ഇവൾ പെൺപുലി; മരിച്ചുപോകുമെന്ന് തോന്നി, കൊച്ചിയിൽ നിന്ന് സൈക്കിളിൽ ലഡാക്കിലേക്ക്
Mail This Article
‘‘ഈ ഭൂമിയിലെ ഒരേയൊരു മനുഷ്യജീവി ഞാൻ മാത്രമാണെന്നു തോന്നിയ ദിവസങ്ങളായിരുന്നു. മഞ്ഞുതാഴ്‌വാരങ്ങളും പർവതങ്ങളും മണൽപരപ്പും പരന്ന ആകാശവും പിന്നെ ഞാനും.. ചിലപ്പോൾ ഭൂപ്രകൃതി പാടേ മാറും. ഇടതടവില്ലാതെ മഞ്ഞു പൊഴിയുന്നിടത്തുനിന്ന് നേരെ മണൽക്കാറ്റിലേക്ക്.. അപ്പോൾ കാണാം പർവതങ്ങളുടെ മുകളിൽ കാറ്റ് നിർമിച്ചുപേക്ഷിച്ച മണൽഗോപുരങ്ങളുടെ വിഭ്രമാത്മകമായ ആ കാഴ്ച. നോക്കിനിൽക്കുമ്പോൾ അന്തരീക്ഷം വീണ്ടും മാറുന്നു. മങ്ങിത്തെളിഞ്ഞ് മടിച്ചുനിന്ന ഇത്തിരിവെയിലും അപ്രത്യക്ഷമാകും. ചുറ്റും ഇരുൾ പരക്കുമ്പോൾ തെളിഞ്ഞ നീലയിൽ തലയ്ക്കു മുകളിൽ ആകാശം മാത്രം പടർന്നു പരന്നു കിടക്കും. അവിടെ നൂറുകണക്കിനു വാൽനക്ഷത്രങ്ങൾ പറന്നു മറയുന്ന അദ്ഭുതക്കാഴ്ച വിരിയും. ലക്ഷക്കണക്കിന് നക്ഷത്രങ്ങളുടെ നിറഞ്ഞ ചിരിവിടരും.’’
ഇക്കഴിഞ്ഞ ജൂൺ 21 ന് രാജ്യാന്തര യോഗാ ദിനത്തിൽ ഒരു പെൺകുട്ടി ഒറ്റയ്ക്ക് ഒരു യാത്രയ്ക്കു തുടക്കം കുറിച്ചു. എറണാകുളത്തുനിന്ന് ലഡാക്ക് വരെ ഒരു സൈക്കിൾ യാത്ര. മൂന്നു ജോഡി വസ്ത്രവും സൈക്കിൾ പമ്പും ടൂൾസും മാത്രം അവൾ കൂടെക്കരുതി. വഴിയിൽ തന്നെ കാത്തിരുന്ന മനുഷ്യരെയും പ്രകൃതിയെയും അനുഭവങ്ങളെയും ഹൃദയത്തിലടക്കിപ്പിടിച്ച് ആ ഏകാന്ത സഞ്ചാരി ലഡാക്കിൽനിന്നു തിരിച്ചെത്തിയിട്ട് ഒരു മാസം കഴിഞ്ഞു.
തിരുവനന്തപുരം സ്വദേശിയാണ് അഗ്രിമയുടെ അച്ഛൻ പി.ആർ.നായർ. ആർമിയിൽ നഴ്സായിരുന്നു അദ്ദേഹം. അമ്മ രമ നായർ സിആർപിഎഫിൽ ഹെഡ് കോൺസ്റ്റബിൾ. യാത്രയ്ക്കിടെ എന്നും വൈകുന്നേരം, മകൾ സുരക്ഷിതയല്ലേ എന്ന് അമ്മ വിളിച്ച് ഉറപ്പുവരുത്തുന്നുണ്ടായിരുന്നു. ലക്ഷ്യത്തിലെത്തി മകൾ തിരികെ എത്തുമെന്ന് അച്ഛന് അൽപം പോലും സംശയമില്ലായിരുന്നു. ബന്ധു പ്രവീൺ കുമാറാണ് യാത്രയ്ക്കായി അമേരിക്കൻ കോന സൈക്കിൾ സമ്മാനിച്ചത്.
