുനെ വെള്ളച്ചാട്ടവും നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്നു.

ഖോപോളിയിലെ പ്രസിദ്ധമായ വ്യൂവിങ് പോയിന്‍റ് ആണ് ടൈഗേഴ്സ് ലീപ്. ഇവിടെ നിന്ന് നോക്കിയാല്‍ പശ്ചിമഘട്ടത്തിന്‍റെ മനോഹരമായ കാഴ്ച കാണാം. ഗംഭീരമായ പർവതങ്ങളുടെയും അവയ്ക്ക് ചുറ്റുമുള്ള ഹരിതാഭയാര്‍ന്ന താഴ്‌വരകളുടെയും ദൃശ്യം ഏറ്റവും സുന്ദരമാകുന്നത് ഉദയാസ്തമയ സമയങ്ങളിലാണ്. പർവതങ്ങളുടെ പിന്നിൽ നിന്ന് നോക്കുന്ന സൂര്യന്‍റെ ചുവപ്പ്, ഓറഞ്ച്, മഞ്ഞ നിറങ്ങളില്‍ പരന്നൊഴുകുന്ന പ്രകാശകിരണങ്ങള്‍ തഴുകുമ്പോള്‍, പച്ചപ്പിന്‍റെ മുകളില്‍ തെളിയുന്ന പ്രഭ അവിസ്മരണീയമാണ്. 

മറാത്താ പ്രൗഢിയുടെയും അടയാളമായി നിലകൊള്ളുന്ന രാജ്മാച്ചി കോട്ടയാണ് വിട്ടുപോകരുതാത്ത മറ്റൊരു ഇടം. ഒരു കാലത്ത് മാർത്ത സാമ്രാജ്യത്തിന്‍റെ ശക്തികേന്ദ്രമായിരുന്ന പ്രദേശത്ത് പൈതൃക സ്മരണകളുണര്‍ത്തിക്കൊണ്ട് ഈ കോട്ട നിലകൊള്ളുന്നു. ഈ കോട്ട ഒരു വാസ്തുവിദ്യാ വിസ്മയമാണ്. ട്രെക്കിങ് ചെയ്യുന്നവരും സൈക്ലിങ്ങുകാരുമെല്ലാം കയറ്റം കയറി കോട്ടയിലേക്ക് എത്താറുണ്ട്.

English Summary: Places to Visit in Khopoli Maharashtra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com