ADVERTISEMENT

മറ്റാരോ നമുക്കുവേണ്ടിയൊരുക്കുന്ന കണ്ടക്റ്റട് ഡെസ്റ്റിനേഷൻ ടൂറുകളിൽനിന്നുമാറി, സ്വന്തം ഇഷ്ടത്തിനും സമയത്തിനും സൗകര്യത്തിനുമൊക്കെ യാത്രചെയ്യുന്ന സ്വാതന്ത്ര്യത്തിന്റെ ആഘോഷങ്ങളാണ് യഥാർഥത്തിൽ റോഡ് ട്രിപ്പുകൾ. കുറെ വർഷങ്ങളായി ഭർത്താവ് ജോൺസും മകൻ ഓസ്റ്റിനും മകൾ ഓഷിനും ഞാനും ചേർന്നുള്ള യാത്രകൾ ഇങ്ങനെയാണ്. ഞങ്ങൾ നാലുപേരും, ഞങ്ങളുടെ സ്വന്തം ടൊയോട്ട ഇന്നോവ ക്രിസ്റ്റയും. 14 സംസ്ഥാനങ്ങൾ, ഒരു അയൽരാജ്യം. മൊത്തം 10,000 കിലോമീറ്റർ. 32 ദിവസങ്ങൾ നീണ്ടുനിന്ന ഫാമിലി റോഡ് ട്രിപ്പ്. 

ഹിമാലയൻ താഴ്വാര വഴികൾ, മലമുകളിലെ ബുദ്ധവിഹാരവും കാണാം
ഹിമാലയൻ താഴ്വാര വഴികൾ, മലമുകളിലെ ബുദ്ധവിഹാരവും കാണാം

ആസൂത്രണം - ഒരുക്കം
കുടുംബവുമായി റോഡിലൂടെ ദീർഘയാത്ര എന്നതുകൊണ്ടുതന്നെ അത്യാവശ്യം ഒരുക്കങ്ങൾ ചെയ്തായിരുന്നു ഞങ്ങളുടെ യാത്ര. തവാങ് കാണണമെന്നുള്ളതിനാൽ ആ കാഴ്ചകൾകൂടി റൂട്ട്മാപ്പിൽ ഉൾപ്പെടുത്തി. പകൽ മാത്രം യാത്ര, രാത്രി താമസം. സമതലങ്ങളിൽ ദിവസം ഏതാണ്ട് 700 / 800 കിലോമീറ്റർ വരെ ഡ്രൈവ്, മലകളിൽ 200 / 300 വരെ വരുന്ന രീതിയിൽ ഗൂഗിൾ ഷീറ്റിൽ രേഖപ്പെടുത്തി. ഓരോ ദിവസത്തെയും വഴികൾ, കാണേണ്ട സ്ഥലങ്ങൾ, താമസസ്ഥലങ്ങൾ എല്ലാറ്റിനും ഗൂഗിൾ ഗുരു! 

പൈൻമരങ്ങൾക്കിടയിലെ വഴിയിലൂടെ തവാങ്ങിൽ
പൈൻമരങ്ങൾക്കിടയിലെ വഴിയിലൂടെ തവാങ്ങിൽ

ഞങ്ങളുടെ 2018 VX 2.4 (മാന്വൽ) ക്രിസ്റ്റയുടെ 50,000 കി.മീ. സർവീസ് ചെയ്തു റെഡിയാക്കി. 32 ദിവസത്തേക്ക്, കൊറോമാന്റൽ തീരത്തെ ഏപ്രിൽ തീച്ചൂടിനും നോർത്തീസ്റ്റ്‌ കുളിരിനും ഹിമാലയൻ മഞ്ഞിനും ഒക്കെയുള്ള പലതരം വസ്ത്രങ്ങൾ, അത്യാവശ്യം നട്സ്, ജ്യൂസ്, ചോക്ലേറ്റ് വകകൾ, 20 ലീറ്റർ വാട്ടർകാൻ എല്ലാം വണ്ടിയിൽ കയറ്റി. 10 ലീറ്റർ ഫോൾഡബിൾ വാട്ടർപൗച്ച്, ഓട്ടോമാറ്റിക് വാട്ടർ ഡിസ്പെൻസർ, ടയർ പഞ്ചർകിറ്റ്, കുഞ്ഞു വാക്വംക്ലീനർ എന്നിങ്ങനെ ഓൺലൈൻ ഷോപ്പിങ് പൊടിപൊടിച്ചു. ബുംല എൻട്രിപാസ്, അരുണാചൽ ഇന്നർലൈൻ പെർമിറ്റ്മുതൽ സഫാരിബുക്കിങ്ങുവരെയും ഓൺലൈൻവഴി ചെയ്തു. മകൻ ഒരു QR കോഡ് ഉണ്ടാക്കി കാറിന്റെ മുൻചില്ലിൽ ഒട്ടിച്ചു. പാർക്കിങ്ങിലോ വഴിയരികിലോ എന്തെങ്കിലും കാരണത്താൽ വണ്ടി മാറ്റണമെങ്കിൽ കോഡ് സ്കാൻ ചെയ്ത് അവനെ വിളിക്കാൻ പാകത്തിൽ. 

