ADVERTISEMENT

പുതിയ സിനിമയായ ധക് ധക്കിന്‍റെ ഓര്‍മ്മകള്‍ പങ്കുവെച്ച് നടി ദിയ മിര്‍സ. ഒരായുഷ്കാലത്തില്‍ ഒരിക്കല്‍ മാത്രം കിട്ടുന്ന അപൂര്‍വ്വ അനുഭവമാണിതെന്ന് ദിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഒപ്പം ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നുള്ള ഒരുപാടു ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. 

ദിയയുടെ യാത്രാ കുറിപ്പ് വായിക്കാം

"2022 ലെ വേനൽക്കാലത്ത്, താപനില 50 ഡിഗ്രി സെന്‍റിഗ്രേഡിൽ എത്തിയപ്പോഴാണ് ഞങ്ങൾ ധക് ധക് ചിത്രീകരിക്കാൻ തുടങ്ങിയത്, കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തുംതോറും  പൊടിക്കാറ്റും തണുപ്പും ഓക്‌സിജന്‍റെ അളവ് കുറഞ്ഞു വരുന്നതുമെല്ലാം ഞങ്ങള്‍ക്ക് വെല്ലുവിളിയായി. ആ ദിവസങ്ങൾ കഠിനമായിരുന്നു, എന്നാൽ ഓരോ നിമിഷവും സന്തോഷവും സമാധാനവും സ്നേഹവും നിറഞ്ഞതാക്കാന്‍ ടീമിന് കഴിഞ്ഞു. ഈ യാത്രയിലെ ഓരോ ദിവസവും മനോഹരമാക്കിയതിന് എനിക്ക് നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.

diamirza-01
Image credit : diamirzaofficial/instagram

തേജി, "അമ്മേ" എന്ന് പറയാൻ പോലും പഠിക്കുന്നതിന് മുൻപ് അവ്യൻ നിങ്ങളുടെ പേര് പറഞ്ഞത് ഞാൻ ഒരിക്കലും മറക്കില്ല, അതാണ് നിങ്ങളുടെ പ്രത്യേകത. ഈ യാത്രയിലുടനീളം നിങ്ങളുടെ ഊഷ്മളമായ സ്നേഹം നല്‍കിയതിന് നന്ദി.

diamirza-02
Image credit : diamirzaofficial/instagram

നടാഷ വോറ, വളരെ സൂക്ഷ്മമായും അസ്തിത്വം ചോര്‍ന്നു പോകാതെയും നിങ്ങൾ ഉസ്മയ്ക്ക് ജീവൻ നൽകി. ഉസ്മയായി മാറാന്‍ നിങ്ങളെന്നെ സഹായിച്ചു. ഓരോ നിമിഷവും ഞങ്ങളുടെ ക്ഷേമം ഉറപ്പാക്കിയതിന് നന്ദി 

diamirza-03
Image credit : diamirzaofficial/instagram

സിനിമകൾ നിർമ്മിക്കുന്നത് ടീമുകളാണ്. അവര്‍ നമുക്ക് ആവശ്യമുള്ള കാര്യങ്ങളെല്ലാം യഥാസമയത്ത് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു. ഒരു ദിവസം 50-ലധികം ക്രൂ അംഗങ്ങൾ രോഗികളായപ്പോൾ, അവര്‍ സാഹചര്യത്തിനൊത്ത് ഉയര്‍ന്നു. ഞങ്ങൾ കർദൂങ് ലായിൽ എത്തിയപ്പോഴും ഒരിക്കലും പരാതിപ്പെടാതെയും എപ്പോഴും പുഞ്ചിരിച്ചും അവര്‍ ഞങ്ങളുടെ വിജയത്തിൽ പങ്കുചേര്‍ന്നു. ഓരോ ക്രൂ അംഗത്തിന്‍റെയും വ്യക്തിപരമായ വിജയമായിരുന്നു അത്."

ധക് ധക് - നാലു പെണ്ണുങ്ങളുടെ കഥ

തരുൺ ദുഡേജ എഴുതി സംവിധാനം ചെയ്ത് അജിത് അന്ധാരെ , കെവിൻ വാസ്, പ്രഞ്ജൽ ഖണ്ഡ്ദിയ, തപ്‌സി പന്നു എന്നിവർ ചേർന്ന് നിർമ്മിച്ച  റോഡ് അഡ്വഞ്ചർ ഡ്രാമ ചിത്രമാണ് ധക് ധക്.  രത്‌ന പഥക് ഷാ, ദിയ മിർസ, ഫാത്തിമ സന ഷെയ്ഖ്, സഞ്ജന സംഘി എന്നിവരാണ് ഇതില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കർദൂങ് ലായിലേക്ക് മോട്ടോര്‍ ബൈക്ക് ഓടിച്ചു പോകുന്ന നാലു സ്ത്രീകളുടെ കഥ പറയുന്ന ചിത്രം, ഒക്ടോബർ 13ന് പുറത്തിറങ്ങി. ന്യൂ ഡൽഹിയിലെ ഗ്രേറ്റർ നോയിഡയിൽ തുടങ്ങി, ഹിമാചൽ പ്രദേശിലെ മണാലിയിലും ലഡാക്കിലെ ലേയിലുമെല്ലാമായി 83 സ്ഥലങ്ങളിൽ ചിത്രീകരിച്ച സിനിമയുടെ രണ്ടാംഭാഗവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. നെറ്റ്ഫ്ലിക്സില്‍ ഈ സിനിമ ഇപ്പോള്‍ കാണാനാവും.

കർദൂങ് ലാ, മോട്ടോര്‍ വാഹനങ്ങള്‍ക്ക് ചെന്നെത്താവുന്ന ഏറ്റവും ഉയരമേറിയ ചുരം

ജമ്മു കശ്മീരിലെ ലഡാക് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഖർദുങ് ലാ,  ശ്യോക്, നുബ്ര താഴ്വരകളിക്കുള്ള കവാടമാണ്. സിയാച്ചിനിലേക്കുള്ള അവശ്യ വസ്തുക്കൾ കൊണ്ട് പോകുന്ന വഴിയായതിനാൽ നയതന്ത്രപരമായി വളരെ പ്രധാനപ്പെട്ട പാതയാണ് ഈ ചുരം. ഏകദേശം 5,359 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഖർദുങ് ലാ, മോട്ടോർ വാഹനങ്ങൾക്ക് യാത്ര ചെയ്യാവുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാതയായി കണക്കാക്കപ്പെടുന്നു. വര്‍ഷം തോറും ഒട്ടേറെ വിനോദസഞ്ചാരികള്‍ ഇവിടേക്ക് ബൈക്കിലും മറ്റുമായി യാത്ര ചെയ്തെത്തുന്നു.

ചരിത്രപരമായും ഈ പാതയ്ക്ക് വളരെയധികം പ്രാധാന്യമുണ്ട്. പ്രാചീന കാലങ്ങളിൽ സഞ്ചാരികൾ ലേയിൽ നിന്നും മധ്യേഷ്യയിലെ കഷ്ഗറിലേയ്ക്ക് പോയിരുന്നത് ഈ വഴിയാണ്. ഏതാണ്ട് 10,000 കുതിരകളും ഒട്ടകങ്ങളും ഈ വഴി കൊല്ലം തോറും യാത്ര നടത്തിയിരുന്നു. ബാക്ട്രീയൻ ഒട്ടകങ്ങളെ ഇപ്പോഴും നുബ്ര താഴ്വരയുടെ പരിസരങ്ങളിൽ കാണാൻ സാധിക്കും.

English Summary:

Khardungla Pass, Diamirza's travel diary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com