ADVERTISEMENT

ഷിക്കാരയുടെ പതുപതുത്ത ഇരിപ്പിടത്തില്‍ ചാരിയിരുന്ന്, സായാഹ്നകാറ്റും കൊണ്ട്, ദാല്‍ തടാകത്തില്‍ കൂടി ഞങ്ങള്‍ ഒഴുകി നടന്നു. താമര ഇതളുകള്‍ പോലെയുള്ള തുഴത്തലപ്പുകള്‍ ജലപ്പരപ്പില്‍ ഉയര്‍ന്നു താണുകൊണ്ടേയിരുന്നു. ജലപ്പരപ്പു തീര്‍ത്തും ശാന്തമായിരുന്നു; അത് പോലെ എന്‍റെ മനസ്സും. ആ യാത്രയില്‍ കൗതുകമുണര്‍ത്തുന്ന പല കാഴ്ചകളും കണ്ടു. തടാകത്തില്‍ സ്ഥിതിചെയ്യുന്ന എടിഎം, പോസ്റ്റ് ഓഫീസ്, ഭക്ഷണശാല; ഇത് കൂടാതെ തടാകത്തില്‍ സ്ഥിതി ചെയുന്ന ചന്ത (Meena Bazaar) ഇതെല്ലാം. ഷിക്കാരാ വള്ളത്തിലിരുന്നു തന്നെ സൂര്യാസ്തമയവും ആസ്വദിച്ചു. തടാകത്തില്‍ തന്നെ ചെറുകിടക്കച്ചവടക്കാരും സജീവമാണ്; കരകൗശല വസ്തുക്കള്‍ വില്‍ക്കുന്നവരും ഫൊട്ടോഗ്രാഫര്‍മാരും ഒക്കെ തങ്ങളുടെ വള്ളങ്ങള്‍ തുഴഞ്ഞ് ടൂറിസ്റ്റുകള്‍ ഇരിക്കുന്ന വള്ളങ്ങളുടെ അടുത്തേക്ക് വരും. അങ്ങനെ വന്നവരില്‍ ഒരാളെ പ്രത്യേകമായി ഓര്‍ത്തിരിപ്പുണ്ട്: ഞങ്ങള്‍ മലയാളികള്‍ ആണെന്ന് പറഞ്ഞപ്പോള്‍, അയാള്‍ ‘‘കേരളത്തില്‍ വന്നിട്ടുണ്ടെന്നും നെഹ്റു ട്രോഫി വള്ളംകളിയില്‍ പങ്കെടുത്തിട്ടുണ്ടെന്നും’’ പറഞ്ഞു.  

‘‘നെഹ്റു ട്രോഫി കാണാന്‍ വന്നിരുന്നു എന്നാണോ ഉദ്ദേശിച്ചത്?’’ എന്ന് ഞാന്‍ ചോദിച്ചു. 

‘‘അല്ല, പങ്കെടുത്ത് വള്ളം തുഴഞ്ഞു’’ എന്നയാള്‍ പറഞ്ഞു. സ്വല്‍പ്പം ഉച്ചാരണപ്പിശകോടെ 'കാരിച്ചാല്‍ ചുണ്ടന്‍' എന്ന പേരും അയാള്‍ പറഞ്ഞു. 

തിരിച്ചു വന്ന്, ഇന്‍റര്‍നെറ്റില്‍ പഴയ വാര്‍ത്തകള്‍ ചികഞ്ഞു നോക്കിയപ്പോള്‍, ശരിയാണ്, 2017 നെഹ്റു  ട്രോഫി വള്ളം കളിയില്‍, കശ്മീര്‍ സ്വദേശികളായ മുപ്പത് പേര്‍ പങ്കെടുത്തിട്ടുണ്ട്. ഇരുപത് പേര്‍ കാരിച്ചാല്‍ ചുണ്ടനിലും പത്ത് പേര്‍ പായിപ്പാട്ട് ചുണ്ടനിലും. 