അച്ഛന്റെയും അമ്മയുടെയും ജോലിയുടെ സ്വഭാവം കാരണം പല സംസ്ഥാനങ്ങളിലായിരുന്നു ജീവിതം. ഏഴു ഭാഷ നന്നായി അറിയാം. പതിനേഴാം വയസ്സിൽ അഗ്രിമ തുടങ്ങിയതാണ് ഒറ്റയ്ക്കുള്ള സഞ്ചാരങ്ങൾ. പുണെയിൽനിന്നു ബെംഗളൂരുവിലേക്ക് ആദ്യയാത്രയ്ക്ക് ഒറ്റമകളെ പറഞ്ഞയച്ചത് അച്ഛനായിരുന്നു. തന്നെ കാത്തിരിക്കുന്ന വഴികളൊക്കെ അഗ്രിമ പിന്നീടു സ്വയം കണ്ടെത്തി. നടന്നും ബസിലും ട്രെയിനിലും വിമാനത്തിലും സൈക്കിളിലുമായി നൂറുകണക്കിന് വഴികളിലൂടെ അങ്ങനെ ഒറ്റയ്ക്ക് സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു. എറണാകുളത്തുനിന്ന് ലഡാക്കിലേക്കുള്ള ആ യാത്രയിൽ അഗ്രിമയ്ക്ക് കൃത്യമായ ലക്ഷ്യമുണ്ടായിരുന്നു.
ബെംഗളൂരുവിൽ ഡിഗ്രി പഠനത്തിനിടെ നേരിടേണ്ടി വന്ന ശാരീരിക അവശതകൾ പരിഹരിക്കാനാണ് അഗ്രിമ ആദ്യമായി യോഗ പഠിക്കുന്നത്. കൃത്യമായ യോഗ പരിശീലനത്തിലൂടെ സമ്പൂർണ ആരോഗ്യം വീണ്ടെടുത്തപ്പോൾ യോഗയുടെ മഹത്വം മനസ്സിലായി. പിന്നെ യോഗ കൂടുതൽ അറിയാനും പഠിക്കാനുമുള്ള ശ്രമമായി. അങ്ങനെ ബയോടെക്നോളജിയിൽ ബിരുദക്കാരിയായ, മാർക്കറ്റിങ് മാനേജ്മെന്റിൽ എംബിഎക്കാരിയായ അഗ്രിമ യോഗ തെറാപ്പിയിൽ പിജി ഡിഗ്രിയും സ്വന്തമാക്കി. പിന്നീട് യോഗയുടെ പ്രചാരണമായിരുന്നു ലക്ഷ്യം. യോഗ എല്ലാവരിലും എത്തണം. ഇതിനിടെ ലഡാക്കിലെ ബുദ്ധസന്യാസിമാരിൽനിന്ന് യോഗയുമായി ബന്ധപ്പെട്ട ക്ഷണം ലഭിച്ചു. ആ യാത്ര ഒരു സോഷ്യൽ മെസേജ് കൂടി നൽകുന്നതാകണമെന്ന് തോന്നിയപ്പോഴാണ് ‘സൈക്കിൾ യാത്ര’ എന്ന ആശയം ഉദിച്ചത്. ഭാരതത്തിൽ സ്ത്രീകൾക്കു സ്വതന്ത്രമായി സഞ്ചരിക്കാൻ കഴിയില്ല എന്ന ധാരണ, സ്ത്രീകൾക്ക് പരിമിതിയുണ്ടെന്ന വിശ്വാസം. ഇത് രണ്ടും തിരുത്തണമെന്നും തോന്നി. അങ്ങനെയാണ് യോഗയെക്കുറിച്ചു പറഞ്ഞും പഠിപ്പിച്ചും അഗ്രിമ യാത്ര തുടങ്ങിയത്.
