ADVERTISEMENT

പെട്ടെന്നൊരു ദിവസം പ്രതാപ് ഫോൺ വിളിച്ചു പറയുകയാണ്. "ഈ മാർച്ചിൽ നമുക്ക് സത്താൽ പോകാം. എല്ലാം സെറ്റ് ആണ്. ജോഷി കൂടി ഉണ്ടാകും". രണ്ടു മാസം മുൻപ് ഭിഗ്വാനിൽ പോയതിന്റെ കഥ പറയുന്നതിനിടയിൽ ഒരാവേശത്തിൽ, നമുക്ക് ഒന്നിച്ചു ഒരു ഫൊട്ടോഗ്രാഫി ട്രിപ്പ് പോകാം എന്നു പറഞ്ഞുപോയതാണ്. ഞാൻ തിരിച്ചെന്തെങ്കിലും പറയുന്നതിന് മുൻപേ, അവിടെ എവിടെയൊക്കെ പോകണമെന്നും പോയാൽ ഏതൊക്കെ പക്ഷികളെ കാണാൻ പറ്റും എന്നുള്ളതുമെല്ലാം എന്നോട് വിശദീകരിച്ചു തന്നു. പ്രതാപ് അങ്ങിനെയാണ്. അവിടെത്തെ കാര്യങ്ങളെല്ലാം, നേരത്തെ തന്നെ ഒരു ഗൈഡിനെ വിളിച്ചു ചോദിച്ചു മനസ്സിലാക്കിക്കഴിഞ്ഞിരിക്കുന്നു. പിന്നെ ഒന്നും ആലോചിച്ചില്ല പോയിക്കളയാം എന്നായി.


BheemTaal. Image Credit : Joshy Varghese
BheemTaal. Image Credit : Joshy Varghese

പ്ലാനിങ്, ടിക്കറ്റ് എടുക്കൽ എല്ലാകാര്യങ്ങളും പ്രതാപ് തന്നെ ഏറ്റെടുത്തു. ഒരു വാട്സാപ്പ് ഗ്രൂപ്പ് തുടങ്ങി കൃത്യമായി ഓരോ വിവരങ്ങളും അപ്ഡേറ്റ് ചെയ്യും. മാർച്ച് മൂന്നിന്, ഉച്ചയ്ക്ക് ഒരു മണിക്ക് ഫ്ലൈറ്റ്, വൈകിട്ട് ആറു മണിയോടെ ഡൽഹി എത്തും. അവിടെ നിന്ന് റോഡ് വഴി സത്താൽ. തിരിച്ചു വരവ് പതിനൊന്നാം തീയതി. എല്ലാം കിറുകൃത്യം. അതാണ് പ്ലാനിങ് അത്രയേ എനിക്കറിയൂ.


Thungnath. Image Credit : Joshy Varghese
Thungnath. Image Credit : Joshy Varghese

അവിടെ നല്ല തണുപ്പാണ് തെർമൽ വെയർ എടുക്കണം, ഗ്ലൗസ് വേണം, എന്നൊക്കെ ഇടക്കിടയ്ക്ക് പ്രതാപ് ഞങ്ങളെ ഓർമിപ്പിച്ചുകൊണ്ടിരുന്നു. എന്റെ കയ്യിൽ ഇതൊന്നുമില്ലാത്തതു കൊണ്ട് ഞാൻ ഒന്നും എടുത്തില്ല.

