ADVERTISEMENT

അതിരുകളില്ലാത്ത പ്രണയം ഒരു യാത്ര പോലെയാണ്. കഴിഞ്ഞു പോയ വാലന്റൈൻസ് ഡേയിൽ പ്രിയപ്പെട്ടൊരാളെ പ്രൊപ്പോസ് ചെയ്യാൻ കാത്തിരുന്നിട്ടും നടന്നില്ലേ. സാരമില്ല, പ്രണയദിനത്തിൽത്തന്നെ പ്രൊപ്പോസ് ചെയ്യണമെന്ന് ഒരു നിബന്ധനയുമില്ല. കാരണം, ചില സ്ഥലങ്ങൾ കാണുമ്പോൾ തോന്നും ഇന്നാണോ പ്രണയദിനം എന്ന്. പ്രണയം പോലെ സുന്ദരമായ നിരവധി സ്ഥലങ്ങളുണ്ട്. പ്രിയപ്പെട്ടൊരാളെ പ്രൊപ്പോസ് ചെയ്യാൻ അവ തിരഞ്ഞെടുക്കുന്നതായിരിക്കും ഏറ്റവും ഉചിതം. പ്രണയം പോലെയല്ല വിവാഹാഭ്യർഥന. അത് ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. വിവാഹാഭ്യർഥന നടത്തുമ്പോൾ ഏത് ദിവസമാണ് എന്നതിലുപരി, എവിടെ വച്ചാണ് എന്നതാണ് പ്രധാനം.

ചിലർക്ക് ശാന്തമായ ബീച്ച് ആയിരിക്കാം പ്രൊപ്പോസ് ചെയ്യാൻ മനോഹര ഇടമായി തോന്നുന്നത്. എന്നാൽ, മറ്റ് ചിലർക്ക് പർവതങ്ങളോ ചരിത്ര സ്മാരകങ്ങളോ ആകാം. തടാകങ്ങളും ബോട്ട് യാത്രകളും ചിലരുടെ ഇഷ്ടയാത്രകൾ ആകുമ്പോൾ ഹെയർപിൻ വളവുകൾ പിന്നിട്ടുള്ള മനോഹരമായ ഒരു ഹിൽസ്റ്റേഷനിൽ വച്ച് പ്രിയപ്പെട്ടൊരാളെ പ്രൊപ്പോസ് ചെയ്യാനായിരിക്കും മറ്റു ചിലർ ഇഷ്ടപ്പെടുക.

Taj Mahal. Image Credit : VSanandhakrishna/istockphoto
Taj Mahal. Image Credit : VSanandhakrishna/istockphoto

പ്രണയത്തിന്റെ നിത്യകുടീരമായ ആഗ്രയിലെ താജ്മഹൽ
പ്രിയപ്പെട്ടയാളോട് പ്രണയാഭ്യർഥന അല്ലെങ്കിൽ വിവാഹാഭ്യർഥന നടത്താൻ ഇന്ത്യയിൽ താജ്മഹലിനോളം മഹത്തരമായ മറ്റൊരു സ്ഥലമില്ല. ഷാജഹാൻ ചക്രവർത്തി തന്റെ പ്രിയപത്നി മുംതാസ് മഹലിന്റെ സ്മരണയ്ക്കായി നിർമിച്ചതാണ് താജ് മഹൽ. പ്രിയപ്പെട്ടയാളെ പ്രൊപ്പോസ് ചെയ്യാൻ താജ്മഹൽ കഴിഞ്ഞേ മറ്റെന്തുമുള്ളൂ. മാത്രമല്ല, യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇടം പിടിച്ച സ്ഥലം കൂടിയാണ് താജ്മഹൽ. പ്രൊപ്പോസൽ കുറച്ച് ഗംഭീരമാക്കാൻ കൊതിക്കുന്നവർക്ക് ആഗ്രയിലേക്ക് ഒരു യാത്ര പ്ലാൻ ചെയ്യാവുന്നതാണ്.

ആഴപ്പുഴ. Image Credit : saiko3p/istockphoto
ആഴപ്പുഴ. Image Credit : saiko3p/istockphoto

ആലപ്പുഴയിലെ കായലിലെ ഓളങ്ങളെ സാക്ഷിയാക്കി ഒരു പ്രൊപ്പോസൽ
പ്രണയാർദ്രമായ നിമിഷങ്ങൾ പ്രകൃതിയോട് ഇണങ്ങി നിൽക്കണമെന്നും അൽപം വ്യത്യസ്തമാകണമെന്നും ആഗ്രഹിക്കുന്നവർക്ക് പറ്റിയ ഇടമാണ് ആലപ്പുഴ. കായൽപരപ്പിലൂടെ മനോഹരമായ ഒരു ഹൗസ് ബോട്ട് യാത്ര. ഹൗസ് ബോട്ട് തന്നെ വേണമെന്നില്ല. ബോട്ടുകളും കടത്തു വള്ളങ്ങളും ലഭ്യമാണ്. സൂര്യാസ്തമയ സമയത്ത് കായലിന്റെ ഓളപ്പരപ്പിലൂടെയുള്ള ബോട്ട് യാത്രയ്ക്ക് ഭംഗി കൂടുതലാണ്. പ്രിയപ്പെട്ടയാളെ പ്രൊപ്പോസ് ചെയ്യാൻ ഇതിലും മനോഹരമായ ഒരു നിമിഷമില്ല.

