ADVERTISEMENT

ദേവലോകരഥത്തില്‍ തന്നെ കൊണ്ടുപോകാനായി വന്നെത്തുന്ന പതിക്കായി പ്രണയിനിയുടെ നൂറ്റാണ്ടുകളായുള്ള കാത്തിരിപ്പ്. പൗര്‍ണമിത്തിങ്കളില്‍ കുളിച്ച് പ്രകൃതി പൂനിലാവിതറുമ്പോള്‍ കോവലനെത്തും; രഥവുമായി. തന്റെ പ്രിയതമയെ സ്വർഗലോകത്തേക്കു കൊണ്ടുപോകാന്‍...വര്‍ഷം മുഴുവന്‍ യോഗനിദ്രയിലാണ്ട് ചിത്രാപൗര്‍ണമിനാള്‍ മിഴിതുറക്കുന്ന കണ്ണകീദേവിയെ കാണാനായി അരലക്ഷത്തോളം തീര്‍ത്ഥാടകരാണ് ഈ ദിനം കണ്ണകീകോട്ടത്തിലെ മംഗളാദേവീക്ഷേത്രത്തില്‍ എത്തുന്നത്. 2014 ൽ ദേവികുളം അഡ്വൈഞ്ചർ അക്കാദമിയിലെ പരിശീലനത്തിന് ശേഷമാണ് നിനച്ചിരിക്കാതെ വീട്ടിലേക്കുള്ള യാത്രക്കിടെയാണ് മംഗളാദേവിയിലേക്ക് പോകാൻ തോന്നിയത്,. മൂന്നാമത്തെ മംഗളാദേവിയാത്രയായിരുന്നു. പരിശീലനത്തിന്റെ ക്ഷീണവും ഉറക്കക്കുറവും യാത്രയ്ക്ക് തടസ്സമായില്ല. പുലർകാലത്ത് കുമളിയിലെത്തി. മലകയറ്റത്തിനു തയാറായി നിൽക്കുന്ന ജീപ്പിലേക്കുള്ള നീണ്ട വരിയിൽ കുറച്ചുനേരം നിന്നു. വരിക്ക് അനക്കമൊന്നുമില്ലെന്നുകണ്ട് ഇറങ്ങി നടന്നു. കുമളി ടൈഗർറിസർവിലേക്കുള്ള പ്രവേശനകവാടത്തിൽ നിന്ന് 14 കിലോമീറ്റർ വരുന്ന യാത്ര നടന്നുതന്നെ കയറി. നല്ല ക്ഷീണമുള്ളതുകൊണ്ട് മലയിറങ്ങാൻ ജീപ്പിനെ ആശ്രയിക്കേണ്ടിവന്നു.

mangaladevi-02

സമുദ്രനിരപ്പില്‍ നിന്ന് 1337 മീറ്റര്‍ ഉയരത്തില്‍ കേരള - തമിഴ്‌നാട് അതിര്‍ത്തിയില്‍ ഇടുക്കി-തേനി ജില്ലകളിലാണ് ഗതകാലപ്രൗഢി വിളിച്ചോതുന്ന കാനനക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തമിഴ്‌നാട്ടിലെ തേനിയില്‍ നിന്ന് 63 കിലോമീറ്ററും കൊച്ചി എയര്‍പോര്‍ട്ടില്‍ നിന്ന് 140 കി.മീ യും കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 107 കി.മീ ദൂരവുമുണ്ട് കുമളിക്ക്. തേനിജില്ലയിലെ പഴിയങ്കുടിയില്‍ നിന്നു ഏഴ് കിലോമീറ്ററും ഇടുക്കിയിലെ തേക്കടിയില്‍ നിന്ന് 15 കിലോമീറ്ററും അകലം. 

mangaladevi-03

ചിത്തിരമാസത്തിലെ (ഏപ്രില്‍ -മേയ്) പൗര്‍ണമി നാളില്‍ മാത്രമാണ് ആളുകള്‍ക്ക് മംഗളാദേവിയിലേക്ക് പ്രവേശനമുള്ളത്. അന്നേദിവസം രാവിലെ ആറുമണിമുതല്‍ വനപാലകര്‍ തീര്‍ത്ഥാടകര്‍ക്കായി മംഗളാദേവീക്ഷേത്രത്തിലേക്കുള്ള കാനനപാത തുറന്നുകൊടുക്കും. കുമളി ബസ്സ്റ്റാന്റില്‍ നിന്ന് മലമുകളിലേക്ക് ജീപ്പ് സര്‍വീസുണ്ട്. പ്രത്യേക പെര്‍മിറ്റുള്ള ജീപ്പുകള്‍ക്കു മാത്രമാണ് പ്രവേശനാനുമതി. 

