ADVERTISEMENT

ന്യൂ ഇയര്‍ കഴിഞ്ഞതോടെ പാര്‍ട്ടികളുടെയും ബഹളങ്ങളുടെയും സമയം കഴിഞ്ഞു. ബാക്കിയുള്ള ശൈത്യകാലം ശാന്തമനോഹരമായ സ്ഥലങ്ങള്‍ തേടിയുള്ള അന്വേഷണത്തിലാണോ?. തിരക്കേറിയ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ നിന്നും മാറി, പ്രകൃതിയുമായി ഇഴുകിച്ചേര്‍ന്നു മനസ്സൊന്നു തണുപ്പിക്കാന്‍ പോകാവുന്ന ചില ഓഫ്ബീറ്റ് ഡെസ്റ്റിനേഷനുകളെക്കുറിച്ച് കൂടുതല്‍ അറിയാം.

Tawang, Arunachal Pradesh. Image Credit : bambam kumar jha/istockphoto
Tawang, Arunachal Pradesh. Image Credit : bambam kumar jha/istockphoto

സിറോ

വടക്കുകിഴക്കൻ സംസ്ഥാനമായ അരുണാചൽ പ്രദേശിലെ മറഞ്ഞിരിക്കുന്ന രത്‌നമാണ് സിറോ. പച്ചപ്പ് നിറഞ്ഞ നെൽവയലുകളും ടാലി വാലി വന്യജീവി സങ്കേതത്തിലെ ജൈവവൈവിധ്യവും പ്രാദേശിക സംസ്കാരവുമെല്ലാം ഇവിടേക്ക് ഒട്ടേറെ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നു.

Theertham waterfall. Image Credit : sueuy song/istockphoto
Theertham waterfall. Image Credit : sueuy song/istockphoto

മല്ലേല തീർത്ഥം

തെലങ്കാനയിലെ നാഗർകുർണൂലിൽ നല്ലമല വനത്തിൽ, ശ്രീശൈലത്തിന് സമീപത്ത് സ്ഥിതി ചെയ്യുന്ന മല്ലേല തീർത്ഥം വെള്ളച്ചാട്ടം മാത്രമല്ല, ഒരു പുണ്യസ്ഥലം കൂടിയാണ്. നിബിഡ വനത്തിന് നടുവിലുള്ള മല്ലേല തീർത്ഥം വെള്ളച്ചാട്ടത്തിലേക്കു പ്രവേശിക്കാൻ 350 പടികൾ ഇറങ്ങണം. ഒക്‌ടോബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളാണ് വെള്ളച്ചാട്ടത്തില്‍ ഏറ്റവും നല്ല ഒഴുക്ക് ഉണ്ടാകുന്നത്. ഈ സമയത്ത് മല്ലേല തീർത്ഥത്തിലേക്ക് ട്രെക്കിങ് ചെയ്യാന്‍ ഒട്ടേറെ സഞ്ചാരികള്‍ എത്തുന്നു.

ലൈറ്റ്‌മാവ്‌സിയാങ്

കിഴക്കൻ ഖാസി കുന്നുകളിലെ ഖതർഷ്‌നോങ് ലൈറ്റ്‌ക്രോ ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ലൈത്‌മാവ്‌സിയാങ് മനോഹരമായ ഒരു കൊച്ചു ഗ്രാമമാണ്. നിബിഡ വനങ്ങളിലൂടെ ട്രെക്കിങ് നടത്താനും മറഞ്ഞിരിക്കുന്ന ഗുഹകളും പ്രാദേശിക ഖാസി സംസ്കാരവുമെല്ലാം കാണാനും അറിയാനുമെല്ലാം ഇവിടേക്കു വരാം.

കൈലാസകോണ വെള്ളച്ചാട്ടം

തിരുപ്പതിക്കു സമീപം സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടത്തിനു ചുറ്റും സമൃദ്ധമായ പച്ചപ്പും പുരാതനമായ ഒട്ടേറെ ശിവലിംഗങ്ങളുമുണ്ട്. ഏകദേശം 30 മീറ്റർ ഉയരത്തിൽ നിന്നാണ് വെള്ളം താഴേക്കു പതിക്കുന്നത്. സമീപത്തുള്ള കൈലാസ നാഥകോണ ക്ഷേത്രം ഈ സ്ഥലത്തിന് ആത്മീയ പ്രാധാന്യം നല്‍കുന്നു. വര്‍ഷം മുഴുവനും ഇവിടം സന്ദര്‍ശിക്കാം.

