ADVERTISEMENT

ഒരു ചായപോലും കിട്ടാൻ നിർവാഹമില്ലാതെ പെരുവഴിയിൽ  നിൽക്കേണ്ടിവന്നതിനെക്കുറിച്ചാണല്ലോ കഴിഞ്ഞ കുറിപ്പിൽ പറഞ്ഞുനിർത്തിയത്. നല്ല വിശപ്പുണ്ട്, താമസിക്കുന്ന ഹോട്ടലിൽ റസ്റ്ററന്റ് സൗകര്യമില്ല. ഓൺലൈൻ വഴി ബുക്ക് ചെയ്യാനുള്ള ബുദ്ധിയും അപ്പോൾ തോന്നിയില്ല. വഴിവക്കിലെവിടെയെങ്കിലും ഒരു ഹോട്ടൽ ഉണ്ടാകുമെന്ന പ്രതീക്ഷയാണു പണിതന്നത്. ഹൗറയിലേക്കു വരാൻ ഓട്ടോക്കാരും റിക്ഷക്കാരും എന്തിന് ടാക്സിക്കാർ പോലും തയാറല്ല. അവിടേക്കു പ്രവേശനമില്ലെന്നാണ് അവർ പറയുന്നത്. എന്തായാലും നടക്കാമെന്നു തീരുമാനിച്ചു മുന്നോട്ട് ചെന്നപ്പോൾ കുറെ പൊലീസുകാരെ കണ്ടു. സമീപത്തെങ്ങാനും ഹോട്ടലുണ്ടോ എന്ന് അവരോട് അന്വേഷിച്ചപ്പോൾ  മദ്രാസികളാണ് അല്ലേ എന്നവർ. കേരളത്തിലുള്ളവരും അവർക്ക് മദ്രാസികളാണെന്ന് അറിയാവുന്നതിനാൽ അതങ്ങു സമ്മതിച്ചു.  മുന്നോട്ട് തന്നെ നടന്നുകൊള്ളൂ എന്നും കുറച്ച് കഴിയുമ്പോൾ ഇടത് വശത്തായി സൗത്ത് ഇന്ത്യൻ ആഹാരം കിട്ടുന്ന ഹോട്ടലുണ്ടെന്നും അവർ പറഞ്ഞു.  ആ ഹോട്ടൽ കണ്ടെത്തി. ചെറിയ ഒരു കടയാണ്. പക്ഷേ ഇഡ്ഡലിയും ദോശയുമൊക്കെ കിട്ടും. കേരളത്തിൽ ഒരു നഗരത്തിലും ഇതുപോലെ ഭക്ഷണത്തിനായി അലയേണ്ടി വരില്ലെന്നുറപ്പ്. ഹോട്ടലുകൾ മാത്രമല്ല മെഡിക്കൽ സ്റ്റോറുകളും ആശുപത്രികളും നമ്മുടെ നാട്ടിലെപ്പോലെ മറ്റൊരിടത്തും കണ്ടിട്ടില്ല.   

ഇന്ത്യൻ മ്യൂസിയം
ഇന്ത്യൻ മ്യൂസിയം

 

ഇന്ത്യൻ മ്യൂസിയം
ഇന്ത്യൻ മ്യൂസിയം

 

ഇന്ത്യൻ മ്യൂസിയം
ഇന്ത്യൻ മ്യൂസിയം

ചായ കുടിച്ചിറങ്ങിയപ്പോൾ ഭാഗ്യത്തിന് ഒരു ടാക്സി കിട്ടി. നേരെ ഇന്ത്യൻ മ്യൂസിയത്തിലേക്കു വണ്ടിവിടാൻ പറഞ്ഞു. ലോകത്തിലെ ഏറ്റവും പഴക്കമേറിയ മ്യൂസിയങ്ങളിനൊന്നിന്റെ മുന്നിലാണ്  ടാക്സി ചെന്നുനിന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ മ്യൂസിയവും ഇത് തന്നെയാണ്. 1814-ൽ ഡെൻമാർക്കിലെ പ്രശസ്ത സസ്യശാസ്ത്രജ്ഞനായ ഡോ. നഥാനിയൽ വാലിച്ചാണ് ഇന്ത്യൻ മ്യൂസിയം സ്ഥാപിച്ചത്.   1875-ലാണ് മ്യൂസിയം ഇന്നത്തെ കെട്ടിടത്തിലേക്കു മാറ്റിയത്. 1878-ൽ  ഇത് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. ആഭരണങ്ങൾ, ഫോസിലുകൾ, അസ്ഥികൂടങ്ങൾ, പുരാവസ്തുക്കൾ തുടങ്ങി ഈജിപ്ഷ്യൻ മമ്മി വരെ ഈ മ്യൂസിയത്തിലുണ്ട്. പഴയ ചിത്രകലാരീതികളിലുള്ള പെയിൻ്റിങുകൾക്കായും ഒരുഗാലറി ഇവിടെയുണ്ട്. 