‘എക്സ്പ്ലോറിങ് ഇന്ത്യ’ എന്നു ഞങ്ങൾ തന്നെ പേരിട്ട, കോറോമാന്റൽ തീരവും ബംഗാൾ ഉൾക്കടൽതീരവുമടങ്ങുന്ന സമതലം, നോർത്തീസ്റ്റ്, ഭൂട്ടാൻ ഉൾപ്പെടെയുള്ള ഹിമാലയൻനാടുകൾ, മധ്യപൂർവഇന്ത്യ ഇങ്ങനെ നാലു ഭാഗങ്ങളായി തിരിക്കാം. 2023 ഏപ്രിൽ 14 പുലർച്ചെ 4ന് വീട്ടിൽനിന്നാരംഭിച്ച് തമിഴ്നാട്, ആന്ധ്രപ്രദേശ്, ഒറീസ, വെസ്റ്റ്ബംഗാൾ, ആസാം, മേഘാലയ, അരുണാചൽപ്രദേശ്, സിക്കിം, ബീഹാർ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, തെലുങ്കാന, കർണാടക ഇങ്ങനെ 14 സംസ്ഥാനങ്ങളും ഇടയിൽ ഭൂട്ടാനും കടന്ന് മേയ് 15ന്, 32-ാം ദിവസം വീട്ടിൽ തിരിച്ചെത്തി.

യാത്രയുടെ നാൾവഴികൾ
ആദ്യദിനം 750 km ഡ്രൈവ്, തൃശൂർ ഇരിങ്ങാലക്കുടമുതൽ ആന്ധ്രയിലെ നെല്ലൂർവരെ. ഗൂഗിൾ കാണിച്ച 14 മണിക്കൂർ, കൂളായി 10 മണിക്കൂർ ഡ്രൈവിൽ തീർത്ത് ക്രിസ്റ്റ ഞങ്ങൾക്കൊരു നല്ല തുടക്കം തന്നു. രണ്ടാം ദിനം വിജയവാഡയിലെ ഉണ്ടാവല്ലി ഗുഹകൾ, രാജമഹേന്ദ്രവാരത്തെ (പഴയ രാജമുന്ദ്രി) ഇസ്കോൺ ടെംപിൾ, ഗൗതമി-സരസ്വതി ഘാട്ടുകൾ കണ്ട് ഗോദാവരി തീരത്തുകൂടെ ഒരുച്ചനടത്തവും കഴിഞ്ഞ് രാത്രി വിശാഖപട്ടണത്ത്. മൂന്നാം ദിനം ഒറീസയിലെ പുരി ജഗന്നാഥക്ഷേത്രവും കൊണാർക്ക് സൂര്യക്ഷേത്രവും കണ്ടു. കൊണാർക്കിലെ ലൈറ്റ് & സൗണ്ട് ഷോ ചരിത്രത്തെ ശബ്ദവെളിച്ചങ്ങളാൽ ത്രസിപ്പിക്കുന്ന അനുഭവംതന്നെയായിരുന്നു.

പിറ്റേന്ന് ഭുവനേശ്വർ ലിംഗരാജക്ഷേത്രശിൽപചാരുത കണ്ട് കൊൽക്കത്ത ചരിത്രഭൂമികയിലേക്ക്... രണ്ടുനാൾ ഞങ്ങൾ മെട്രോയിലും ഊബറിലുമായി നഗരത്തിരക്കിലൂടെ അലഞ്ഞലിഞ്ഞ്, വിക്ടോറിയ മെമ്മോറിയൽ, ഇന്ത്യൻ മ്യൂസിയം, സെൻറ് പോൾസ് കത്തീഡ്രൽ, ബേലൂർ മഠം, മദർതെരേസകുടീരം, പ്രിൻസെപ് ഘാട്ട്, ആലിപോർ, ഹൗറ ഉൾപ്പെടെയുള്ള സ്ഥലങ്ങൾ വിശദമായിത്തന്നെ കണ്ടു. ഏഴാം ദിനം പുലർച്ചെതന്നെ, കലാസാഹിത്യ സാംസ്കാരികപെരുമ ഇന്നും പതിഞ്ഞതാളത്തിൽ സ്പന്ദിക്കുന്ന മഹാനഗരം വിട്ട്, 640 കിലോമീറ്റർ ഒറ്റയടിക്ക് ഓടി ജൽപായ്ഗുരിയിലേക്ക്. ഇടയിൽ ഫുൽവാരിക്കടുത്ത് ബംഗ്ലാബന്ധ എന്ന ബംഗ്ലാദേശ് ബോർഡർപോയിന്റിൽ 20 മിനിറ്റും ഉച്ചഭക്ഷണത്തിന് 40 മിനിറ്റും ചെലവഴിച്ചതൊഴിച്ചാൽ ഓട്ടംതന്നെയായിട്ടും, 15 മണിക്കൂർ എടുത്ത 640 കി.മീ. ഡ്രൈവ്. ഇടുങ്ങിയ നഗരവഴികൾ. പണി അനന്തമായി നീളുന്ന മോശം റോഡുകൾ. ഇന്ത്യൻ മെയിൻലാന്റിൽനിന്നു വടക്കുകിഴക്കൻമേഖലയിലേക്കു പ്രവേശിക്കാനുള്ള ഏകവഴിയായ സിലിഗുരി ഇടനാഴിയിലെ (Siliguri Corridor) വാഹനത്തിരക്ക്. ആ 400C ന്റെ കൊടുംചൂടും പൊടിക്കാറ്റും കടന്ന് ഇളംതണുപ്പുള്ള കൊച്ചുമലയോരപട്ടണത്തിൽ ഒരു രാത്രി. 

