ADVERTISEMENT

ആദ്യം വന്നാൽ കടുവയെ കാണാം; വൈകിയാൽ പുള്ളിമാനെയും കാട്ടുപോത്തിനെയും കണ്ടു മടങ്ങാം’. കർണാടകയിലെ നാഗർഹോളെ ദേശീയ വന്യജീവി ഉദ്യാനത്തിൽ നിന്ന് ആദ്യം പുറപ്പെടുന്ന സഫാരി വാഹനത്തിൽ ഇടം കിട്ടണമെങ്കിൽ പുലർച്ചെ എത്തണമെന്ന് നിർദേശിച്ചത് വയനാട് സ്വദേശിയും സർക്കാർ ഉദ്യോഗസ്ഥനുമായ സുഹൃത്തായിരുന്നു. ആദ്യത്തെ വാഹനത്തിലുള്ളവർക്കാണ് കടുവ പോലുള്ള മൃഗങ്ങളുടെ കാഴ്ച തരമാവു എന്നായിരുന്നു ഓർമപ്പെടുത്തൽ. 

പുലർച്ചെ അവിടെ എത്താനുള്ള ബുദ്ധിമുട്ട് കാരണം ഞങ്ങൾ 3 സുഹൃത്തുക്കൾ തലേന്നു തന്നെ പുറപ്പെട്ടു. രാത്രി വയനാട്ടിലെ കാട്ടിക്കുളത്ത് താമസിച്ച് പുലർച്ചെ എഴുന്നേറ്റ് യാത്രതിരിച്ചു. കർണാടക അതിർത്തിയിലെ കുട്ട ചെക്പോസ്റ്റ് എത്തിയപ്പോൾ ഒരു വാഹനം പോലുമില്ല. അവിടെ നിന്നു നാഗർഹോളെയിലേക്കുള്ള റോഡും തീർത്തും വിജനം. സന്തോഷത്തോടെ മുന്നോട്ടുപോയ ഞങ്ങൾ സഫാരിക്കുള്ള ടിക്കറ്റ് കൗണ്ടറിലെത്തിയപ്പോൾ പക്ഷേ, ഞെട്ടി– ഇരുപതോളം പേർ അവിടെ ക്യൂ നിൽക്കുന്നു! 

 

ഞങ്ങളുടെ വാഹനത്തിന് രണ്ടാമൂഴമായിരുന്നു. പ്രധാന റോഡിൽ നിന്ന് ഉൾറോഡിലേക്ക് തിരിഞ്ഞപ്പോൾ മുതൽ ഇരുവശത്തും പുള്ളിമാൻ കൂട്ടം. ആദ്യമൊക്കെ ആവേശപൂർവം ഫോട്ടോ എടുത്തെങ്കിലും പിന്നെ ശ്രദ്ധിക്കാതായി. അഞ്ചുകിലോമീറ്ററോളം ഓടിയിട്ടും ഒരേ കാഴ്ചകൾ കണ്ടുമടുത്തതോടെ വാഹനത്തിലുള്ളവരെല്ലാം നിരാശരായി. ഒരു ആനയെ പോലും കാണാൻ പറ്റിയില്ലല്ലോ എന്ന് പരിഭവമുയർന്നു. അൽപദൂരം കൂടി പിന്നിട്ടപ്പോൾ മുന്നിലുണ്ടായിരുന്ന വാഹനം പെട്ടെന്ന് നിർത്തി. ഏതോ മുന്നറിയിപ്പ് പോലെ വാനരന്മാരുടെ അസാധാരണ ശബ്ദം. സ്തംഭിച്ചു നിൽക്കുന്ന മാൻകൂട്ടം. 