IMG_0474
കൊൽക്കത്ത യാത്രയിൽ നിന്ന്

കല, പുരാവസ്തുശാസ്ത്രം, നരവംശശാസ്ത്രം, ജിയോളജി, സുവോളജി, ഇക്കണോമിക്, ബോട്ടണി എന്നിങ്ങനെ പല വിഭാഗങ്ങളായി ഈ മ്യൂസിയത്തിലെ ഗാലറികളെ തിരിച്ചിട്ടുണ്ട്. ചരിത്രപ്രാധാന്യമുള്ള അമൂല്യവസ്തുക്കളുടെ കലവറയെന്ന് ഈ മ്യൂസിയത്തെ പറയാം. ചരിത്രാതീത കാലത്തെ മൃഗങ്ങളുടെ   അസ്ഥികൂടങ്ങൾ ഉൾപ്പെടെ  ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അപൂർവ്വ ഇനം പക്ഷികൾക്കായുള്ള ഗാലറി കൗതുകം പകരുന്നതായിരുന്നു. പഠിതാക്കൾക്കും ഗവേഷകർക്കും മറ്റും   ഒന്നോ രണ്ടോ മണിക്കൂറല്ല ദിവസങ്ങൾ തന്നെ വേണം ഈ മ്യൂസിയം നന്നായി കണ്ട് മനസിലാക്കാൻ. കൊൽക്കത്ത സന്ദർശിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം തിങ്കളാഴ്ച ഇന്ത്യൻ മ്യൂസിയം ഉൾപ്പെടെ മിക്ക കേന്ദ്രങ്ങൾക്കും അവധിയാണെന്നുള്ളതാണ്.

വിക്ടോറിയ മെമ്മോറിയൽ
വിക്ടോറിയ മെമ്മോറിയൽ

 

വിക്ടോറിയ മെമ്മോറിയൽ
വിക്ടോറിയ മെമ്മോറിയൽ

 

ഇന്ത്യൻ മ്യൂസിയം
ഇന്ത്യൻ മ്യൂസിയം

ഇന്ത്യൻ മ്യൂസിയത്തിൽ നിന്നിറങ്ങി നേരെ പോയത് വിക്ടോറിയ മെമ്മോറിയലിലേക്കാണ്.വിശാലമായ പൂന്തോട്ടങ്ങളുടെ നടുവിൽ വെള്ള മാർബിൾ കൊണ്ട് നിർമിച്ച അതിമനോഹരമായ ഒരു കൊട്ടാരം. ആയിരക്കണക്കിന് സന്ദർശകരാണ് ദിനംപ്രതി വിക്ടോറിയ മെമ്മോറിയൽ കാണാനെത്തുന്നത്. 1901 ൽ വിക്ടോറിയ രാജ്ഞി അന്തരിച്ചപ്പോൾ അന്നത്തെ വൈസ്രോയി ആയിരുന്ന കഴ്സൺ പ്രഭുവിന്റെ ആശയമായിരുന്നു അവർക്കായി കൊൽക്കത്തയിൽ ഒരു മനോഹരസ്മാരകം നിർമിക്കുക എന്നത്. അഞ്ച് വർഷങ്ങൾക്കു ശേഷം 1906 ൽ  വേൽസ് രാജകുമാരനാണ് ആ സ്മാരകത്തിനു തറക്കല്ലിട്ടത്. മുഗൾ വാസ്തുവിദ്യയും ബ്രിട്ടീഷ് വാസ്തുവിദ്യയും കൈകോർത്തു നിൽക്കുന്ന ഈ മനോഹരസൗധം ഹൂഗ്ലി നദിക്കരയിലാണ്. ബ്രിട്ടീഷ്കാരുടെ തലസ്ഥാനനഗരിയായിരുന്നു അന്ന് കൊൽക്കത്ത എന്നതിനാലാവാം വിക്ടോറിയ രാജ്ഞിക്ക് ഇവിടെ സ്മാരകം പണി കഴിപ്പിച്ചത്. തിങ്കളാഴ്ച വിക്ടോറിയ മെമ്മോറിയൽ സന്ദർശിക്കാനെത്തുന്നവരും നിരാശപ്പെടേണ്ടി വരും. അന്ന് ഇവിടെ അവധിയാണ്. തിങ്കളാഴ്ച ശാന്തിനികേതനിൽ കഴിച്ചുകൂട്ടിയതിനാൽ കൊൽക്കത്തയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ അവധി ദിനങ്ങളിൽ നിന്നു രക്ഷപ്പെട്ടെന്നു പറയാം.