രണ്ടാം ഘട്ടം
എട്ടാം ദിവസം കാലത്ത് നോർത്തീസ്റ്റിന്റെ കവാടമായ ആസാമിലെ ഗുവാഹത്തിയിലെത്തിയതോടെ യാത്ര രണ്ടാം ഘട്ടത്തിലേക്കു കടന്നു. ആദ്യംതന്നെ നിലച്ചൽ കുന്നിൻമുകളിൽ കുടിയിരിക്കുന്ന കാമാഖ്യദേവിയെ കണ്ടു. ദേവി രജസ്വലയാകുമ്പോൾ ബ്രഹ്മപുത്ര ചുവക്കുമെന്ന പാരമ്പര്യവിശ്വാസങ്ങൾ. സൃഷ്ടിയുടെ സ്ത്രീഭാവം ഇത്രമേൽ സൂക്ഷ്മമായാവിഷ്കരിക്കുന്ന ശക്തിസ്ഥലം ഇന്ത്യയിൽ വേറെയുണ്ടോയെന്നു സംശയം. ദേവിയുടെ ‘ആ ദിവസങ്ങ’ളിൽ പുരുഷൻമാർക്കു പ്രവേശനമില്ലാത്ത ക്ഷേത്രം!

ഷില്ലോംഗ് കത്തീഡ്രലിൽ
ഷില്ലോംഗ് കത്തീഡ്രലിൽ
shillong

പിറ്റേന്ന്, യാത്ര അപ്പോഴേക്കും നാലായിരത്തോളം കിലോമീറ്ററാകും എന്ന കണക്കുകൂട്ടലിൽ, ഒരാഴ്ചമുൻപേ ഗുവാഹത്തി ഗാർഗ്യ ടൊയോട്ടയിൽ ഓൺലൈനായി ബുക്കു ചെയ്തിരുന്ന കാറിന്റെ 55,000 കിലോമീറ്ററിന്റെ സർവീസ് ചെയ്തു. അതു നന്നായി. കാരണം, ബ്രേക്പാഡ് മാറ്റാൻ സമയമായിരുന്നു. അങ്ങനെ അൺപാക്ക് ചെയ്ത ലഗേജ് റീപാക്ക് ചെയ്ത് മലകളിലേക്ക്... മേഘങ്ങളുടെ ആലയത്തിലേക്ക്... മേഘാലയൻ തലസ്ഥാനമായ ഷില്ലോങ്ങിൽ മൂന്നു രാത്രി താമസിച്ചു. മഴപ്പെയ്ത്തിന്റെ ലോകറെക്കോർഡ് സ്വന്തമായുള്ള മൗസിൻറം മലനിരകൾ, ഉമിയം തടാകം, ഷില്ലോങ് കത്തീഡ്രൽ, ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമമെന്നു കേൾവിപ്പെട്ട മൗളിനോങ്, റിവായിയിലെ ലിവിങ് റൂട്ട് ബ്രിഡ്ജ്, മൗജുബൻ ഗുഹകൾ, ലൈക്റ്റോർ പീക്ക്, ഡോകി ബംഗ്ലാദേശ് അതിർത്തി, ഉംഗോട്ട് നദി ഇങ്ങനെ ഖാസി, ഖാരോ, ജയന്ത്യ മലനിരകളിലൂടെ കയറിയും ഇറങ്ങിയും കുളിരും തണുപ്പുമാർന്ന മനോഹര കാഴ്ചകളിലൂടെ സഞ്ചരിച്ചു. പന്ത്രണ്ടാം ദിനം ഷില്ലോങ്ങിനോടു വിടപറഞ്ഞ് കാസിരംഗ നാഷണൽ പാർക്കിലെത്തി, ജീപ്പുസഫാരി നടത്തി. കാണ്ടാമൃഗം-മാൻ-കാട്ടുപോത്ത് കൂട്ടങ്ങളെ മതിയാവോളം കണ്ട്, ബ്രഹ്മപുത്ര തിരികെ കടന്ന് തേസ്പൂരിൽ ഒരു രാത്രി.

മൗസിൻറാം മലനിരകളിൽ
മൗസിൻറാം മലനിരകളിൽ
ലിവിംങ് റൂട്ട് ബ്രിഡ്ജിൻമേൽ
ലിവിംങ് റൂട്ട് ബ്രിഡ്ജിൻമേൽ

