ADVERTISEMENT

നിഗൂഢത നിറഞ്ഞ കാഴ്ചകൾ തേടിയുള്ള യാത്ര മിക്ക സഞ്ചാരികൾക്കും പ്രിയമാണ്. അങ്ങനെയൊരിടമാണ്  ഉത്തരാഖണ്ഡിലെ പാതാള്‍ ഭുവനേശ്വര്‍. ചെറിയൊരു പ്രവേശന കവാടത്തിലൂടെ ഊര്‍ന്നിറങ്ങി വേണം പാതാള്‍ ഭുവനേശ്വറിലേക്ക് പ്രവേശിക്കാന്‍. സമുദ്രനിരപ്പില്‍നിന്ന് 1,350 മീറ്റര്‍ ഉയരത്തിലാണെങ്കിലും കവാടത്തില്‍നിന്നു 90 മീറ്റര്‍ താഴേക്ക് ഇറങ്ങിയാലേ ഈ പാതാള ലോകത്തിലെത്താനാകൂ. വെള്ളം ഒഴുകുന്ന പാറക്കെട്ടുകളിലൂടെ ഇറങ്ങുമ്പോള്‍ വീഴാതിരിക്കാന്‍ ചങ്ങലകള്‍ ഇട്ടിട്ടുണ്ട്. ഇരുണ്ട ഭാഗങ്ങളില്‍ വൈദ്യുതി വിളക്കുകളും വഴി കാണിക്കും. വെല്ലുവിളികള്‍ക്കൊടുവില്‍ താഴേക്കിറങ്ങിയെത്തിയാല്‍ 160 മീറ്ററിലേറെ നീളത്തിലുള്ള വിശാലമായ ഗുഹയാണ്. ഒന്നില്‍നിന്നു മറ്റൊന്നിലേക്ക് നീളുന്ന പല ഗുഹകളുടെ കൂട്ടമാണ് പാതാള്‍ ഭുവനേശ്വര്‍. 

ചുണ്ണാമ്പു കല്ലില്‍ തുടര്‍ച്ചയായി വെള്ളം ഒഴുകി രൂപപ്പെട്ട അപൂര്‍വ നിര്‍മിതികള്‍ ശില്‍പങ്ങളെപ്പോലെ തോന്നിക്കും. ഉത്തരാഖണ്ഡിലെ പിതോറഗര്‍ ജില്ലയിലെ ഗംഗോലിഹട്ടില്‍നിന്നു 14 കിലോമീറ്റര്‍ ദൂരെയുള്ള ഭൂവനേശ്വര്‍ എന്ന ഗ്രാമത്തിലാണ് പാതാള്‍ ഭുവനേശ്വര്‍ സ്ഥിതി ചെയ്യുന്നത്. ഇവിടെ വിശ്വാസവും മിത്തും പുരാണവും ചരിത്രവുമെല്ലാം ഇഴചേര്‍ന്നു കിടക്കുന്നു. 

പാതാള ലോകത്തിലെ കാഴ്ചകള്‍

വിശ്വാസവുമായി ചേര്‍ന്നു നില്‍ക്കുന്നതിനാല്‍ പാതാള്‍ ഭുവനേശ്വര്‍ ഒരു തീര്‍ഥാടന കേന്ദ്രം കൂടിയാണ്. പൈന്‍ മരക്കാടുകളിലൂടെ നടന്നു കവാടത്തിലൂടെ കുന്നിറങ്ങി വേണം പാതാള്‍ ഭുവനേശ്വറിലേക്ക് പ്രവേശിക്കാന്‍. താഴേക്ക് 90 മീറ്ററോളം ഇറങ്ങിയാല്‍ മാത്രമേ പാതാള്‍ ഭുവനേശ്വറിന്റെ പ്രധാന ഗുഹയിലേക്കെത്താനാകൂ. ഇവിടേക്ക് കല്‍പടവുകളും ഇരുമ്പു ചങ്ങലകളും വൈദ്യുതി ബള്‍ബുകളുമെല്ലാം വഴികാട്ടികളായി മാറും. 

