ADVERTISEMENT

പെഹല്‍ഗാമിനോട് യാത്ര പറയണമല്ലോ എന്ന സങ്കടത്തോടെയാണ് യാത്രയുടെ നാലാം ദിവസം ഉറക്കമുണര്‍ന്നത്. എഴുന്നേറ്റ് കഴിഞ്ഞാല്‍, ഫ്രഷ് ആയതിനു ശേഷം കട്ടന്‍ കാപ്പി കുടിക്കുകയാണ് വീട്ടിലെ ശീലം. എന്നാല്‍, കശ്മീര്‍ യാത്രയിലുടനീളം ചായയും കാവയുമാണ് കുടിച്ചത്. കാവ പല നാടുകളിലും അവിടുത്തെ തനതായ രുചിക്കൂട്ടുകള്‍ ഉപയോഗിച്ച് ഉണ്ടാക്കാറുണ്ട്. കശ്മീരി കാവ ഗ്രീന്‍ ടീക്കു പുറമെ, കുങ്കുമവും ബദാമും കറുവാപ്പട്ടയും ഒക്കെ ചേര്‍ത്താണ് തയാറാക്കുന്നത്. വിലകൂടിയ ഈ ചേരുവകളുടെ കാരണം ചായയുടെ ഇരട്ടിയോളം വില വരും കാവയ്ക്ക്.

പെഹല്‍ഗാമിലെ ഹട്ടിന്‍റെ നോട്ടക്കാരന്‍ ചായ തയ്യാറാക്കി തരുമായിരുന്നു. അയാളുടെ ഫോണില്‍ വിളിച്ചു പറഞ്ഞാല്‍, ഒരു പത്തു മിനിറ്റിനകം ചായ റെഡി! അതിന്‍റെ നന്ദിയെന്നോണം പോകുന്ന നേരം കുറച്ചു ടിപ്പും കൊടുത്തു. ടിപ്പ് ചോദിച്ചു വാങ്ങുന്ന ഒരു രീതി ഇവിടെ സര്‍വ്വസാധാരണമാണ്. കൊടുത്ത ടിപ്പ് കുറവാണെങ്കില്‍ അത് തുറന്നു പറയുന്നതും പതിവാണ്. ടിപ്പ് ചോദിച്ച ചിലരെ നിരുപാധികം ഒഴിവാക്കേണ്ട അവസരങ്ങളുമുണ്ടായി. ശ്രീനഗറിലെ സംഭവങ്ങള്‍ എഴുതുമ്പോള്‍ അതിനെപ്പറ്റി കൂടുതല്‍ എഴുതാം.

ലിഡ്ഡര്‍ നദി
ലിഡ്ഡര്‍ നദി

ശ്രീനഗറിലേക്ക് തിരിച്ചു പോകാന്‍, ആദ്യ ദിവസം ഞങ്ങളെ ഇവിടെയെത്തിച്ച ടാക്സിക്കാരനെ തന്നെ ഇടപാടാക്കിയിരുന്നു. പോകുന്ന വഴി ഞങ്ങള്‍ക്ക് മൂന്ന് കാര്യങ്ങള്‍ ചെയ്യുവാന്‍  ഉണ്ടായിരുന്നു...

  1.  ലിഡ്ഡര്‍ നദിയുടെ കുറച്ചു ഫോട്ടോകള്‍ പകര്‍ത്തുക 
  2.  ഒരു ആപ്പിള്‍ തോട്ടം സന്ദര്‍ശിക്കുക 
  3.  ഡ്രൈ ഫ്രൂട്ട്സും കുങ്കുമപ്പൂവും വാങ്ങുക 

ഈ ആവശ്യങ്ങള്‍ ഞാന്‍ അയാളോട് പറഞ്ഞു. അത് മൂന്നിനും വേണ്ട സൗകര്യങ്ങള്‍ ചെയ്തുതരാം എന്ന് അയാള്‍ ഏറ്റു. ഉച്ചയായപ്പോള്‍ പെഹല്‍ഗാമിനോട് യാത്ര പറഞ്ഞു ഞങ്ങള്‍ ശ്രീനഗര്‍ ലക്ഷ്യമാക്കി യാത്ര തിരിച്ചു. ആ യാത്രയില്‍ കിലോമീറ്ററുകളോളം ലിഡ്ഡര്‍ നദി ഞങ്ങളുടെ സഹയാത്രികനായിരുന്നു. ഇത് പോലെ 2019 ല്‍ ഹിമാചല്‍ പ്രദേശ്  സന്ദര്‍ശിച്ചപ്പോള്‍ സത് ലജ്ജ് നദിയും സ്പിറ്റിയും ബിയാസും മാറി മാറി ഞങ്ങള്‍ക്ക് കൂട്ടായുണ്ടായിരുന്നു. 

ലിഡ്ഡര്‍ നദി

ലിഡ്ഡര്‍ നദിക്കരയില്‍ സാമാന്യം തരക്കേടില്ലാത്ത ഒരു സ്ഥലത്തു അയാള്‍ വണ്ടി നിര്‍ത്തി തന്നു. ഞങ്ങള്‍ ഇറങ്ങി കുറച്ചു ഫോട്ടോകള്‍ പകര്‍ത്തി. ഞങ്ങളിറങ്ങുമ്പോള്‍ മധ്യവയസ്കനായ ഒരു പട്ടാളക്കാരന്‍ നദിക്കരയിലിരുന്നു ചോറ്റുപാത്രം കഴുകുന്നുണ്ടായിരുന്നു. 