മൂന്നാം ഘട്ടം
പിറ്റേന്ന് ഹിമാലയൻ മലനിരകളിലേക്ക്; സഞ്ചാരികളുടെ സ്വപ്നഭൂമിയായ തവാങ്ങിലേക്കുള്ള യാത്രയായിരുന്നു. ബുദ്ധപാരമ്പര്യത്തിലൂടെയും ദലൈലാമയുടെ സഞ്ചാരപഥത്തിലൂടെയുമായിരുന്നു പിന്നീടുള്ള ഏതാനും ദിനങ്ങൾ. ഡിറാങ് ടിഡിഎൽ, ന്യംഗാമാപാ മൊണാസ്ട്രികൾ, നുറനങ് (ജുങ്) വെള്ളച്ചാട്ടം, തവാങ് മൊണാസ്ട്രിയുൾപ്പെടെ പല ബുദ്ധവിഹാരങ്ങൾ. ചക്സം അയൺ ബ്രിഡ്ജ്, ജയന്റ് ബുദ്ധപ്രതിമമുതൽ തവാങ് വാർ മ്യൂസിയത്തിലെ ഓർമചിത്രങ്ങളും ജസ്വന്ത് സിങ് വാർ മെമ്മോറിയൽ ഉൾപ്പെടെയുള്ള സ്മൃതിമണ്ഡപങ്ങളും. നമ്മുടെ സൈനികരുടെ അതിർത്തിസംരക്ഷണ പ്രയത്നങ്ങളുടെ ലൈറ്റ് & സൗണ്ട്ഷോ കണ്ടു കണ്ണുനിറഞ്ഞ്, നെഞ്ചിൽ കൈവച്ച് ദേശീയഗാനമാലപിക്കുന്ന തീക്ഷ്ണ വൈകാരിക നിമിഷങ്ങൾ. 

ബുംലയെന്ന മഞ്ഞുറഞ്ഞ അതിർത്തി
യാത്രയുടെ 16-ാം നാൾ പുലർച്ചെ ഇന്ത്യ-ചൈന അതിർത്തിയായ ബുംല പാസിലേക്കു മഞ്ഞിലൂടെയൊരു സാഹസികയാത്ര. മുൻകൂട്ടിയുള്ള സൈനിക അനുമതിയോടെയും വാഹനചക്രങ്ങളിൽ ഇരുമ്പുചങ്ങലയിട്ടും മാത്രമേ ഇവിടെ പോകാൻ സാധിക്കൂ. ഞങ്ങളുടെ ഹോംസ്റ്റേ ഉടമസ്ഥൻ ഏർപ്പാടാക്കിയ ബൊലേറോയിലായിരുന്നു ബുംലായാത്ര. നമ്മുടെ നാട്ടിൽ സൂര്യൻ ഉച്ചത്തിൽ കത്തിനിൽക്കുന്ന ഏപ്രിലിന്റെ ഒടുവിലും ബുംലയിൽ മഞ്ഞു പെയ്തുകൊണ്ടേയിരുന്നു. സൈനികവാഹനങ്ങളുടെ അകമ്പടിയോടെ കോൺവോയ് ആയിപ്പോകുന്ന വാഹനങ്ങളിൽ ഏതെങ്കിലുമൊന്ന് ഇടയ്ക്ക് മഞ്ഞിൽ തെന്നുമ്പോൾ നീണ്ട നിരയായി ക്ഷമയോടെ കാത്തുകിടന്നു. ഇടയ്ക്കിറങ്ങി മഞ്ഞിൽ കളിച്ചും കയ്യിലുണ്ടായിരുന്ന ക്രാൻബറി ജ്യൂസൊഴിച്ച് ഐസ്കാൻഡിയുണ്ടാക്കിയും ഞങ്ങൾ വീണ്ടും കൊച്ചുകുട്ടികളായി. അവിടെയെത്തി പട്ടാളമെസിന്റെ കൂടാരച്ചൂടിൽ അൽപം വിശ്രമം. ചായ/ കോഫി, നൂഡിൽസ്... പിന്നെ ഇന്ത്യ-ചൈന അതിർത്തിരേഖയിലേക്ക്. കൊച്ചുകൂട്ടങ്ങളായി സൈനികഅകമ്പടിയോടെ മഞ്ഞിലൂടെയുള്ള നടത്തം. 1962ലെ യുദ്ധചരിത്രം, ഏറ്റവും പുതിയ അതിർത്തി രക്ഷാപരിശ്രമങ്ങൾ, മഞ്ഞിൽ കിടുകിടുത്ത്, അതിർത്തിരേഖയെ നോക്കി, അപ്പുറത്തെ ചീനപട്ടാളക്കാരുടെ ബൈനോക്കുലർ-ക്യാമറ കണ്ണുകൾക്കു മുന്നിൽനിന്നുകൊണ്ടു നമ്മുടെ ധീരസൈനികരിൽനിന്നു നേരിട്ടുകേൾക്കുക, ഒരനുഭവംതന്നെയാണ്. 