mangaladevi-05

സംഘകാലത്തോളം പഴക്കമുണ്ട് കണ്ണകീചരിതത്തിന്. ചരിത്രത്തിന്റെ, വിശ്വാസത്തിന്റെ, കയറ്റിറങ്ങളില്‍ തീര്‍ത്ഥാടകരുടെ നീണ്ട കാത്തിരിപ്പാണ്, വര്‍ഷത്തിലൊരിക്കല്‍ മാത്രമുള്ള നടതുറക്കലിന് സാക്ഷ്യം വഹിക്കാന്‍. ഓരോ വര്‍ഷവും സഞ്ചാരികളെ തന്നിലേക്ക് ആകര്‍ഷിക്കാനുള്ള എന്തോ ഒന്ന് ആ മലമുകളിലുണ്ട്. മധുരയില്‍ പാണ്ഡ്യരാജാവായ 'ആരിയപ്പടൈ കടന്ത നെടുഞ്ചേഴിയന്‍' എന്നറിയപ്പെടുന്ന നെടുംചെഴിയന്‍ ഒന്നാമന്റെ ഭരണകാലം. പാണ്ഡ്യരാജ്ഞി കോപ്പെരുന്ധേവിയുടെ ചിലമ്പ് കാണാതാവുന്നു. കണ്ണകിയുടെ ചിലമ്പ് വില്‍ക്കാന്‍ മധുരയിലെത്തിയ കോവലനെ രാജ്ഞിയുടെ ചിലമ്പ് മോഷ്ടിച്ച കുറ്റം ചുമത്തപ്പെട്ട് വിചാരണകൂടാതെ രാജഭടന്‍മാര്‍ കോവലന്റെ തലവെട്ടി. കോപാന്ധയായ പത്‌നി കണ്ണകി, സംഹാരമൂര്‍ത്തിയായി മുലപറിച്ചെറിഞ്ഞ്, മധുരാപുരി ചുട്ടെരിക്കുകയും ചോരകിനിയുന്ന, അറ്റുപോയ, മാറിടവും അഴിഞ്ഞ ചികുരഭാരവുമായി മധുരാനഗരം ഉപേക്ഷിച്ച് വൈഗാതീരംവഴി പടിഞ്ഞാട്ട്‌നടന്ന് മലനാട്ടിലെത്തി. പെരിയാര്‍വനത്തില്‍ സുരുളിയിലെ (മുരുഗവേല്‍കുണ്ഡ്രം) തിരുച്ചെങ്കുന്നിലെത്തി ഒരു വേങ്ങമരത്തിനു കീഴില്‍ ഇരിപ്പുറപ്പിച്ചു, വിണ്ണിലേക്കു വിടചൊല്ലിയ പതിയേയും കാത്ത്...

mangaladevi-07
mangaladevi-09

ചിത്തിരമാസത്തിലെ പൗര്‍ണമിരാവില്‍ കോവലന്‍ വിണ്ണില്‍നിന്ന് സുവര്‍ണരഥത്തില്‍ കണ്ണകിയെത്തേടി വിജനമായ പുല്‍മേട്ടിലെത്തി. പ്രതികാരാഗ്‌നിയില്‍ ജ്വലിച്ച ആ പെണ്‍മനസ്സ് ആര്‍ദ്രമായി,  കോപാഗ്‌നി ശമിച്ചുവെന്നും  കണ്ണകിയേയും കൊണ്ട് കോവലന്‍ സ്വര്‍ലോകം പൂകിയെന്നുമാണ് വിശ്വാസം. ആ ചിത്രാപൗര്‍ണമിയില്‍ സീമന്തിനിയായ അവള്‍ വീണ്ടും കൈവളകളണിഞ്ഞു, കാല്‍ത്തളകളണിഞ്ഞു.....