ദാല്‍ തടാകത്തില്‍ കച്ചവടം നടത്തുന്നവര്‍

തടാകത്തിലെ സവാരി കഴിഞ്ഞപ്പോള്‍ നേരം ഇരുട്ടിയിരുന്നു. ഭക്ഷണം കഴിക്കാനായി ഞങ്ങള്‍ ശ്രീനഗര്‍ നഗരത്തിലേക്കു പോകാന്‍ തീരുമാനിച്ചു. മെഹ്റാജ് ഞങ്ങളെ ഘട്ടിന്‍റെ അടുത്ത് ഇറക്കിയപ്പോള്‍ സമയം ഏകദേശം രാത്രി 8:30 ആയിരുന്നു. 15 – 20 മിനിറ്റ് കൊണ്ട് ഭക്ഷണം കഴിച്ചു തിരിച്ചു വരാന്‍ അയാള്‍ ഞങ്ങളോട് ആവശ്യപ്പെട്ടു. 'അത് ഏതായാലും നടപ്പില്ല, 9:30 ആകുമ്പോള്‍ എത്താം', എന്നു ഞാന്‍ മറുപടിയും കൊടുത്തു. അല്പനേരത്തെ തര്‍ക്കങ്ങള്‍ക്കൊടുവില്‍ 9:30 കഴിഞ്ഞാല്‍ ഒരു മിനിറ്റ് പോലും കൂടുതല്‍ കാത്തു നില്‍ക്കില്ല എന്ന താക്കീത് തന്ന് അയാള്‍ അതു സമ്മതിച്ചു. 

kashmir-calling-travel

ബൈസരണ്‍ വാലിയില്‍ കുതിര സവാരിക്കു പോയപ്പോഴും സമാനമായ ഒരനുഭവം ഉണ്ടായി. ഏകദേശം ഒന്നര മണിക്കൂര്‍ കുതിരപ്പുറത്തിരുന്നു യാത്ര ചെയ്താണ് ഞങ്ങള്‍ 'മിനി സ്വിറ്റ്സര്‍ലാന്‍ഡ്' എന്നറിയപ്പെടുന്ന ബൈസരണ്‍ വാലിയിലെത്തിയത്. അവിടെയെത്തിയപ്പോള്‍, 10 –15 മിനിറ്റ് കൊണ്ട് അവിടമൊക്കെ ചുറ്റിക്കണ്ട് വരാന്‍ ഞങ്ങളുടെ കുതിരക്കാരന്‍ ആവശ്യപ്പെട്ടു. 'കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും  ചെലവഴിക്കാതെ ഞങ്ങള്‍ വരാന്‍ ഉദ്ദേശിക്കുന്നില്ല' എന്നു ഞങ്ങള്‍ അയാള്‍ക്ക് മറുപടി കൊടുത്തു; കാരണം ബൈസരണ്‍ വാലിയിലേക്കുള്ള പ്രവേശന പാസ്സിന്‍റെ സാധുത ഒരു  മണിക്കൂറാണ്. ടൂറിസ്റ്റുകളുടെ അറിവില്ലായ്മ മുതലെടുക്കാനുള്ള ഒരു പൊടികൈയ്യാണ് ഈ ധൃതിപിടിക്കല്‍.