ലിഡ്ഡര്‍ നദിക്കരയിലിരുന്നു ചോറ്റുപാത്രം കഴുകുന്ന പട്ടാളക്കാരന്‍.
ലിഡ്ഡര്‍ നദിക്കരയിലിരുന്നു ചോറ്റുപാത്രം കഴുകുന്ന പട്ടാളക്കാരന്‍.

ആ സമയം രണ്ടു കൗമാരക്കാര്‍ അവിടേക്കു വന്നു. എന്‍റെ കയ്യിലെ ക്യാമറ കണ്ട് അതിലൊരുവന്‍, അവരുടെ ഫോട്ടോ എടുക്കാമോ എന്നു ചോദിച്ചു. ഫോട്ടോ എടുത്താല്‍ മാത്രം പോരാ, അത് വാട്ട്സാപ്പ് ചെയ്തു കൊടുക്കണം എന്ന ആവശ്യം കൂടി അതിനൊപ്പം ഉണ്ടായിരുന്നു. അതു കേട്ടു വന്ന ഞങ്ങളുടെ ഡ്രൈവര്‍, ആ കുട്ടികളോട് അവരുടെ നമ്പര്‍ വാങ്ങി. ചിത്രങ്ങള്‍ അയാള്‍ക്ക് അയച്ചു കൊടുത്താല്‍ മതി, ആ കുട്ടികള്‍ക്ക് അത് കൊടുക്കുന്ന കാര്യം അയാള്‍ ഏറ്റു എന്നു പറഞ്ഞു. അവരുടെ കുറച്ച് ചിത്രങ്ങള്‍ എടുത്തുവെങ്കിലും പിന്നീട് അത് അയച്ചു കൊടുക്കുവാന്‍ സാധിച്ചില്ല.

മലമുകളില്‍ സ്ഥിതി ചെയ്യുന്ന ഐഷ്മുഖാം ദര്‍ഗ

നദിക്കരയില്‍ അല്‍പനേരം ചിലവഴിച്ചതിനുശേഷം, ഞങ്ങള്‍ ശ്രിനഗര്‍ ലക്ഷ്യമാക്കി പാഞ്ഞു. ആ യാത്രയില്‍ കടന്നു പോയ സ്ഥലങ്ങളില്‍, ഡ്രൈവര്‍ മുഷ്താഖ് പ്രത്യേകമായി എടുത്തു പറഞ്ഞ ഒരേയൊരു സ്ഥലമേ ഉണ്ടായിരുന്നുള്ളു; മലമുകളില്‍ സ്ഥിതി ചെയ്യുന്ന ഐഷ്മുഖാം ദര്‍ഗയായിരുന്നു അത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ദര്‍ഗ ഇവിടുത്തെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമാണ് . ബജ്രംഗി  ഭായി ജാന്‍ എന്ന ഹിറ്റ് സിനിമയിലെ Bhardo Jholi Meri എന്ന ഖവാലി ഗാനം ഇവിടെയായിരുന്നു ചിത്രീകരിച്ചത്. അദ്നാന്‍ സാമി പാടി അഭിനയിച്ച ഈ ഗാനം ബോളിവുഡ് സിനിമകളില്‍ ചിത്രീകരിച്ച ഖവാലികളില്‍ വച്ച് എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഒന്നാണ്. 


കശ്മീര്‍ യാത്രയില്‍ പല ചലച്ചിത്രങ്ങളുടെയും  ലൊക്കേഷനുകള്‍ ഞങ്ങളുടെ മുന്‍പില്‍ അവതരിപ്പിക്കപ്പെട്ടു  'ബജ്രംഗി ഭായിജാന്‍', 'രാജാ ഹിന്ദുസ്ഥാനി', 'മിഷന്‍ കശ്മീര്‍' അങ്ങനെ പലതും. ഒരുപാട് നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന മണ്ണാണ് കശ്മീരിന്റേത്. എങ്കിലും ചരിത്രപരവും സാംസ്കാരികപരവുമായ പ്രത്യേകതകള്‍ ഇവിടുത്തെ ഗൈഡുകള്‍ പറയാറേയില്ല. ഒരു പക്ഷേ ടൂറിസ്റ്റുകളുടെ ഇഷ്ടങ്ങള്‍ കാലക്രമേണ മനസ്സിലാക്കി, അവര്‍ക്ക് ഇഷ്ടപെടുന്ന കഥകള്‍ മാത്രം പറയുന്നതുമാവാം.

