ADVERTISEMENT

ശാന്തിനികേതനിൽ എത്തിയ ആദ്യദിവസം വൈകുന്നേരം ക്യാംപസ് കാണാൻ ഇറങ്ങിയതിനെക്കുറിച്ച് പറഞ്ഞിരുന്നല്ലോ. അന്ന് ചുറ്റിക്കറങ്ങുന്നതിനിടെ റിക്ഷക്കാരൻ പറഞ്ഞിരുന്നു നൊബേൽ പുരസ്കാര ജേതാവ് അമർത്യ സെന്നിന്റെ വീട് കാണിച്ചുതരാമെന്ന്. അന്ന് അതത്രവിശ്വസിച്ചില്ലെന്നു മാത്രമല്ല അമർത്യ സെൻ എപ്പോഴോ താമസിച്ചുപോയ വീട് വല്ലതുമാകുമെന്നു കരുതുകയും ചെയ്തു. ഒരു പക്ഷേ യൂണിവേഴ്സിറ്റിയിൽ അദ്ദേഹം പഠിപ്പിച്ചിട്ടുണ്ടാകുമെന്നും കരുതി. അതേക്കുറിച്ച് വിശദമായി നോക്കണമെന്നു കരുതിയെങ്കിലും തിരക്കിൽ സമയം കിട്ടിയിരുന്നില്ല. എന്തായാലും കൊൽക്കത്തയ്ക്കു തിരികെ പോകേണ്ട മൂന്നാംദിവസം രാവിലെ അടുത്തുള്ള ഡീർ പാർക്ക് കൂടി കാണാമെന്നു കരുതി രാവിലെ തന്നെ ഇറങ്ങി. താമസിക്കുന്ന ഹോട്ടലിലെ ഭക്ഷണത്തിനായി കാത്തു നിന്നില്ല. വലിയ വിഭവങ്ങളാണ് അവരുടെ മെനുവിൽ. മാത്രമല്ല പാകമാക്കി കൊണ്ടുവരാൻ ഒരു നേരമാകും. അതും കഴിഞ്ഞു മുന്നിലെത്തുന്ന ബിൽ കണ്ടാൽ ഭക്ഷണമേ കഴിക്കേണ്ടിയിരുന്നില്ല എന്നു തോന്നുകയും ചെയ്യും.

 

women-bengal
sens-house

റിക്ഷ അന്വേഷിച്ചിറങ്ങിയ തെരുവിൽ നല്ല ചൂടു പൂരിയും സബ്ജിയും ലഭിക്കും. റോഡരുകിലെ ചെറിയ കടത്തിണ്ണയിലിരുന്നു പ്രായമായ ഒരാൾ ശ്രദ്ധയോടെ മാവ് കുഴയ്ക്കുന്നതു കണ്ട് നേരെ അവിടേയ്ക്കു കയറി. നാട്ടുകാരനായ അടുത്ത ചേട്ടനെയോ അപ്പൂപ്പനെയോ ഒക്കെ ഓർമിപ്പിക്കുന്ന ഒരു സാധു. തെളിഞ്ഞ മുഖത്തോടെ ക്ഷമയോടെ അദ്ദേഹം പൂരി ഉണ്ടാക്കി പ്ലെയിറ്റുകളിലേക്ക് ഇട്ടുതന്നു കൊണ്ടേയിരുന്നു. കൂടെ നല്ല ചൂടുള്ള രുചികരമായ സബ്ജിയും. മനസ്സും വയറും നിറയ്ക്കുന്ന ഭക്ഷണം. ഒപ്പം തേയിലയും പാലും പഞ്ചസാരയും പാകത്തിനു ചേർത്ത്, ഇഞ്ചിയിട്ടു തിളപ്പിച്ച ഒന്നാന്തരം ചായയും. എല്ലാം കഴിഞ്ഞ് എത്ര രൂപയായി എന്നു ചോദിച്ചപ്പോഴാണ് ശരിക്കും ഞെട്ടിപ്പോയത്. ഇത്രയും രുചികരമായ ഭക്ഷണം 3 പേർ മതിവരുവോളം കഴിച്ചിട്ടും വെറും നൂറ്റിപ്പത്ത് രൂപയാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. ഒരു നേരത്തെ ഭക്ഷണത്തിനായി ആയിരം രൂപ ബില്ലു നിരത്തുന്ന വലിയ ഹോട്ടലുകാർക്കിടയിൽ ദൈവമേ ഇതാര് മിശിഹയോ എന്നു തോന്നിപ്പോയി. വാസ്തവത്തിൽ ഇത്രയും നൻമയും സ്നേഹവും നിറഞ്ഞ മനുഷ്യരായിരുന്നു ഈ ലോകം മുഴുവനുമെങ്കിൽ എന്താകുമായിരുന്നു ഈ ഭൂമിയെന്ന് അതിശയിക്കുകയും ചെയ്തു. മനസ്സു കൊണ്ടാണെങ്കിലും ആ മനുഷ്യന്റെ കാലിൽതൊട്ട് നമസ്കരിച്ചാണ് പാതയോരത്തെ രണ്ട് ബഞ്ച് മാത്രമുള്ള ആ ഊട്ടുപുര വിട്ടിറങ്ങിയത്. 