mangaladevi-10

അഞ്ചുമണിമുതല്‍ തുടങ്ങും കുമളിയില്‍ വാഹനത്തിനായുള്ള തീര്‍ത്ഥാടകരുടെ കാത്തിരിപ്പ്. ഇരുളുമാഞ്ഞു വെളിച്ചം വീണുതുടങ്ങിയപ്പോഴേക്ക് വരിയ്ക്ക് നീളവും വണ്ണവും ഏറിയിരുന്നു. നീണ്ടുവരുന്ന വരിയ്ക്കിടയിലേക്ക് തന്ത്രപൂര്‍വം നുഴഞ്ഞുകടന്ന് ജീപ്പില്‍ കയറിപറ്റുന്നവരും പലയിടങ്ങളില്‍ നിന്നുസംഘങ്ങളായി വന്നവരും വാഹനങ്ങളില്‍ യാത്രതിരിക്കുന്നു. ഞങ്ങളുടെ ഊഴത്തിനായി കാത്തിരുന്നാല്‍ മിക്കവാറും അടുത്ത വര്‍ഷമാകും. വരിയില്‍ നിന്നു മടുത്തതോടെ പുറത്തു കടന്ന് കൂര്‍ത്ത കല്ലുകളും കുഴികളുമുള്ള മലമ്പാതയിലൂടെ, മത്സരിച്ചോടുന്ന വാഹനങ്ങള്‍ക്കിടയിലൂടെ, നടക്കുന്നവര്‍. ഇരുവശവുമുള്ള പുല്‍മേടുകളും ചോലവനങ്ങളും വന്‍മരങ്ങളും കൊച്ചരുവികളുമൊക്കെ പിന്നിട്ടുവേണം മലമുകളിലെത്താന്‍. വനസ്ഥലിയിലൂടെയുള്ള ആ കാല്‍നടയാത്ര മനസ്സിനും ശരീരത്തിനും പ്രത്യേക ഉണര്‍വേകി. നടക്കാന്‍ വിരലിലെണ്ണാവുന്ന സ്ത്രീകളേ ഉളളൂ. 

mangaladevi-08

ചെങ്കുത്തായ കയറ്റിറക്കങ്ങളിലൂടെ കാനനപാതകള്‍ പിന്നിട്ട് കാല്‍നടയായി പതിനാലുകിലോമീറ്ററോളം ദുര്‍ഘടവും അതിസാഹസികവുമായ യാത്ര. എന്റെ നാലാമത്തെ യാത്രയാണ്. ആദ്യമൂന്നു തവണയും ഏകാന്തപഥികയായിരുന്നു. ഇത്തവണ അപര്‍ണയേയും കൂട്ടുകിട്ടിയിട്ടുണ്ട്. ഒറ്റയ്ക്കുപോയപ്പോള്‍ ഏതെങ്കിലും ഒരു ഭാഗത്തേക്കാണ് നടന്നുപോയിരുന്നത്. ഇത്തവണ മലകയറുന്നതും ഇറങ്ങുന്നതും നടന്നിട്ടുവേണം എന്ന് ഞങ്ങള്‍ ഉറപ്പിച്ചിരുന്നു. 

കാല്‍നടക്കാരെ പിന്നിലാക്കി, സഞ്ചാരികള്‍ക്കുനേരെ പുകയും പൊടിയും തുപ്പി, പുച്ഛിച്ചുകൊണ്ട് വാഹനങ്ങള്‍ ചീറിപ്പാഞ്ഞുപോയി. സര്‍ക്കാര്‍ വാഹനങ്ങളുമുണ്ട് കൂട്ടത്തില്‍. വഴിയിലുടനീളം കുടിവെള്ളവും ചികിത്സാസംവിധാനങ്ങളും ആംബുലന്‍സുമുള്‍പ്പെടെ യാത്രികര്‍ക്കുവേണ്ടിയുളള സൗകര്യങ്ങളൊരുക്കിയിരുന്നു. കര്‍ശനമായ സുരക്ഷാ പരിശോധനയാണ്. ബോംബ് സ്‌ക്വാഡും രംഗത്തുണ്ട്. എണ്‍പതുകളില്‍ തമിഴ്നാടും കേരളവും തമ്മില്‍ അതിര്‍ത്തി ത്തര്‍ക്കമുണ്ടായിരുന്നതിനാല്‍ തീര്‍ത്ഥാടകരുടെ സുരക്ഷയില്‍ ജാഗരൂകരാണ് അധികൃതര്‍.