പെഹല്‍ഗാമില്‍ നിന്ന് അനന്ത്നാഗിലേക്കു പോകുന്ന വഴി ധാരാളം ആപ്പിള്‍ തോട്ടങ്ങളുണ്ട്. ഇവിടെയുള്ള ആപ്പിള്‍ തോട്ടങ്ങളിലെല്ലാം പ്രവേശനം സൗജന്യമാണെന്നാണു വയ്പ്പ്; പക്ഷേ, അവിടെ അവര്‍ തയാറാക്കുന്ന ആപ്പിള്‍ ജ്യൂസ് ഒരെണ്ണം വാങ്ങണം എന്നു നിബന്ധനയുണ്ട്. ഞങ്ങളുടെ ഡ്രൈവര്‍ വണ്ടി നിര്‍ത്തിയത്, അയാളുടെ പരിചയക്കാരനായ ഒരാളുടെ തോട്ടത്തിലാണ്. വലിയൊരു ആപ്പിള്‍ തോട്ടം പ്രതീക്ഷിച്ച് ഗേറ്റ് കടന്ന ഞങ്ങള്‍ കണ്ടത്, ഇരുപത്തിയഞ്ച്  സെന്‍റില്‍ കൂടുതല്‍ വിസ്തൃതിയില്ലാത്ത  ഒരു പുരയിടമാണ്. അറുപത് വയസ്സിനടുത്തു പ്രായമുള്ള ഒരു മനുഷ്യന്‍ വളരെ സന്തോഷത്തോടെ ഞങ്ങളെ വരവേറ്റു. അയാള്‍ തോട്ടത്തിന്‍റെ അരികിലുള്ള വഴിയിലൂടെ വീടിന്‍റെ പിന്‍ഭാഗത്തേക്കു നടന്നപ്പോള്‍, പുരയിടത്തിന്‍റെ പിറകില്‍ ഒരു വലിയ തോട്ടം കാണും എന്നു ഞാന്‍ പ്രതീക്ഷിച്ചു. പക്ഷേ ആ പ്രതീക്ഷ അസ്ഥാനത്തായി. ഞങ്ങള്‍ക്കായുള്ള ജ്യൂസ് അവര്‍ തയ്യാറാക്കി തുടങ്ങിയിരുന്നതു കൊണ്ട് അവിടം കാണാതെ തിരിച്ചുപോകുന്നതില്‍ അര്‍ത്ഥമില്ലായിരുന്നു. 

എങ്കിലും അവിടുത്തെ സന്ദര്‍ശനം ഒരു പരാജയം ആയിരുന്നില്ല. ആ ചെറിയ സ്ഥലത്തു ഒട്ടനവധി ചെടികളും മരങ്ങളും നന്നായി വച്ച് പിടിപ്പിച്ചിട്ടുണ്ടായിരുന്നു. ആപ്പിള്‍ തന്നെ നാല് തരം. അതില്‍ മൂന്നെണ്ണം ഏകദേശം ഓരോ മാസത്തെ ഇടവേളയില്‍ ഫലം പാകമാകുന്നവയായിരുന്നു; നാലാമത്തേത് ഗ്രീന്‍ ആപ്പിളും. പിന്നെ പ്ലം, മുന്തിരി, വിവിധതരം പച്ചക്കറികള്‍, പൂക്കള്‍ എന്നിവയും അദ്ദേഹം അവിടെ നട്ട് പരിപാലിച്ചിട്ടുണ്ടായിരുന്നു. 

അപ്പോഴേക്കും ജ്യൂസ് തയ്യാറായ വിവരം ഞങ്ങളുടെ ഡ്രൈവര്‍ വന്നു പറഞ്ഞു. ഫ്രഷ് ജ്യൂസ് ആയിരുന്നുവെങ്കിലും, പാകമാകാത്ത ആപ്പിളുകളാണ് ജ്യൂസ് ഉണ്ടാക്കുവാനായി ഉപയോഗിച്ചത്. ഏകദേശം ഒരു മാസം (ഓഗസ്റ്റ്) കൊണ്ട് ഇന്നാട്ടിലെ ആപ്പിളുകളൊക്കെ പാകമായി വിളവെടുപ്പ് ആരംഭിക്കും. പിന്നെയുള്ള രണ്ട് മൂന്ന് മാസങ്ങള്‍ കശ്മീര്‍ ആപ്പിളുകള്‍ ഇന്ത്യയൊട്ടുക്കും ലോകത്തിന്‍റെ പലഭാഗങ്ങളിലേക്കും കയറ്റി അയയ്ക്കപ്പെടും. 

കുറച്ചു സമയം അവിടെ ചെലവഴിച്ചതിനു ശേഷം ഞങ്ങള്‍ ശ്രീനഗറിലേക്കു യാത്ര തുടര്‍ന്നു. മൂന്നു ദിവസങ്ങള്‍ക്കു മുന്‍പ് ശ്രീനഗറില്‍ നിന്ന് പെഹല്‍ഗാമിലേക്ക് യാത്ര ചെയ്തപ്പോള്‍ കണ്ടതിലധികം പട്ടാളക്കാര്‍ ഇന്ന് റോഡില്‍ വിന്യസിക്കപ്പെട്ടിട്ടുണ്ടായിരുന്നു. പകല്‍ സമയത്ത് റോഡില്‍ കൂടുതല്‍ പട്ടാള സാന്നിധ്യം ഉണ്ടാവും എന്ന് ആദ്യ ദിവസം ഞങ്ങളുടെ ഡ്രൈവര്‍ പറഞ്ഞിരുന്നു.

