ADVERTISEMENT

പുതിയ യാത്രയുടെ വിശേഷങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ ആരാധകര്‍ക്കായി പങ്കുവച്ച് നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ്‌. നാഗാലാന്‍ഡിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ രഞ്ജിനി പോസ്റ്റ്‌ ചെയ്തു. ‘‘ഹോണ്‍ബില്‍ ഫെസ്റ്റിവലിനായിരിക്കും നാഗാലാ‌‍ന്‍ഡ് കാണുകയെന്നു കരുതി, എന്നാല്‍ അതിനു മുന്നേ എത്തി’’– രഞ്ജിനി കുറിച്ചു. ഖോനോമ, ഡിസൂക്കോ താഴ്‌വര എന്നിങ്ങനെ വിവിധ ഇടങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ രഞ്ജിനി പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ ആദ്യത്തെ ഹരിത ഗ്രാമമാണ് ഇന്ത്യ-മ്യാൻമർ അതിർത്തിയോടു ചേർന്നു സ്ഥിതി ചെയ്യുന്ന ഖോനോമ. വേട്ടയാടൽ നിരോധനത്തോടെ പൂര്‍ണമായും കൃഷിയിലേക്കു മാറി. കൊഹിമയിൽനിന്ന് ഏകദേശം ഒരു മണിക്കൂർ യാത്ര ചെയ്താണ് ഇവിടെ എത്തുന്നത്.

Khonoma Village,Nagaland. Image Credit :ranjini_h/instagram
Khonoma Village,Nagaland. Image Credit :ranjini_h/instagram

പൂക്കള്‍ നിറഞ്ഞ ഡിസൂക്കോ താഴ്‌വര

മണിപ്പുരിലെ സേനാപതി ജില്ലയ്ക്കും നാഗാലാൻഡിലെ കൊഹിമ ജില്ലയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ താഴ്‌വരയാണ് ഡിസൂക്കോ. ഡിസിക്കോ താഴ്‌വര എന്നും ഇത് അറിയപ്പെടുന്നു. താഴ്‌വരയിലെ തണുപ്പ് നിറഞ്ഞ അരുവികള്‍ കാരണമാണ് ആ പേര് ലഭിച്ചത്. അംഗാമി, മാവോ ഭാഷകളില്‍ ഡിസൂക്കോ എന്നാല്‍ ‘തണുത്ത വെള്ളം’ എന്നാണ് അർഥം.

Dzukou Valley,Nagaland. Image Credit :ranjini_h/instagram
Dzukou Valley,Nagaland. Image Credit :ranjini_h/instagram

സമുദ്രനിരപ്പിൽനിന്ന് 2,452 മീറ്റർ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഈ താഴ്‌വര മരങ്ങളില്ലാത്തതും എന്നാൽ അവിശ്വസനീയമാംവിധം ഹരിതാഭയും പുഷ്പങ്ങളും നിറഞ്ഞതുമാണ്. വംശനാശഭീഷണി നേരിടുന്ന നിരവധി അപൂർവ ഇനം സസ്യജന്തുജാലങ്ങളുടെ ആവാസ കേന്ദ്രം കൂടിയാണ് ഇവിടം. ഇന്ന് നാഗാലാൻഡ്, മണിപ്പുർ സംസ്ഥാനങ്ങളിലെ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഡിസൂക്കോ താഴ്‌വര. ഹിമാലയത്തിലെ പാറകൾ നിറഞ്ഞ മലനിരകളിലെ പതിവ് ട്രെക്കിങ്ങുകളിൽനിന്നു വ്യത്യസ്തമാണ് ഇവിടുത്തെ ട്രെക്കിങ്. ഇടതൂര്‍ന്ന വനങ്ങള്‍ക്കിടയിലൂടെയാണ് യാത്ര. കുത്തനെയുള്ള കയറ്റങ്ങളും വഴുക്കലുള്ള പാറക്കൂട്ടങ്ങളുമെല്ലാം വഴിയിലുണ്ട്.

Image Credit :ranjini_h/instagram
Image Credit :ranjini_h/instagram

ഏകദേശം ഒൻപതു കിലോമീറ്റർ ദൈർഘ്യമുള്ള ട്രെക്കിങ് അഞ്ച് മുതൽ ആറ് വരെ മണിക്കൂർ കൊണ്ടു പൂർത്തിയാക്കാം. നാഗാലാൻഡിൽ നിന്നാണ് പോകുന്നതെങ്കിൽ, ഒന്നുകിൽ വിശ്വേമ, അല്ലെങ്കിൽ ജഖാമ ഭാഗത്ത് നിന്നു ട്രെക്കിങ്ങിനു പോകാം. മണിപ്പുരിന്‍റെ ഭാഗത്തുനിന്നു താഴ്‌വര സന്ദർശിക്കാന്‍ സേനാപതി ജില്ലയിലെ മൗണ്ട് ടെമ്പുവിൽ നിന്ന് ആറ് മണിക്കൂർ ട്രെക്കിങ് നടത്തണം. എവിടെനിന്നു പോയാലും കൂടെ ഒരു പ്രാദേശിക ഗൈഡ് ഉണ്ടായിരിക്കണം.