വിക്ടോറിയ മെമ്മോറിയൽ
വിക്ടോറിയ മെമ്മോറിയൽ

 

കത്തുന്ന ചൂടിൽ നിന്നു രക്ഷപ്പെടാൻ ആളുകൾ തൊപ്പിയും വിശറിയുമായി നടക്കുന്നുണ്ടായിരുന്നു. തണുത്ത വെള്ളക്കുപ്പികൾ ചൂടപ്പം പോലെ വിറ്റുപോകുന്നു. ഒരു കുപ്പി വെള്ളം കുടിച്ചു 5 മിനിറ്റ് കഴിയുമ്പോൾ വീണ്ടും ദാഹം തുടങ്ങും. പക്ഷേ ആ ചൂടും പരവേശവും മന്ദിരത്തിനുള്ളിലേക്കു കടന്നപ്പോൾ ഇല്ലാതായി. പുറത്തെ കത്തുന്ന ചൂടിൽ നിന്നു വെള്ളമാർബിളുകളുടെ കുളിർമയിലേക്കു കടന്നപ്പോൾ വലിയ ആശ്വാസമാണ് തോന്നിയത്.  പ്രധാനഹാളിന്റെ നടുവിലായി പ്രതാപത്തിന് ഒട്ടും കുറവില്ലാതെ തലയുയർത്തി നിൽക്കുന്ന വിക്ടോറിയ രാജ്ഞിയുടെ വലിയ പ്രതിമയുണ്ട്. ആ ഹാളിന്റെ നിർമാണരീതിയും കൗതുകമുണർത്തുന്നതായിരുന്നു. ചുറ്റിനടന്നു കണ്ടു മുകളിലെ മട്ടുപ്പാവിലെത്തിയാൽ പുറത്തെ ഉദ്യാനത്തിന്റെ ചേതോഹരമായ കാഴ്ച ആസ്വദിക്കാം. സ്വദേശികളും വിദേശികളുമായി വലിയൊരു ആൾക്കൂട്ടം തന്നെ സന്ദർശകരായുണ്ടായിരുന്നു. ഇടയ്ക്കു പല മലയാളി കുടുംബങ്ങളെയും കണ്ടു. 

 

മറ്റു സംസ്ഥാനങ്ങളിലെപ്പോലെ വിനോദോപാധികളൊന്നുമില്ലാത്ത നഗരമാണു കൊൽക്കത്ത. വിനോദയാത്രയ്ക്കു പറ്റിയ സ്ഥലമൊന്നുമല്ലെന്നു പറയാം. പക്ഷേ ഇവിടേക്കുള്ള സഞ്ചാരികളുടെ ഒഴുക്കിന് ഒരു കുറവുമില്ല. ഈ വിവരണത്തിന്റെ ആദ്യകുറിപ്പുകളിൽ പറഞ്ഞതു പോലെ കൊൽക്കത്തയ്ക്കു മാത്രം അവകാശപ്പെടാനാകുന്ന ചിലതുണ്ട്. അതിനി എത്ര കാലം കഴിഞ്ഞാലും ആ ഗരിമ സഞ്ചാരികളെ ആകർഷിച്ചുകൊണ്ടേയിരിക്കുമെന്നുറപ്പ്. അത് ഏതെങ്കിലും ഒന്നോ രണ്ടോ മേഖലകളുമായി ബന്ധപ്പെട്ടതുമല്ല. ചരിത്രവും കലയും സാഹിത്യവും സംസ്കാരവുമൊക്കെ ഹൃദയത്തിൽ കൊണ്ടുനടക്കുന്ന ഒരാൾക്കും  ഇവിടേക്കു വരാതിരിക്കാനാകില്ല. 

