കമോൺട്രാ... കുറഞ്ഞ ചെലവിൽ വിദേശത്തേക്ക് ബോയ്‌സ് ട്രിപ്പ് പ്ലാൻ ചെയ്യാം
Mail This Article
ഗേള്‍സ് ഒണ്‍ലി ട്രിപ്പ്, സ്ത്രീകള്‍ക്ക് വേണ്ടി മാത്രമുള്ള യാത്രകള്‍ അങ്ങനെ നമ്മള്‍ എപ്പോഴും കേള്‍ക്കാറുണ്ട്. എന്നാല്‍ സ്ത്രീകളെക്കാള്‍ യാത്രകള്‍ അധികം നടത്തുന്നത് പുരുഷൻമാരാണ്, പ്രത്യേകിച്ച് യുവാക്കള്‍. ഏറ്റവും കുറഞ്ഞ ചെലവില്‍ യാത്രകള്‍ ചെയ്യുന്നതും കൂടുതല്‍ സ്ഥലങ്ങളിലേക്ക് എത്തിച്ചേരുന്നതും അവര്‍ തന്നെയാണ്. അധികവും വണ്‍ഡേ ട്രിപ്പുകള്‍ പ്ലാന്‍ ചെയ്യുന്ന യുവാക്കൾക്ക് എങ്ങനെ ചുരുങ്ങിയ ചെലവില്‍ രാജ്യാന്തര വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കണ്ടുമടങ്ങാം എന്നു നോക്കാം.
തായ്‌ലന്‍ഡ്
ബോയ്‌സ് ട്രിപ്പ് പ്ലാന്‍ ചെയ്യുമ്പോള്‍ ആദ്യം പറയുന്ന പേരുകളില്‍ ഒന്നായിരിക്കും പട്ടായ. അത് അടക്കം നിരവധി മനോഹര സ്ഥലങ്ങളുള്ള തായ്‌ലന്‍ഡ് തന്നെയാകട്ടെ ബോയ്‌സ് ഓണ്‍ലി ബജറ്റ് ട്രിപ്പിലെ ആദ്യ ഡെസ്റ്റിനേഷന്‍. ലോകമെമ്പാടും നിന്നുള്ള ഏറ്റവുമധികം സഞ്ചാരികള്‍ സന്ദര്‍ശിക്കുന്ന രാജ്യങ്ങളിലൊന്നാണ് തായ്‌ലന്‍ഡ്. ബീച്ചുകളും വാട്ടര്‍ സ്പോര്‍ട്സും പുരാതന ക്ഷേത്രങ്ങളും കൊട്ടാരങ്ങളും എല്ലാമടങ്ങുന്ന ഒരു സാംസ്‌കാരിക നാട്. ബാങ്കോക്ക്, പട്ടായ, ഫുക്കറ്റ്, ക്രാബി, കോ സാമുയി, ചിയാങ് മായ്, സൂറത്ത് താനി തുടങ്ങിയ പൗരാണികതയും നാഗരികതയും എല്ലാം സമന്വയിച്ച് കിടക്കുന്ന തായ്‌ലന്‍ഡ് ഏറ്റവും കുറഞ്ഞ ചെലവില്‍ സന്ദര്‍ശിച്ച് മടങ്ങാം.
ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് വീസ ഓണ്‍ അറൈവല്‍ ആണ് തായ്‌ലന്‍ഡ് അനുവദിക്കുന്നത്. 30000 രൂപ മുതല്‍ തുടങ്ങുന്ന ബജറ്റ് പാക്കേജുകളില്‍നിന്ന് അനുയോജ്യമായതു തിരഞ്ഞെടുത്ത് ബീച്ചുകളുടെ പറുദീസയായ ഈ മനോഹര രാജ്യത്തേക്കു പോയിവരു.
ലാസ് വേഗാസ്
സുഹൃത്തുക്കള്‍ക്കൊപ്പം ഒരു ഇന്റർനാഷനല്‍ ട്രിപ്പ് പോകാന്‍ തോന്നിയാല്‍ നിങ്ങള്‍ക്കുള്ള ഏറ്റവും നല്ല ചോയ്‌സാണ് ലാസ് വേഗാസ്. ലോകത്തിന്റെ വിനോദ തലസ്ഥാനമെന്നറിയപ്പെടുന്ന ലാസ് വേഗാസിലല്ലാതെ വേറെ എവിടെക്കിട്ടും ബോയ്‌സ് ഓണ്‍ലി വൈബ്. ബാറുകള്‍ക്കും കാസിനോകള്‍ക്കും പേരുകേട്ട ഈ നഗരത്തില്‍ ഒരു രാത്രി ചെലവഴിക്കാന്‍ ആഗ്രഹിക്കാത്ത സഞ്ചാരിയുണ്ടാകില്ല. ഏഷ്യന്‍ വിനോദസഞ്ചാരകേന്ദ്രങ്ങളെ അപേക്ഷിച്ച് ലാസ് വേഗാസ് കുറച്ച് ചെലവേറിയ ഇടം തന്നെയാണ്. എങ്കിലും യാത്രകള്‍ ഓര്‍മകളാകുമ്പോള്‍ എന്നെന്നും ഓര്‍ത്തിരിക്കാന്‍ ലാസ് വേഗാസ് സമ്മാനിക്കുന്ന നിമിഷങ്ങള്‍ തന്നെ ധാരാളം.