ബുലയിലേയ്ക്ക് മഞ്ഞിൽ കാത്തുകിടപ്പ്
ബുലയിലേയ്ക്ക് മഞ്ഞിൽ കാത്തുകിടപ്പ്

ദുർഘടങ്ങൾ കാത്തിരിക്കുന്നു
പിറ്റേന്ന്, തവാങ്ങിന്റെ കവാടമായ സേലാപാസിറങ്ങി ബോംഡിലയിലെത്തി ചുരം കടന്ന് അരുണാചലിനോടു വിടപറഞ്ഞ് യാത്ര തുടർന്നു. പുതുപുത്തൻ ട്രാൻസ് ഹിമാലയൻ ഹൈവേയിലൂടെയിറങ്ങിവന്ന ഞങ്ങളെ കാത്തിരുന്നത്, മഴ കാരണം ഉഴുതുമറിച്ച ചെളി നിറഞ്ഞ പാടങ്ങൾപോലെയുള്ള റോഡുകളും മലയിടിച്ചിലിൽ വഴിയൊലിച്ചുപോയ റോഡില്ലായ്മകളുമാണ്. അതൊക്കെ കടന്നു ക്രിസ്റ്റ, ആസാമിൽ കടന്ന് കുറെദൂരം തേയിലത്തോട്ടങ്ങൾക്കിടയിലൂടെ ഓടിക്കഴിഞ്ഞപ്പോൾ പെട്ടെന്നു വിശാലപാടത്തിനു നടുവിൽ പകച്ചുനിന്നുപോയി. ഗൂഗിൾ മാപ്പിൽ ദേശീയപാത 10 എന്നു കാണിക്കുന്ന റോഡ് കുറുകെക്കീറി ചില ഇരുമ്പുപാളങ്ങൾ നെടുകെയിട്ടിരിക്കുന്നു. ആദ്യം ശങ്കിച്ചെങ്കിലും ഒന്നു കയറാൻ ശ്രമിച്ചപ്പോൾത്തന്നെ ടയർ അതിലൂടെ കടക്കില്ലെന്നു തീർത്തും ബോധ്യമായി. എന്തു ചെയ്യണമെന്നറിയാതെ നിൽക്കുമ്പോൾ ഒരു ആൾട്ടോ കൂളായിവന്ന് പാളങ്ങളിലൂടെയതാ കയറിപ്പോകുന്നു. പൊടുന്നനെ പാതിയിൽ ടയർ തെന്നിവീഴുന്നു. ജോൺസനും ഓസ്റ്റിനും ഒത്തുപിടിച്ച് അതിനെ എടുത്തുയർത്തി ഒരുതരത്തിലങ്ങ് കടത്തിവിട്ടു. ഇന്നോവ വീണാൽ എടുത്തുപൊക്കൽ സാധ്യമല്ലാത്തതിനാൽ ഞങ്ങൾ തിരിച്ചോടി. കുണ്ടും കുഴിയും നിറഞ്ഞ ഇടവഴികൾ പരീക്ഷിച്ച്, ഒടുവിൽ നാട്ടുകാരെ ആശ്രയിച്ച് ഏതൊക്കെയോ വഴികളിലൂടെ ബംഗാളിലെ ജയ്ഗോൺ എന്ന ഇന്ത്യ-ഭൂട്ടാൻ അതിർത്തിഗ്രാമത്തിൽ എത്തുമ്പോൾ സമയം രാത്രി 10 മണി. 515 കി.മീ. താണ്ടാൻ 15 മണിക്കൂർ! ഈ 32 ദിവസങ്ങളിലെ ഏറ്റവും ദൈർഘ്യം തോന്നിയ ദിവസം! 

സേലാപാസിൽ
സേലാപാസിൽ

ഭൂട്ടാനിലേക്കൊരു നടന്നുകടക്കൽ
പിറ്റേന്ന് ഫൂൻഷലിങ് ഇമിഗ്രേഷൻ ഓഫിസ്‌വഴി ഭൂട്ടാനിലേക്കു നടന്നുകയറി. രണ്ടു ദിവസംകൊണ്ടു തിംപു, പാറു നഗരങ്ങളിലൂടെ ഒരോട്ടപ്രദക്ഷിണം. താഷിച്ചോ ത്‌സോങ്, മെമ്മോറിയൽ ചോർട്ടൻ, സിംപ്ലിഭൂട്ടാൻ മ്യൂസിയം, ടാകിൻ മ്യൂസിയം, ചംഗ്ഗങ്ങാ തഗാങ്, ഡോഡെർമാ ഗ്രേറ്റ് ബുദ്ധ, പഞ്ചായൻ ദേവിക്ഷേത്രം, പാറോ തച്ഷോങ്, ടൈഗേഴ്സ് നെസ്റ്റ് ബേസ് ക്യാമ്പ്, റിംപുങ് ത്‌സോങ്, പേപ്പർ ഫാക്ടറി സന്ദർശിച്ചു. സന്തോഷത്തിന്റെ സ്വന്തം രാജ്യമായ ഭൂട്ടാന്റെ ഹരിതസുന്ദരമലകളും സുഖദമായ കുളിരും ഹോണടിയോ ഓവർടേക്കിങ്ങോ ഇല്ലാതെ പതിഞ്ഞ താളത്തിലുള്ള നഗരജീവിതവും നല്ല ഭക്ഷണവും ആവോളം ആസ്വദിച്ചു. 