Khamakhya Temple. Image Credit :ranjini_h/instagram
Khamakhya Temple. Image Credit :ranjini_h/instagram

ഡിസൂക്കോ താഴ്‌വര പ്ലാസ്റ്റിക് രഹിത മേഖലയാണ്. താഴ്‌വരയിൽ പ്രവേശിക്കുന്നതിന് മുമ്പ് സഞ്ചാരികള്‍ കൈവശമുള്ള പ്ലാസ്റ്റിക് വസ്തുക്കൾക്ക് സെക്യൂരിറ്റി ഡെപ്പോസിറ്റ് നൽകണം. കൊണ്ടുപോയ എല്ലാ പ്ലാസ്റ്റിക് വസ്തുക്കളും തിരികെ കൊണ്ടുവന്നതിനുശേഷം മാത്രമേ ഈ ഡെപ്പോസിറ്റ് തിരികെ ലഭിക്കൂ. സഞ്ചാരികള്‍ക്കായി രണ്ടു ദിവസത്തെ പാക്കേജ് ആയിട്ടാണ് ട്രെക്കിങ് യാത്രകള്‍ സാധാരണയായി നടത്തുന്നത്. ഡോര്‍മിറ്ററി, സ്വകാര്യ മുറികള്‍ എന്നിവ കൂടാതെ, ടെന്‍റ് അടിച്ചും താഴ്‌വരയില്‍ താമസിക്കാം. 

Khamakhya Temple. Image Credit :ranjini_h/instagram
Khamakhya Temple. Image Credit :ranjini_h/instagram
Khamakhya Temple. Image Credit :ranjini_h/instagram
Khamakhya Temple. Image Credit :ranjini_h/instagram

നാഗാലാ‌‍ന്‍ഡിന്‍റെ സ്വന്തം ഹോണ്‍ബില്‍ ഉത്സവം

നാഗന്മാരുടെ നാട്ടിലേക്ക് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ ഒഴുകിയെത്തുന്ന സമയമാണ് ഹോണ്‍ബില്‍ ഉത്സവവേള. സംസ്ഥാനപക്ഷിയായ വേഴാമ്പലിന്‍റെ പേരിലാണ് ഈ ഉത്സവം കൊണ്ടാടുന്നത്. നാഗാലാൻഡിന്‍റെ സാംസ്കാരിക പൈതൃകവും വംശങ്ങൾ തമ്മിലുള്ള ആശയവിനിമയവും പ്രോത്സാഹിപ്പിക്കുന്നതിനായി, സംസ്ഥാന ടൂറിസം വകുപ്പും കലാ-സാംസ്കാരിക വകുപ്പും ചേർന്നു സംഘടിപ്പിക്കുന്ന ഫെസ്റ്റിവല്‍ എല്ലാ വര്‍ഷവും ഡിസംബർ 1 മുതൽ 10 വരെ നടക്കുന്നു. നാഗാലാൻഡിലെ എല്ലാ വംശീയ വിഭാഗങ്ങളെയും പ്രതിനിധീകരിക്കുന്ന ഇതിനെ ‘ഉത്സവങ്ങളുടെ ഉത്സവം’ എന്നും വിളിക്കുന്നു.

കൊഹിമയിൽ നിന്ന് 12 കിലോമീറ്റർ അകലെയുള്ള തെക്കൻ അംഗമി മേഖലയിൽ സ്ഥിതി ചെയ്യുന്ന കിസാമ ഹെറിറ്റേജ് വില്ലേജിലാണ് ഹോൺബിൽ ഫെസ്റ്റിവലിന്‍റെ പ്രധാന വേദി. നാഗാലാൻഡിലെ ജനങ്ങളെയും സംസ്കാരത്തെയും അടുത്തറിയാനും നാഗാലാൻഡിലെ ഭക്ഷണം, പാട്ടുകൾ, നൃത്തങ്ങൾ, ആചാരങ്ങൾ എന്നിവയെല്ലാം ആസ്വദിക്കാനുമുള്ള അവസരമാണ് ഇത്.  വിവിധ ഗോത്രങ്ങളുടെ വർണ്ണാഭമായ പ്രകടനങ്ങൾ, കരകൗശലവസ്തുക്കൾ, കായിക ഇനങ്ങള്‍, കളികൾ, ചടങ്ങുകൾ എന്നിവയും പെയിന്റിങ്ങുകൾ, തടിയിലെ കൊത്തുപണികൾ, ശിൽപങ്ങൾ എന്നിവ ഉൾപ്പെടുന്ന പരമ്പരാഗത കലകളുമെല്ലാം കാണാം.  പരമ്പരാഗത നാഗ മൊറുങ്‌സ് എക്‌സിബിഷനും ഭക്ഷ്യ സ്റ്റാളുകൾ, ഹെർബൽ മെഡിസിൻ സ്റ്റാളുകൾ, പുഷ്പ പ്രദർശനങ്ങളും വിൽപനയും, സാംസ്‌കാരിക മെഡ്‌ലി പാട്ടുകളും നൃത്തങ്ങളും, ഫാഷൻ ഷോകൾ, മിസ് നാഗാലാൻഡ് സൗന്ദര്യമത്സരം, പരമ്പരാഗത അമ്പെയ്ത്ത്, നാഗ ഗുസ്തി എന്നിവ ഉത്സവത്തിന്‍റെ ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു.

