നാഗവല്ലിയുടെ തെക്കിനി ഇവിടെയാണ്, നമ്മുടെ സ്വന്തം കൊച്ചിയില്‍
Mail This Article
"ഗംഗേ...!"
മലയാളികള്‍ ജീവിതത്തിലൊരിക്കലും മറക്കാനിടയില്ലാത്ത ഒരു വിളിയായിരുന്നു അത്. നാഗവല്ലി ആവേശിച്ച ഗംഗയെ നോക്കി നകുലന്‍ വിളിച്ച ആ വിളി മുഴങ്ങിയത് ഇവിടെയായിരുന്നു. തെക്കിനിയും പടിഞ്ഞാറ്റയും കടന്ന് നാഗവല്ലിയെന്ന ദുരന്തനായികയുടെ പ്രേതം അലഞ്ഞു നടന്ന ആ തറവാട് ഇതായിരുന്നു. ജാലകം തുറന്ന് പ്രണയം തുളുമ്പുന്ന മിഴികളോടെ രാമനാഥന്‍ താമസിക്കുന്ന വീട്ടിലേക്ക് നാഗവല്ലി നോക്കി നിന്നത് ഈ 'വീട്ടി'ലെ തെക്കിനിയില്‍ നിന്നായിരുന്നു. വീടല്ല, യഥാര്‍ത്ഥത്തില്‍ അതൊരു കൊട്ടാരമായിരുന്നു. ഇത് ഹില്‍പാലസ്. അഥവാ തൃപ്പുണിത്തുറ കൊട്ടാരം.
സിനിമയിലെ ക്ലൈമാസ് രംഗം ശോഭനയുടെ ഒരു മുറൈ വന്ത് പാർത്തായാ എന്ന ഗാനത്തിന്റ ഭാഗങ്ങൾ ചിത്രീകരിച്ചത് ഇവിടെയല്ല. തിരുവനന്തപുരം പത്മനാഭപുരം കൊട്ടാരത്തിലാണ്. സിനിമയുടെ ഭൂരിഭാഗം ചിത്രീകരണങ്ങള്‍ക്കും ലോക്കേഷനായത് ഹിൽപാലസാണ്.
എറണാകുളം ജില്ലയിലാണ് ഈ കൊട്ടാരം. മെയിന്‍ റോഡില്‍ നിന്നും അല്‍പ്പം ഉയരത്തിലായാണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടാണ് ഈ കെട്ടിടത്തിനു 'ഹില്‍പാലസ്' എന്ന് പേരു വന്നത്. പടികള്‍ കയറിച്ചെല്ലുമ്പോള്‍ കയ്യില്‍ വിളക്കേന്തിയ രണ്ടു സ്ത്രീപ്രതിമകള്‍ സഞ്ചാരികളെ സ്വാഗതം ചെയ്യും. മൊത്തം 54 എക്കറിലായി പരന്നുകിടക്കുന്ന ഹില്‍പാലസ് ഇന്ന് കേരളത്തിലെ ഏറ്റവും വലിയ ആര്‍ക്കിയോളജിക്കല്‍ മ്യൂസിയമാണ്. കേരളത്തിന്‍റെ തനതു വാസ്തുശൈലിയില്‍ നിര്‍മിച്ച 49 കെട്ടിടങ്ങളാണ് ഇവിടെയുള്ളത്. 1865ല്‍ കൊച്ചി മഹാരാജാവാണ് ഈ കെട്ടിടസമുച്ചയം നിര്‍മ്മിച്ചത്. പിന്നീട് കേരള സര്‍ക്കാരിന് കൈമാറുകയായിരുന്നു. 1991ല്‍ തുറന്നു പ്രവര്‍ത്തനമാരംഭിച്ച ഈ മ്യൂസിയം കേരളത്തിലെ ആദ്യ ഹെറിറ്റേജ് മ്യൂസിയമായാണ് അറിയപ്പെടുന്നത്.