ആരു വാലി. ചിത്രങ്ങൾ : മിഥുൻ ആന്റണി
ബൈസരൺ വാലി. ചിത്രം : മിഥുൻ ആന്റണി

ഭക്ഷണം കഴിച്ച് ഞങ്ങള്‍ തിരിച്ചുവരുന്ന വഴി, കശ്മീര്‍ ഗവണ്‍മെന്‍റിന്‍റെ ആര്‍ട്ട് എംപോറിയം കണ്ടു. അവിടെക്കയറി ഒരു ചെറിയ ഷോപ്പിങ് നടത്താം എന്നു തോന്നി. മനസ്സില്‍ ഉണ്ടായിരുന്നത്, കശ്മീരിലെ പ്രശസ്തമായ 'പാപ്പിയേ മഷേ' (Papier Mache) ആര്‍ട്ടായിരുന്നു. പേപ്പര്‍ കുഴച്ചു പള്‍പ്പാക്കി, ആ പള്‍പ്പ് ഉപയോഗിച്ചു പല തരം രൂപങ്ങള്‍ ഉണ്ടാക്കി, അതില്‍ ചിത്രങ്ങള്‍ വരച്ചുണ്ടാകുന്നതാണ് പാപ്പിയേ മഷേ എന്ന കല. ലോകത്തില്‍ പലയിടങ്ങളിലും ഇത് നിലവിലുണ്ട്. കശ്മീരിലെ പാപ്പിയേ മഷേയും കലാഭൂപടത്തില്‍ സ്വന്തമായൊരു സ്ഥാനം നേടിയവയാണ്. 

പാപ്പിയേ മഷേ ആര്‍ട്ട്. ചിത്രം : മിഥുൻ ആന്റണി
പാപ്പിയേ മഷേ ആര്‍ട്ട്. ചിത്രം : മിഥുൻ ആന്റണി

പാപ്പിയേ മഷേ ആര്‍ട്ട്  

അഞ്ചാം ഘട്ടിന്‍റെ എതിര്‍വശത്തുള്ള ഇരുനില കെട്ടിടത്തിന്‍റെ രണ്ടാം നിലയിലായിരുന്നു ഈ ആര്‍ട്ട്സ് എംപോറിയം. വിശാലമായ കടയായിരുന്നു അത്. ഒട്ടനവധി കരകൗശല വസ്തുക്കളും തുണിത്തരങ്ങളും അവിടെ വില്പനയ്ക്കു വച്ചിട്ടുണ്ടായിരുന്നു. 'പാപിയെ മഷേ' ശില്പങ്ങളുടെ നല്ലൊരു ശേഖരം അവിടെയുണ്ടായിരുന്നു; അവയില്‍ ചിലതു വാങ്ങി, തിടുക്കത്തില്‍ ഞങ്ങള്‍ ഘട്ടിലേക്ക് നടന്നു. മെഹ്റാജുമായി തീരുമാനിച്ച 9:30 ആവാന്‍ ഏതാനം മിനിറ്റുകളെ ബാക്കി ഉണ്ടായിരുന്നുള്ളു. അവിടേക്ക് നടക്കുന്ന വഴി കുറെ തവണ ഫോണില്‍ വിളിച്ചിട്ടും മെഹ്റാജ് ഉത്തരം തന്നില്ല. അയാള്‍ പൊയ്കളഞ്ഞോ എന്നൊരു ആശങ്ക മനസ്സില്‍ തോന്നി. 9:30 ആകുമ്പോള്‍ ഘട്ടിലെ മറ്റ് വള്ളക്കാരും ജോലി അവസാനിപ്പിച്ചു പോകുന്ന സമയമാണ്. അങ്ങനെ അവരെല്ലാം പൊയ്ക്കഴിഞ്ഞാല്‍ ഞങ്ങള്‍ കുടുങ്ങും. കാരണം, ഷിക്കാരാ വള്ളങ്ങളല്ലാതെ ഹൗസ് ബോട്ടിലേക്ക് എത്തി ചേരാന്‍ വേറെ ഒരു മാര്‍ഗ്ഗവും ഇല്ല. ഏതായാലും കുറച്ചു തവണ വിളിച്ചതിന് ശേഷം മെഹ്റാജ്  ഫോണ്‍ എടുത്തു; ആദ്യം ഫോണ്‍ എടുക്കാതിരുന്നത് ഞങ്ങളെ ഒന്ന് ആധി പിടിപ്പിക്കാന്‍ അയാള്‍ ചെയ്ത ഒരു പൊടിക്കൈ ആയിരുന്നു അത് എന്നാണെനിക്കു മനസ്സിലായത്. 