പുറപ്പെടുന്നതിന് മുൻപ് കൃത്യമായ റൂട്ട് മാപ്പ് തയാറാക്കി. യോഗ അസോസിയേഷൻ ഓഫ് ഇന്ത്യ ഉൾപ്പെടെ പല സംഘടനകളും പൂർണ പിന്തുണയുമായി കൂടെ നിന്നു. ദിവസവും രാത്രി തങ്ങാനുള്ള സംവിധാനം അവർ ചെയ്തുകൊടുത്തു. കൊങ്കൺ വഴിയായിരുന്നു യാത്ര. വഴിയിൽ തിരഞ്ഞെടുത്ത സ്കൂളുകളിലും കോളജുകളിലും യോഗ സന്ദേശവുമായി അഗ്രിമയെത്തി. കുട്ടികൾ ‘വെൽക്കം കാർഡു’കളുമായി വരവേറ്റു.
കേരളം കടക്കാൻ പത്ത് ദിവസത്തോളമെടുത്തു. കർണാടകയിലെത്തിയപ്പോൾ അതിശക്തമായ മഴ, വഴിയിൽ മുട്ടുവരെ വെള്ളം. മിക്ക ജില്ലകളിലും റെഡ് അലർട്ട്. ഉത്തരകർണാടകയിലെ അതിശക്തമായ കാറ്റിൽ സൈക്കിൾ പോലും പറന്നുപോകുമെന്നു തോന്നി. എങ്കിലും യാത്ര മാറ്റി വയ്ക്കുന്നതിനെക്കുറിച്ചോ തിരികെ പോരുന്നതിനെക്കുറിച്ചോ അഗ്രിമയ്ക്ക് ആലോചന പോലുമില്ലായിരുന്നു. സൈക്കിൾ ചവിട്ടിയും ഉന്തിയും കർണാടക കടന്നു. രാജസ്ഥാൻ വരെ മഴ തുടർന്നു. അജ്മേർ കടന്നപ്പോൾ കത്തിത്തിളയ്ക്കുന്ന വെയിൽ. അൻപത്തിരണ്ട് ഡിഗ്രി ചൂടിലും വിശ്രമിക്കാൻ സമയം മാറ്റി വയ്ക്കാതെ അഗ്രിമ യാത്ര തുടർന്നു. കൊടുംചൂടിൽനിന്നു നേരെ എത്തിയത് മൈനസ് ഡിഗ്രിയിൽ വിറങ്ങലിക്കുന്ന ഹിമാചലിൽ.
മണാലി വരെയേ അഗ്രിമയെ സഹായിക്കാൻ ആൾക്കാരുണ്ടായിരുന്നുള്ളു. അവിടെനിന്ന് ലഡാക്ക് വരെയുള്ള 456 കിലോമീറ്റർ യാത്ര വളരെ അപകടകരമായിരുന്നു. പലരും മുന്നറിയിപ്പു നൽകി. അതേക്കുറിച്ച് അഗ്രിമ വിവരിക്കുന്നത് ഇങ്ങനെ-
‘‘കിലോമീറ്റുകൾ സഞ്ചരിച്ചാൽ മാത്രമേ ഒരു മനുഷ്യജീവിയെപ്പോലും കാണാനാകൂ. എനിക്കു പക്ഷേ ഒന്നും തടസ്സമായി തോന്നിയില്ല. മണാലിയിൽനിന്ന് അടൽ ടണൽ വഴിയായിരുന്നു യാത്ര. അറുപതും എഴുപതും കിലോമീറ്റർ സഞ്ചരിച്ചാൽ ചെറിയ ടെന്റുകൾ വാടകയ്ക്ക് കിട്ടുന്ന ഗ്രാമങ്ങളുണ്ടാകും. മഞ്ഞും തണുപ്പും വകവയ്ക്കാതെ അത്രയും ദൂരമെത്തിയാൽ മാത്രമേ രാത്രിയിൽ കിടന്നുറങ്ങാൻ സൌകര്യം കിട്ടൂ. ഒരു പുല്ലു പോലുമില്ലാതെ, ഒരു ചെറുജീവിയെപ്പോലും കാണാത്ത വിജന പ്രദേശങ്ങളിലൂടെയായിരുന്നു യാത്ര. രാവിലെ ഇറങ്ങുമ്പോൾ ഒരു പൊതി ഉച്ചയ്ക്കത്തേക്ക് കരുതും. ഏതെങ്കിലും നദിയുടെ തീരത്തിരുന്ന് അതു കഴിക്കും. രാത്രി ഭക്ഷണം പതിവില്ല. വല്ലപ്പോഴും എതിരെ വരുന്ന ലോറിക്കാർ സഹായം ഉറപ്പു വരുത്തിയേ പോകൂ. തണുത്ത് വിറയ്ക്കുന്ന കാലാവസ്ഥയിൽ അവർ വെള്ളം ചൂടാക്കി നൽകും. ആപ്പിളും ബിസ്കറ്റും പങ്കുവയ്ക്കും.