 

അകത്തെ കാഴ്ചകളൊക്കെ കണ്ടു തിരികെ വന്നപ്പോൾ പുറത്ത വലിയ തടാകവും അതിനു ചുറ്റുമുള്ള നടപ്പാതകളും ബെഞ്ചുകളുമൊക്കെ സന്ദർശകരെക്കൊണ്ടു നിറഞ്ഞിരിക്കുന്നതായി കണ്ടു. രാവിലെ കിട്ടിയ ഇഡ്ഡലിയുടെ ബലത്തിലാണ് നിൽക്കുന്നത്. പക്ഷേ കാഴ്ചകളുടെ നിറവു കൊണ്ടായിരിക്കാം വിശപ്പ് എന്ന വികാരം അലട്ടിയതേ ഇല്ല.  മനോഹരമായ ഉദ്യാനത്തിൽ അൽപ്പസമയം ചുറ്റിക്കറങ്ങിയതിനു ശേഷം പുറത്തു കടന്നു. പാതയോരത്ത് അത്യാവശ്യം എല്ലാ കച്ചവടക്കാരുമുണ്ട്. പലതരത്തിലുള്ള തുണിത്തരങ്ങളും ശീതളപാനീയങ്ങളും ലഘുഭക്ഷണവുമൊക്കെ തയാർ. നീം ജ്യൂസും നല്ല ചൂടുള്ള വെജ് മോമോസും മുളകു ചമ്മന്തിയും കഴിച്ച് അൽപ സമയം വിശ്രമിച്ചു. പുറത്തെ ചൂടിലേക്കിറങ്ങി അൽപസമയം കഴിഞ്ഞപ്പോൾ തന്നെ അതുവരെ മറന്നുപോയ വിശപ്പും ദാഹവും പൂർവ്വാധികം ശക്തിയിൽ തിരിച്ചെത്തിയിരുന്നു. നന്നായി ഭക്ഷണം കഴിക്കണമെന്ന ആഗ്രഹം മൂന്നു പേർക്കുമുണ്ടായിരുന്നു. പക്ഷേ എവിടെയാണ് ഹോട്ടലെന്നു മാത്രം ഒരു പിടിയുമില്ല. ഗേറ്റിന് അരികിൽ നിർത്തിയിട്ടിരുന്ന ടാക്സിക്കാരോട് തിരക്കിയപ്പോൾ അവർക്ക് അറിയില്ല. ഇവരാരും ഈ ദേശക്കാരല്ലേ എന്നു തോന്നിപ്പോകും. അവിടെയാണു മലയാളികളുടെ പ്രാധാന്യം. തിരുവനന്തപുരത്തു ബസോ ട്രെയിനോ വിമാനമോ ഇറങ്ങുന്ന ഒരാൾ കോഴിക്കോട് നല്ല ഭക്ഷണം കിട്ടുന്ന ഹോട്ടലുണ്ടോ എന്ന് അന്വേഷിച്ചാൽ അത് കൃത്യമായി പറഞ്ഞുകൊടുക്കാൻ കഴിയുന്ന ടാക്സിക്കാരും ഓട്ടോക്കാരുമൊക്കെയാണ് നമ്മുടെ സ്വന്തം കേരളത്തിലുള്ളത്. ഈ ശുഷ്കാന്തിയും ബോധവുമൊക്കെ മലയാളിക്കു മാത്രം സ്വന്തമാണെന്നു പല അന്യസംസ്ഥാനയാത്രകളും ഓർമിപ്പിച്ചിട്ടുണ്ട്. 