ഞങ്ങള്‍ ഷിക്കാരയില്‍ കയറി ഹൗസ് ബോട്ടിലേക്കു യാത്ര തുടങ്ങി. ദീപാലംകൃതമായ ഹൗസ് ബോട്ടുകളുടെ ഇടയില്‍ക്കൂടെയുള്ള ദാല്‍ തടാകത്തിലെ രാത്രി യാത്രയ്ക്കു മറ്റൊരു സൗന്ദര്യമാണ്. എല്ലാ ഹൗസ് ബോട്ടുകളിലും അവധി ആഘോഷിക്കാന്‍ വന്നവര്‍. ചുറ്റും പൊട്ടിച്ചിരികളും പ്രണയ സല്ലാപങ്ങകളും; ആരുടെ മുഖത്തും സ്വാഭാവിക ജീവിതത്തിന്‍റെ തിരക്കുകളും ആശങ്കകളും കണ്ടില്ല. ഘട്ടില്‍ നിന്നു തടാകത്തിന്‍റെ ഉള്ളിലേക്കു നീങ്ങും തോറും യഥാര്‍ത്ഥ ലോകത്തിന്‍റെ സമ്മര്‍ദ്ദങ്ങളില്‍ നിന്നും സാധാരണത്വങ്ങളില്‍ നിന്നും കൂടിയാണു തുഴഞ്ഞകലുന്നതെന്നു തോന്നി.

പിറ്റേന്നു വളരെ നേരത്തെ എഴുന്നേറ്റു. 5.45 ആയപ്പോള്‍ തന്നെ നന്നായി വെട്ടം വീണിരുന്നു. തലേന്ന് രാത്രി സജീവമായിരുന്ന തടാകവും ഹൗസ് ബോട്ടുകളും ഉണര്‍ന്നു വരുന്നതേയുണ്ടായിരുന്നുള്ളു. കശ്മീര്‍ യാത്രയിലിതുവരെ എന്‍റെ മനസ്സിനു തൃപ്തി നല്കിയ ഒരു ഫോട്ടോ പോലും എടുക്കാന്‍ പറ്റിയിരുന്നില്ല. യാത്രയുടെ ഏകദേശം പകുതിഭാഗം കഴിഞ്ഞിട്ടും കൊള്ളാവുന്നത് എന്ന് എനിക്ക് തോന്നിയ ഒരു ഫോട്ടോ പോലും കിട്ടാത്തതില്‍ അല്പം വിഷമം ഉണ്ടായിരുന്നു. ഞാനൊരു ചായയും കുടിച്ച് ബോട്ടിന്‍റെ ഡക്കില്‍ ഇരുന്നു. 

ഞങ്ങള്‍ താമസിച്ച ഷെഹ്റാസ് എന്ന ഹൗസ് ബോട്ടിന് 40 വര്‍ഷം പഴക്കമുണ്ടായിരുന്നു. ദേവദാരു തടികൊണ്ടാണ് ബോട്ട് നിര്‍മ്മിച്ചിരിക്കുന്നത്. വെള്ളത്തില്‍ നശിച്ചു പോകാതെ ദീര്‍ഘനാള്‍ അതിജീവിക്കാനുള്ള കഴിവ് ദേവദാരുവിന്‍റെ തടിക്കുണ്ട്, അത് കൊണ്ടാണ് ഹൗസ് ബോട്ടുകളുടെയും ഷിക്കാരാ വള്ളങ്ങളുടെയും നിര്‍മ്മാണത്തിന് അവ ഉപയോഗിക്കുന്നത്. ഈ ബോട്ടിന്‍റെ മേല്‍നോട്ടക്കാരന്‍, ജോണ്‍ മുഹമ്മദ് ആണ് ഹൗസ് ബോട്ടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എനിക്ക് പറഞ്ഞു തന്നത്. 1995 മുതല്‍ ഈ ഹൗസ് ബോട്ടിലെ ജീവനക്കാരനാണയാള്‍.