 'തടാകങ്ങളുടെയും കൊട്ടാരങ്ങളുടെയും നഗരം' എന്നറിയപ്പെടുന്ന ഉദയ്‌പുർ. Image Credit : traveler1116/istockphotos
'തടാകങ്ങളുടെയും കൊട്ടാരങ്ങളുടെയും നഗരം' എന്നറിയപ്പെടുന്ന ഉദയ്‌പുർ. Image Credit : traveler1116/istockphotos

പ്രണയം അൽപം രാജകീയമാക്കാൻ ഉദയ്പുരിലേക്ക്
തടാകങ്ങളുടെ നഗരം എന്നാണ് ഉദയ്പുർ അറിയപ്പെടുന്നത്. രാജകീയതയ്ക്ക് ഒപ്പം വാസ്തുവിദ്യാ വൈഭവം കൂടി നിറഞ്ഞ ഉദയ്പുർ റൊമാന്റിക് ഡെസ്റ്റിനേഷൻ ആണ്. സിറ്റി പാലസിനെയും ആരവല്ലി പർവതത്തെയും പശ്ചാത്തലമാക്കി പിച്ചോല തടാകത്തിൽ മനോഹരമായ ബോട്ട് യാത്ര നടത്താം. സന്ധ്യ മയങ്ങുമ്പോൾ നഗരം പ്രകാശപൂരിതമാകും. പങ്കാളിയോട് വിവാഹാഭ്യർഥന നടത്താൻ ഇതിലും മനോഹരമായ മറ്റൊരു അവസരമില്ല.

(Photo: X/@Alvi_Zubair45)
(Photo: X/@Alvi_Zubair45)

മഞ്ഞോ പൂക്കളോ വേണമെങ്കിൽ ഗുൽമാർഗിലേക്ക്
പ്രണയികൾക്കും പ്രകൃതിസ്നേഹികൾക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഇടമാണ് ജമ്മു കശ്മീരിലെ ഗുൽമാർഗ്. ഇവിടെ ശൈത്യകാലമാണെങ്കിൽ മഞ്ഞും കുളിരുമായി അതിന്റെ ഭംഗി. വേനലാണെങ്കിൽ പൂക്കളാൽ സമ്പന്നം. ഏതുതരം പ്രകൃതിഭംഗിയാണോ ഇഷ്ടം ആ സമയം നോക്കി പ്രിയപ്പെട്ടയാളെ പ്രൊപ്പോസ് ചെയ്യാൻ കശ്മീരിലെ ഗുൽമാർഗിലേക്ക് പോകാം. മഞ്ഞുകാലത്ത് സ്കീയിങ്ങിനും സ്നോബോർഡിങ്ങിനും ഇവിടെ അവസരമുണ്ട്. എന്നാൽ, വേനൽക്കാലമായാൽ നിങ്ങളെ ഇവിടേക്ക് സ്വാഗതം ചെയ്യുന്നത് പൂക്കളാൽ സമ്പന്നമായ പ്രകൃതിഭംഗി ആയിരിക്കും.

ഏതു സമയത്തും പ്രൊപ്പോസ് ചെയ്യാൻ ഗോവ
ശാന്തമായി വിശ്രമിക്കാൻ ഗോവൻ ബീച്ചുകളിലേക്ക് നിരവധി സഞ്ചാരികളാണ് എത്തുന്നത്. ഗോവയിലെ ഏറ്റവും പ്രശസ്തമായ കലൻഗുട്ട് മുതൽ ബാഗ വരെ എത്രയെത്ര ബീച്ചുകൾ. തിരക്കേറിയതും ശാന്തമായതും ഉൾപ്പെടെ വ്യത്യസ്ത അന്തരീക്ഷമുള്ള നിരവധി ബീച്ചുകളാണ് ഇവിടെയുള്ളത്. പ്രിയപ്പെട്ടൊരാളോട് ഹൃദയം തുറന്നു സംസാരിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരമുണ്ട്. തിരമാലകളെ സാക്ഷിയാക്കി പ്രിയപ്പെട്ടയാളെ ജീവിതത്തിലേക്ക് ചേർക്കാൻ ഗോവയേക്കാൾ അടിപൊളിയായ മറ്റൊരു സ്ഥലമില്ല.

English Summary:

Indian locations for proposal.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com