ഭൂട്ടാനിൽ ബുദ്ധനൊപ്പം
ഭൂട്ടാനിൽ ബുദ്ധനൊപ്പം

തിരികെ ഇന്ത്യയിൽ
ഭൂട്ടാൻ മലകളിറങ്ങി തിരിച്ച് ജെയ്ഗോണിൽ ഒരു രാത്രി. പിറ്റേന്നു പുലർച്ചെത്തന്നെ സിക്കിമിലേക്ക് തീസ്തനദി കടന്ന് വീണ്ടും ഹിമാലയൻ മലനിരകളിലേക്ക്. ഗാങ്ടോക്കിലെ തക്കുർബാരി ക്ഷേത്രം, എൻചെയ്, ഗോങ്ചാങ് മോണാസ്ട്രികൾ, ഗണേഷ്ടോക്ക്, കാഞ്ചൻജംഗ വ്യൂപോയിന്റ് എല്ലാം കണ്ട് റുംടെക്കിൽ എത്തി. ഫുൾബ്രൈറ്റ് സുഹൃത്ത് കർമ താഷിയുടെ വീട്ടിൽ താമസം. പിറ്റേന്ന് റുംടെക് ധർമചക്ര മൊണാസ്ടി, രാവംഗള ബുദ്ധപാർക്ക്, പെലിങ് ഗ്ലാസ് സ്കൈവാക് എല്ലാം ഒറ്റദിവസത്തിൽ ഓടിയോടി കണ്ടുതീർത്ത് രാത്രി പെലിങ്ങിൽ തങ്ങി. ഭീകരമായി ഇടിഞ്ഞുവീണ, ഒരു വാഹനത്തിനു കഷ്ടിച്ചുമാത്രം കടന്നുപോകാവുന്ന പർവതവഴികളിലൂടെ തീർത്തും സാഹസികമായ ഡ്രൈവായിരുന്നു അന്നു മുഴുവൻ! 

24-ാം ദിവസം യാത്രയുടെ ഹിമാലയൻഘട്ടം കഴിയുകയായി. എസ്‍യുവിയെക്കാൾ മിടുക്കോടെ മലയായ മലയെല്ലാം അള്ളിപ്പിടിച്ചുകയറിയിറങ്ങിയ ക്രിസ്റ്റക്കുട്ടിയെ, ഭൂട്ടാനിൽനിന്നു വാങ്ങിയ ഹിമാലയൻഫ്ലാഗ് അണിയിച്ചാദരിച്ചു.

ഡാർജിലിങ്
അൽപം ഷോപ്പിങ്ങും തനതു ഭക്ഷണവും ആസ്വദിച്ച് മാൾറോഡിലൂടെ കുളിർനടത്തം. നഗരത്തിലൂടെ, ഹൈവേയുടെ ഇരുവശത്തുമായി മാറിയും മറിഞ്ഞും ഒപ്പം സഞ്ചരിക്കുന്ന ഡാർജിലിങ് ഹിമാലയൻ ഹൈവേയുടെ പാരമ്പര്യപ്രൗഢിയാസ്വദിച്ച് ഹിൽകാർട്ട് റോഡിലൂടെ, കോടയും നനുത്ത മഴയും വിഷാദമേറ്റിയ തിരിച്ചിറക്കം – യാത്രയുടെ നാലാം (അവസാന) പാദത്തിലേക്കു കടന്നു.

മധ്യഇന്ത്യയിലൂടെ മടക്കയാത്ര 
സിലിഗുരിക്കടുത്ത് ബാഗ്‌ദോഗ്രായിൽ രാത്രി തങ്ങി. 25-ാംനാൾ ബീഹാറിലേക്ക്. ഗംഗയുടെ വിശാലപരപ്പിനു മുകളിലൂടെ ഇന്ത്യയിലെ ഏറ്റവും നീളമുള്ള സ്റ്റീൽപ്പാലമായ മഹാത്മാസേതു കടന്ന് തലസ്ഥാനമായ പാട്നയിലെത്തി. പഴയ പാടലീപുത്ര മഹാനഗരത്തിലൂടെ ഗോൾഗർ, മഹാവീർ മന്ദിർ, ബുദ്ധസ്മൃതിപാർക് - കണ്ടൊരു സായാഹ്നനടത്തം. 

പിറ്റേന്ന് ഉത്തർപ്രദേശിലേക്ക്. യുനെസ്കോ പൈതൃകപെരുമയുടെ സാരനാഥിൽ – ഇന്ത്യയുടെ ബുദ്ധപാരമ്പര്യമുദ്രകൾ നെഞ്ചേറ്റുന്ന സാരനാഥ് ആർക്കിയോളജിക്കൽ മ്യൂസിയം, അശോകപില്ലർ, ബുദ്ധന്റെ ഭൗതികാവശിഷ്ടം സൂക്ഷിച്ചിട്ടുള്ള ധമേക്സ്തൂപ, ചൈനീസ്-ജാപ്പനീസ്-ശ്രീലങ്കൻ-ബർമീസ് ഉൾപ്പെടെയുള്ള മൊണാസ്(ടികൾ എല്ലാം കണ്ട് ഉച്ചയോടെ മധ്യപ്രദേശിലേക്കു പ്രവേശിച്ചു. രാത്രിക്കുമുൻപ് ഖജുരാഹോയിൽ എത്താം എന്നു കരുതി. നേരമിരുട്ടിത്തുടങ്ങിയപ്പോൾ കൊയ്തൊഴിഞ്ഞ പാടങ്ങളുടെ നടുവിലൂ   ടെയുള്ള വിജന വഴികളും പന്ന ടൈഗർ റിസർവിലൂടെ രാത്രിഡ്രൈവ് വേണ്ടിവരുമെന്നതും ഗൂഗിൾമാപ്പിൽ കണ്ടപ്പോൾ മനസ്സുമാറ്റി. നാഗോട് എന്ന കൊച്ചുപട്ടണത്തിൽ അന്നു രാത്രി താമസിച്ചു. 