Tiger-pic
കടുവയുടെ ചിത്രം മൊബൈൽ ഫോണിൽ പകർത്തിയപ്പോൾ

 

മുന്നിലുള്ള വാഹനത്തിൽ നിന്നു പൊടുന്നനെ ക്യാമറകളുടെ ഫ്ലാഷുകൾ കൂട്ടമായി മിന്നി. അടുത്ത ക്ഷണം, ആ കാഴ്ച ഞങ്ങൾ കണ്ടു. തിടുക്കത്തിൽ റോഡ് മുറിച്ചുകടന്ന് ആ രാജകീയ നടത്തം; സാക്ഷാൽ കടുവ. ഉൾക്കാട്ടിലേക്കു കടക്കുന്നതിനു മുൻപ് ഒരു സെക്കൻഡ് നേരം ഞങ്ങളെ തിരിഞ്ഞൊന്നു നോക്കി. പിന്നെ മെല്ലെ ചെടികൾക്കിടയിൽ മറഞ്ഞു.  കാട്ടിൽ ഒരു കടുവയെ കാണുന്നതിൽ എന്താണ് ഇത്ര പ്രത്യേകത എന്നു സംശയമുണ്ടായേക്കാം. ആ കാഴ്ച അപൂർവമാണെന്നത് ഒരു കാര്യം.

 

സ്വന്തം സാമ്രാജ്യം സ്വയം തീരുമാനിച്ച് ആ തട്ടകത്തിൽ  ഏകനായ ചക്രവർത്തിയായി വാഴുന്ന ഒരേ ഒരു ജീവിയാണ് കടുവ. 40 മുതൽ 70 കിലോമീറ്റർ വരെ ചുറ്റളവിലുള്ള അവന്റെ രാജ്യത്ത് മറ്റൊരു കടുവ അതിക്രമിച്ചു കടന്നാൽ കടുത്ത പോരാട്ടമുണ്ടാകും; ചിലപ്പോൾ മരണവും. സീസണിൽ കാമുകിമാർക്ക് മാത്രം പ്രവേശനമുണ്ട്. രണ്ടോ മൂന്നോ പെൺകടുവകളെ അവൻ ഒപ്പം കൂട്ടും. ഇടയ്ക്ക് വെള്ളക്കെട്ടിലിറങ്ങി നീന്തി ഉല്ലസിക്കുന്നത് ഒരു ശീലം. മഞ്ഞ കലർന്ന ഓറഞ്ചും കറുപ്പും വെളുപ്പും ചേർന്ന മാസ്മരിക നിറമാണ് അവന്റെ ഭംഗി. ഉടലിൽ ആകെ നൂറോളം വരകൾ. ഈ വരകൾ ഒരു കടുവയുടേത് ഒരിക്കലും മറ്റൊരു കടുവയുടേത് പോലെയാകില്ല–മനുഷ്യരുടെ വിരലടയാളം പോലെ. 

 

മടങ്ങുന്ന വഴി ഒരു ചെറു കടയിൽ ചായ കുടിച്ചുനിൽക്കുമ്പോൾ, ഒരു ആഴ്ച മുൻപ് അവിടെ രണ്ടു ഗ്രാമീണരെ കടുവ കടിച്ചുകൊന്നെന്ന് കടയുടമ പറഞ്ഞു. കടുവയുടെ അടിയേറ്റ് അതിൽ ഒരു ചെറുപ്പക്കാരന്റെ കണ്ണുകൾ മീറ്ററുകളോളം തെറിച്ചുപോയത്രെ. രാവിലെ ഞങ്ങൾ കൺനിറയെ കണ്ടുനിന്ന ആ വന്യഭംഗിയുടെ ആസുരഭാവം! ആ കേൾവിയിൽ മനസ്സുലഞ്ഞെങ്കിലും അതിന്റെ കാര്യമില്ലെന്നും പിന്നീട് ഓർത്തു. കാരണം,  കാടിന് അതിന്റേതായ നിയമമാണ്.

രാജ്യത്തെ പ്രധാനപ്പെട്ട ടൈഗർ റിസർവുകളിലൊന്ന്  കേരളത്തിലെ പെരിയാർ ആണെങ്കിലും സഞ്ചാരികൾക്ക് കടുവയെ കാണാ‍ൻ കൂടുതൽ സാധ്യതയുള്ളത് കർണാടകയിലെ നാഗർഹോളെയിലും ബന്ദിപ്പൂരിലുമാണ്. രാവിലെ ആറിനും വൈകിട്ട് മൂന്നിനും നാഗർഹോളെയിൽ സഫാരിയുണ്ട്.  മാനന്തവാടിയിൽ നിന്നു നാഗർഹോളെയിലേക്ക് 48 കിലോമീറ്റർ ദൂരം. 

 

Content Summary : Karnataka Nagarhole National Park.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com