ranjini-haridas-nagaland-travel-04
Khamakhya Temple. Image Credit :ranjini_h/instagram

പ്രാദേശിക, രാജ്യാന്തര റോക്ക് ബാൻഡുകൾ ഒന്നിക്കുന്ന ഹോൺബിൽ ഇന്റർനാഷനൽ റോക്ക് ഫെസ്റ്റിവൽ ആണ് മറ്റൊരു ആകര്‍ഷണം. ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിലാണ് ഇത് അരങ്ങേറുന്നത്. നാഗാലാന്‍ഡിന്‍റെ  ടൂറിസം വളര്‍ച്ചയ്ക്ക് ഹോണ്‍ബില്‍ ഫെസ്റ്റിവല്‍ ഗണ്യമായ സംഭാവന നല്‍കിയിട്ടുണ്ട്.

ആസാമിന്‍റെ രക്ഷകയായ കാമാഖ്യ

നാഗാലാ‌‍ന്‍ഡിലെത്തും മുൻപ് അസാമിലെ പ്രശസ്തമായ കാമാഖ്യ ക്ഷേത്രത്തില്‍ നിന്നുള്ള ചിത്രവും രഞ്ജിനി പോസ്റ്റ്‌ ചെയ്തിരുന്നു. അസാമിലെ ഏറ്റവും പ്രധാനപ്പെട്ട താന്ത്രിക ക്ഷേത്രവും ശാക്തേയ തീർഥാടന കേന്ദ്രവുമാണ് കാമാഖ്യദേവി ക്ഷേത്രം. ഗുവാഹത്തിയുടെ പടിഞ്ഞാറൻ മേഖലയിൽ നീലാചൽ എന്ന കുന്നിൻ മുകളിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അസാം ജനതയുടെ രക്ഷാദൈവമായി കാമാഖ്യ ആരാധിക്കപ്പെടുന്നു. ആദിശക്തിയുടെ പ്രതാപരുദ്ര കാളി സങ്കല്പമാണ് ‘കാമാഖ്യ’. അതിനാൽ താന്ത്രികാരാധനയുടെ ഒരു കേന്ദ്രമായി ഇവിടം കണക്കാക്കുന്നു.

 പ്രാചീനമായ 51 ശക്തി പീഠങ്ങളിലൊന്നായാണ് ഇത് അറിയപ്പെടുന്നത്. ഹൈന്ദവ വിശ്വാസപ്രകാരം, ദക്ഷയാഗസമയത്ത് ജീവത്യാഗം ചെയ്ത സതീദേവിയുടെ ശരീരം മഹാവിഷ്ണുവിന്‍റെ സുദർശന ചക്രപ്രയോഗത്താൽ 108 കഷ്ണങ്ങൾ ആയി ചിതറിയപ്പോൾ യോനീഭാഗം വീണ ഭാഗമാണിത്. ശാക്തേയ കൗളാചാരപ്രകാരം ഭഗവതിയെ പ്രീതിപ്പെടുത്താനായി ആൺമൃഗങ്ങളെ ഇവിടെ ബലി നൽകുന്നു. പെൺമൃഗങ്ങളെ ബലികഴിക്കുന്നത് നിഷിദ്ധമാണ്. ഇവയുടെ മാംസം പ്രസാദമായി കരുതുന്ന ഭക്തർ അത് കറിയാക്കി കഴിക്കുന്നു. പൂജയ്ക്കുള്ള ദ്രവ്യങ്ങളായി ചുവന്ന പൂക്കൾ, ചുവന്ന തുണിക്കഷ്ണങ്ങൾ, ചുവന്ന സിന്ദൂരം എന്നിവയാണ് അർപ്പിക്കുന്നത്.

English Summary:

Around Nagaland with Ranjini Haridas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com