താമരശ്ശേരി ചുരം കയറി നൂൽമഴയും മഞ്ഞും കണ്ട് വൈത്തിരിയിൽ താമസിക്കാം
Mail This Article
നൂൽമഴ കണ്ട്, മഞ്ഞ് പൊതിയുന്നതാസ്വദിച്ച് ഒരു താമസം. വൈത്തിരിയിൽ. വയനാടിന്റെ മുഖമാണ് ഇന്ന് വൈത്തിരി. താമരശ്ശേരി ചുരം കയറിയെത്തുന്ന സഞ്ചാരികൾ വൈത്തിരിയിൽതന്നെ ചേക്കേറുന്നതിനു പല കാരണങ്ങളുണ്ട്. അതിലൊന്നാണ് പ്രീമിയം താമസസൗകര്യങ്ങൾ. വൈത്തിരിയിൽ എവിടെ താമസിച്ചാലും മഞ്ഞും മഴയും ബോണസ് ആണെങ്കിലും നല്ലൊരു റിസോർട്ടിന്റെ ബാൽക്കണിയിൽ ഇരുന്ന് വൈത്തിരിയെ നുകരുന്നതു കൂടുതൽ രസകരമാണ്. നൂൽമഴയുണ്ട്, നിങ്ങൾ വരൂ… വൈന ഹില്ലോക് റിസോർട്ടിലെ മധുച്ചേട്ടൻ വിളിച്ചപ്പോൾ കൂടുതൽ ആലോചിക്കാതെ ചുരം കയറിയതും അതുകൊണ്ടാണ്.
എന്തുകൊണ്ടു വൈത്തിരി…
സമ്പൂർണ വാക്സിനേഷൻ നടപ്പിലാക്കിയ കേരളത്തിലെ ആദ്യ ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ആണ് വൈത്തിരി. ചുരം കയറി പീഠഭൂമിയുടെ സ്വഭാവത്തിലേക്കു മാറുന്ന ടൂറിസം സ്പോട്ട് ആണ് വൈത്തിരി. ചെറുകുന്നുകളും അരുവികളും ചോലക്കാടുകളും നിറഞ്ഞ വൈത്തിരിയിൽനിന്നു വയനാടിന്റെ പ്രമുഖ സഞ്ചാരകേന്ദ്രങ്ങളിലേക്ക് ചെറുദൂരമേയുള്ളൂ. കുന്നിൻമുകളിലെ തടാകങ്ങളായ പൂക്കോട്, കർളാട് എന്നിവയും ബാണാസുരസാഗർ ജലാശയവും കാണാൻ വൈത്തിരിയിൽനിന്നു പോയിവരാം. പുൽമേടുകളിലേക്കു ട്രക്കിങ് നടത്താം. കാഴ്ചയെ വരെ മറയ്ക്കുന്ന കോടമഞ്ഞും ലക്കിടിയിലെ നൂൽമഴയും പ്രവചനാതീതമാണ്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് വൈത്തിരിയിലേക്കു കുടുംബങ്ങൾ ഏറെ എത്തുന്നു.
വൈത്തിരിയിലെ വൈന
നനുത്ത മഴയത്താണ് ഞങ്ങൾ വൈത്തിരിയിലെത്തുന്നത്. അതുകൊണ്ടുതന്നെ വൈത്തിരി അനുഭവം ലഭിക്കാനായി. യാത്രാക്ഷീണം തീർക്കാൻ അതിസുന്ദരമായ കുളമുണ്ട് വൈന റിസോർട്ടിൽ. അതിലൊന്നു ചാടിക്കുളിച്ചപ്പോൾ ഉത്സാഹമെല്ലാം നൂറുമടങ്ങായി ഉയർന്നു.
വൈന ഹില്ലോക് റിസോർട്ട് വേറിട്ടൊരു നിർമിതിയാണ്. മുളന്തണ്ടുകളിൽനിന്നു പ്രചോദനം ഉൾക്കൊണ്ടാണ് റിസോർട്ട് ഒരുക്കിയത് എന്നു തോന്നും. വിശാലമായ റിസപ്ഷനിന്റെ രൂപകൽപ്പന മുതൽ സാധ്യമായ ഇടങ്ങളിലെല്ലാം ഈ മുളന്തണ്ടുകളുടെ സ്വാഭാവികത വരുത്താൻ ശ്രമിച്ചിട്ടുണ്ട്. തൊട്ടടുത്ത് കാന്റീൻ. അതുകഴിഞ്ഞ് അനന്തതയോടു വിലയം പ്രാപിച്ച് ഇൻഫിനിറ്റി പൂൾ. ജലാശയക്കരയിലാണു മനുഷ്യൻ സാമൂഹ്യജീവിതം കെട്ടിപ്പടുത്തത് എന്നതിനെ അനുസ്മരിപ്പിക്കുംവിധം സ്വിമ്മിങ് പൂളിനോടു ചേർന്ന് കോട്ടേജുകൾ. അലങ്കാരമുളകൾ അതിരിടുന്ന ചെറുവഴികളിലൂടെ മറ്റു കോട്ടേജുകളിലേക്കുനടക്കാം.