പ്ലാനിങ് പോലെതന്നെ കൃത്യസമയത്തു ഫ്ലൈറ്റ് പുറപ്പെടാൻ തുടങ്ങി. റൺവേയിലൂടെ കുതിക്കുമ്പോൾ പ്രതാപ് ഞങ്ങളോടു പറഞ്ഞു. ''ഈ ഫ്ലൈറ്റ് ഒക്കെ ഞങ്ങളുടെ കമ്പനിയാണ് ഉണ്ടാക്കുന്നത്, ഇതൊക്കെ വൻ സംഭവമാണ്''. പറഞ്ഞു തീർന്നതും ടേക്ക്ഓഫ് ചെയ്യാൻ തുടങ്ങുന്ന അതേ നിമിഷം, ഫ്ലൈറ്റ് പെട്ടെന്നു ബ്രേക്ക് ചെയ്യുകയും ഒരു വലിയ ശബ്ദത്തോടെ റൺവേയുടെ ഒരു ഓരത്തേക്കു നിരങ്ങി നിൽക്കുകയും ചെയ്തു. എല്ലാവരും പരിഭ്രാന്തരായി, ഷോക്കിൽ നിന്നും ഉണരും മുൻപേ, ഞാനും ജോഷിയും പ്രതാപിനെ നോക്കി പൊട്ടിച്ചിരിക്കാൻ തുടങ്ങിയിരുന്നു. ''ഇത് ഫ്ലൈറ്റിന്റെ കുഴപ്പമല്ല, മെയന്റനൻസിന്റെ ആവും...'' എന്നുകൂടി കേട്ടതോടെ ഞങ്ങളുടെ ചിരി ഉച്ചത്തിലായി. ബാക്കിയുള്ള യാത്രക്കാർ ഇവന്മാർക്കു പ്രാന്തായോ എന്ന രീതിയിൽ രൂക്ഷമായി നോക്കുന്നുണ്ടായിരുന്നു.

അതോടെ ഞങ്ങളുടെ ഫ്ലൈറ്റും ബാക്കിയുള്ള ഏല്ലാവരുടെയും ഫ്ലൈറ്റുകളും എട്ട് മണിക്കൂറോളം വൈകി. പ്ലാനിങ് തുടക്കത്തിലേ പാളിയെങ്കിലും റൺവേയൊക്കെ ക്ലിയർ ചെയ്ത്, വേറെ ഒരു ഫ്ലൈറ്റിൽ പാതിരാത്രിയോടെ ഡൽഹിയിലെത്തി.

ഇനി ഏഴെട്ടു മണിക്കൂർ ഡ്രൈവ് ഉണ്ട്. ഏതോ ഹോട്ടലിൽ ഉറങ്ങിക്കിടന്ന ഡ്രൈവറെ വിളിച്ചുണർത്തി, പക്കാവടയൊക്കെ കഴിച്ച് ഞങ്ങൾ സത്താലിലേക്കുള്ള സംഭവബഹുലമായ യാത്ര തുടങ്ങി.

പൊടിപിടിച്ച വഴികളിലൂടെ ചീറിപ്പാഞ്ഞു പോകുന്ന ട്രാക്ടറുകളും വലിയ ലോറികളും തുറന്ന റിക്ഷകളും. ബസ്സുകളിലാവട്ടെ അകത്തേക്കാൾ, പുറത്താണ് യാത്രക്കാർ കൂടുതൽ. തമാശയൊക്കെ പറഞ്ഞും ഇടയ്ക്കു നടുനിവർത്താൻ നിർത്തിയും ഉത്തർപ്രദേശും കടന്ന്, ഉത്തരാഖണ്ഡിലേക്ക്.

ഏതോ മലകളൊക്കെ കടന്ന്, വളഞ്ഞു പുളഞ്ഞ്, അവസാനം ഒരു വലിയ തടാകത്തിന്റെ അടുത്ത് നിർത്തി, ഡ്രൈവർ ഞങ്ങളോട് പറഞ്ഞു, ഇതാണ് ഭീം-താൽ, ഇവിടെ നിന്നും കുറച്ചു ദൂരം കൂടിയുണ്ട് സത്താലിലേക്ക്. ഞങ്ങൾ പുറത്തിറങ്ങി, മലകളാൽ ചുറ്റപ്പെട്ട ഒരു മനോഹരമായ ദൃശ്യം.

അപ്പോഴാണ് എനിക്ക് മനസ്സിലാകുന്നത്, ഞങ്ങൾ എത്തിയിരിക്കുന്നത് ലോ ഹിമാലയൻ റേഞ്ചിൽ ആണെന്നും പോകുന്നത്, സമുദ്ര നിരപ്പിൽ നിന്നും 1370 മീറ്റർ ഉയരത്തിലുള്ള, പൈൻ മരങ്ങളുടെയും ഓക്ക് മരങ്ങളുടെയും ഇടതൂർന്ന വനങ്ങൾക്കിടയിലെ, ദേശാടന പക്ഷികളുടെ പറുദീസയായ, ഏഴു ശുദ്ധജല തടാകങ്ങളടങ്ങിയ അതിമനോഹരമായ സാഥ്-താലിലേക്കാണെന്നതും.