ശ്രീനഗറിനോട് അടുത്തപ്പോള്‍ റോഡിനിരുവശത്തും കുങ്കുമപ്പൂവും, ഡ്രൈ ഫ്രൂട്ട്സും വില്‍ക്കുന്ന ഒട്ടനവധി കടകള്‍  കണ്ടു. അവയില്‍ സാമാന്യം തരക്കേടില്ലാത്ത ഒരു കടയില്‍ ഞങ്ങളുടെ ഡ്രൈവര്‍ വണ്ടി നിര്‍ത്തി. കശ്മീരില്‍ കൃഷിചെയ്യപ്പെടുന്ന എന്തെങ്കിലുമൊക്കെ വാങ്ങാനായിരുന്നു എനിക്കു താല്പര്യം; പ്രത്യേകിച്ച് കുങ്കുമപ്പൂവും മാംമ്ര ബദാമും കശ്മീര്‍ സ്പെഷലായ മറ്റൊന്നാണ് വാല്‍നട്ട്. 'അഖ്റോട്ട്' എന്നാണ് ഹിന്ദിയില്‍ അതിന്‍റെ പേര്. ഇവയുടെയൊക്കെ ഒരു റൗണ്ട് ഷോപ്പിംഗിന് ശേഷം ഞങ്ങള്‍ യാത്ര തുടര്‍ന്നു. 

കുങ്കുമവും ഡ്രൈ ഫ്രൂട്ട്സും കാവ തയാറാക്കാനുള്ള കൂട്ടും മറ്റും വില്‍ക്കുന്ന കട. ഇത്തരം നൂറുകണക്കിന് കടകളുണ്ട് ഇവിടെ.
കുങ്കുമവും ഡ്രൈ ഫ്രൂട്ട്സും കാവ തയാറാക്കാനുള്ള കൂട്ടും മറ്റും വില്‍ക്കുന്ന കട. ഇത്തരം നൂറുകണക്കിന് കടകളുണ്ട് ഇവിടെ.

സവാരിക്കായി ചെറിയ ഷിക്കാരാ വള്ളങ്ങൾ

ശ്രീനഗറിലെ ദല്‍ തടാകം ലക്ഷ്യമാക്കിയായിരുന്നു ഞങ്ങളുടെ യാത്ര. അന്ന് രാത്രി താമസം ബുക്ക് ചെയ്തിരുന്നത് ഒരു ഹൗസ് ബോട്ടില്‍ ആയിരുന്നു.  കേരളത്തിലെ പോലെ തന്നെ ദല്‍ തടാകത്തിലെയും ഹൗസ് ബോട്ടുകള്‍ വളരെ പ്രശസ്തമാണ്. കേരളത്തിലെ ഹൗസ്ബോട്ടുകള്‍ സഞ്ചാരയോഗ്യമാണ്; അവ കായലില്‍ യാത്രയ്ക്കായി ഉപയോഗിക്കാം. പക്ഷേ ശ്രീനഗറിലെ ഹൗസ് ബോട്ടുകള്‍ തടാകത്തില്‍  നിശ്ചിത സ്ഥാനങ്ങളില്‍ ഉറപ്പിച്ചിരിക്കുന്നവയാണ്. സവാരിക്കായി ചെറിയ ഷിക്കാരാ വള്ളങ്ങളാണ് ഉപയോഗിക്കുന്നത്.

നിയന്ത്രണത്തെ മറികടക്കാന്‍ അവര്‍ തടാകത്തില്‍ ഹൗസ് ബോട്ടുകളുണ്ടാക്കി...

ദല്‍ തടാകത്തിലെ ഹൗസ് ബോട്ടുകള്‍
ദല്‍ തടാകത്തിലെ ഹൗസ് ബോട്ടുകള്‍

കശ്മീരിലെ രാജഭരണകാലത്ത് ബ്രിട്ടീഷുകാരും കശ്മീര്‍ രാജാവുമായുള്ള ഉടമ്പടി പ്രകാരം ബ്രിട്ടീഷുകാര്‍ക്ക് കാശ്മീരില്‍ സ്വകാര്യ ഭൂമി വാങ്ങാന്‍ അനുവാദമില്ലായിരുന്നു. ആ നിയന്ത്രണത്തെ മറികടക്കാന്‍ അവര്‍ തടാകത്തില്‍ ഹൗസ് ബോട്ടുകളുണ്ടാക്കി താമസിച്ചു എന്നാണ് ചരിത്രം. 

നിയമത്തിലെ കുരുക്കുമൂലം പിറവിയെടുത്ത ആ ഭവനങ്ങള്‍ കാലക്രമേണ കശ്മീര്‍ ടൂറിസത്തിന്‍റെ അവിഭാജ്യ ഘടകമായി മാറി. ഇന്ന് ഔദ്യോഗിക കണക്കുകള്‍ പ്രകാരം അയ്യായിരത്തോളം ഹൗസ് ബോട്ടുകളുണ്ട് കശ്മീരില്‍. ദല്‍ തടാകത്തില്‍ പല ഘട്ടുകളുണ്ട് (കടവുകള്‍). ഹൗസ്ബോട്ടുകളില്‍ കൃത്യമായി എത്തിപ്പെടണമെങ്കില്‍ അതിനടുത്തുള്ള ഘട്ട് നമ്പര്‍ അറിഞ്ഞിരിക്കണം. ഞങ്ങള്‍ ബുക്ക് ചെയ്തത് 'ന്യൂ മൂണ്‍' എന്ന ഹൗസ് ബോട്ടായിരുന്നു. പക്ഷെ ഓണ്‍ലൈന്‍ ബുക്കിങ്ങില്‍ ഘട്ട് നമ്പര്‍ കൊടുത്തിട്ടുണ്ടായിരുന്നില്ല. ഞങ്ങളുടെ ഡ്രൈവര്‍ ദല്‍ തടാകത്തിന്‍റെ അരികിലൂടെ, ലൊക്കേഷന്‍ മാപ്പ്  നോക്കി, വണ്ടി പതുക്കെ ഓടിച്ചു. ഘട്ട് നമ്പര്‍ എഴുതിയ ബോര്‍ഡുകള്‍ ഓരോന്നായി ഞങ്ങള്‍ കടന്നു പൊയ്ക്കൊണ്ടേയിരുന്നു. റോഡില്‍ കൂടി പോകുമ്പോള്‍, കുറച്ചകലെയായി തടാകത്തില്‍ നിരനിരയായി കിടക്കുന്ന ഹൗസ് ബോട്ടുകള്‍ കാണാം. ഓരോന്നിലും അവയുടെ പേര് പതിച്ച ബോര്‍ഡുകള്‍ ഉണ്ട്. ആ ബോര്‍ഡുകളില്‍ 'ന്യൂ മൂണ്‍' എന്ന പേരിനായി ഞങ്ങളുടെ കണ്ണുകള്‍ പരതി.