68 ഡോളര്‍ മുതല്‍ 248 ഡോളര്‍ വരെയാണ് ലാസ് വേഗാസില്‍ ഒരു ദിവസം ചെലവഴിക്കാന്‍ വേണ്ട തുക. അതായത്, 500 രൂപ മുതല്‍ 20000 രൂപ വരെ. ടാക്‌സി, ക്യാബ് തുടങ്ങിയവ ഒഴിവാക്കി പൊതുഗതാഗത സംവിധാനം പ്രയോജനപ്പെടുത്തുകയാണെങ്കില്‍ ചെലവ് കുറയും എന്നുമാത്രമല്ല നഗരത്തിന്റെ എല്ലാ മുക്കും മൂലയും നമുക്ക് കണ്ടാസ്വദിക്കാം.
ബാലി
സഞ്ചാരികളുടെ പ്രിയ ഇടങ്ങളിലൊന്നാണ് ബാലി. ദൈവങ്ങളുടെ നാട് എന്നും അറിയപ്പെടുന്ന, ബാലി അതിന്റെ പ്രകൃതിഭംഗിയാലും കൃഷിയിടങ്ങളാലും ക്ഷേത്രങ്ങളാലും വിനോദസഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട സ്ഥലമാണ്. കപ്പിള്‍സിന്റെ മാത്രമല്ല ചെറുപ്പക്കാരുടെയും ഇഷ്ട ഡെസ്റ്റിനേഷനുകളിലൊന്നാണിവിടം. കൃത്യമായി പ്ലാൻ ചെയ്താൽ ബാലിയിലേക്കുള്ള യാത്ര അത്ര ചെലവേറിയതല്ല
ടൂര്‍ പാക്കേജുകള്‍ക്ക് പുറകേ പോകാതെ തനിയേ പ്ലാന്‍ ചെയ്താല്‍ പോക്കറ്റ് കാലിയാക്കാതെ ബാലിയില്‍ അവധിദിനങ്ങള്‍ ആഘോഷിക്കാം.ഇന്ത്യക്കാര്‍ക്ക് വീസ കൂടാതെ സന്ദര്‍ശിക്കാവുന്ന രാജ്യമാണ് ഇന്തൊനീഷ്യ. ഒരു ഇന്ത്യന്‍ നഗരത്തില്‍ ചെന്നിറങ്ങുന്ന ലാഘ വത്തോടെ ബാലിയിലെ ഡന്‍പാസര്‍ നഗരത്തില്‍ ചെന്നിറങ്ങാം.
ഏകദേശം 13,000 രൂപ മുതല്‍ ബാലിയിലേക്ക് വിമാനടിക്കറ്റുകള്‍ ലഭ്യമാണ്. സംഘമായിട്ടാണ് ടിക്കറ്റ് ബുക്ക് ചെയ്യുന്നതെങ്കില്‍ നിരക്ക് കുറയും.
ബ്രസീല്‍
തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ രാജ്യവും വിസ്തൃതിയും ജനസംഖ്യയും അനുസരിച്ച് ലോകത്തിലെ അഞ്ചാമത്തെ വലിയ രാജ്യവുമാണിത്. സാഹസികത കൂടി യാത്രയില്‍ ഉള്‍പ്പെടുത്താല്‍ ആഗ്രഹിക്കുന്നവര്‍ക്ക് ബ്രസില്‍ തീര്‍ച്ചയായും തിരഞ്ഞെടുക്കാം. പ്രകൃതി സൗന്ദര്യം, സാംസ്‌കാരിക വൈവിധ്യം, ആധുനിക സൗകര്യങ്ങള്‍ എന്നിവയുടെ സമ്പന്നമായ മിശ്രിതം കൊണ്ട്, ബ്രസീല്‍ ലോകത്തിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. ബ്രസീലിലെ പ്രധാന നഗരങ്ങളായ റിയോ ഡി ജനീറോ, സാവോ പോളോ എന്നിവയില്‍ ബസുകളും മെട്രോ സംവിധാനങ്ങളും ഉള്‍പ്പെടെ സുസ്ഥിരമായ പൊതുഗതാഗത സംവിധാനങ്ങളുണ്ട്.നഗരങ്ങള്‍ ചുറ്റിക്കാണാനും മറ്റും ഈ ചെലവ് കുറഞ്ഞ പൊതുഗതാഗാത മാര്‍ഗങ്ങള്‍ സഹായകരമാകും. ബ്രസീല്‍, ധാരാളം ഹരിത പാര്‍ക്കുകളും മറ്റുമുള്ള രാജ്യമായതിനാല്‍ ഒരു സൈക്കിള്‍ എടുത്ത് കറങ്ങാനിറങ്ങുന്നതും യാത്രാ ചെലവ് കുറയ്ക്കാന്‍ സഹായിക്കും.
English Summary: Best Vacation Spots For Boys-Only Trips