mangaladevi-04

ജീപ്പുകള്‍ ഹെയര്‍പിന്‍ വളവുകളിലൂടെ പൊടിപറത്തി ആടിയുലഞ്ഞ് കയറ്റം കയറി പാഞ്ഞുപോയി. ദൂരെദൂരെ കുറേ കുന്നുകള്‍ക്ക് ഇടയില്‍ മുകളില്‍ ഉറുമ്പിന്‍കൂട്ടം പോലെ ചില നിഴലനക്കങ്ങള്‍. തീര്‍ത്ഥാടകരാണ്. ആ മലമുകളിലാണ് ഞങ്ങള്‍ക്കു പോകേണ്ടത്. കാഴ്ചയില്‍ത്തന്നെ മനസ്സില്‍ ആവേശം അലയടിച്ചുയര്‍ന്നു.

നാടിന്റെ ചൂടും ചൂരുമൊന്നുമില്ലെങ്കിലും അധിവാസവും തീര്‍ത്ഥാടനവും ഈ കാനകത്തേയും മലീമസമാക്കിയിട്ടുണ്ട്. ആനകളും കാട്ടുപോത്തുമൊക്കെ ദാഹം തീര്‍ക്കാനെത്തുന്ന തടാകങ്ങളും നീരുറവകളുമൊക്കെ വറ്റിവരണ്ടുണങ്ങിയിട്ടുണ്ട്. കൗതുകത്തോടെ കാട്ടിനകത്തേക്കെത്തിനോക്കി, കാട്ടാനപോയിട്ട് ഒരു കുഴിയാനയെപോലും കാണുന്നില്ല. വാഹനങ്ങളുടെ ചീറിപ്പാച്ചിലില്‍ മുഖരിതമായ കാട്ടുപാതകളില്‍ നിന്ന് അവയെല്ലാം ഓടിയൊളിച്ചിട്ടുണ്ടാവണം. ഒരു ചെങ്കീരിമാത്രം മുഖം കാണിച്ചുകടന്നുപോയി. കുറേ കുരങ്ങന്‍മാരെ കണ്ടു. വനമേഖലയായിട്ടുപോലും ചൂടിന് കുറവൊന്നുമില്ല. പ്ലാസ്റ്റിക് നിരോധനം ശക്തമാക്കിയിട്ടുണ്ട്. ഇത്തരം വൈകിയെത്തിയ നിരോധനങ്ങളിലൂടെയെങ്കിലും കാടിന്റെ ജൈവത സജീവമാക്കി നിലനിര്‍ത്താനായെങ്കില്‍... 

അതിരാവിലെ ആരംഭിച്ച യാത്ര അവസാനിച്ചത് ഒമ്പതുമണിയോടെയാണ്. കയറ്റംകയറി മലമുകളിലെത്തിയപ്പോള്‍ കണ്ടത് ഇടിഞ്ഞുപൊളിഞ്ഞ കരിങ്കല്‍ക്ഷേത്രാവശിഷ്ടങ്ങള്‍ മാത്രം. ആയിരത്താണ്ടുകളുടെ പഴമയും ഗരിമയും പ്രൗഢിയുമൊക്കെ വിളിച്ചോതുന്ന ഒരു പുരാതനക്ഷേത്രം. വണ്ണാത്തിപ്പാറ എന്നും കണ്ണകികോട്ടമെന്നും മംഗളാദേവി  ക്ഷേത്രമെന്നും അറിയപ്പെടുന്ന സ്ഥലത്ത് മുമ്പ് പതിവായി പൂജാദികര്‍മങ്ങള്‍ നടന്നിരുന്നു. ഇന്ന് ചിത്രാപൗര്‍ണമി നാളില്‍ മാത്രമേ നട തുറക്കുകയുള്ളൂ. മറ്റു ദിവസങ്ങളില്‍ പ്രവേശനത്തിന് തേക്കടി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അനുമതി ലഭിക്കണം. പെരിയാര്‍ കടുവ സംരക്ഷണകേന്ദ്രത്തിനുളളിലാണ് ക്ഷേത്രം. റവന്യൂ-ഫോറസ്റ്റ്-ഹെല്‍ത്ത് വകുപ്പുകള്‍ സുഗമമായ ക്ഷേത്രദര്‍ശനത്തിന് അവസരമൊരുക്കുന്നു. 