പിറ്റേന്ന് എട്ടുമണിക്കുതന്നെ ഖജുരാഹോയിലെത്തി. വെസ്റ്റേൺ ക്ഷേത്രസമുച്ചയ കാഴ്ചകളിലേക്ക്... മാതംഗേശ്വർ, കണ്ടാരിയ മഹാദേവ, വിശ്വനാഥ, പ്രതാപേശ്വർ, പാർവതി, ചിത്രഗുപ്ത ക്ഷേത്രങ്ങളും സൂക്ഷ്മസുന്ദര ശിൽപങ്ങളും ഖജുരാഹോ ശിൽപചാരുതയുടെ സമാനതകളില്ലാത്ത പര്യായംതന്നെയാണ്. കുറച്ചുകൂടി നാശാവസ്ഥയിലുള്ള ഈസ്റ്റേൺ ക്ഷേത്രങ്ങൾ ഒരു ഡ്രൈവ്-ഇൻ കാഴ്ചയിലൊതുക്കി. ഇത്രയും ദിവസത്തെ റോഡ് യാത്രയിലാദ്യമായി, ഹോട്ടലിൽ ചെക്കിൻ ചെയ്ത് റിലാക്സേഷൻമൂഡിലേക്കു മാറി. 

പിറ്റേന്ന് ഉച്ചയോടെയിറങ്ങി പുതിയ വഴികളിലൂടെ ഇന്ത്യയുടെ മധ്യത്തിലൂടെയോടി ജബൽപൂരിലെത്തി ആദിനാഥ് ദിഗംബർ ജൈനക്ഷേത്രം കണ്ട്, രാത്രിതാമസം. പിറ്റേന്ന് മഹാരാഷ്ട്രയിലേക്കുകടന്ന് നാഗ്പൂരിൽ കന്യാകുമാരി-ശ്രീനഗർ & കൊൽക്കത്ത-മുംബൈ ഹൈവേകളുടെ മധ്യഭാഗത്ത്, ഇന്ത്യയുടെ കൃത്യം നടുവിൽ സീറോമൈൽ പോയിന്റിലെത്തി കാറിന്റെയൊരു ക്ലിക്. പിന്നെയൊന്നു പടിഞ്ഞാട്ട് തിരിഞ്ഞ് ബാൽതാക്കറെ സമൃദ്ധി മഹാമാർഗ് എന്ന അടിപൊളി ആക്സസ്കൺട്രോൾഡ് നാഗ്പൂർ-മുംബൈ എക്സ്പ്രസ് വേയിലൂടെയോടി. വാർധയിലെ ഗാന്ധിജിയുടെ സേവാഗ്രാമത്തിൽ കുറച്ചുനേരം. ഗാന്ധിജിയും കസ്തൂർബയും താമസിച്ചിരുന്ന കുടിലുകൾ-ആദിനിവാസ്, ഗാന്ധിജി ഉപയോഗിച്ചിരുന്ന ടെലഫോണും ടൈപ്പ്റൈറ്ററും മാത്രമല്ല, പാമ്പിനെ പതുക്കെപ്പിടിച്ച് കാട്ടിൽകൊണ്ടുവിടാൻ ഉപയോഗിച്ചിരുന്ന പ്രത്യേക വടിയുൾപ്പെടെ അതുപോലെ സൂക്ഷിച്ചിരിക്കുന്നു. ഒപ്പം ജംനാലാൽ ബജാജിന്റെ ഗാന്ധിഭക്തിയുടെ ഓർമകളും! തീർത്തും ഗാന്ധിയനായി ഇന്നും നിലനിൽക്കുന്ന ആശ്രമത്തിലെ ചർക്കയിൽ നൂൽനൂൽപ്, പ്രകൃതിഭക്ഷണം ഒക്കെ ആസ്വദിച്ചു മുന്നോട്ടുപോയി. രാത്രി താമസം തെലുങ്കാനയിലെ അദിലാബാദിൽ. 3 നേരം ഭക്ഷണം 3 സംസ്ഥാനങ്ങളിലായി കഴിച്ച ഒരുദിവസംകൂടി! പിറ്റേന്ന് ഉച്ചയോടെ ഹൈദരാബാദിലെത്തി. സലാർജങ് മ്യൂസിയം, ചൗമഹല്ല പാലസ്, ചാർമിനാർ, ബിരിയാണി...  കാഴ്ചകൾ, രുചികൾ ആസ്വദിച്ച് ഷംസാബാദിൽ വിശ്രമം. പിറ്റേന്ന് ബാംഗ്ലൂരിലെത്തി കോളജുകാല ആത്മസുഹൃത്തിന്റെ വീട്ടിൽ പാട്ടും കഥകളുമായി ഒരു രാത്രി. 

