ADVERTISEMENT

മഴക്കാലത്ത് ഏറ്റവും മനോഹരമാകുന്ന കാഴ്ച എന്താണെന്ന് ചോദിച്ചാൽ അത് നിറഞ്ഞൊഴുകുന്ന വെള്ളച്ചാട്ടങ്ങളാണെന്ന് ഏതൊരു സഞ്ചാരിയും നിസംശയം പറയും. തെല്ലൊരു ഹുങ്കാര ഭാവത്തോടെ ഭൂമിയിലേയ്ക്ക് പതിയ്ക്കുന്ന ആ മനോഹര കാഴ്ച കാണാൻ കാടും മേടും നാടുമെല്ലാം നമ്മൾ താണ്ടും. പക്ഷേ നിറഞ്ഞു പതഞ്ഞ് താഴേയ്ക്കൊഴുകുന്ന ഈ പാൽകുടങ്ങൾ ഒരൽപ്പം വ്യത്യസ്തത കൂടി സമ്മാനിച്ചാലോ. അങ്ങനെ കൗതുകവും ആശ്ചര്യവുമെല്ലാം നിറഞ്ഞ ഒരു വെള്ളച്ചാട്ടമുണ്ട് നമ്മുടെ ഇന്ത്യയിൽ. സാധാരണ വെള്ളച്ചാട്ടങ്ങളെപ്പോലെ താഴോട്ടല്ല, മറിച്ച് മുകളിലേയ്ക്ക് ‘ ഒഴുകുന്ന ’ വെള്ളച്ചാട്ടം. 

Read Also : ഇന്ത്യയിലെ ഏറ്റവും മനോഹരമായ ചില മൺസൂൺ സ്പോട്ടുകൾ
 

ഭൂമിയെ അല്ല, ആകാശത്തെ തൊടുന്ന വെള്ളച്ചാട്ടം

 

ഗുരുത്വാകർഷണ ഫലമായി വെള്ളം താഴേയ്ക്കു മാത്രമേ ഒഴുകു... അല്ലേ, നമ്മളൊക്കെ പഠിച്ചിരിക്കുന്നതും അങ്ങനെ തന്നെ. മഹാരാഷ്ട്രയിലുള്ള ഈ വെള്ളച്ചാട്ടം പക്ഷേ മേലോട്ടാണ് പറക്കുന്നത്. ഇന്ത്യയിലെ ഏറ്റവും അതിശയിപ്പിക്കുന്ന വെള്ളച്ചാട്ടങ്ങളിൽ ഒന്നാണ് മുംബൈയിലെ നാനേഘട്ടിന് സമീപത്തുള്ള റിവേഴ്സ് വെള്ളച്ചാട്ടം. ഇതിനുപിന്നിലെ കാരണം വെറും നിസാരമാണ്.ഗുരുത്വാകർഷണത്തെ സംശയിക്കുകയൊന്നും വേണ്ട.ഇവിടെ മെയ്ൻ കാറ്റാണ്. ഇവിടെ വീശുന്ന കാറ്റിന്റെ ശക്തിയിലാണ് വെള്ളം മുകളിലേയ്ക്ക് വരുന്നത്. മൺസൂൺ കാലത്ത് ഏറ്റവും സുന്ദരമായി നമുക്ക് ഈ കാഴ്ച്ച ആസ്വദിക്കാം.മഹാരാഷ്ട്രയിലെ കൊങ്കൺ തീരത്തിനും ഡെക്കാൻ പീഠഭൂമിക്കും സമീപമുള്ള പർവതനിരയാണ് നാനെഘട്ട്. വെള്ളച്ചാട്ടത്തിന്റെ അസാധാരണത്വം കൊണ്ട്, നാനേഘട്ട് വെള്ളച്ചാട്ടത്തെ പലപ്പോഴും 'റിവേഴ്സ് ഫാൾസ്' എന്നും വിളിക്കാറുണ്ട്.

4-5 മണിക്കൂർ നീണ്ടുനിൽക്കുന്ന ട്രെക്കിങിലൂടെ വേണം ഈ വെള്ളച്ചാട്ടത്തിനടുത്തെത്താൻ. നിങ്ങൾ ആദ്യമായി ട്രെക്കിങ് നടത്തുന്ന ആളായാലും സ്ഥിരമായി ട്രെക്കിങ് നടത്തുന്ന ആളായാലും, റിവേഴ്സ് വെള്ളച്ചാട്ടത്തിലേക്കുള്ള ട്രെക്കിങ് ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത യാത്രയായിരിക്കും. ചത്രപതി ശിവജിയുടെ കാലത്ത് നൂറ്റാണ്ടുകൾക്കു മുമ്പ് ഈ ട്രെക്കിങ് റൂട്ട് വ്യാപാരം നടത്താൻ ഉപയോഗിച്ചിരുന്നുവത്രേ. നാനേഘട്ടിൽ എത്തുന്ന എല്ലാ സഞ്ചാരികൾക്കും മുകളിൽ നിന്നും നോക്കുമ്പോൾ കാണുന്ന കാഴ്ച്ച സ്വർഗ്ഗീയമാണ്. ചുറ്റും പച്ചനിറഞ്ഞ മലനിരകൾ, അവിടെ കണ്ണിന് കുളിരേകി ഒരു പാലരുവി. തണുത്ത കാറ്റേറ്റ് മുകളിലേയ്ക്ക് ചീറ്റിയടിക്കുന്ന വെള്ളച്ചാട്ടം അടുത്തുനിന്നങ്ങനെ ആസ്വദിക്കണം. 

നാനേഘട്ടിൽ എങ്ങനെ എത്തിച്ചേരാം?

പൂനെയിൽ നിന്ന് 3 മണിക്കൂർ യാത്രയുണ്ട് ഇവിടേയ്ക്ക്. ബസിലാണ് പോകുന്നതെങ്കിൽ കല്യാൺ ബസ് സ്റ്റോപ്പിൽ നിന്ന് ജുന്നാറിലേക്കുള്ള സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസിൽ പോകുക. മാൽഷെജ് ഘട്ട് റൂട്ടിൽ വൈശാഖരെ ഗ്രാമത്തിനു സമീപമാണ് ഇത്. കാറിൽ, നാനേഘട്ടിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാം. കൂടാതെ, മുംബൈയിലും പൂനെയിലും പ്രവർത്തിക്കുന്ന നിരവധി ട്രെക്കിങ് ഓർഗനൈസേഷനുകൾ ഓൺലൈനിൽ കണ്ടെത്താനുമാകും. 

Content Summary : The reverse waterfall at Naneghat is a unique phenomenon that occurs during the monsoon season.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com