കണ്ണകികോട്ടത്തില്‍ നിന്നാല്‍ പശ്ചിമഘട്ടത്തിന്റെ ചാരുതയും തമിഴകത്തിന്റെ ഗ്രാമീണസൗന്ദര്യവും കാണാം. പുരാതന തമിഴകത്തെ ചേരരാജാവ് ചെങ്കുട്ടുവനാണ് അനുജന്‍ ഇളങ്കോവടികളുടെ അനശ്വരകാവ്യം ചിലപ്പതികാരം ശിലാകാവ്യമാക്കിയത് എന്നാണ് വിശ്വാസം. മംഗളാദേവിയിലെ പൗരാണികക്ഷേത്രത്തിന് 2000 വര്‍ഷത്തോളം പഴക്കമുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച് മതിയായ രേഖകളൊന്നും ലഭിച്ചിട്ടില്ല. ഹിമാലയത്തില്‍ നിന്നു കൊണ്ടുവന്ന ശില കൊണ്ടാണത്രെ വിഗ്രഹം നിര്‍മിച്ചിട്ടുള്ളത്. പ്രതിഷ്ഠാചടങ്ങുകള്‍ക്ക് ശ്രീലങ്കന്‍ രാജാവായിരുന്ന ഗജബാഹു(ഗജബാഹുക ഗാമിനി)വിനെപ്പോലെയുള്ള പ്രമുഖര്‍ പങ്കെടുത്തിരുന്നതായി പറയപ്പെടുന്നു. ശ്രീലങ്കന്‍ രാജാവായ ഗജബാഹുകഗാമിനി എന്നറിയപ്പെടുന്ന ഗജബാഹുവിനെ പോലുള്ളവര്‍ വിഗ്രഹപ്രതിഷ്ഠാവേളയില്‍ സംബന്ധിച്ചിരുന്നതായി പറയപ്പെടുന്നു. 

പാണ്ഡ്യശില്പചാതുരിയില്‍, ചെത്തിമിനുക്കിയ കനത്ത കരിങ്കല്‍പാളികള്‍ അടുക്കിവച്ച്, കോട്ടയുടെ രീതിയിലാണ് ക്ഷേത്രനിര്‍മിതി. മലമുകളിലേക്ക് കരിങ്കല്‍ പാളികള്‍ എത്തിക്കുന്നതിനുള്ള പ്രയാസം നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. ജീര്‍ണിച്ച് നിലംപരിശായ ശിലാശേഷിപ്പുകള്‍ മാത്രമാണ് ഇന്നുള്ളത്. ഉള്ളില്‍ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന മൂന്നാലു ക്ഷേത്രസമുച്ചയങ്ങള്‍. ശ്രീകോവിലിന്റേയും പ്രകാരങ്ങളുടേയും മുഖമണ്ഡപങ്ങളുടേയും  കമാനങ്ങളുടേയും അവശേഷിപ്പുകള്‍. കുരുത്തോലപ്പന്തലുകളും തോരണങ്ങളുംകൊണ്ട് ഉത്സവച്ഛായ പകര്‍ന്നിരിക്കുന്നു. ക്ഷേത്രസമുച്ചയത്തില്‍ മംഗളാദേവിയുടേത് കൂടാതെ നാല് കെട്ടിടങ്ങളുണ്ട്. ആദ്യം കാണുന്നത് കറുപ്പസ്വാമിയുടെ കോവിലാണ്. ശിവപ്പെരുമാള്‍, വിനായകന്‍ എന്നീ ഉപദൈവങ്ങളുമുണ്ട്. മംഗളാദേവിയുടെ കോവില്‍ പാടെ നിലംപതിച്ചിരിക്കുന്നു. വിഗ്രഹവും തകര്‍ത്തിട്ടുണ്ട്. ചിത്രാപൗര്‍ണമിക്ക് പൂജ നടത്തുന്നതിനുള്ള പഞ്ചലോഹവിഗ്രഹം കമ്പത്തുനിന്നാണ് കൊണ്ടു വരുന്നത്. 

