നാവിൽ കപ്പലോടിക്കുന്ന സായാഹ്നങ്ങൾ; കോഴിക്കോടൻ കാഴ്ചകളിലേക്ക്
Mail This Article
സർഗവസന്തം വിരിയിച്ച എഴുത്തുകാരുടെയും രുചിയുടെയും സ്നേഹം നിറഞ്ഞ ആതിഥ്യത്തിന്റെയും പെരുമയുള്ള നാടാണ് കോഴിക്കോട്. ഫൂട്ബോൾ ആവേശത്തിനും സാംസ്കാരിക മുന്നേറ്റങ്ങൾക്കും പ്രശസ്തമായ, ഹൽവയുടെ രുചിയുള്ള കോഴിക്കോടൻ കാഴ്ചകൾ ഏതൊരു സഞ്ചാരിയുടെയും മനം കവരും. അവധിക്കാലത്തിനു നിറം പകരുന്ന ചില കോഴിക്കോടൻ വിശേഷങ്ങൾ...
സർഗാലയയിലെ കാഴ്ചകൾഒരു ഗ്രാമത്തിലെ കലാകാരന്മാർ ഒരു കുടക്കീഴിൽ സ്വന്തം സൃഷ്ടികൾ അലങ്കരിച്ചിരിക്കുന്നു. മനോഹരമായ തടാകത്തിന്റെ കരയിൽ വാസ്തുഭംഗിയിൽ നിർമിച്ച മന്ദിരങ്ങളിൽ കാത്തിരിക്കുന്നതു കാഴ്ചയുടെ വിരുന്നാണ്. ശിൽപ്പങ്ങളും ആഭരണങ്ങളും കരകൗശല വസ്തുക്കളും ചിത്രങ്ങളും പ്രദർശിപ്പിച്ച സ്ഥലത്തേക്ക് ഇപ്പോൾ നൂറു കണക്കിനു സന്ദർശകരെത്തുന്നു. കോഴിക്കോട് ജില്ലയിലെ ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ് വിദേശ രാജ്യങ്ങളിലും പ്രശസ്തമാണ്.
നാട്ടിൻ പുറത്തെ കലാകാരന്മാർ തയാറാക്കിയ കരകൗശല വസ്തുക്കളും വീട്ടുപകരണങ്ങളുമാണ് കലാലയ ഗ്രാമത്തിൽ പ്രദർശിപ്പിച്ചു വിൽക്കുന്നത്. കമുകിന്റെ പാള കൊണ്ടു നിർമിച്ച ബാഗ് മുതൽ ടെറാക്കോട്ട ഉപയോഗിച്ചുള്ള ശിൽപ്പങ്ങൾ വരെ കാഴ്ചകൾ അനവധി. കയർ ഉപയോഗിച്ചുള്ള ശിൽപ്പങ്ങൾ, ചുമരിൽ വയ്ക്കാനുള്ള അലങ്കാര വസ്തുക്കൾ, മുളകൊണ്ടുള്ള ശിൽപ്പങ്ങൾ, കൈത്തറി വസ്ത്രങ്ങൾ, ചിരട്ടയിൽ നിർമിച്ച ആഭരണങ്ങൾ, ചുമർചിത്രങ്ങൾ... കരവിരുതിൽ മെനഞ്ഞെടുത്തിട്ടുള്ള ഈ കൗതുക വസ്തുക്കൾ നടന്നു കാണാൻ ഒരു മണിക്കൂറെങ്കിലും വേണം.
ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിന്റെ മതിൽക്കെട്ടിനുള്ളിൽ നേരംപോക്കിന് വേറെയുമുണ്ട് വഴികൾ. തടാകത്തിനു മുകളിലൂടെ കെട്ടിയിട്ടുള്ള വരാന്തയിലെ ഇരിപ്പിടങ്ങൾ പുതിയ അനുഭവമാണ്. ചവിട്ടി നീങ്ങുന്ന ബോട്ട് സവാരി തടാകത്തിന്റെ മനോഹാരിത വർധിപ്പിക്കുന്നു. മൂരാട് പുഴയുടെ തീരമാണ് ഇരിങ്ങൽ സന്ദർശകർക്കുള്ള ബോണസ്. മൂരാട് പുഴയിൽ ബോട്ട് സർവീസ് നടത്തുന്നുണ്ട്. കാന്റീനിലെ വിഭവങ്ങൾ അര മണിക്കൂർ നേരത്തേ ബുക്ക് ചെയ്താൽ ചൂടുള്ള വിഭവങ്ങൾ മേശപ്പുറത്തെത്തും.
