350 രൂപയ്ക്ക് അറബിക്കടലിലേക്ക് ഒരു കപ്പല്‍യാത്ര നടത്താം
Mail This Article
അറബിക്കടലില്‍ സൂര്യന്‍ താഴുന്നതും നോക്കി ഒരു ലക്ഷ്വറി കപ്പലില്‍ യാത്ര ചെയ്താലോ? അതും പോക്കറ്റില്‍ ഒതുങ്ങുന്ന ചെലവില്‍! നിങ്ങള്‍ക്കായാണ് സാഗരറാണിയുടെ യാത്ര.
കെഎസ്‌ഐഎൻസിയുടെ ഡീലക്സ് മിനി-ക്രൂസ് കപ്പൽ സാഗരറാണിയാണ് കൊച്ചി കായലിലൂടെ മനോഹരമായ ഈ യാത്ര ഒരുക്കുന്നത്. കൊച്ചി മറൈന്‍ഡ്രൈവില്‍ നിന്നാണ് യാത്ര ആരംഭിക്കുന്നത്. ടിക്കറ്റ് എടുത്തുള്ള യാത്രകള്‍ എല്ലാ ദിവസവും ഉണ്ട്. രണ്ടു മണിക്കൂറോളം നീളുന്ന യാത്രയാണിത്.
ഗ്രൂപ്പായിട്ടാണ് യാത്ര എങ്കില്‍ പറഞ്ഞിരിക്കുന്ന സമയത്തിനു കുറച്ചു മുൻപ് തന്നെ എത്തണം, അല്ലെങ്കില്‍ സീറ്റ് പലയിടങ്ങളിലായി പോകാന്‍ സാധ്യതയുണ്ട്.
രണ്ടു ഡെക്കുകള്‍ ആണ് സാഗരറാണിക്ക് ഉള്ളത്. മുകളിലെ ഡെക്കില്‍ 90 ആളുകളെ ഉള്‍ക്കൊള്ളാന്‍ പറ്റും. കൂടുതല്‍ പേര്‍ ഉണ്ടെങ്കില്‍ അധികമായി പ്ലാസ്റ്റിക് കസേരകളും ഇട്ടിട്ടുണ്ട്. പാട്ടും ഡാന്‍സുമെല്ലാം ഇവിടെയാണ് നടക്കുന്നത്. ഒപ്പം ചായയും സ്നാക്സും വിളമ്പുന്ന പതിവുമുണ്ട്. ബോട്ടിന്‍റെ ക്യാപ്റ്റന്‍ ഇരിക്കുന്നതും ഇവിടെയാണ്. കടലിലേക്ക് എത്തുമ്പോള്‍ കപ്പലിന്‍റെ മുന്‍വശത്ത് വേണം ഇരിക്കാന്‍. തിരകളും മുഖത്തേക്ക് വീശുന്ന തണുത്ത കാറ്റുമെല്ലാം ചേര്‍ന്ന് സ്വപ്നസമാനമായ അന്തരീക്ഷമായിരിക്കും അപ്പോള്‍.
താഴെയുള്ള ഡെക്കില്‍ ചെറിയ ഒരു റസ്‌റ്റോറന്‍റ് ഉണ്ട്. രണ്ടു ടോയ്‌ലറ്റുകളും ഒരു എയര്‍കണ്ടീഷന്‍ ചെയ്ത വലിയ കോണ്‍ഫറന്‍സ് ഹാളും ഉണ്ട്. 8-10 ജീവനക്കാര്‍ അടങ്ങുന്ന ക്രൂ ആണ് സാഗരറാണിക്കുള്ളത്. യാത്ര തുടങ്ങുമ്പോള്‍ ഒരാള്‍ വന്നു കാണുന്ന കെട്ടിടങ്ങളും മറ്റും വിശദീകരിച്ചു തരും. കടലിലേക്കുള്ള യാത്രയില്‍ ആദ്യം കാണുന്നത് ബോള്‍ഗാട്ടി പാലസും ഗോശ്രീ പാലവുമാണ്. വല്ലാര്‍പാടം ബ്രിഡ്ജ്. വല്ലാര്‍പാടം കണ്ടയ്നര്‍ ടെര്‍മിനല്‍, രാമന്‍തുരുത്ത്, വൈപ്പിന്‍ ഫെറി, കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്, ചീനവലകള്‍ എന്നിവയൊക്കെ പോകും വഴി കാണാന്‍ സാധിക്കും. കടല്‍ ഭാഗത്ത് കൂടി ഏകദേശം 12 കിലോമീറ്റര്‍ ദൂരം സാഗരറാണി സഞ്ചരിക്കും. കാലാവസ്ഥ മോശമാകുമ്പോള്‍ ഇത് 2-3 കിലോമീറ്റര്‍ ആയി ചുരുങ്ങും.
ഇന്ത്യൻ റജിസ്റ്റർ ഓഫ് ഷിപ്പിങ് (ഐആർഎസ്) ക്ലാസ് ക്രൂസ് വെസ്സൽ ആണ് സാഗരറാണി. രണ്ടെണ്ണമുണ്ട് ഇവിടെ. രണ്ടുമണിക്കൂർ ആണ് സാഗരറാണിയിലെ യാത്ര. കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ സമുദ്രപരിധിയായ പതിനഞ്ചുകിലോമീറ്റർ ദൂരം കടലിലേക്കു സഞ്ചരിക്കാൻ സാഗരറാണിക്ക് അനുമതിയുണ്ട്. കപ്പലുമല്ല, ബോട്ടുമല്ല, ക്രൂസ് വെസൽ എന്ന വിഭാഗത്തിലാണീ യാനം. വിവിധപാക്കേജുകൾ സാഗരറാണിയിൽ ലഭിക്കും. അവധി ദിവസങ്ങളിൽ ഒരാൾക്ക് 400 രൂപയാണു ടിക്കറ്റ്നിരക്ക്. പ്രവൃത്തി ദിനങ്ങളിൽ 350 രൂപയുമാണ്.