വേണ്ടിയിരുന്നില്ല എന്ന് ഒരിക്കലും തോന്നിയില്ല. പക്ഷേ രണ്ടു തവണ ഞാൻ മരിച്ചുപോകുമെന്ന് തോന്നി. മണാലിയിൽനിന്ന് ലഡാക്കിലേക്കുള്ള യാത്രയിൽ ആദ്യ കയറ്റം ഇറങ്ങിയപ്പോൾ മഴ പെയ്തു. അന്തരീക്ഷ താപനില കുത്തനെ മൈനസിലെത്തിയപ്പോൾ മഴത്തുള്ളികൾക്കു പകരം ഐസ് ചിതറിവീഴാൻ തുടങ്ങി. ശരീരത്തും കണ്ണിലുമൊക്കെ ഐസ് പതിച്ച് കുത്തിക്കയറുന്ന വേദനയും തണുപ്പുമായി വിറച്ചു മരവിക്കാൻ തുടങ്ങി. ഹൈപ്പോതെർമിയ (അതിശൈത്യത്തിൽ ശരീരത്തിനു ചലനശേഷി നഷ്ടപ്പെടുന്ന അവസ്ഥ) വന്ന് സെൻസേഷൻ നഷ്ടമായി. ശബ്ദം പോലും പുറത്ത് വരുന്നില്ല. ശരീരം പകുതി തളർന്ന് മരണത്തിലേക്കു കടക്കുന്നതു പോലെ. അപ്പോഴാണ് കല്ലുകൾ കൊണ്ട് ഉണ്ടാക്കിയ വളരെ ചെറിയ അമ്പലം കണ്ടത്. എങ്ങനെയോ അതിനുള്ളിലേക്കു നുഴഞ്ഞു കയറി. കയ്യൊക്കെ കൂട്ടിത്തിരുമ്മി ഒരുവിധം ശരീരത്തിന്റെ ചൂട് വീണ്ടെടുത്തു. അടുത്തൊരു ആർമി ക്യാംപുണ്ടെന്ന് അറിയാമായിരുന്നു, സൈക്കിളും ഉന്തി നേരെ അവിടെയെത്തി. തണുപ്പു കൊണ്ട് തളർന്ന് അവശയായിരുന്നു ഞാൻ. സൈനികർ ചൂടു ചായയും വെള്ളവും നൽകി വിശ്രമിക്കാൻ അവസരമൊരുക്കി. അന്ന് അവിടെ തങ്ങാൻ സൗകര്യവും ചെയ്തു തന്നു.