ക്ഷേത്രസമുച്ചയങ്ങളൊന്നിലെ ഇടനാഴിയിലൊരു നിലവറ ഇരുമ്പുചങ്ങലയിട്ട് സംരക്ഷിച്ചിരിക്കുന്നു. കൃഷ്ണപ്പെരു മാളിന്റേതെന്നു വിശ്വസിക്കുന്ന, കൂട്ടത്തില്‍ വലിയ നാശമില്ലാത്ത കോവിലിനടിയില്‍, മധുരമീനാക്ഷിക്ഷേത്രത്തിലേക്കും പാണ്ഡ്യരാജധാനിയിലേക്കും  നീളുന്ന ഒരു രഹസ്യതുരങ്കപാതയുണ്ടെന്നു പറയപ്പെടുന്നു. കണ്ണകി മധുര ഉപേക്ഷിച്ച് കടന്നുവന്നതെന്ന് വിശ്വസിക്കപ്പെടുന്ന ഈ തുരങ്കമിപ്പോള്‍ മണ്ണടിഞ്ഞു നശിച്ചുപോയിരിക്കുന്നു. ഒറ്റച്ചിലമ്പണിഞ്ഞ് ക്രോധാഗ്‌നിയെ സ്‌നേഹാഗ്‌നിയായി മാറ്റിയ കണ്ണകിയുടെ തകര്‍ന്ന വിഗ്രഹം... ഒറ്റക്കാലില്‍ ചിലമ്പണിഞ്ഞ, അരയ്ക്കു മുകളില്‍ ശൂന്യമായ അര്‍ദ്ധപ്രതിമ മാത്രമാണ് കണ്ണകീപ്രതിഷ്ഠയിലേക്ക് വിരല്‍ചൂണ്ടുന്നത്.

ചേരരാജാക്കന്‍മാരുടെ അധീനതയിലായിരുന്ന ഈ പ്രദേശം പൂഞ്ഞാര്‍ രാജവംശം അധികാരത്തിലേറിയതോടെ നാശോന്മുഖമായി. കണ്ണകിയെപ്പോലെത്തന്നെ ക്ഷേത്രവും അവഗണനയിലായി. പിന്നീട്ടത് കാട്ടുകളളന്‍മാരുടെയും നിധിവേട്ടക്കാരുടേയും സാമൂഹികവിരുദ്ധരുടെയും സങ്കേതമായി. ഇതൊക്കെ ക്ഷേത്രത്തെ തകര്‍ത്തെന്നു വേണം കരുതാന്‍. എണ്‍പതുകളോടെയാണ് ക്ഷേത്രം അധികൃതരുടെ ശ്രദ്ധയില്‍പെടുന്നത്. കേരളമണ്ണില്‍ തമിഴ്നാട്ടുകാര്‍ ആരാധന നടത്തുന്നുവെന്ന് കേട്ടറിഞ്ഞ അധികാരികള്‍ സ്വതന്ത്രസഞ്ചാരത്തിന് നിയന്ത്രണമേര്‍പ്പെടുത്തുകയായിരുന്നു.

തമിഴ്നാടിലെ കമ്പം, തേനി, ഗൂഡല്ലൂര്‍, വൈഗാനദി, കേരളത്തിലെ മുല്ലപ്പെരിയാര്‍, കുമളി എന്നിവ അതിര്‍ വരമ്പുകളിടുന്ന ഈ പ്രദേശം കുമളി-തേക്കടി റേഞ്ചിനകത്ത് അമ്പത്തിനാലുസെന്റിലാണ് സ്ഥിതി ചെയ്യുന്നത്. കേരളവും തമിഴകവും സംയുക്തമായാണ് ചിത്രാപൗര്‍ണമി ഉത്സവം സംഘടിപ്പിക്കുന്നത്. തമിഴര്‍ കണ്ണകിയായും മലയാളികള്‍ ദുര്‍ഗയായും വെവ്വേറെ ഇടങ്ങളില്‍ പൂജ നടത്തുന്നു. റവന്യൂ-പൊലീസ് എന്നിവരുടെ സഹകരണത്തില്‍ തേനി-ഇടുക്കി ജില്ലാ ഭരണകൂടങ്ങളാണ് ഉത്സവം നടത്തുന്നത്. അതിനുള്ള അണിയറയൊരുക്കങ്ങള്‍ നടത്തുന്നതാകട്ടെ വനംവകുപ്പും. തര്‍ക്കഭൂമിയില്‍ ഇരുസംസ്ഥാനക്കാരും ഒത്തൊരുമയോടെ പൂജനടത്തുമ്പോള്‍ മേളവും മേളപ്പെരുക്കവുമൊക്കെ വിസ്മൃതമാകുന്നു. വനമേഖലയ്ക്കകത്തായതിനാല്‍ കൊട്ടും പാട്ടും മാത്രമല്ല, വലിയ ശബ്ദഘോഷങ്ങള്‍ക്കൊക്കെ നിരോധനമുണ്ടെന്നു തോന്നുന്നു. എങ്കിലും തമിഴ്സ്‌റ്റൈലില്‍ താളമേളങ്ങളില്ലാത്ത വില്‍പ്പാട്ടും കുംഭകൊടംചാടലും മലയാളികളുടെ പൊങ്കാലയിടലുമൊക്കെ നിശ്ശബ്ദമായിത്തന്നെ അരങ്ങേറുന്നുണ്ട്. ഗൂഡല്ലൂര്‍ കണ്ണകിയമ്മന്‍കോവിലില്‍നിന്ന് ഇരുപതുനാളത്തെ വ്രതമെടുപ്പിന് ശേഷമാണ് ഭക്തര്‍ ഉത്സവത്തിനെത്തുന്നത്. 