പാതാള്‍ ഭുവനേശ്വറിനെപ്പറ്റിയുള്ള കഥകളില്‍ പറയുന്നതുപോലെ, ഗുഹയുടെ കാവല്‍ക്കാരനായ ശേഷനാഗത്തിന്റേതെന്നു തോന്നിപ്പിക്കുന്ന രൂപങ്ങളിലുള്ള ഭാഗങ്ങളും ഗുഹക്കുള്ളില്‍ പലയിടത്തും കാണാനാകും. ചുണ്ണാമ്പുകല്ലില്‍ തുടര്‍ച്ചയായി വെള്ളം ഒഴുകിയപ്പോള്‍ പ്രകൃതി തന്നെ തീര്‍ത്തെടുത്ത ശില്‍പങ്ങളാണിത്. തികച്ചും ശാന്തമായ അന്തരീക്ഷമുള്ള ഈ ഗുഹയ്ക്കുള്ളില്‍ ധ്യാനിക്കാനായി വരുന്നവരുമുണ്ട്. ഒരേസമയം സാഹസികതയും ദുരൂഹതയും ചേര്‍ന്ന അനുഭവമായിരിക്കും പാതാള്‍ ഭുവനേശ്വര്‍ സഞ്ചാരികള്‍ക്ക് നല്‍കുക. 

ലോകാവസാനത്തെ കുറിച്ചുള്ള ഒരു വിശ്വാസവും പാതാള്‍ ഭുവനേശ്വറിനെ ചുറ്റിപ്പറ്റിയുണ്ട്. പാതാള്‍ ഭുവനേശ്വറിനുള്ളിലുള്ള ശിവലിംഗം ദിവസം പ്രതി വളരുന്നുവെന്നതാണ് അത്. ഈ ശിവലിംഗം എന്ന് ഗുഹയുടെ മുകള്‍ ഭിത്തിയില്‍ തട്ടുന്നുവോ അപ്പോള്‍ ലോകം അവസാനിക്കുമെന്നതാണ് വിശ്വാസം. 

പറ്റിയ സമയം

മഴക്കാലത്ത് പാതാള്‍ ഭുവനേശ്വറിലേക്കുള്ള യാത്ര ഒഴിവാക്കുന്നതാണ് നല്ലത്. മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയായിരിക്കും പാതാള്‍ ഭുവനേശ്വര്‍ സന്ദര്‍ശിക്കാന്‍ യോജിച്ച സമയം. ‌ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയും ഇവിടം സന്ദര്‍ശിക്കാം. എന്നാല്‍ ഈ സമയത്ത് കടുത്ത തണുപ്പായിരിക്കും ഗുഹക്കുള്ളില്‍. കൊടും തണുപ്പ് ആസ്വദിക്കാന്‍ സാധിക്കുന്നവരാണെങ്കില്‍ ഈ മാസങ്ങളും യാത്രയ്ക്കായി തിരഞ്ഞെടുക്കാം. 

കഥകളും ചരിത്രവും

പുരാണങ്ങളില്‍ വരെ പരാമര്‍ശമുണ്ട് പാതാള്‍ ഭുവനേശ്വറിനെക്കുറിച്ച്. ത്രേതായുഗത്തില്‍ അയോധ്യ ഭരിച്ചിരുന്ന സൂര്യവംശ രാജാവായ ഋതുപൂര്‍ണയാണ് ഈ ഗുഹ കണ്ടെത്തിയതെന്ന ഒരു കഥയുമുണ്ട്. ഒരിക്കല്‍ നള രാജാവിനെ ഭാര്യ ദമയന്തി പരാജയപ്പെടുത്തി. ഭാര്യയുടെ തടവില്‍നിന്നു രക്ഷപ്പെടാനായി നളന്‍ ഋതുപൂര്‍ണയോടാണ് സഹായം ചോദിക്കുന്നത്. 

