ADVERTISEMENT

മുന്നേറ്റത്തിന്റെ പ്രതീകം സൈക്കിൾതന്നെയാണെന്നു ലോകത്തോടു വിളിച്ചുപറയുകയാണു കൊച്ചി പള്ളുരുത്തി തങ്ങൾനഗർ ചക്കച്ചാംപറമ്പിൽ റിദിൽ ഹാരിസ്. ഭൂമിയിൽ വാഹനമോടിച്ച് എത്താവുന്ന ഏറ്റവും ഉയരത്തിലുള്ള റോഡായ ഉംലിങ് ലായിൽ ത്രിവർണപതാകയും കയ്യിലേന്തിയാണു റിദിൽ ഹാരിസന്റെ നിൽപ്. സ്വന്തം അനുജനെപ്പോലെ കരുതുന്ന അയൽക്കാരൻ മുഹമ്മദ് ഹുസൈൻ എന്ന മുന്നയുമുണ്ട് ഒപ്പം. കൊച്ചിയിൽനിന്ന് ആയിരക്കണക്കിനു കിലോമീറ്റർ സൈക്കിൾ ചവിട്ടി ഉംലിങ് ലായിലെത്തി എന്നതു മാത്രമല്ല റിദിലിന്റെ നേട്ടത്തെ വേറിട്ടതാക്കുന്നത്. അർബുദ ചികിത്സയ്ക്കിടെ രണ്ടു കാലും തളർന്നു കിടപ്പിലായ യുവാവ്. കാലുറപ്പു വീണ്ടെടുത്തു വൈകാതെ ചെയ്തതു കൊച്ചിയിൽനിന്നു ലഡാക്കിലേക്കു സൈക്കിൾ യാത്ര. 2021ൽ ആ നേട്ടമുണ്ടാക്കിയപ്പോൾ വയസ്സ് 22. ഇപ്പോൾ ഇരുപത്തഞ്ചാം വയസ്സിലാണു ലക്ഷ്യം ‘അതുക്കും മേലെ’ എന്നു നിശ്ചയിച്ചു പുറപ്പെട്ടത്. കഴിഞ്ഞ മാർച്ച് 22ന് ഉംലിങ് ലായിലെത്തിയപ്പോൾ എവറസ്റ്റ് കീഴടക്കിയ ആഹ്ലാദമായിരുന്നു കൊച്ചി പള്ളുരുത്തി തങ്ങൾനഗർ ചക്കച്ചാംപറമ്പിൽ സി.കെ.ഹാരിസിന്റെയും ആബിദയുടെയും മൂത്ത മകന്.

കൊച്ചിയിൽനിന്ന് ഉംലിങ് ലാ പാസിലേക്കുള്ള സൈക്കിൾ സവാരിക്കിടെ റിദിൽ ഹാരിസ് കശ്മീരിലെത്തിയപ്പോൾ.
കൊച്ചിയിൽനിന്ന് ഉംലിങ് ലാ പാസിലേക്കുള്ള സൈക്കിൾ സവാരിക്കിടെ റിദിൽ ഹാരിസ് കശ്മീരിലെത്തിയപ്പോൾ.

 

രോഗം നൽകിയ ദുരിതകാലം

2018ൽ, ജനുവരി മൂന്നിനു പിറന്നാൾദിനത്തിൽ കടുത്ത പനി വന്നു റിദിലിന്. 2 ദിവസത്തിനു ശേഷം ഭേദമായി. അടുത്തദിവസം പനി വീണ്ടും. നേരെ, കൊച്ചി വടുതലയിലെ ലൂർദ് ആശുപത്രിയിലേക്ക്. ശരീരഭാരം കുറയുന്നതു ശ്രദ്ധയിൽപെട്ട ഡോക്ടർമാർ വിശദപരിശോധനയ്ക്കു വിധേയനാക്കി. ഇതിനിടെ കക്ഷത്തിൽ മുഴ പ്രത്യക്ഷപ്പെട്ടു. പരിശോധനയിൽ അർബുദം സ്ഥിരീകരിച്ചു. പിന്നെ, ചികിത്സ. ഓങ്കോളജിസ്റ്റ് ഡോ.സി.എസ്. മധുവിന്റെയും ഡോ.ജോർജ് മനോജിന്റെയും മറ്റും നേതൃത്വത്തിൽ. ഒടുവിൽ രോഗത്തിൽനിന്നു മുക്തനായി. എന്നാൽ വൈകാതെ ഇരുകാലുകളും തളർന്നു, ചികിത്സയുടെ പാർശ്വഫലമെന്നാണു റിദിൽ പറയുന്നത്. ഒരേ കിടപ്പ്. ബെൽറ്റ് ഇട്ടാൽ ഇരിക്കാമെന്ന സ്ഥിതിയായി. ആലുവ അൽ അമീൻ കോളജിൽ ബിഎ ഇംഗ്ലിഷ് വിദ്യാർഥിയായിരുന്ന റിദിലിനെ കൂട്ടുകാർ ചുമന്നാണ് ഓട്ടോറിക്ഷയിൽ കയറ്റി പരീക്ഷാഹാളിലേക്കും തിരികെ വീട്ടിലേക്കും എത്തിച്ചിരുന്നത്. കുറച്ചുകാലത്തിനു ശേഷം തോപ്പുംപടിയിലെ കാളിദാസൻ ഗുരുക്കളുടെ തിരുമ്മു ചികിത്സയ്ക്കു വിധേയനായി. 21 ദിവസത്തെ ചികിത്സയ്ക്കൊടുവിൽ കാലുകൾ ഏറെക്കുറെ സാധാരണ നിലയിലായി.