നിരാശപ്പെടേണ്ടി വരില്ല, കാണാനുണ്ട് ഏറെ
ഹില്‍പാലസിന്‍റെ പരിസരവും ഏറെ മനോഹരമാണ്. ഇതിന്‍റെ ഉള്ളില്‍ തന്നെ മാനുകളുടെ പാര്‍ക്കും ചില്‍ഡ്രന്‍സ് പാര്‍ക്കുമെല്ലാമുണ്ട്. നിരവധി മരങ്ങളും ഔഷധസസ്യങ്ങളുമടങ്ങിയതാണ് പാലസിന്‍റെ പരിസരം.
ഉള്ളിലേക്ക് കയറും മുന്നേ കയ്യിലുള്ള ക്യാമറ, മൊബൈല്‍ഫോണ്‍ മുതലായവയും ചെരിപ്പുകളും ക്ലോക്ക് റൂമില്‍ വയ്ക്കണം. മ്യൂസിയത്തിനുള്ളില്‍ ഇവ അനുവദനീയമല്ല. ഉള്ളിലേക്ക് കയറിച്ചെന്നാല്‍ കൊച്ചി രാജവംശം ഉപയോഗിച്ചിരുന്ന വസ്തുക്കള്‍ കാണാം. ഓരോ തരത്തിലുള്ള കലാവിരുതുകളുടെയും പ്രദര്‍ശനത്തിനായി ഇതിനകത്തെ മുറികള്‍ പലതായി തിരിച്ചിട്ടുണ്ട്.
മ്യൂറല്‍ പെയിന്റിങ്ങുകളും ശിൽപങ്ങളും ആഭരണങ്ങളും ശിലാശാസനങ്ങളും പഴയ നാണയങ്ങളുമടക്കം ധാരാളം പുരാതന വസ്തുക്കളും ഇതിനകത്തുണ്ട്. ഇരുന്നൂറോളം കളിമണ്‍പാത്രങ്ങളും സെറാമിക് അലങ്കാരപാത്രങ്ങളും ഇവിടെ സൂക്ഷിച്ചിരിക്കുന്നു. ജപ്പാനില്‍ നിന്നും ചൈനയില്‍ നിന്നും കൊണ്ടുവന്ന പാത്രങ്ങളാണ് ഇവയില്‍ മിക്കതും. കൂടക്കല്ല്, തൊപ്പിക്കല്ല് തുടങ്ങിയ അപൂര്‍വ്വ ഇനം കല്ലുകളും ഇവിടെ കാണാം. മഹാരാജാവിന്‍റെ സ്വര്‍ണകിരീടമാണ് ഇവിടുത്തെ മറ്റൊരു പ്രധാന ആകര്‍ഷണം. ഇതിനു ഏകദേശം 1.75 കിലോ ഭാരം വരും. പോര്‍ച്ചുഗല്‍ രാജാവ്, കൊച്ചി മഹാരാജാവിന് സമ്മാനിച്ചതാണ് ഈ കിരീടം. ഒന്ന് ചുറ്റി നടന്നാല്‍ ഇതേപോലത്തെ നിരവധി കിരീടങ്ങള്‍ ഇവിടെയെങ്ങും കാണാം.
കിരീടത്തിനു പുറമേ തിരുവിതാംകൂര്‍ രാജവംശത്തിന്‍റെ സിംഹാസനങ്ങളും ഓയില്‍ പെയിന്‍റിംഗുകളും തൂവല്‍പ്പേനകളും കാണാം. ആട്ടിന്‍തോലില്‍ എഴുതിയ ബൈബിളും ഓരോ കാലത്തും ഭരണം കയ്യാളിയിരുന്ന രാജാക്കന്മാരുടെ ചിത്രങ്ങളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
എത്തേണ്ടത് ഇങ്ങനെ
കൊച്ചിയിലെത്തിക്കഴിഞ്ഞാല്‍ പിന്നെ ഹില്‍ പാലസിലെത്താന്‍ അധികം ബുദ്ധിമുട്ടില്ല. കൊച്ചിയില്‍ നിന്ന് പന്ത്രണ്ട് കിലോമീറ്റര്‍ ബസ് യാത്രയുടെ ദൂരമേ തൃപ്പൂണിത്തുറ ഹില്‍ പാലസിലേക്കുള്ളൂ.
ചിത്രങ്ങൾ: കെവിൻ മാത്യു റോയ്