സവാരി കാത്ത് കിടക്കുന്ന അലങ്കരിച്ച ഷിക്കാരാ വള്ളങ്ങൾ

അല്പസമയത്തെ യാത്രയ്ക്ക് ശേഷം, ഗൂഗിള്‍ മാപ്പ് ഞങ്ങളെ ഘട്ട് ഏഴിന്‍റെ മുന്‍പില്‍ എത്തിച്ചു. അവിടെ നിന്ന് നോക്കിയാല്‍ കാണുന്ന ഹൗസ് ബോട്ടുകളുടെ ഒന്നും പേര് 'ന്യൂ മൂണ്‍' എന്നായിരുന്നില്ല. ആരോടെങ്കിലും വഴി ചോദിക്കാം എന്നു കരുതി അവിടെ നിന്നിരുന്ന പ്രായമായ ഒരു മനുഷ്യനോട് ഞങ്ങളുടെ ഹൗസ് ബോട്ടിന്‍റെ പേര് പറഞ്ഞു. യാദൃശ്ചികം എന്നു പറയട്ടെ, അയാള്‍ 'ന്യൂ മൂണിന്‍റെ' ഉടമ തന്നെയായിരുന്നു. ചുണ്ടില്‍ ഒരു സിഗരറ്റും കടിച്ചു പിടിച്ച്, പരമ്പരാഗത കശ്മീരി വേഷമായ നീളന്‍ കുര്‍ത്തയും പൈജാമയും ധരിച്ചിരുന്ന അദ്ദേഹത്തിന് ഏകദേശം 65 നോടടുത്ത് പ്രായം കാണും. 

ഘട്ടും അവിടെ സവാരി കാത്ത് കിടക്കുന്ന അലങ്കരിച്ച ഷിക്കാരാ വള്ളങ്ങളും.
ഘട്ടും അവിടെ സവാരി കാത്ത് കിടക്കുന്ന അലങ്കരിച്ച ഷിക്കാരാ വള്ളങ്ങളും.

ഞങ്ങള്‍ അവിടെത്തിയ സമയം ആ ഘട്ടില്‍ ഏറ്റവും ചുരുങ്ങിയത് അമ്പത്  പേരെങ്കിലും ഉണ്ടായിരുന്നു. അവിടെ ഞങ്ങള്‍ ആദ്യം കണ്ട്  സംസാരിച്ച മനുഷ്യന്‍ തന്നെ, ഞങ്ങള്‍ അന്വേഷിക്കുന്ന ബോട്ടിന്‍റെ ഉടമയാവുക എന്നത് ദൈവവിശ്വാസിയായ ഒരു വ്യക്തിയെ സംബന്ധിച്ച് ഒരു അദ്ഭുതമായി തോന്നും. എനിക്ക് അത് എന്തായിരുന്നു എന്ന് ആദ്യം  തന്നെ എഴുതിയതു കൊണ്ട് വീണ്ടും പറയുന്നില്ല.

ഘട്ടുകളില്‍ നിന്ന് ഷിക്കാരാ വള്ളങ്ങള്‍ കേറി വേണം ഹൗസ് ബോട്ടുകളിലേക്കു പോകാന്‍. ഷിക്കാരയിലേക്കു സാധനങ്ങള്‍ കയറ്റി വയ്ക്കാന്‍ ബഷീര്‍ ഭായിയും സഹായിച്ചു (അദ്ദേഹം സ്വയം പരിചയപ്പെടുത്തിയതു തന്നെ ബഷീര്‍ ഭായ് എന്നാണ്). സാധനങ്ങള്‍ ഒക്കെ വള്ളത്തില്‍ ശ്രദ്ധയോടെ വച്ച ശേഷം ഞങ്ങളുടെ ഷിക്കാരാ സാവധാനം ദല്‍ തടാകത്തിലൂടെ നീങ്ങി തുടങ്ങി. അറുപതിനോട് അടുത്തു തന്നെ പ്രായം വരുന്ന, മെഹ്റാജ് എന്ന വ്യക്തിയായിരുന്നു ഷിക്കാരാ വള്ളം തുഴഞ്ഞത്; അത് അയാളുടെ സ്വന്തം വള്ളമാണെന്നു യാത്ര മദ്ധ്യേ ഞങ്ങളോടു പറഞ്ഞു. 