Scarlet Finch. Photo : Joshy Varghese.
Scarlet Finch. Photo : Joshy Varghese.

ഞങ്ങളുടെ കോട്ടേജിലേക്ക് എത്തുന്നത് വരെ ഡ്രൈവർ സത്താലിനെ കുറിച്ചുള്ള പല ഐതിഹ്യങ്ങളും പറഞ്ഞു തന്നുകൊണ്ടിരുന്നു.

ആദ്യത്തെ ദിവസങ്ങളിൽ അവിടെത്തന്നെ കുറെയേറെ ദേശാടന പക്ഷികളുടെ ഫോട്ടോകൾ എടുത്തു. പല പക്ഷികളും ഉയരത്തിലുള്ള മരത്തിലോ, ദൂരെയുള്ള പാറകൾക്കിടയിലോ ഒക്കെയാണ് ഇരിക്കുന്നത്. ഒരു കോക്ളാസ് ഫെസന്റിന്റെ പടമെടുക്കാനായി, ഗൈഡിന്റെ പുറകെ, പാറകളിൽ അള്ളിപ്പിടിച്ചു കയറി, കുറെയേറെ ദൂരം കഷ്ടപ്പെട്ട് അലഞ്ഞെങ്കിലും പ്രയോജനം ഒന്നുമുണ്ടായില്ല. ഇനി വന്ന ദൂരം അത്രയും എങ്ങനെ തിരിച്ചുപോകും എന്നു വിചാരിച്ചു വിഷമിച്ചു നിൽക്കുന്ന എന്നെ ഗൈഡ് ആശ്വസിപ്പിച്ചു. ''സാരമില്ല, ഇത് നമുക്ക് നാളെ രാവിലെ റോഡിന്റെ സൈഡിൽ കിട്ടും'' എന്ന്. ഇത് ആദ്യം പറഞ്ഞിരുന്നെങ്കിൽ ഞാൻ വണ്ടിയിൽ നിന്നുതന്നെ ഇറങ്ങില്ലായിരുന്നു എന്നായി പ്രതാപ്.

Koklass Pheasant. Photo : Suleef Haneea
Koklass Pheasant. Photo : Suleef Haneea

എന്നാൽ ഗൈഡ് പറഞ്ഞതുപോലെ തന്നെ, പിറ്റേന്ന് രാവിലെ കോക്ളാസ്സ് ഞങ്ങളുടെ തൊട്ടടുത്ത് വരികയും വായിൽ നിന്നും പുകയൊക്കെ വിട്ട് ഷോ കാണിക്കുകയും ചെയ്തു!.

പലപ്പോഴും എനിക്കിഷ്ടമുള്ള ഫ്രെയിം കിട്ടാത്തത് കൊണ്ട് ഞാൻ പുറകോട്ടു നിന്നു. അത് കണ്ട ജോഷി എന്നോട് പറഞ്ഞു, ''നമ്മൾ എവിടെപ്പോയാലും അവിടെക്കാണുന്ന എല്ലാ ജീവികളെയും ഡോക്യുമെന്റ് ചെയ്യണം'' എന്ന്. ശരിയായിരുന്നു. ജോഷി കണ്ണിൽ കാണുന്ന എല്ലാ ജീവികളെയും ഒന്നുവിടാതെ ഫോട്ടോ എടുത്തു കൊണ്ടിരുന്നു. മാളത്തിൽ നിന്നും തല പുറത്തിട്ടു നോക്കിയ ഹിമാലയൻ മൂഷികനെയും തീറ്റ തേടിവന്ന ഏതോ വീട്ടിലെ ഹിമാലയൻ മുട്ടക്കോഴിയെയും വരെ വെറുതെവിട്ടിട്ടില്ല.

ഇനി ഞങ്ങൾക്ക് പോകാനുള്ളത് ചോപ്തയിലേക്കാണ്. ഏതാണ്ട്‌ എട്ടൊമ്പതു മണിക്കൂർ വേണം അവിടെയെത്താൻ. അതിരാവിലെ ചായ പോലും കുടിക്കാതെ ഞങ്ങൾ വണ്ടിയിൽ കയറി. മുൻപിൽ ഡ്രൈവറും ഗൈഡും. പുറകിലെ സീറ്റിൽ ഒരു സൈഡിൽ ജോഷിയും മറ്റേ സൈഡിൽ പ്രതാപും നടുക്ക് ഞാനും.