ആറരയോടു കൂടി ചുറ്റുപാടുമൊക്കെ ഉണര്‍ന്നു തുടങ്ങി. ചായയും കാവയും വില്‍ക്കുന്നവരും പൂക്കച്ചവടക്കാരും തങ്ങളുടെ ഷിക്കാരാ വള്ളങ്ങള്‍ തുഴഞ്ഞു ഓരോ ഹൗസ് ബോട്ടിനെയും ലക്ഷ്യമാക്കി വന്നു കൊണ്ടിരുന്നു. സാധനങ്ങള്‍ ഒന്നും വാങ്ങിയില്ലയെങ്കിലും ചിലരുടെ ഫോട്ടോ ഞാന്‍ പകര്‍ത്തി. അതില്‍ ഒന്ന് രണ്ടെണ്ണം എനിക്ക് ഇഷ്ടപ്പെട്ടു. നേരത്തേയെഴുന്നേറ്റു  കാമറയുമായി അവിടെയിരുന്നതിന് ഉപകാരമുണ്ടായി. 

ദാൽ തടാകത്തിലെ പുലർകാല ദൃശ്യം. ചിത്രം : മിഥുൻ ആന്റണി
ദാൽ തടാകത്തിലെ പുലർകാല ദൃശ്യം. ചിത്രം : മിഥുൻ ആന്റണി

ദാല്‍ തടാകത്തിലെ പുലര്‍കാല ദൃശ്യങ്ങള്‍

പ്രാതല്‍ തയാറാക്കാന്‍ ജോണിനോട് ഞങ്ങള്‍ പറഞ്ഞിരുന്നു. ഉപ്പുമാവും ബ്രഡ് ടോസ്റ്റും ചായയും ആയിരുന്നു വിഭവങ്ങള്‍. ഉപ്പുമാവിന്‍റെ കൂടെ സാധാരണ കിട്ടാറുള്ളതു പോലെ ചട്ണിയോ, സാമ്പാറോ, പഴമോ ഒന്നും ഉണ്ടായിരുന്നില്ല. അതിനെ പറ്റി ചോദിച്ചപ്പോള്‍, 'ഞങ്ങളുടെ വീടുകളില്‍ ഉണ്ടാകുന്നത് പോലെ തയാറാക്കിയതാണിതും', എന്ന് ജോണ്‍ മറുപടി പറഞ്ഞു. അദ്ദേഹത്തിന് ഹിന്ദി നല്ല വശമില്ല . അത് കൊണ്ട് കൂടുതല്‍ സംസാരിച്ച് വഷളാക്കേണ്ടാ എന്ന് കരുതി ഉപ്പുമാവ് അങ്ങനെ തന്നെ കഴിച്ചു. അന്ന് ശ്രീനഗറില്‍ നിന്ന് ഗുല്‍മാര്‍ഗില്‍  പോകാനായിരുന്നു ഞങ്ങള്‍ പദ്ധതിയിട്ടിരുന്നത്. അവിടുത്തെ മുഖ്യ ആകര്‍ഷണം ഗണ്ടോല സവാരിയാണ്. ഏകദേശം 8:30 നു തന്നെ ഞങ്ങള്‍ തയാറായി ഇറങ്ങി. ഘട്ടിലേക്കു ഞങ്ങളെ എത്തിക്കാന്‍ മെഹ്റാജിന്‍റെ ഷിക്കാരാ തയാറായിരുന്നു. തലേന്നു രാത്രി അയാളുമായി കുറച്ച് തര്‍ക്കിക്കേണ്ടി വന്നിരുന്നു; അതിന്‍റെ ബാക്കിയെന്നോണം ഒരു കരിമേഘം ഞങ്ങള്‍ക്കു മുകളില്‍ മൂടികെട്ടിനിന്നിരുന്നു. 