മധുരയില്‍നിന്നും കമ്പത്തുനിന്നുമൊക്കെ മഞ്ഞ വസ്ത്രക്കാര്‍ വ്രതാനുഷ്ഠാനങ്ങളോടെ മല കയറുന്നു. പാതിവ്രത്യത്തിന്റെ സ്ത്രീരൂപമായ കണ്ണകിക്കുമുന്നില്‍ കുപ്പിവളകളും മഞ്ഞള്‍താലിയും പൂജിച്ചണിയുന്ന തമിഴത്തികള്‍. പൊങ്കാലയടുപ്പുകൂട്ടുന്ന കേരളീയവനിതകള്‍. പേരറിയാത്ത പ്രതിഷ്ഠകള്‍ക്കു മുന്നില്‍ പ്രണമിച്ചുകൊണ്ട് കടന്നുപോകുന്ന തീര്‍ത്ഥാടകര്‍. മലമുകളില്‍ സഞ്ചാരികളുടെ വിശപ്പകറ്റാന്‍ പൊങ്കാലപ്രസാദവും സന്നദ്ധപ്രവര്‍ത്തകര്‍ വിതരണം ചെയ്യുന്ന അന്നദാനവുമെല്ലാമുണ്ട്. കമ്പത്തുള്ള കണ്ണകിയമ്മന്‍ ട്രസ്റ്റ് പ്രവര്‍ത്തകര്‍ മഞ്ഞക്കുപ്പായമിട്ട് ട്രാക്ടറുകളില്‍ സ്വാദിഷ്ടമായ തമിഴ് വിഭവങ്ങള്‍-വെണ്‍പൊങ്കലും സാമ്പാര്‍സാദവും കോവില്‍പുളിയോതരവും- എത്തിക്കുന്നു. കോട്ടയത്തെ കണ്ണകി ട്രസ്റ്റും ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. 

ഏകാന്തതയുടെ ആ മുന്നൂറ്ററുപത്തഞ്ചേകാല്‍ ദിനരാത്രങ്ങള്‍ പിന്നിട്ട് ഓരോ സഞ്ചാരിയുമെത്തുമ്പോള്‍ കണ്ണകിദേവിയ്ക്കുണ്ടാകുന്ന ആത്മസാക്ഷാത്കാരം. കാലങ്ങളായി കാത്തിരുന്ന മക്കള്‍ മാതൃസന്നിധിയിലെത്തുമ്പോള്‍ അമ്മയ്ക്കുണ്ടാകുന്ന ആത്മനിര്‍വൃതി പോലെ, ഇഷ്ടഭോജ്യങ്ങളുമൊരുക്കിയുള്ള ആ കാത്തിരിപ്പ്. അതാണ് മംഗളാദേവിയിലെത്തുമ്പോള്‍ അനുഭവപ്പെടുക. നാലുമണിയോടെ ഉത്സവാഘോഷങ്ങള്‍ക്കു വിരാമമിട്ടുകൊണ്ട് സഞ്ചാരികളെ പടിയിറക്കാനുള്ള തയാറെടുപ്പിലാവും അധികൃതര്‍. രണ്ടുമണിയ്ക്കുതന്നെ താഴെനിന്ന് സഞ്ചാരികളെ വഹിച്ചുകൊണ്ടുള്ള ജീപ്പുകള്‍ക്ക് ചുവപ്പുകൊടി കാട്ടുന്നു.