 

Ridhil Haris
റിദിൽ ഹാരിസ്. Image Credit : shonan-d-bouch-official/instagram

സൈക്ലിങ്ങിലേക്ക്

സൈക്കിൾ ഉപയോഗിച്ചാൽ കാലുകൾക്കു പഴയ ഉറപ്പു തിരികെക്കിട്ടുമെന്നായി ചിലർ. കൂട്ടുകാരനായ സനോജ് ആദ്യ സൈക്കിൾ വാങ്ങിനൽകി. കുറച്ചുകൂടി നല്ലൊരു സൈക്കിൾ വാങ്ങണമെന്നായി പിന്നത്തെ ആശ. ബിലാൽ എന്ന സുഹൃത്ത് അതു നിറവേറ്റി. അതിലാണു ലഡാക്കിലേക്കു സവാരി നടത്തിയത്. 

ജീവിതം ആഘോഷമാക്കാനുള്ളതാണെന്ന് ഓരോ നിമിഷവും ഓർക്കുമെന്നു റിദിൽ പറയുന്നു. 2021 ഫെബ്രുവരിയിൽ ലഡാക്ക് യാത്ര ഫ്ലാഗ് ഓഫ് ചെയ്തതു സൈക്കിൾ സവാരി ഇഷ്ടപ്പെടുന്ന ഹൈബി ഈഡൻ എംപിയായിരുന്നു. അദ്ദേഹം തന്നെ ഉംലിങ് ലാ യാത്രയ്ക്കും കൊടിവീശി. ഇക്കഴിഞ്ഞ ഫെബ്രുവരി 5ന്. കർണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ് സംസ്ഥാനങ്ങളും ജമ്മുവും താണ്ടി കശ്മീരിലെത്തിയാണു റിദിൽ മാർച്ച് 22ന് ഉംലിങ് ലായിലെത്തിയത്.

 

സ്നേഹപാതയിലെ സവാരി

ഓരോ സംസ്ഥാനത്തെയും ജനങ്ങളുടെ സ്നേഹമറിഞ്ഞാണു യാത്ര ചെയ്തതെന്നു റിദിൽ പറയുന്നു. യാത്രയിൽ ഏറ്റവും ഇഷ്ടപ്പെട്ടതു പഞ്ചാബുകാരെ. അവിടെ ചെലവിട്ട ദിനങ്ങൾ സുഖകരവും ആസ്വാദ്യകരവുമായിരുന്നു സൈക്കിൾ നിർത്തി വിശ്രമിക്കുമ്പോൾ അവരെത്തി വിവരങ്ങൾ ചോദിക്കും. കേരളത്തിൽനിന്നാണെന്നു പറയുമ്പോൾ ആദരവോടുകൂടിയുള്ള സമീപനം പലയിടത്തും കണ്ടു. ചായ, ബദാം, പലഹാരങ്ങൾ, ചപ്പാത്തി തുടങ്ങിയവയെല്ലാം തന്നു സഹായിച്ചു.