അവിടെ നിന്നുള്ള യാത്ര തീർത്തും വ്യത്യസ്തമായിരുന്നു. മഞ്ഞു വീഴുന്നിടത്തുനിന്ന് നേരെ മണൽക്കാട്ടിലേക്ക്. പർവതങ്ങളുടെ മുകളിൽ പല പല ആകൃതികളിൽ കാറ്റ് നിർമിച്ച മണൽഗോപുരങ്ങൾ. വെള്ളയും തവിട്ടും നീലയും കറുപ്പുമായി അവ ഓരോ കാഴ്ചയിലും മാറിക്കൊണ്ടിരുന്നു. മറ്റേതോ ഗ്രഹത്തിൽ ചെന്നതുപോലെയുള്ള അനുഭവമായിരുന്നു ആ കാഴ്ച. അവിടെത്തന്നെ നിൽക്കണമെന്ന ആഗ്രഹം തോന്നുമ്പോഴേക്കും കാലാവസ്ഥ മാറാൻ തുടങ്ങും. നിമിഷം കൊണ്ട് വെയിൽ മാറി ഇരുൾ പരക്കുന്നു. മിനിറ്റുകളുടെ ഇടവേളകളിൽ താപനില മാറുന്നു. ആ വിജനതയിൽ ആകാശം അഭൗമമായ കാഴ്ചയായിരുന്നു. തെളിഞ്ഞ നീലിമയിൽ ആകാശം പരന്ന് പടർന്ന് തലയ്ക്ക് മുകളിൽ. നൂറോ ആയിരമോ അല്ല, ലക്ഷക്കണക്കിനു നക്ഷത്രങ്ങൾ തിളങ്ങി നിൽക്കുന്നു. സെക്കൻഡുകളുടെ വ്യത്യാസത്തിൽ പറന്ന് അപ്രത്യക്ഷമാകുന്ന വാൽനക്ഷത്രങ്ങളുടെ അദ്ഭുതകാഴ്ച. അതൊന്നും പറഞ്ഞ് തരാനാവില്ല, അനുഭവിക്കുക തന്നെ വേണം.
അവസാനിക്കാത്ത അതിശയക്കാഴ്ചകളുണ്ടായിരുന്നു ചുറ്റും. ഒഴുകിപ്പോകുന്നതിനിടെ വെള്ളം ഐസായിപ്പോയ നദികളുടെ ദൃശ്യം, ചിലപ്പോൾ മഞ്ഞു പൊട്ടിച്ചു നോക്കിയാൽ അടിയിൽ തെളിയുന്ന ജലം. രാവിലെ യാത്ര തുടങ്ങുമ്പോൾ ഐസ് നദികളാണ് കാണുന്നതെങ്കിൽ ചെറിയ വെയിൽ തെളിഞ്ഞു വന്നാൽ അത് വീണ്ടും നദിയാകും. ആ യാത്രയിൽ ഏറ്റവും അധികം മോഹിപ്പിച്ചത് സൂര്യനാണ്. ഒരു വെയിലിനായി ഇത്രയധികം ഞാൻ ആഗ്രഹിച്ചിട്ടില്ല.
മണാലിയിൽ നിന്നുള്ള യാത്രയിൽ പലപ്പോഴായി മൂന്നു ദിവസം പൂർണമായും വിശ്രമിച്ചു. സൈക്കിൾ ചവിട്ടുന്നതിന് പകരം അതുമായി മണിക്കൂറുകളോളം നടന്നു. ഹിമാചൽ മുതൽ കയറ്റങ്ങളായിരുന്നു. മണാലി മുതൽ അധികവും നടക്കുകയായിരുന്നു. പതിനഞ്ചു മണിക്കൂറോളം നടന്ന ദിവസങ്ങളുമുണ്ട്. മൂന്നു മാസത്തെ യാത്രയിൽ ഒരു മാസം നടന്നു. രാവിലെ പത്തു മണിക്കായിരുന്നു പുറപ്പെടുന്നത്. വൈകിട്ട് ഏഴു മണിക്കു മുമ്പ് നിർത്തും.’’
അഗ്രിമ പറയുന്നതൊക്കെ ഏതോ യക്ഷിക്കഥ കേൾക്കുന്നത് പോലെയേ കേട്ടിരിക്കാനാകൂ. അത്രയും അവിശ്വസനീയമായ ഒരു യാത്രയുടെ അനുഭവങ്ങളാണ് അവർ വിവരിക്കുന്നത്. മൂന്നു മാസവും പത്തു ദിവസവും കൊണ്ട് അഗ്രിമ ലഡാക്കിലെത്തി. ജീവൻ പോലും നഷ്ടമാകാൻ സാധ്യതയണ്ടെന്ന തികഞ്ഞ ബോധ്യമുണ്ടായിട്ടും സൈക്കിളിൽത്തന്നെ തിരികെ വരാൻ ആഗ്രഹിച്ചു. പക്ഷേ പ്രിയപ്പെട്ടവർ അതിന് അനുവദിച്ചില്ല.