സഞ്ചാരികളൊഴിഞ്ഞ കാട്ടുപാതയിലൂടെ

സൂര്യന്‍ ആകാശമിറങ്ങുമ്പോള്‍ നാലുമണിയോടെ തീര്‍ഥാടകരെ ഒഴിപ്പിച്ചുതുടങ്ങും. പൗര്‍ണമിനിലാവില്‍ നീരാടാനെത്തുന്ന മംഗളാദേവിക്കുവേണ്ടി വഴിമാറിക്കൊടുത്തുകൊണ്ട് തീര്‍ത്ഥാടകര്‍, മലയിറങ്ങിത്തുടങ്ങും. തിരിഞ്ഞുനോക്കുമ്പോള്‍ ഒരു നറുമന്ദസ്മിതത്തോടെ ഒരുകൊല്ലം നീളുന്ന യോഗനിദ്രയിലേക്ക് ദേവി വിലയം പ്രാപിച്ചു കഴിഞ്ഞിരിക്കും. പൗര്‍ണമിരാവിന്റെ കുളിരും നൂണഞ്ഞ് നറുനിലാവില്‍ കുളിച്ചുനില്‍ക്കുന്ന കണ്ണകികോട്ടത്തില്‍ ദേവലോകരഥത്തിലെത്തുന്ന കോവലനൊപ്പം സ്വര്‍ലോകത്തേക്കു പോകുന്ന കണ്ണകിക്കു യാത്രാമംഗളവും നേര്‍ന്നു രാവെളുക്കുവോളം വണ്ണാത്തിപ്പാറയില്‍ പൂനിലാവും നോക്കിയിരിക്കാന്‍ കഴിഞ്ഞെങ്കില്‍.. വെറുതെ ആശിക്കാനെങ്കിലും...മഞ്ഞുപെയ്യുന്ന പുലര്‍കാലത്ത്, ഗൃഹാതുരത തിങ്ങും മനസ്സുമായ്, സഞ്ചാരികളൊഴിഞ്ഞ കാട്ടുപാതയിലൂടെ പതിയെ കുന്നിറങ്ങുവാനും നിറഞ്ഞമനസ്സോടെ അടുത്ത ചിത്രാപൗര്‍ണമിയ്ക്കായി കാത്തിരിക്കാനും വെറുതെ ആഗ്രഹിച്ചുപോകുന്നു.

ദൂരെദൂരെ മലമുകളില്‍ സഞ്ചാരികളുടെ പദചലനങ്ങള്‍ക്കായി കാതോര്‍ത്ത്, ചിത്രാപൗര്‍ണമിനാളില്‍ തന്നെത്തേടിയെത്തുന്ന കോവലനായുള്ള ഒരു വര്‍ഷം നീണ്ടു

നില്‍ക്കുന്ന കാത്തിരിപ്പിനൊപ്പം കണ്ണകി യോഗനിദ്രയിലേക്ക് വിലയം പ്രാപിക്കുമ്പോള്‍, ഇരുള്‍ വീഴുംമുമ്പേ കാനനപാത കടന്നുപോകാനുള്ള തയ്യാറെടുപ്പിലാണ് സഞ്ചാരികള്‍.

പത്തുവർഷത്തിനുശേഷം വീണ്ടും ഒരിക്കൽ കൂടി കണ്ണകീകോട്ടത്തിലേക്ക്

പത്തുവർഷത്തിനുശേഷം ഒരു മംഗളാദേവീയാത്ര. ഇത്തവണ കയറുന്നതും ഇറങ്ങുന്നതും നടന്നുതന്നെയാവണമെന്നു ഞാൻ ഉറപ്പിച്ചിരുന്നു. ആദ്യയാത്രകൾ തനിച്ചായിരുന്നുവെങ്കിൽ ഇത്തവണ എൻറെ ട്രക്കിങ് വിശേഷങ്ങൾ കേട്ടറിഞ്ഞ കുറച്ചു കൂട്ടുകാരും ഒപ്പമുണ്ട്. 23 ലെ ചിത്രാപൗർണമി യാത്രയ്ക്കുള്ള മുന്നൊരുക്കത്തിലേക്ക്...

English Summary:

Witness the Awakening of Mangaladevi: A Rare Pilgrimage on the Kerala-Tamil Nadu Border.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com