tribal-artists

 

singers
deer-park

തിരക്കില്ലാത്ത വഴികളിലൂടെ കടുംനിറമുള്ള ചേല ചുറ്റിയ സ്ത്രീകൾ സൈക്കിൾ ഓടിച്ച് പോകുന്നുണ്ട്. ഡീർ പാർക്ക് കണ്ട് എത്രയും പെട്ടെന്ന് ഹോട്ടലിൽ തിരിച്ചെത്തണം. സാധനങ്ങൾ പാക്ക് ചെയ്ത് ഉച്ച കഴിഞ്ഞുള്ള ട്രെയിനിൽ കൊൽക്കത്തയ്ക്കു തിരിക്കണം. ശാന്തിനികേതനിലെ കാലാവസ്ഥ പൊതുവേ സുഖകരമായിരുന്നു. ഡീർ പാർക്കിലേക്കുള്ള വഴിയിൽ റോഡരികിൽ പന്തൽ കെട്ടി വലിയ പാട്ടും ബഹളവും നടക്കുന്നു. ചാനലുകാരുടെ വണ്ടികളുമുണ്ട്. നിറയെ പൊലീസുകാരുമുണ്ട്. എന്താണെന്ന് അന്വേഷിച്ചപ്പോഴാണ് അറിഞ്ഞത് അവിടെയാണ് അമർത്യ സെന്നിന്റെ വീട്. ശാന്തിനികേതനിലെ സ്ഥലം നോബേൽ പുരസ്കാരജേതാവ് കയ്യേറി താമസിക്കുകയാണെന്നും ഒഴിഞ്ഞുകൊടുക്കണമെന്നും വിശ്വഭാരതി യൂണിവേഴ്സിറ്റി നിരന്തരം ആവശ്യപ്പെടുന്നുണ്ട്. എന്നാൽ അദ്ദേഹത്തെപ്പോലെ ഒരാളെ അപമാനിക്കുന്ന നീക്കമാണിതെന്നും ഒരിക്കലും ഒഴിയേണ്ട ആവശ്യമില്ലെന്നും വാദിച്ച് ഒരു വിഭാഗം സാമ്പത്തികശാസ്ത്രജ്ഞർ പിന്തുണയർപ്പിക്കാനായി സംഘടിപ്പിച്ച പരിപാടിയാണ് അവിടെ നടക്കുന്നത്. പരിപാടിയുടെ ഏറ്റവും വലിയ സവിശേഷത അതിൽ പങ്കെടുക്കാനായി അണിനിരത്തിയിരുന്ന ബാവുൽ ഗായകസംഘവും ആദിവാസി വിഭാഗത്തിൽ നിന്നുള്ള കലാകാരൻമാരുമായിരുന്നു. ഒപ്പം രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരുമുണ്ട്. സംഘാടകരെ അന്വേഷിച്ചു കണ്ടെത്തി വിശദാംശങ്ങൾ തിരക്കി. 

singerss

 