നേരം പുലരുമ്പോഴാണ് ഞങ്ങൾ അന്ന് ഹോളി ആണെന്ന് അറിയുന്നത്. കടകളെല്ലാം അടഞ്ഞു കിടക്കുന്നു. ജോഷിക്ക് വിശപ്പിന്റെ അസുഖം തുടങ്ങി. ഒറ്റ ഹോട്ടൽ പോലും തുറന്നിട്ടില്ല. ഓരോ ജങ്ഷനിലും വണ്ടി നിറുത്തി ആഘോഷമാണ്. ഒരു ജങ്ഷൻ കഴിഞ്ഞാൽ അടുത്തത് ഏതാണ്ട് ഒന്നൊന്നര മണിക്കൂർ മല കയറിയിറങ്ങണം. ജോഷി പിടിവിട്ടു ഡ്രൈവറെയും ഗൈഡിനെയും ചീത്ത വിളിക്കാൻ തുടങ്ങി. സംഭവം വഷളാകുന്നത് കണ്ട ഞാൻ ഒരു ഫ്രൂട്സ് കട കണ്ടു ചാടിയിറങ്ങി, അടയ്ക്കാൻ പോകുന്ന കട ഓടിച്ചെന്നു തുറപ്പിച്ചു. അപ്പോൾ പ്രതാപ് പറയുകയാണ്, ''ഫ്രൂട്സ് ഒന്നും മേടിക്കണ്ട, ഫുൾ കീടനാശിനി അടിച്ചതായിരിക്കും'' എന്ന്. ജോഷിയുടെ ദഹിപ്പിക്കുന്ന നോട്ടം കണ്ട പ്രതാപ്, പതിയെ പറഞ്ഞു. "മേടിച്ചോ.. മേടിച്ചോ.. മലയിൽ ഉണ്ടാകുന്നതല്ലേ.. ചിലപ്പോൾ ഓർഗാനിക് ആകും'' എന്ന്.

വീണ്ടും മലകൾ കയറി ഓട്ടം തുടങ്ങി. വാങ്ങിയ ഓറഞ്ചുകൾ, വിശപ്പ് കാരണം പ്രതാപ് തന്നെ തീർത്തു. ജോഷി വീണ്ടും വിശന്ന് കലിപ്പായി. കാര്യം മനസ്സിലായ ഡ്രൈവറും ഗൈഡും തിരിഞ്ഞു നോക്കുന്നില്ല. അവസാനം വൈകുന്നേരമായപ്പോഴേക്കും ഏതോ ഒരു മലയുടെ മുകളിലുള്ള ഒരു ചായക്കട കണ്ടു പിടിച്ചു. ഭർത്താവാണ് കട നടത്തുന്നതെങ്കിലും ഭാര്യയാണ് പാചകം. ഞങ്ങളുടെ അവസ്ഥ കണ്ട ആ സ്ത്രീ ഓടിപ്പിടഞ്ഞുവന്നു ചപ്പാത്തിമാവെടുത്തു കുഴച്ചു, പരത്തിത്തുടങ്ങി. ചപ്പാത്തി ചുട്ടതും വിളമ്പിയതും പ്രതാപാണ്.

ഫുഡ് കഴിച്ചു കഴിഞ്ഞതും ജോഷി വീണ്ടും ഉഷാറായി. വണ്ടിയിൽ കയറി, പിന്നെ മസായി-മാറയെ കുറിച്ചായി സംസാരം. ഒരാൾ പറയുന്നു, അവിടെ പോയപ്പോൾ നാൽപ്പതു ഡിക്ക്- ഡിക്കിനെ കണ്ടു എന്ന്. മറ്റൊരാൾ പറയുന്നു അതിനെ കാണാൻ ഭയങ്കര ബുധിമുട്ടാണെന്നും. കുറെ നേരമായി ഇവരുടെ തർക്കവും തള്ളും കേട്ട് സഹികെട്ട ഞാൻ, രണ്ടിനേം ശരിക്കും തള്ളി പുറത്തേക്കിടും എന്നു പറഞ്ഞപ്പോഴാണ് ഒരു അടക്കം വന്നത്.