കേൾക്കുന്നവർ വിശ്വസിച്ചെന്നു വരില്ല. ചതിയുടെയും വഞ്ചനയുടെയും അക്രമത്തിന്റെയും കഥകൾ നിറയുന്ന ഒരു രാജ്യത്ത് സ്നേഹവും നൻമയും സത്യസന്ധതയും മാത്രമാണ് തന്റെ യാത്രയിൽ അഗ്രിമ കണ്ടതും കേട്ടതും. നാലായിരത്തി ഇരുനൂറ് കിലോമീറ്റർ താണ്ടിയ യാത്രയിൽ വിഷമിപ്പിച്ചത് വഴികളിൽ വണ്ടി കയറി ചത്തുകിടന്ന പാമ്പുകളും നായകളുമാണ്. എങ്ങനെയാണ് അവരെ രക്ഷിക്കുന്നതെന്നോർത്ത് അഗ്രിമ സങ്കടപ്പെടുന്നു. സൈക്കിളോടിച്ച് ഒറ്റയ്ക്കെത്തിയ അഗ്രിമയെ കണ്ട് രാജസ്ഥാനിലെ ഒരു സ്കൂളിലെ പെൺകുട്ടി അതിശയത്തോടെ ചോദിച്ചു: ‘‘മമ്മി ഭി സാഥ് നഹി ആയി?’’ (അമ്മ കൂടെ വന്നില്ലേ..) ആ ചോദ്യത്തിന്റെ നിഷ്കളങ്കതയെ താലോലിക്കുന്നുണ്ട് അഗ്രിമ.
സുരക്ഷിതമായി അന്തിയുറങ്ങാൻ ഇടമൊരുക്കി, രുചികരമായ ഭക്ഷണം തയാറാക്കി കാത്തിരുന്ന അമ്മമാർ. രാവിലെ യാത്രയാകുമ്പോൾ ഉച്ചഭക്ഷണം അവർ പൊതിഞ്ഞു നൽകി. നെറ്റിയിൽ സിന്ദൂരക്കുറി ചാർത്തി ആരതിയുഴിഞ്ഞ് കൈകളിൽ ചരട് കെട്ടി മകളെ എന്നപോലെ അഗ്രിമയെ യാത്രയയച്ചു. മഹാരാഷ്ട്രയിലെ ഒരു സ്കൂളിൽ കുട്ടികൾ ഇനി സ്ഥലമില്ലാത്ത വിധം ഫ്രണ്ട്ഷിപ്പ് ബാൻഡ് കെട്ടി കൈകൾ നിറച്ചു. All the Best..Safe Journey കാർഡുകൾ നിരത്തി എതിരേൽക്കുകയും യാത്രയയ്ക്കുകയും ചെയ്ത പത്തിലധികം സംസ്ഥാനങ്ങളിലെ നൂറുകണക്കിനു കുട്ടികൾ. സൈക്കിളൊന്നു നിർത്തി ടയർ ചെക്ക് ചെയ്താൽ വണ്ടി നിർത്തി ഓടിയെത്തിയവർ, വെള്ളവും ഉണങ്ങിയ പഴങ്ങളും നൽകി യാത്രാമംഗളം നേർന്ന ലോറിക്കാർ. ഗ്രാമങ്ങളിൽ മാത്രമായിരുന്നില്ല നഗരങ്ങളിലും അതു മാത്രമായിരുന്നു അഗ്രിമയുടെ അനുഭവങ്ങൾ. അതുകൊണ്ടു തന്നെ അഗ്രിമ വിളിച്ചു പറയുന്നു: ‘‘ആഹാ, ഈ ലോകമെത്ര സുന്ദരം..’’
English Summary: Agrima Nair's solo trip on a bicycle Kochi to Ladakh