 

അതിനു മുൻപു മുംബൈയിലെത്തിയപ്പോൾ ഏറെ ആശങ്കയുണ്ടായിരുന്നു. അവിടെ ഡെക്കാത്‌ലൺ സ്റ്റോറിൽ സൈക്കിൾ സർവീസ് ചെയ്യാൻ ചെന്നപ്പോൾ ഇടുക്കി സ്വദേശിയായ എബിയെ പരിചയപ്പെട്ടു. അദ്ദേഹവും സുഹൃത്ത് ഡോ.ശ്വേതയും ഏറെ സഹായിച്ചു. ആസ്മി എന്ന മലയാളി വനിതയും സഹായങ്ങൾ നൽകി. യാത്രയിലുടനീളം മോശമായ അനുഭവങ്ങളൊന്നുംതന്നെ ഉണ്ടായില്ല. ദിവസവും വീട്ടിലേക്കു വിളിച്ചു സംസാരിക്കും. പെട്രോൾ ബങ്കുകളിലും മറ്റുമായാണു പലപ്പോഴും രാത്രി വിശ്രമിച്ചിരുന്നത്. ആ സമയത്താണു ഫോൺ ചാർജ് ചെയ്യലും മറ്റും.

 

കശ്മീർ വേറിട്ട അനുഭവം

ജമ്മു മുതൽ ബെനിഹാൽ തുരങ്കപാതവരെയുള്ള യാത്ര വളരെ ദുഷ്കരമായിരുന്നു. നിർമാണപ്രവൃത്തികൾ നടക്കുന്നതുമൂലമുള്ള പ്രയാസങ്ങൾ. സൈനിക വാഹനങ്ങളാണു പാത നിറയെ. ഒരുപാടു പരിശോധനകൾ. രണ്ടു തുരങ്കങ്ങളിലൂടെ കടന്നുപോകണമായിരുന്നു. രണ്ടിടത്തും നമ്മുടെ സുരക്ഷയെക്കരുതി സൈക്കിൾ യാത്ര അനുവദിച്ചിരുന്നില്ല. ഗതാഗതക്കുരുക്കുണ്ടായാലും പ്രയാസകരമാകുമെന്നതിനാൽ സൈനിക വാഹനത്തിലാണു കടത്തിവിട്ടത്. ടണലിനപ്പുറം കശ്മീർ. സിനിമകളിൽ കണ്ടതുപോലെതന്നെ സുന്ദരം. മഞ്ഞുമലകളും മഞ്ഞപ്പൂക്കളും നിറഞ്ഞ പ്രകൃതി. അവിടെയും നാട്ടുകാരിൽനിന്നു മികച്ച സഹകരണമാണുണ്ടായത്.

ഇക്രുവും മുന്നയും കശ്മീരിൽ എത്തിയപ്പോഴേക്കും നാട്ടിൽനിന്നു സഹപാഠികളായ തസ്‌ലിം സലാമും പി.എ.റിസ്വാനും എത്തി. ഉംലിങ് ലായിലെത്തി തിരികെ കാറിൽ ശ്രീനഗറിലേക്ക്. അവിടെനിന്നു ട്രെയിനിൽ നാട്ടിലേക്കു മടക്കം. ലഡാക്ക് യാത്രകഴിഞ്ഞും ട്രെയിനിലാണു മടങ്ങിയത്.

 

ലക്ഷ്യം ഗിന്നസ് റെക്കോർഡ്

ഇപ്പോൾ കൊച്ചിയിൽ ഡെക്കാത്‌ലൺ ഷോറൂമിൽ സൈക്കിൾ വിഭാഗത്തിൽ ജോലിക്കു കയറി. ഇതുവരെ കൊച്ചിയിൽ വിവിധ പഞ്ചനക്ഷത്ര ഹോട്ടലുകളിലെയും മറ്റും ഈവന്റ് മാനേജ്മെന്റ് ഫൊട്ടോഗ്രഫിയിലും മറ്റുമേർപ്പെട്ടുവരികയായിരുന്നു റിദിൽ.

 

മൂന്നു ദിവസം തുടർച്ചയായി സൈക്കിൾ ചവിട്ടി ലോക റെക്കോർഡിടണമെന്നാണ് ഇനിയുള്ള മോഹം. ഒരു മിനിറ്റുപോലും നിർത്താതെയുള്ള സൈക്കിൾ ചവിട്ടൽ. 

 

കൊച്ചി വില്ലിങ്ടൻ ഐലൻഡിലോ മറ്റോ ആ പ്രകടനം നടത്താനാണു പരിപാടി. നിലവിൽ രണ്ടു ദിവസവും 3 മണിക്കൂറുമാണു റെക്കോർഡ് അതു മറികടക്കണം.

 

Content Summary :  Cancer fighter Ridhil Haris, Cycling to Kashmir is a long and difficult journey.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com