വഴിനീളെ ഹോളിയുടെ ആഘോഷങ്ങളായിരുന്നു. കൊട്ടും പാട്ടും നൃത്തവും നിറങ്ങളും.

ഹോട്ടലിൽ എത്തിയ ഞങ്ങളോട് ഗൈഡ് പറഞ്ഞു, നാളെ അതിരാവിലെ തുങ്കനാഥ് പോകണം, അവിടെ മുകളിൽ -3 ഡിഗ്രി ആണ് തണുപ്പ്. തണുപ്പിനുള്ള ഡ്രെസ്സൊക്കെ എടുക്കണം. ഞാൻ പ്രതാപിനെ നോക്കി പറഞ്ഞു, ''എൻറെ കയ്യിൽ തെർമൽ ഒന്നുമില്ല, ആകെ ഒരു ജാക്കറ്റ് ഉണ്ട്''. ഞങ്ങളെ എയർപോർട്ടിൽ വരെ തെർമൽ വെയറിനെക്കുറിച്ചു ഓർമിപ്പിച്ചു കൊണ്ടിരുന്ന പ്രതാപും ഒന്നും എടുത്തിട്ടില്ല എന്ന് ഞാൻ ആപ്പോഴാണ് അറിയുന്നത്. ജോഷിയുടെ ഗ്ലൗസ് എനിക്ക് തന്നു, അതിലാവട്ടെ വലത്തെ ചൂണ്ടുവിരലിൽ ഒരു ഓട്ടയും ഉണ്ട്. അത് മൊബൈലിലും ക്യാമറയുടെ സ്ക്രീനിലും തോണ്ടാൻ എളുപ്പത്തിന്, ജോഷി തന്നെ ബുദ്ധിപൂർവം ഇട്ടതായിരുന്നു. ജോഷിയുടെ ബുദ്ധി വിമാനം തന്നെ. ഭാഗ്യത്തിന്, രാത്രി അടുത്തുള്ള ഒരു തുണിക്കട തുറന്നു. അവിടെ ആകെ ഉള്ളത് തണുപ്പിനുള്ള ലോക്കൽ ഇന്നർ വെയർ ആണ്. അതും വാങ്ങി ഞങ്ങൾ തുങ്കനാഥ് കയറാൻ തയ്യാറായി.

monal-bird
ഹിമാലയൻ മൊണാൽ

ഇനി ഹിമാലയൻ മൊണാലിന്റെ ഫോട്ടോ എടുക്കുകയാണ് ലക്ഷ്യം. തുങ്കനാഥ്, സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 3680 മീറ്റർ ഉയരത്തിലാണ്. മുകളിൽ എത്താൻ നാലിൽ കൂടുതൽ കിലോമീറ്റർ കുത്തനെയുള്ള കയറ്റം നടന്നു കയറണം. 2000-4000 മീറ്ററിലാണ് മൊണാലുകൾ ജീവിക്കുന്നത്. ഈ യാത്രയ്ക്കിടയിൽ മൊണാലിനെ കണ്ടാൽ തന്നെ ഭാഗ്യം. വെയിലായാൽ പിന്നെ അധികം പുറത്തു കാണില്ല. അതുകൊണ്ടു തന്നെ പെട്ടെന്നു കയറണം. ജോഷിയെക്കൊണ്ട് ഇതൊക്കെ പറ്റുമോ എന്ന് ഞാനും പ്രതാപും കളിയാക്കി. എന്നാൽ ആദ്യ കയറ്റത്തിൽ തന്നെ ഞാനും പ്രതാപും പരസ്പരം നോക്കി, കിതപ്പ് കാരണം ഒരടി മുന്നോട്ടുവക്കാൻ പറ്റുന്നില്ല. ജോഷിയാവട്ടെ പയറ് പോലെ കയറിപ്പോകുന്നു. കിതച്ചു നിൽക്കുന്ന ഞങ്ങളെ നോക്കി ജോഷി വിളിച്ചു പറഞ്ഞു, പതിയെ വന്നാൽ മതി.. ഞാൻ മുകളിലുണ്ടാകും!".