 

ടാക്സിക്കാരന് ഹോട്ടലുകളെക്കുറിച്ച് ധാരണയില്ലായിരുന്നെങ്കിലും സമീപത്ത് കേട്ടുകൊണ്ടിരുന്ന ഒരാൾ സമീപത്ത് തന്നെ നല്ല ഒരുവെജിറ്റേറിയൻ ഹോട്ടലുണ്ടെന്നും നല്ല ഭക്ഷണം ലഭിക്കുമെന്നും പറഞ്ഞുതന്നു. ഓട്ടോയോ ടാക്സിയോ പിടിക്കേണ്ടതില്ല, നടക്കാനുള്ള ദൂരമേയുള്ളു എന്നും അദ്ദേഹം പറഞ്ഞു. എന്തായാലും കൊൽക്കത്തയിൽ വന്നിട്ട് ആദ്യമായാണ് വെജിറ്റേറിയൻ ഹോട്ടലിനെക്കുറിച്ച് കേൾക്കുന്നത് തന്നെ. ആവേശത്തോടെ ആ ഹോട്ടൽ അന്വേഷിച്ച് നടക്കാൻ തുടങ്ങി. പക്ഷേ അദ്ദേഹം പറഞ്ഞ സ്ഥലത്ത് അത്തരത്തിലൊരു ഹോട്ടൽ കണ്ടെത്താനായില്ല. അന്വേഷിച്ചപ്പോൾ ഓരോരുത്തരും ഓരോ വഴി പറയാൻ തുടങ്ങി. കൊൽക്കത്ത പോലൊരു നഗരത്തിൽ വെജിറ്റേറിയൻ ഹോട്ടൽ അന്വേഷിച്ച് നടക്കുന്നത് ബുദ്ധിയല്ലെന്ന് മനസിലായപ്പോൾ നോൺ-വെജ് ആയാലും മതിയെന്നായി. അത് തിരക്കിയപ്പോൾ നിൽക്കുന്നതിന്റെ തൊട്ടടുത്തുള്ള ബോർഡ് ചൂണ്ടിക്കാണിച്ചു തന്നു ഒരാൾ. ചെറിയ പടിക്കെട്ടുകൾ കടന്നു മുകളിലെത്തണം. വിശാലമായ സ്ഥലസൗകര്യങ്ങളൊന്നുമില്ല. ഇടുങ്ങിയതെങ്കിലും അത്യാവശ്യം നല്ല സർവീസുള്ള ഒരു ഹോട്ടലായിരുന്നു അത്. രുചികരമായ ഭക്ഷണം മുന്നിലെത്തിയപ്പോൾ അതു വരെ അലഞ്ഞ് നടന്നത് വെറുതെ ആയില്ലല്ലോ എന്ന് സമാധാനിക്കാനായി. 

 

