എളുപ്പത്തിൽ ക്ഷേത്രത്തില്‍ എത്താം; സോൻപ്രയാഗ്– കേദാർനാഥ് റോപ്‌വേ
Mail This Article
ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയിലെ സോൻപ്രയാഗിനും പ്രശസ്ത തീർഥാടന കേന്ദ്രമായ കേദാർനാഥ് ക്ഷേത്രത്തിനുമിടയിൽ റോപ്‌വേ വരുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ദേശീയ വന്യജീവി ബോർഡ് അനുമതി നൽകി. ഇത് നിലവില്‍ വരുന്നതോടെ സന്ദര്‍ശകര്‍ക്ക് ഒരു മണിക്കൂര്‍ കൊണ്ട് ക്ഷേത്രത്തിലെത്താന്‍ കഴിയും.
13 കിലോമീറ്റർ നീളമുള്ള സോൻപ്രയാഗ്-കേദാർനാഥ് റോപ്‌വേ നിര്‍മിക്കാനുള്ള പദ്ധതിക്ക് ഏകദേശം 1200 കോടി രൂപയാണ് ചെലവു കണക്കാക്കുന്നത്. സമുദ്രനിരപ്പിൽനിന്ന് 11500 അടി ഉയരത്തിലാണ് റോപ് വേ നിർമിക്കുക. നിലവിൽ തീർഥാടകർ ഹെലികോപ്റ്റർ സർവീസ് വഴിയാണ് കേദാര്‍നാഥ് ക്ഷേത്രത്തില്‍ എത്തുന്നത്. നടന്നെത്തുന്നവര്‍ക്ക് ഗൗരികുണ്ഡിൽനിന്ന് ക്ഷേത്രത്തിലേക്കുള്ള ട്രെക്കിങ് ഏകദേശം അര ദിവസമെടുക്കും.
ഉത്തരാഖണ്ഡ് വന്യജീവി ബോർഡ് പദ്ധതിക്ക് ജൂണിൽ അനുമതി നൽകിയിരുന്നു. പക്ഷേ പരിസ്ഥിതി ലോലമായ ഹിമാലയൻ മേഖലയിൽ റോപ് വേ നിര്‍മിക്കാനുള്ള നീക്കത്തിനെതിരെ പരിസ്ഥിതി പ്രവർത്തകരുടെ ശക്തമായ എതിർപ്പുയർന്നതിനാൽ അന്തിമ അനുമതി വൈകുകയായിരുന്നു. പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ബോർഡ് അന്തിമ തീരുമാനമെടുത്തത്.
സംരക്ഷിത പ്രദേശങ്ങളിലെയും പരിസ്ഥിതിലോല മേഖലകളിലെയും കുടിവെള്ള വിതരണത്തിനും ടെലികോം ടവറുകളുടെ നിർമാണത്തിനും ബ്രിഡിൽ ട്രാക്ക് നിർമാണത്തിനും റോപ്പ് വേകൾ സ്ഥാപിക്കുന്നതിനുമായി വിവിധ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും മുന്നോട്ടു വച്ച നിർദേശങ്ങൾ യോഗത്തിൽ ചർച്ച ചെയ്തതായി മന്ത്രി പറഞ്ഞു.
കേദാർനാഥിൽ ഹിമാലയൻ ഗഡ്‌വാൾ പർവതനിരകളിലാണ് പ്രശസ്തമായ കേദാര്‍നാഥ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ശങ്കരാചാര്യർ പുനർനിർമിച്ചതെന്ന് കരുതുന്ന ഈ ക്ഷേത്രം, ഇന്ത്യയിലെ 12 ദ്വാദശ ജ്യോതിർലിംഗങ്ങളിൽ ഒന്നാണ്. മന്ദാകിനി നദിക്കരയിലുള്ള കേദാര്‍നാഥ്‌ക്ഷേത്രം ഏപ്രിൽ അവസാനം മുതൽ കാർത്തികപൂർണ്ണിമ വരെയുള്ള സമയങ്ങളിൽ മാത്രമേ ഭക്തർക്കായി തുറന്നുകൊടുക്കൂ. ശൈത്യകാലത്ത് ക്ഷേത്രത്തിലെ മൂർത്തിയുടെ ബിബം ഉഖീമഠ് എന്ന സ്ഥലത്തേക്ക് കൊണ്ടുവന്ന് അവിടെയാണ് പൂജ നടത്താറുള്ളത്.
English Summary: Kedarnath soon Connected via Ropeway from Sonprayag