യൂണിവേഴ്സിറ്റിയുടെ സ്ഥലം അമർത്യസെൻ കയ്യേറിയിട്ടുണ്ടെന്നും അത് ഒഴിഞ്ഞ് കൊടുക്കണമെന്നും കാണിച്ച് വിശ്വഭാരതി യൂണിവേഴ്സിറ്റി അദ്ദേഹത്തിന് തുടർച്ചയായി നോട്ടിസ് അയയ്ക്കുന്നുണ്ട്. എന്നാൽ ശാന്തിനികേതൻ ക്യാംപസിലെ ഭൂമിയുടെ ഭൂരിഭാഗവും തന്റെ പിതാവ് അശുതോഷ് സെൻ വാങ്ങിയതാണെന്നും മറ്റ് ചില പ്ലോട്ടുകൾ പാട്ടത്തിനെടുത്തതാണെന്നും 89 കാരനായ സെൻ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം യൂണിവേഴ്സിറ്റിയിലെ നിലവിലെ അധികാരികളുടെ പല നയങ്ങളെയും സെൻ വിമർശിക്കുന്ന സാഹചര്യത്തിൽ സർവകലാശാലയുടെ നടപടികൾ രാഷ്ട്രീയ പ്രേരിതമാണെന്നും  ആക്ഷേപമുണ്ട്. എന്തായാലും യൂണിവേഴ്സിറ്റിയുടെ പുതിയ നോട്ടിസിന് മറുപടി നൽകാനായിരുന്നു ആ കൂട്ടായ്മ അമർത്യസെന്നിന്റെ വസതിയ്ക്കു മുന്നിൽ എത്തിയത്. ക്യാംപസിൽ നിന്നുള്ള മീനാക്ഷി ഭട്ടാചാര്യ എന്ന ഗവേഷകയാണ് പരിപാടിക്ക് നേതൃത്വം നൽകിയത്. വിദ്യാർഥികൾ അമർത്യസെന്നിന്റെ കൂടെയാണെന്നാണ് അവർ പറഞ്ഞതെങ്കിലും അവരല്ലാതെ ഒരു വിദ്യാർഥിയും ആ കൂട്ടായ്മയിൽ പങ്കെടുക്കാനെത്തിയിരുന്നില്ല. അതേക്കുറിച്ച് ചോദിച്ചപ്പോൾ യൂണിവേഴ്സിറ്റി സസ്പെൻഡ് ചെയ്യുമെന്നു ഭയന്നാണ് വിദ്യാർഥികൾ പങ്കെടുക്കാത്തതെന്നായിരുന്നു മീനാക്ഷിയുടെ മറുപടി. അപ്പോൾ നിങ്ങൾക്ക് ഭയമില്ലേ എന്ന ചോദ്യത്തിന് താൻ സസ്പെൻഡ് ചെയ്യപ്പെട്ടു കഴിഞ്ഞെന്നു ചിരിച്ചുകൊണ്ട് അവർ ഉത്തരം നൽകി. 

 

ബംഗാളിന്റെ ഹൃദയം തൊടുന്ന ബാവുൽ സംഗീതം ആ മണ്ണിൽനിന്നു കേൾക്കാനുള്ള അവസരം എന്തായാലും അവിടെ നിന്നു ലഭിച്ചു. പരിപാടിയുടെ മുഖ്യ ആകർഷണീയത ബാവുൽ കലാകാരൻമാരും ബാവുൽ സംഗീതവും തന്നെയായിരുന്നു. കുറെ നേരം അവിടെ ചെലവഴിച്ചതിനു ശേഷമാണ് ഡീർ പാർക്ക് കാണാനായി പുറപ്പെട്ടത്. പേരിനൊരു പാർക്ക് എന്നു പറയാം. കാട് എന്നൊന്നും പറയാനാകില്ല, അവിടിവിടെ കുറെ മാനുകൾ നിശ്ചലരായി നൽക്കുന്നുണ്ടായിരുന്നു. വലിയ ആകർഷണീയതയൊന്നും തോന്നാത്തതിനാൽ പെട്ടെന്നു തിരികെ പേന്നു. സെന്നിനെ ശാന്തിനികേതനിൽ നിന്ന് ഇറക്കാനാകില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടു വലിയ പ്രസംഗങ്ങളും കലാരൂപങ്ങളുമൊക്കെ അപ്പോഴും ആ പാതയോരത്ത് അരങ്ങേറുന്നുണ്ടായിരുന്നു. 