ഊണ് കഴിഞ്ഞിറങ്ങിയപ്പോൾ തന്നെ മൂന്ന് മണി കഴിഞ്ഞു. ഇനി പോകേണ്ടത് ആചാര്യ രബീന്ദ്രനാഥ ടാഗോറിന്റെ ജൻമഗൃഹത്തിലേക്കാണ്. സിറ്റിക്കുള്ളിൽ തന്നെയാണത്. വലിയ ദൂരമില്ല. വീണ്ടും ടാക്സി തന്നെ ആശ്രയം. പോകേണ്ട സ്ഥലത്തിന്റെ പേരു  പറഞ്ഞിട്ടു ടാക്സിക്കാരനു മനസിലാകുന്നില്ല. പല തവണ പറഞ്ഞു മടുത്ത് വലഞ്ഞപ്പോൾ സമീപത്ത് കേട്ടുകൊണ്ട് നിന്ന ഒരു ബംഗാളി സ്ത്രീ അതേ പേര് മറ്റൊരു തരത്തിൽ ഉറക്കെ പറഞ്ഞു.  ഓ അതായിരുന്നോ നിങ്ങളീ പറയുന്നത് എന്ന മട്ടിൽ ടാക്സിക്കാരൻ ഒരു നോട്ടം ഞങ്ങളെ നോക്കി. അപ്പോഴാണ് ഒരു കാര്യം കൃത്യമായി മനസിലായത്. ടാക്സിക്കാർക്ക് സ്ഥലം അറിയില്ല എന്നു തീർത്തു പറയാനാകില്ല, ആ നഗരത്തിലെ സ്ഥലങ്ങളുടെ പേര് മലയാളികളായ നമ്മൾ ഉച്ചരിക്കുന്നതാണ് അവരെ സംശയത്തിലാക്കുന്നത്.  ഇംഗ്ലീഷിൽ കാണുന്ന പേര് നമുക്ക് മനസിലായത് പോലെ പറയുമ്പോൾ  പലപ്പോഴും ബംഗാളികൾ പറയുന്നതുമായി പുലബന്ധം പോലും വരുന്നില്ല. അക്കാര്യം തിരിച്ചറിഞ്ഞപ്പോൾ എല്ലാവർക്കും ചിരി വന്നുപോയി. എന്തായാലും വലിയ ചുറ്റിക്കലൊന്നുമില്ലാതെ ടാക്സി ഡ്രൈവർ കാർ ടാഗോറിന്റെ കുടുംബവീടായ ജൊരോഷൊങ്കോ ഠാക്കൂർ ബാടിയുടെ മുന്നിലെത്തിച്ചു. ചുവന്ന നിറത്തിൽ വലിയൊരു മന്ദിരം. വല്ലാത്തൊരു ഉൾക്കുളിർ തോന്നി. ബംഗാളിന്റെ കലാ സാംസ്കാരിക ചരിത്രത്തോട് ചേർന്നുനിൽക്കുന്ന ടാഗോറുമാരുടെ വീടിന് മുന്നിലാണ് നിൽക്കുന്നത്. കഴിഞ്ഞ യാത്രയിൽ ഇവിടെ സന്ദർശിക്കാൻ കഴിയാഞ്ഞത് വലിയ നിരാശയുണ്ടാക്കിയിരുന്നു. ജീവിതത്തിൽ ഇനിയൊരിക്കലും നടക്കില്ലെന്നു കരുതി ഉപേക്ഷിച്ച ആഗ്രഹമാണ് പൂവണിയുന്നത്. ആ അതിശയത്തോടെയും വല്ലാത്ത ആകാംക്ഷയോടെയും ആ കെട്ടിടത്തിന്റെ മുകൾ നിലയിലേക്കുള്ള പടികൾ കയറുമ്പോൾ മനസ് വല്ലാതെ വിനയാന്വിതമായി. എല്ലാവർക്കും കിട്ടാത്ത വലിയൊരു ഭാഗ്യമായാണ് ആ നിമിഷത്തെ അനുഭവിച്ചത്. ബംഗാളിലെ പഴയകാല വസതികളുടെ മാതൃകയെന്ന് കരുതാവുന്ന ആ  വലിയ ഭവനത്തിൽ  കണ്ടതൊക്കെ  ടാഗോർ കുടുംബത്തിന്റെ പാരമ്പര്യവും മഹത്വവും വിളിച്ചുപറയുന്നവയായിരുന്നു. അതേക്കുറിച്ച് അടുത്ത കുറിപ്പിൽ വിവരിക്കാം. 

കൊൽക്കത്ത യാത്രാവിവരണം നാലാം ഭാഗം :
കത്തുന്ന ചൂടിൽ ഗംഗയിലേക്ക്, കേടായ റിക്ഷയിൽ പാതിരാകറക്കം; മറക്കാനാകാതെ കൊൽക്കത്തയിലെ രാത്രി...


കൊൽക്കത്ത യാത്രാവിവരണം മൂന്നാം ഭാഗം :
ബാവുൽ കലാകാരൻമാരും അമർത്യ സെന്നിന്റെ വീടും... ശാന്തിനികേതനിലെ മൂന്നാം പകൽ...


കൊൽക്കത്ത യാത്രാവിവരണം രണ്ടാം ഭാഗം :
ഹൗറയിൽ നിന്ന് ടാഗോറിന്റെ ശാന്തിതീരത്തിലേക്ക്, കൊൽക്കത്ത യാത്ര...


കൊൽക്കത്ത യാത്രാവിവരണം ഒന്നാം ഭാഗം :
കലാസ്നേഹികളെ മോഹിപ്പിക്കുന്ന കൊൽക്കത്ത; ആദ്യമായി എത്തുന്നവരെ അമ്പരപ്പിക്കും...


Content Summary : Kolkata, a city with a rich history and culture, dating back to the 17th century travelogue.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com