32-ാം ദിവസം മേയ് 15ന് കാലത്ത് 10 മണിയോടെ ബാംഗ്ലൂർവിട്ട് 3 മണിയോടെ വാളയാർ കടന്ന് കേരളത്തിലേക്കു തിരിച്ചു‘ടയർ’കുത്തി. ഇരിങ്ങാലക്കുടയിലെ വീടിന്റെ സ്വാസ്ഥ്യത്തിലേക്ക് രാത്രിയോടെയെത്തി - ‘ഇന്ത്യ എക്സ്പ്ലൊറേഷൻ പാർട്ട് 2’ ദിനങ്ങൾ വേഗം വരട്ടെ എന്ന ആശയോടെ.‌

ബീഹാറിലെ ദർഭംഗയിൽ കൊണ്ട ദർഭമുന!

ഒരൊറ്റ ടയർപഞ്ചറാണ് ആകെ കാറിനു കിട്ടിയ ഒരു പണി. അതും എല്ലാ മലകളുമിറങ്ങി സമതലയാത്ര തുടങ്ങിയതിന്റെയന്ന്! ബീഹാറിലെ ദർഭംഗയിൽ ഉച്ചഭക്ഷണത്തിനായി നിർത്തിയപ്പോഴാണ് പഞ്ചർ കണ്ടത്. ഉടൻ സ്റ്റെപ്പിനിയെടുത്തിട്ട് പ്രശ്നം പരിഹരിച്ച് യാത്ര തുടർന്നു. 

ഭക്ഷണ വൈവിധ്യങ്ങൾ

യാത്രകൾ പൊതുവെ, വിവിധ ദേശങ്ങളുടെ രുചിനോട്ടങ്ങൾകൂടിയാണെങ്കിലും, ഇതൊരു ദീർഘയാത്രയായതിനാൽത്തന്നെ തീർത്തും അപരിചിത രുചികളിലേക്കു കടന്നുകയറിയില്ല. എങ്കിലും ചില്ലി യാക്, തുംപ്കപോലെയുള്ള വിഭവങ്ങൾ ഞങ്ങൾ പരീക്ഷിച്ചു. ഭൂട്ടാൻ, സിക്കിം, അരുണാചൽ പ്രദേശിലെ സുലഭമായ പോർക്, മോമോസ് വൈവിധ്യങ്ങളും ഓരോ സംസ്ഥാനത്തിന്റെയും തദ്ദേശീയമായ താലിമീൽസ്, പച്ചക്കതോരനുകൾ എന്നിവയും ഞങ്ങളേറെ ആസ്വദിച്ചു. 

ഇന്ധനച്ചെലവും മൈലേജും

നമ്മൾ മൂന്നു ഡ്രൈവർമാർ ഉണ്ടല്ലോ എന്നു പറഞ്ഞാണ് ഞങ്ങളിറങ്ങിയതെങ്കിലും ഏകദേശം 9000 km ഡ്രൈവും മകൻ ഓസ്റ്റിൻതന്നെയായിരുന്നു. ഞാനൊരു 200 കി.മീ. ഉം ജോൺസൻ 800 കി.മീ. ഉം മാത്രം! 10,000 കി.മീ. ദൂരത്തിന് മൊത്തം വേണ്ടിവന്നത് 680 ലീറ്റർ ഡീസലാണ്. കരുതിയതിലും കൂടുതൽ മൈലേജ്! ആകെ ഇന്ധനചെലവ് 65000ൽ നിന്നു.

ഇന്ത്യയെ കണ്ടെത്തൽ

മനസ്സും മാർഗവുമുണ്ടെങ്കിൽ ഇന്ത്യ കാണാനേറ്റവും നല്ലത് സ്വന്തം വാഹനത്തിൽ റോഡ്മാർഗംതന്നെയാണ്. വിശാലവൈവിധ്യമായ ഈ ഭൂമിയിലെ എക്സ്പ്രസ് വേകൾമുതൽ പൊടിമണ്ണും കല്ലും നിറഞ്ഞ ഊടുവഴികൾവരെയും ഓടുമ്പോൾ നമ്മുടെ മുന്നിൽ തെളിയുന്ന ജീവിതചിത്രങ്ങൾ അനന്തമാണ്. ചാണകവറളി പൊത്തിയ പനയോല കുടിലുകൾമുതൽ ചരിത്രത്തിലൂടെ വിവിധ രാജവംശങ്ങളുടെ പടയോട്ടങ്ങളുടെ ശേഷിപ്പുകൾ, വാസ്തുവിദ്യ-ശിൽപകലാവിസ്മയങ്ങൾ, പൗരാണിക-സാംസ്കാരിക കലാരൂപങ്ങൾവരെയും. അതിൽ കൂടുതലും ചരിത്രത്തിന്റെ ഭ്രമിപ്പിക്കുന്ന സ്മാരകശിലകൾ!

പതിനാലു സംസ്ഥാനങ്ങളിലെയും പൊടിമണ്ണുപറ്റിയ കാറുമായി തിരിച്ചെത്തി ഞങ്ങൾ 33-ാം നാൾ കാലത്ത് വീട്ടുമുറ്റത്ത് കാർ കഴുകി. ഈ മണ്ണ് നമ്മുടെ സ്വന്തം ഭൂമി എന്ന വൈകാരിക ദേശീയഭാവത്തോടെ! അതെ, യാത്രകൾ അവസാനിക്കുന്നില്ല.

English Summary:

Epic 32-Day Journey of One Family's India Exploration in a Toyota Innova: Discover Adventure on the Open Road

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com