ഘട്ടില്‍ നിന്ന് ഞങ്ങള്‍ ഷിക്കാരയുമായി തുഴഞ്ഞു നീങ്ങി ഹൗസ് ബോട്ടുകള്‍ കിടന്നിരുന്ന ഭാഗത്തേക്ക് അടുത്തുവെങ്കിലും ഞങ്ങള്‍ ബുക്ക് ചെയ്ത ബോട്ട് അക്കൂട്ടത്തില്‍  കണ്ടില്ല. അപ്പോള്‍ മെഹ്റാജ് തന്‍റെ വള്ളം ഹൗസ് ബോട്ടുകളുടെ പിന്നില്‍ ഉള്ള ഒരു ചെറു ജലപാതയിലൂടെ അകത്തേക്കു കയറ്റി. അവിടേയ്ക്ക് കയറിയപ്പോള്‍, ഇരുവശങ്ങളിലും ആദ്യം കണ്ടതിലധികം ഹൗസ് ബോട്ടുകള്‍; അവയ്ക്കിടയിലും ചെറിയ ജലപാതകള്‍. നഗരങ്ങളിലെ തെരുവുകള്‍ പോലെ നാലുപാടും നിരവധി വഴികള്‍, അവയ്ക്കിരുവശവും വീടുകള്‍ പോലെ ഒരുപാട് ഹൗസ് ബോട്ടുകള്‍. 

 'ഈ ഹൗസ് ബോട്ടിലെ സൗകര്യങ്ങള്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലിലേതു പോലെയാണ്...’

ബഷീര്‍ ഭായ് നിര്‍ത്താതെ സംസാരിച്ചു കൊണ്ടിരുന്നു. സംസാരവിഷയം കൂടുതലും കശ്മീരായിരുന്നു, ഭാഷ ഇംഗ്ലിഷും. ഞങ്ങളുടെ ഇതുവരെയുള്ള കശ്മീര്‍ യാത്രയില്‍ ഒരു തദ്ദേശീയനും ഞങ്ങളോട് ഇംഗ്ലിഷില്‍ സംസാരിച്ചിരുന്നില്ല; ഇദ്ദേഹമാകട്ടെ പൂര്‍ണ്ണമായും ഇംഗ്ലിഷില്‍ തന്നെ. നമ്മള്‍ ഹിന്ദിയില്‍ എന്തെങ്കിലും ചോദിച്ചാല്‍, അതിനു ഹിന്ദിയില്‍ മറുപടി പറയും, അത്രതന്നെ. അദ്ദേഹത്തിന്‍റെ ഇംഗ്ലിഷ് ഉച്ചാരണത്തിനു നല്ല നിലവാരം ഉണ്ടായിരുന്നു. ഷിക്കാരാ തുഴഞ്ഞിരുന്ന മെഹ്റാജിന്‍റെ ഇംഗ്ലിഷും അങ്ങനെ തന്നെ.

ദല്‍ തടാകത്തിലെ ഹൗസ് ബോട്ടുകള്‍
ദല്‍ തടാകത്തിലെ ഹൗസ് ബോട്ടുകള്‍

ബഷീര്‍ ഭായ് ഇടയ്ക്കിടയ്ക്ക് തന്‍റെ ഹൗസ് ബോട്ടിനെ പൊക്കി പറയുന്നുണ്ടായിരുന്നു. ഒറ്റ ദിവസത്തേയ്ക്ക് അവിടെ താമസിക്കാന്‍ വന്ന പഞ്ചാബി കുടുംബം, 'ഈ ഹൗസ് ബോട്ടിലെ സൗകര്യങ്ങള്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലിലേതു പോലെയാണെന്ന്' പറഞ്ഞു, അവിടെ അഞ്ചു ദിവസം തങ്ങി എന്നൊക്കെ പറഞ്ഞു. ദല്‍ തടാകത്തില്‍ ഹൗസ് ബോട്ടുകളുടെ നിരകള്‍ തീര്‍ത്ത കൃത്രിമ നിരത്തുകളില്‍ കൂടി കുറച്ചധികം വളവുകളും തിരിവുകളും താണ്ടിയതിനു ശേഷം, ഞങ്ങള്‍ ലക്ഷ്യസ്ഥാനത്തെത്തി. ഒറ്റ നോട്ടത്തില്‍ തന്നെ ഞാന്‍ നിരാശനായി. അവശനിലയിലുള്ള ഒരു ചെറിയ ഹൗസ്ബോട്ടായിരുന്നു അത്. ഞങ്ങള്‍ ചെല്ലുമ്പോള്‍, ബഷീര്‍ ഭായിയുടെ ഭാര്യ ബോട്ടിന്‍റെ മുന്‍വശത്തിരുന്നു  വിശ്രമിക്കുന്നുണ്ടായിരുന്നു. ഞങ്ങളുടെ വരവ് കണ്ട് അവര്‍ ബദ്ധപ്പെട്ട് എഴുന്നേറ്റു. ഞങ്ങളെ സ്വീകരിക്കാനെന്നവണ്ണം അവര്‍ ബോട്ടിന്‍റെ  കൈവരിയില്‍ ഉണക്കാനിട്ടിരുന്ന ഒരു പരവതാനി നീക്കി. നരച്ച് അക്ഷരങ്ങള്‍ മാഞ്ഞു തുടങ്ങിയ 'New Moon 'എന്ന ബോര്‍ഡ് അപ്പോള്‍ ദൃശ്യമായി; അത് ഒരു അനാച്ഛാദനകര്‍മ്മം പോലെ തോന്നിച്ചു. 