ദാൽ തടാകത്തിലെ പുലർകാല ദൃശ്യം. ചിത്രം : മിഥുൻ ആന്റണി
ദാൽ തടാകത്തിലെ പുലർകാല ദൃശ്യം. ചിത്രം : മിഥുൻ ആന്റണി

ഘട്ടില്‍ ഇറങ്ങി, യാത്രാക്കൂലി കൊടുത്തു കഴിഞ്ഞപ്പോള്‍, 'ഇനി സാറിന്‍റെ സന്തോഷത്തിനായി എന്തെങ്കിലും തരണം', എന്നു പറഞ്ഞ് അയാള്‍ തല ചൊറിഞ്ഞു. 'സാറിന് ഒരു സന്തോഷവും തോന്നുന്നില്ല' എന്നു ഞാന്‍ മറുപടിയും കൊടുത്തു. 

കഴിഞ്ഞ രണ്ടു യാത്രകളില്‍ ഞങ്ങളെ സഹായിച്ച മുഷ്താഖിന്‍റെ ബന്ധുവായ മറ്റൊരാളാണ് അന്ന് ടാക്സിയുമായി വന്നത്. അങ്ങനെ താല്ക്കാലികമായി ശ്രീനഗറിനോട് യാത്രപറഞ്ഞ് ഞങ്ങള്‍ ഗുല്‍മാര്‍ഗിലേക്കു തിരിച്ചു. തങ്ങ്മാര്‍ഗ് (Tangmarg) എന്ന സ്ഥലമെത്തിയതോടെ ട്രാഫിക് കുറഞ്ഞു, ഭൂപ്രകൃതിയും മാറിത്തുടങ്ങി. നഗരത്തിലെ പൊടിക്കാറ്റ് മാറി, മലകളിലെ കുളിരുള്ള കാറ്റ് ഞങ്ങളെ തഴുകി. മലനിരകളാല്‍ ചുറ്റപ്പെട്ട ഒരു സമതലപ്രദേശമാണ് ശ്രീനഗര്‍. വിമാനത്തില്‍ ഇരുന്നു അതിന്‍റെ ആകാശക്കാഴ്ച കാണുമ്പോള്‍ ഈ ഭൂമിശാസ്ത്രം വ്യക്തമായി മനസ്സിലാകും. 

ശ്രീനഗറിന്‍റെ സമതലം കടന്നു ചുരം കയറി വേണം ഗുല്‍മാര്‍ഗ് എന്ന ഹില്‍ സ്റ്റേഷനെത്താന്‍. സ്കീയിങ്ങിനു പേര് കേട്ട സ്ഥലമാണിത്. വേനല്‍ക്കാലത്തു പോലും മഞ്ഞു കാണാന്‍ പറ്റുന്ന ഒരു പ്രദേശമായത് കൊണ്ട് സഞ്ചാരികള്‍ക്കു പ്രിയങ്കരമായ പ്രദേശമാണിത്. ഞങ്ങള്‍ കശ്മീര്‍ സന്ദര്‍ശിച്ച ജൂണ്‍ മാസം അവിടെ വേനല്‍കാലമാണ്. വേനല്‍ എന്ന് പറയുമ്പോള്‍ ഉച്ചക്ക് പോലും 25 –  30 ഡിഗ്രി സെല്‍ഷ്യസ് ചൂട് മാത്രമേ പലയിടത്തും അനുഭവപ്പെട്ടുള്ളു; ശ്രീനഗര്‍ നഗരത്തില്‍ മാത്രം മറ്റു സ്ഥലങ്ങളെ അപേക്ഷിച്ചു ചൂട് കൂടുതലായിരുന്നു... (തുടരും)

English Summary:

God's own country to Kashmir, the paradise on earth, and from the southern tip of India to the northern tip.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com