 

തിരികെ ഹോട്ടലിലെത്തി ധൃതിയിൽ ഭക്ഷണം കഴിച്ച് ചെക്ക് ഔട്ട് ചെയ്തു. ഇ-റിക്ഷയിൽ സാധനങ്ങളുമായി നേരെ റെയിൽവേ സ്റ്റേഷനിലേക്ക്. ആ സ്റ്റേഷനിൽനിന്ന് സ്റ്റാർട്ട് ചെയ്യുന്ന വണ്ടിയായിരുന്നതിനാൽ കാത്തുനിൽക്കേണ്ടി വന്നില്ല. നേരെ ട്രെയിനിൽ കയറി സീറ്റ് കണ്ടുപടിച്ച് ഇരിപ്പായി. വണ്ടി പുറപ്പെട്ട് അരമണിക്കൂർ കഴിഞ്ഞപ്പോൾ ശാന്തിനികേതന്റെ മഹത്വം മനസ്സിലായി. അതികഠിനമായ ചൂട് കാരണം ആ ട്രെയിനിനുള്ളിലിരുന്നു വെന്തുരുകാൻ തുടങ്ങി. ശാന്തിനികേതനിലെ കാലവസ്ഥ ഈ അപകടം ഓർമിപ്പിക്കുന്നതായിരുന്നില്ലല്ലോ. അതുകൊണ്ടു തന്നെ എ സി കംപാർട്ട്മെന്റിന്റെ കാര്യം ചിന്തിച്ചത് പോലുമില്ലായിരുന്നു. പുറത്തുനിന്ന് ഉഷ്ണക്കാറ്റ് അകത്തേക്കു വീശിയടിക്കുന്നുണ്ടായിരുന്നു. കണ്ണെത്താദൂരത്തോളം തിളച്ചുമറിയുന്ന ചൂടിൽ പരന്നു കിടക്കുകയാണ് ഗോതമ്പ് പാടങ്ങൾ. ഇതിപ്പോൾ പുറത്തെ കാഴ്ചയും അകത്തെ കാഴ്ചയുമില്ലാതെ ചൂടിൽ നിന്നു രക്ഷപ്പെടാനായി കണ്ണുമടച്ച് മണിക്കൂറുകളോളം കഴിച്ചുകൂട്ടേണ്ടി വന്നു. ജനശതാബ്ദി ഓടിയെത്തിയ ഒന്നേമുക്കാൽ മണിക്കൂറിനു പകരം മൂന്നര മണിക്കൂറോളമെടുത്ത് വണ്ടി അവസാനം ഹൗറ ജംഗ്ഷനിലെത്തി. വണ്ടിയിൽ നിന്ന് ഇറങ്ങിയിട്ടും ചൂടിന് അൽപം പോലും കുറവുണ്ടായിരുന്നില്ല. മേയ് മാസത്തിലെ ഏറ്റവും ചൂടുള്ള പകലുകളിലായിരുന്നു ഇക്കുറി കൊൽക്കത്ത കാണാൻ അവസരം ലഭിച്ചത്. ചൂടിനേക്കാൾ കൊൽക്കത്ത വിഷമിപ്പിക്കുന്നതു ടാക്സി പിടിച്ച് ഒരു സ്ഥലത്ത് എത്തുക എന്നതാണ്. കൊൽക്കത്ത കാണാനിറങ്ങുന്നവർ ആദ്യം മനസിലാക്കേണ്ടതും അത് തന്നെയാണ്. ടാക്സിക്കാരോടും ചൂടിനോടും നിരന്തരം കലഹിച്ച് നടത്തിയ ആ യാത്രകളെക്കുറിച്ച് അടുത്ത കുറിപ്പിലെഴുതാം. 

Read Also : കലാസ്നേഹികളെ മോഹിപ്പിക്കുന്ന കൊൽക്കത്ത; ആദ്യമായി എത്തുന്നവരെ അമ്പരപ്പിക്കും...
 

Content Summary : Kolkata, a city with a rich history and culture, dating back to the 17th century travelogue.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com