ആ ദിവസം ശ്രീനഗറില്‍ സാമാന്യം നല്ല ചൂടുണ്ടായിരുന്നു, പോരാത്തതിന് ജലോപരിതലത്തില്‍ തട്ടി പ്രതിഫലിക്കുന്ന വെയില്‍ കൂടിയായപ്പോള്‍ ചൂട് അധികമായി. ചൂടിന്‍റെ ഈര്‍ഷ്യ കൂടാതെ ഹൗസ് ബോട്ടിന്‍റെ പരിതാപകരമായ അവസ്ഥ കൂടി കണ്ടപ്പോള്‍ മനസ്സില്‍ ദേഷ്യം ഉരുണ്ടുകൂടി. 

സാധനങ്ങള്‍ ഇറക്കി വച്ചതിനു  ശേഷം ഷിക്കാരക്കാരന് കൂലി കൊടുത്തു. ദല്‍ തടാകത്തിലെ സവാരിക്ക് അയാളുടെ ഷിക്കാരാ വിളിക്കുകയാണെങ്കില്‍, ഇപ്പോഴത്തെ സവാരിക്ക് കൊടുത്ത തുക തിരികെ തരും എന്നു ബഷീര്‍ ഭായ് പറഞ്ഞു, ഷിക്കാരക്കാരന്‍ അത് ശരിവച്ചു (പിന്നീട് യാതൊരു സങ്കോചവുമില്ലാതെ അയാള്‍ അത് നിഷേധിക്കുകയും ചെയ്തു). പുറമേ നിന്നു കണ്ടതിലും മോശമായിരുന്നു ബോട്ടിന്‍റെ ഉള്ളിലെ അവസ്ഥ. ചിന്തിക്കാനൊരു ഇടവേള തന്നാല്‍ ഞങ്ങളുടെ ശ്രദ്ധ ബോട്ടിന്‍റെ യഥാര്‍ത്ഥ അവസ്ഥയിലേക്കു തിരിഞ്ഞാലോ എന്ന് ആശങ്കപ്പെട്ടിട്ടാവണം, ബഷീര്‍ ഭായ് നിര്‍ത്താതെ സംസാരിച്ചു  കൊണ്ടിരുന്നു. സ്വസ്ഥമായി ആലോചിക്കാന്‍ വേണ്ടി അദ്ദേഹത്തോട് കുറച്ച് നേരം മാറി നില്‍ക്കാമോ എന്ന് ഞാന്‍ ചോദിച്ചു. അദ്ദേഹം മാറിയപ്പോള്‍, മറ്റൊരു ഹൗസ്ബോട്ടിനായി ഓണ്‍ലൈനില്‍ തപ്പിനോക്കി, എങ്കിലും ഒന്നും കിട്ടിയില്ല. പുറത്തിറങ്ങി സ്വയം അന്വേഷിക്കാമെന്ന് വെച്ചാല്‍ അതും നടപ്പില്ല; ദല്‍ തടാകത്തിന്‍റെ ഒത്ത നടുക്കായി പോയില്ലേ. ഈ ഹൗസ്ബോട്ടില്‍ നിന്ന് പുറത്തേക്ക് ഇറങ്ങണമെങ്കില്‍ ഒരു ഷിക്കാരാ വള്ളത്തിന്‍റെ സഹായം വേണ്ടിവരും.

ബോട്ടിന്‍റെ അവസ്ഥയെക്കാള്‍ ഞങ്ങളെ നിരാശപ്പെടുത്തിയത് അതില്‍ നിന്നുമുള്ള കാഴ്ചകള്‍ ആയിരുന്നു. കശ്മീരില്‍ ഹൗസ്ബോട്ടില്‍ താമസിക്കുന്നതിന്‍റെ ഒരു മുഖ്യ ആകര്‍ഷണം, ബോട്ടില്‍ നിന്ന് കാണുന്ന ദല്‍ തടാകത്തിന്‍റെയും പിന്നിലെ മലനിരകളുടെയും വിശാലമായ കാഴ്ചയാണ്. ഇവിടാകട്ടെ, നാലുവശത്തും വളരെ ചേര്‍ന്നു തന്നെ മറ്റ് ബോട്ടുകള്‍ നിര്‍ത്തിയിട്ടിരുന്നു അതുകൊണ്ട്, ഈ ബോട്ടില്‍ നിന്ന് എങ്ങോട്ട്  നോക്കിയാലും കാണാന്‍ നല്ല കാഴ്ചകള്‍ ഒന്നും ഉണ്ടായിരുന്നില്ല.