Arvalem Caves. Image Credit : Satish Parashar/istockphoto
Arvalem Caves. Image Credit : Satish Parashar/istockphoto

അർവാലം ഗുഹകൾ

ഗോവയുടെ മനോഹരമായ കടൽത്തീരങ്ങൾക്കും വർണാഭമായ രാത്രി ജീവിതത്തിനുമപ്പുറം മറഞ്ഞിരിക്കുന്ന രഹസ്യമാണ് സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന അർവാലം ഗുഹകൾ. പനാജിയിൽ നിന്നും 55 കിലോമീറ്റർ അകലെ കണ്ഡോലിം ബീച്ചിനോടു ചേർന്നു സ്ഥിതി ചെയ്യുന്ന അർവാലം ഗുഹകൾക്ക് മഹാഭാരതകാലത്തോളം നീളുന്ന ചരിത്രമുണ്ടെന്നു വിശ്വസിക്കുന്നു. അഞ്ച് ഗുഹകളുടെ ഒരു കൂട്ടമായ അർവാലം ഗുഹകളില്‍ വനവാസക്കാലത്ത് പാണ്ഡവർ താമസിച്ചിരുന്നെന്നു പറയപ്പെടുന്നു. ഇതിനു തൊട്ടടുത്തു തന്നെയായി അർവാലം വെള്ളച്ചാട്ടവുമുണ്ട്.

തരാബു വെള്ളച്ചാട്ടം

അല്ലൂരി സീതാരാമരാജു ജില്ലയിലെ പെഡബയലു മണ്ഡലത്തിൽ ആന്ധ്രാപ്രദേശ്, ഒഡീഷ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടം, രണ്ട് സംസ്ഥാനങ്ങളിൽ നിന്നുള്ള ധാരാളം സഞ്ചാരികളെ ആകര്‍ഷിക്കുന്നു. പർവതപ്രദേശത്ത് സ്ഥിതിചെയ്യുന്നതിനാല്‍ ഇവിടെ എത്തിച്ചേരാന്‍ അല്‍പ്പം ബുദ്ധിമുട്ടാണ്.

റമ്പ വെള്ളച്ചാട്ടം

ആന്ധ്രാപ്രദേശിലെ കിഴക്കൻ ഗോദാവരി ജില്ലയിൽ, റമ്പച്ചോടവരം ഗ്രാമത്തിൽ നിന്ന് 4 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടം, ചുറ്റുമുള്ള നഗരങ്ങളിൽ നിന്നുള്ള നിരവധി സഞ്ചാരികളെ ആകർഷിക്കുന്നു. റമ്പച്ചോടവരം വെള്ളച്ചാട്ടം എന്നും അറിയപ്പെടുന്ന ഈ വെള്ളച്ചാട്ടം ഏകദേശം 50 അടി ഉയരത്തിൽ നിന്നു താഴേക്കു പതിക്കുന്നു. കൊടുംകാടുകൾക്കിടയിലുള്ള വെള്ളച്ചാട്ടത്തിൽ  മുങ്ങിക്കുളിക്കാം. നിബിഡ വനത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടം വർഷം മുഴുവനും സന്ദര്‍ശിക്കാം. 

റമ്പച്ചോടവാരം വെള്ളച്ചാട്ടത്തിന് സമീപം ശ്രീ നീലകണ്ഠേശ്വര ക്ഷേത്രം എന്ന പേരിൽ ഒരു പുരാതന ശിവക്ഷേത്രമുണ്ട്. എല്ലാ വർഷവും ശിവരാത്രി ദിനത്തിൽ ഇവിടെ നൃത്തോത്സവം സംഘടിപ്പിക്കാറുണ്ട്, പ്രശസ്തമായ ഗോത്ര നൃത്തമായ വേല അരങ്ങേറുന്ന ഉത്സവമാണിത്.

English Summary:

Summer vacation destinations in India.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com