കോഴിക്കോടു നിന്ന് 40 കിലോമീറ്റർ അകലെയാണ് ഇരിങ്ങൽ. വടകര ബസ് സ്റ്റാൻഡ് എത്തുന്നതിനു മുമ്പ് ഇടത്തോട്ടു തിരിഞ്ഞാൽ ക്രാഫ്റ്റ് വില്ലേജിന്റെ കവാടം കാണാം. പ്രവേശന ടിക്കറ്റ് ഒരാൾക്ക് 20 രൂപ. തിങ്കളാഴ്ച അവധി. കൂടുതൽ വിവരങ്ങൾക്ക് : 0496 2606015
കടപ്പുറവും കാപ്പാട് ബീച്ചും
കടലിന്റെ മനോഹരദൃശ്യം കൺനിറയെ കണ്ട്, കോഴിക്കോടിന്റെ സ്വന്തം ‘കല്ലുമ്മക്കായ’യും ‘ഐസ് ഒരതി’യും രുചിച്ച് കുടുംബസമേതമുള്ള സായാഹ്നങ്ങളാണ് കോഴിക്കോട് ബീച്ചിനെ അടയാളപ്പെടുത്തുന്നത്. അവധിക്കാല യാത്രകളിൽ ഒരിക്കലും മറക്കാത്ത ഓർമകൾ ഈ കടൽത്തീരം പകരുമെന്നതിനു സംശയം വേണ്ട. നഗരത്തിൽ നിന്നു നടന്നെത്താവുന്ന ദൂരത്താണ് ബീച്ച്. കോഴിക്കോട്ടെ മനോഹരമായ മറ്റൊരു കടൽത്തീരമാണ് ‘കാപ്പാട് ബീച്ച്’. നഗരത്തിൽ നിന്ന് 18 കിലോമീറ്റർ അകലെയാണ് കാപ്പാട്. 1498-ൽ വാസ്കോഡ ഗാമ കാലുകുത്തിയത് ഈ മണ്ണിലാണ്. സ്മാരക ഫലകവും കടൽത്തീരത്തെ പാറക്കൂട്ടങ്ങളും ചെറുക്ഷേത്രവുമാണ് ഇവിടുത്തെ മറ്റു കാഴ്ചകൾ.
പെരുവണ്ണാമുഴിച്ചന്തം
പ്രകൃതിദൃശ്യങ്ങൾക്ക് പേരുകേട്ട കോഴിക്കോടൻ കാഴ്ചയാണ് ‘പെരുവണ്ണാമുഴി ഡാം’. പക്ഷിസങ്കേതവും മുതല വളർത്തു കേന്ദ്രവുമുള്ള പെരുവണ്ണാമുഴി ഡാമിൽ ബോട്ടിങിനുള്ള സൗകര്യവുമുണ്ട്. മലബാർ വന്യജീവി സങ്കേതത്തിന്റെ ഭാഗമായ ഇവിടെയാണ് ‘ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസേർച്ചി’ന്റെ ആസ്ഥാനം. നഗരത്തിൽ നിന്ന് 43 കിലോമീറ്ററാണ് പെരുവണ്ണാമുഴിയിലേക്കുള്ള ദൂരം. ഞായറാഴ്ചയും പൊതു അവധികളുമൊഴികെയുള്ള ദിവസങ്ങളിൽ വൈകിട്ട് 6 വരെ ഡാം സന്ദർശിക്കാം. കൂടുതൽ വിവരങ്ങൾക്ക് – 0495 2720012, 0496 2662258
ഒരു നാടിന്റെ മുഴുവൻ സ്പന്ദനം ആവാഹിച്ച തെരുവുകാഴ്ചയായ മിഠായിത്തെരുവ്, കടലുണ്ടി പക്ഷിസങ്കേതം, തുഷാരഗിരി, അരിപ്പാറ വെള്ളച്ചാട്ടങ്ങൾ, നഗര ഹൃദയത്തിലെ വേറിട്ട അനുഭവങ്ങളായ മാനാഞ്ചിറ സ്ക്വയർ, തളിക്ഷേത്രം, പ്ലാനറ്റോറിയം എന്നിവയാണ് കോഴിക്കോടിന്റെ മറ്റു പ്രധാന കാഴ്ചകൾ. കൂടുതൽ വിവരങ്ങൾക്ക് – ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (DTPC) – 0495 2720012, 2702606