ഞാന്‍ ബഷീര്‍ ഭായിയെ വിളിച്ച്, 'ഞങ്ങള്‍ പ്രതീക്ഷിച്ചതിലും വളരെ ചെറിയ ബോട്ട് ആണിത്, അല്പം കൂടി വലുതും സൗകര്യങ്ങളുള്ളതുമായ ഹൗസ് ബോട്ടാണ് ഞങ്ങള്‍ക്കു വേണ്ടത്' എന്നു പറഞ്ഞു. അദ്ദേഹത്തിന്‍റെ പ്രതികരണം മോശമായിരുന്നില്ല. 'നിങ്ങള്‍ക്കു വേണ്ടത് ഡീലക്സ് ബോട്ടാണ്. നിങ്ങള്‍ പ്രതീക്ഷിക്കുന്ന സൗകര്യങ്ങള്‍ അതിലാണ് കിട്ടുക' എന്ന് അദ്ദേഹം പറഞ്ഞു. 'അങ്ങനെയൊന്നു തരപ്പെടുത്തിത്തരാമോ?', എന്ന് ഞങ്ങള്‍ അദ്ദേഹത്തോട് ചോദിച്ചു. ഒന്നാലോചിച്ചിട്ട് ബഷീര്‍ ഭായ് ഫോണ്‍ എടുത്ത് ആരെയോ വിളിച്ചു സംസാരിച്ചു. ഫോണ്‍ വെച്ചിട്ട്, തന്‍റെ സുഹൃത്തിന്‍റെ തന്നെ ഡീലക്സ് ബോട്ടില്‍ മുറിയുണ്ട് എന്ന് പറഞ്ഞു.  'ബോട്ട് കണ്ട് ബോധ്യപ്പെട്ടതിനു ശേഷം ഉറപ്പിക്കാം' എന്ന് ഞങ്ങള്‍ അദ്ദേഹത്തോട് പറഞ്ഞു. ആ ബോട്ടിലേക്ക് പോകാന്‍  പോകാന്‍ മെഹ്റാജിന്‍റെ ഷിക്കാരാ അദ്ദേഹം ഏര്‍പ്പാടാക്കി. ഷിക്കാരയില്‍ ഞങ്ങളോടൊപ്പം ബഷീര്‍ ഭായിയും കയറി. 'ഷെഹ്റാസ്' എന്ന പേരിലുള്ള ഒരു ഹൗസ് ബോട്ടായിരുന്നു അത്; ഞങ്ങള്‍ ആഗ്രഹിച്ചിരുന്ന പോലെയൊന്ന്. വിശാലമായ മുറികളും നിറയെ കൊത്തുപണികളും ഒക്കെയുള്ള ഈ ഹൗസ് ബോട്ടിന്‍റെ പുറത്തേക്കുള്ള ദല്‍ തടാകത്തിന്‍റെ കാഴ്ചയും ഭംഗിയുള്ളതായിരുന്നു. 

കേരളത്തിലെ ഹൗസ്ബോട്ടുകൾ പോലെ തന്നെ

കേരളത്തിലെ ഹൗസ് ബോട്ടുകളില്‍ ഉള്ളത് പോലെ തന്നെ, കശ്മീരിലെ ഹൗസ് ബോട്ടുകളിലും ഒരു വീടിന്‍റെ എല്ലാ സൗകര്യങ്ങളും ഉണ്ടാവാറുണ്ട്. ഒരു ലിവിങ് റൂം പിന്നെയൊരു ഡൈനിങ്ങ് ഹാള്‍, അടുക്കള, അതിനു പിന്നില്‍ ട്രെയിനിന്‍റെ ഫസ്റ്റ് ക്ലാസ്സ് കൂപ്പെ പോലെ, ഒരു ഇടനാഴിയും അതിന്‍റെ ഒരു വശത്തായി രണ്ടോ, അതിലധികമോ ബെഡ്റൂമുകളും. ഓരോ ബെഡ്റൂമിനും അറ്റാച്ഡ്  ബാത്റൂമും ഉണ്ടായിരിക്കും. ചില ബോട്ടുകളില്‍, വീടിന്‍റെ മുറ്റത്തെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ ഒരു തുറസ്സായ പ്ലാറ്റ് ഫോമും ഉണ്ടാകും. അവിടെ പൂച്ചെടികള്‍ വച്ച് ഭംഗിയായി അലങ്കരിക്കാറുമുണ്ട്.

ഈ ബോട്ട് തരപ്പെടുത്തിത്തന്നതിന്  ഞങ്ങള്‍  ബഷീര്‍ ഭായിക്കു നന്ദി പറഞ്ഞു. 'ന്യൂ മൂൺ' ഹൗസ് ബോട്ടില്‍ താമസിച്ചില്ലെങ്കിലും ഓണ്‍ലൈന്‍ ബുക്കിങ് ആയിരുന്നതു കൊണ്ട്,  മുറി വാടക ഇനത്തില്‍ അദ്ദേഹത്തിനു ലഭിക്കേണ്ടിയിരുന്ന തുക കിട്ടുക തന്നെ ചെയ്യുമായിരുന്നു. അങ്ങനെ അല്ലായിരുന്നുവെങ്കില്‍ അദ്ദേഹത്തിന്‍റെ പെരുമാറ്റം മറ്റൊന്നാകുമായിരുന്നോ എന്നു ഞാന്‍ ചിന്തിച്ചു. സാധനങ്ങള്‍ ഒക്കെ ഒതുക്കിവച്ച്, ഒന്നു ഫ്രഷ് ആയി, ചായയും കുടിച്ച്, ഞങ്ങള്‍ ദല്‍ തടാകത്തിലെ സവാരിക്കിറങ്ങി...

English Summary:

God's own country to Kashmir, the paradise on earth, and from the southern tip of India to the northern tip.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com