ഋതുപൂര്‍ണ ഹിമാലയത്തിലെ വനത്തില്‍ നളനെ ഒളിപ്പിച്ച് കൊട്ടാരത്തിലേക്ക് മടങ്ങുമ്പോള്‍ ഒരു മാനിനെ കാണുന്നു. കാട്ടിലേക്ക് ഓടിക്കയറിയ മാനിനെ ഋതുപൂര്‍ണ പിന്തുടര്‍ന്നെങ്കിലും കണ്ടെത്താനായില്ല. പിന്നീട് ഒരു മരത്തണലില്‍ വിശ്രമിക്കുമ്പോള്‍ ആ മാന്‍ സ്വപ്‌നത്തിലെത്തുകയും തന്നെ പിന്തുടരരുതെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. പിന്നീട് ഉറക്കമുണര്‍ന്ന ഋതുപര്‍ണ സ്വപ്‌നത്തില്‍ മാനിനെ കണ്ട ഗുഹയിലേക്ക് പോവുന്നു. 

ഗുഹയുടെ കവാടത്തില്‍ വച്ച് കാവല്‍ക്കാരനായ ശേഷ നാഗം തടഞ്ഞെങ്കിലും പിന്നീട് അദ്ദേഹത്തെ ഗുഹയിലേക്ക് കടത്തി വിട്ടു. ഗുഹയ്ക്കുള്ളില്‍ ശിവന്‍ ഉള്‍പ്പടെ മുപ്പത്തിമുക്കോടി ദൈവങ്ങളെയും ഋതുപൂര്‍ണ കണ്ടെന്നാണ് ഐതിഹ്യം. ഈ ഗുഹ കലിയുഗത്തില്‍ വീണ്ടും തുറക്കുമെന്ന് സ്‌കന്ദ പുരാണത്തില്‍ പറയുന്നുണ്ട്. ശങ്കരാചാര്യര്‍ ഹിമാലയത്തിലേക്കുള്ള യാത്രയ്ക്കിടെ എ.ഡി 1191ല്‍ പാതാള്‍ ഭുവനേശ്വര്‍ കണ്ടെത്തുകയായിരുന്നു. 

ഇന്ന് സഞ്ചാരികളും വിശ്വാസികളും എത്തുന്ന സ്ഥലമാണ് പാതാള്‍ ഭുവനേശ്വര്‍. അപകട സാധ്യത കണക്കിലെടുത്ത് പല ഗുഹകളും അധികൃതര്‍ അടച്ചിരിക്കുകയാണ്. പാതാള്‍ ഭുവനേശ്വറില്‍നിന്നു കൈലാസം വരെ നീളുന്ന അടിപ്പാതയുണ്ടെന്നും വിശ്വാസമുണ്ട്.

എങ്ങനെ എത്താം?

ന്യൂഡല്‍ഹി, ലക്‌നൗ, കൊല്‍ക്കത്ത എന്നീ നഗരങ്ങളില്‍ നിന്നെല്ലാം റോഡ് മാര്‍ഗം പാതാള്‍ ഭുവനേശ്വറിലേക്കെത്താം. റെയില്‍വേ സ്റ്റേഷനില്‍ നിന്നായാലും വിമാനത്താവളത്തില്‍ നിന്നായാലും ബസുകളും ടാക്‌സികളും ലഭിക്കും. അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ തനക്പുരാണ്. പാതാള്‍ ഭുവനേശ്വറില്‍നിന്ന് 154 കിലോമീറ്റര്‍ ദൂരെയാണിത്. 224 കിലോമീറ്റര്‍ അകലെയുള്ള പന്ത്‌നഗര്‍ വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം.

English Summary: Patal Bhuvaneshwar Cave Temple in Uttarakhand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com