അപ്പോഴാണ് ഞങ്ങൾ ആ സത്യം മനസ്സിലാക്കിയത്, ജോഷി ഇതൊക്കെ മുൻകൂട്ടിക്കണ്ട്, കഴിഞ്ഞ ഒരു മാസം ഫ്ലാറ്റിന്റെ 15 നിലകൾ എല്ലാ ദിവസവും കയറി പ്രാക്ടീസ് ചെയ്തിട്ടാണ് വന്നിരിക്കുന്നത് എന്ന്.

ഗൈഡ് ഞങ്ങളോട് പറഞ്ഞു, തുടക്കം കുറച്ചു ബുദ്ധിമുട്ടുണ്ടാകും അത് മുകളിലേക്കെത്തുമ്പോഴേക്കും ശരിയായിക്കൊള്ളും എന്ന്. ഞങ്ങൾക്കത്‌ തമാശയായി തോന്നിയെങ്കിലും കയറിത്തുടങ്ങിയതോടെ ആവേശമായി. മല മുഴുവൻ മഞ്ഞു മൂടിക്കിടക്കുകയാണ്. ഞാൻ ഇത് തീരെ പ്രതീക്ഷിച്ചിട്ടില്ലായിരുന്നു. പക്ഷേ മഞ്ഞും തണുപ്പും തെന്നലും കാരണം കയറ്റം അതീവ ശ്രമകരമായിരുന്നു. ചിലരൊക്കെ ഇടയ്ക്കു വഴുതി വീഴുന്നുണ്ടായിരുന്നു.

സത്താൽ യാത്രയിൽ
സത്താൽ യാത്രയിൽ

മുക്കാൽ ഭാഗത്തോളം കയറിയപ്പോൾ മൊണാലിനെ കാണാൻ പറ്റി. ഇടയ്ക്കിടയ്ക്കു വരുന്ന സൂര്യന്റെ വെളിച്ചത്തിൽ, മഞ്ഞിൽ പുതഞ്ഞു നിൽക്കുന്ന മൊണാലിനെ മതിയാവോളം കണ്ടും ഫോട്ടോകൾ എടുത്തും മുന്നോട്ടു പോയി.

ഏറ്റവും മുകളിലെത്തിയപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ആഹ്ലാദമായിരുന്നു. ചുറ്റും മഞ്ഞിൽ മൂടി നിൽക്കുന്ന മലകളുടെ നിരനിരയായ മകുടങ്ങൾ സൂര്യന്റെ വെയിലേറ്റ് സ്വർണ നിറത്തിൽ തിളങ്ങുന്നു. കയറിയ ക്ഷീണമെല്ലാം ക്ഷണനേരം കൊണ്ട് എങ്ങോ പോയി. ആ മഞ്ഞിൽ കിടക്കുമ്പോൾ നമ്മൾ അതിലലിഞ്ഞു ചേരുന്നതുപോലെ. ജീവിതത്തിൽ ഇതുവരെ പ്രതീക്ഷിക്കാത്ത, അനുഭവിക്കാത്ത നിമിഷങ്ങൾ. ചൂട് കട്ടൻ ചായയും ഊതിക്കുടിച്ച്, മനസ്സിൽ വിചാരിച്ചു.. 'ഇനി തിരിച്ചു പോവേണ്ടതുണ്ടോ !!!'

വാൽകഷ്ണം : ചായയുടെ ചൂടും പോയി, തണുത്തു വിറച്ചു നിൽക്കുമ്പോൾ, പെട്ടെന്നാണ് ബാക്കിൽ നിന്നും " ദോഡാ ഹട്ടോ ഭായ്" എന്നൊരു ശബ്‌ദം. ഞങ്ങൾ തിരിഞ്ഞു നോക്കുമ്പോൾ, ഒരു പയ്യൻ ബർമുഡയും ഒരു ഇന്നർ ബനിയനും മാത്രമിട്ട്, ഞങ്ങളെയും മറികടന്ന് വളരെ കൂളായി അടുത്ത മലയുടെ മുകളിലേക്ക് കയറിപ്പോകുന്നു!

സഹയാത്രികർക്കൊപ്പം
പ്രതാപ് മേനോൻ, ജോഷി വർഗീസ്, സുലീഫ് ഹനീഫ

ഞാൻ ജോഷിയോടും പ്രതാപിനോടും ചോദിച്ചു " എന്നാ നമ്മൾ താഴേക്കു പോകുവല്ലേ"

English Summary:

Sattal is one of the most stunning of nature's gems in Uttarakhand.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com