സാധാരണ രീതിയിൽനിന്നു വ്യത്യസ്തമായി ലാൻഡ്സ്കേപ്പിന് അനുസൃതമായ കോട്ടേജുകളാണ് വൈനയിൽ. കോൺക്രീറ്റിനു പകരം മാറ്റിസ്ഥാപിക്കാവുന്ന തരത്തിലുള്ള ലോഹചട്ടക്കൂടാണ് കോട്ടേജുകൾക്ക്. നല്ല ആസൂത്രണമുണ്ട് നിർമാണത്തിൽ എന്നു വ്യക്തം. വയ്നയുടെ ലോഗോയിൽ കാണുന്ന മുളന്തണ്ടുകളുടെ അതേ ഡിസൈനിൽ ആണ് കൈവരികളിലെ കമ്പികൾവരെ ഒരുക്കിയിട്ടുള്ളത്.
അതിവിശാലമായതും ഭംഗിയായി ഒരുക്കിയതുമാണ് റൂമുകൾ. ഏറ്റവും ആകർഷകം ബാൽക്കണി തന്നെ. വൈത്തിരിയിലെ നൂൽമഴയും കൊണ്ട് ചൂടുചായ നുണഞ്ഞ് ഇവിടെയിരിക്കുന്നതു രസകരമാണ്. ഇടയ്ക്കിടയ്ക്കു മഞ്ഞുവന്നു തലോടുന്നതും അനുഭവിക്കാം. മുകൾഭാഗത്തെ റൂമുകൾക്കേ ബാൽക്കണിയുള്ളൂ.
കാപ്പിച്ചെടികളും പ്രകൃതിദത്തമായ ചെറുകുളവും മരങ്ങളും അതിനിടയിൽ അഡ്വഞ്ചർ ആക്ടിവിറ്റി ഇഷ്ടപ്പെടുന്നവർക്കുള്ള സംവിധാനങ്ങളും റിസോർട്ടിന്റെ ബാൽക്കണിയിലിരുന്നാൽ കാണാം.
താഴെയും മുകളിലുമായി രണ്ടു മുറികൾ ആണ് ഒരു കോട്ടേജിൽ. ക്യാംപ് ഫയർ നടത്താനും കുട്ടികൾക്ക് ഓടിനടക്കാനും മുന്നിലെ പുൽമെത്ത മതി. വൈത്തിരിയുടെ ചുറ്റുപാടും ഒന്നു കറങ്ങിവരണോ… സൈക്കിളുകൾ തയാർ.
സ്പായും ഹെൽത്ത് ക്ലബും പ്ലേ സോണും ഒരു കെട്ടിടത്തിലാണ്. മോട്ടറൈസ്ഡ് ട്രെഡ്മില്ലിൽനിന്നുള്ള കാഴ്ച മനോഹരം. വലിയൊരു സ്ക്രീനിൽ എന്നതുപോലെ തേയിലത്തോട്ടങ്ങളുടെ പച്ചപ്പ് ആസ്വദിച്ച് വ്യായാമം ചെയ്യാം. വ്യായാമത്തിനിടെ ചെമ്പ്ര കൊടുമുടിയുടെ വിദൂരദൃശ്യം നമുക്കു കിട്ടും.
കിടിലൻ ആഹാരം എടുത്തുപറയണം. പ്രത്യേകിച്ച് ബീഫും ചിക്കനും അടങ്ങുന്ന രുചിക്കൂട്ടുകൾ. പ്രഭാതഭക്ഷണത്തിനൊപ്പം ലഭിക്കുന്ന ഫ്രഷ് ജ്യൂസുകൾക്കു പോലുമുണ്ട് വൈനയുടെ തനതു രുചി.
രാത്രിയിൽ വയ്നയുടെ ഭംഗിയാസ്വദിച്ച് ഉറക്കം. വൈൻ പോലെ ലഹരി നുരയുന്ന വൈനയിലെ താമസത്തിനുശേഷം വയനാടിന്റെ ഉള്ളറകളിലേക്കു വണ്ടിയോടിക്കാം.
കൂടുതൽ വിവരങ്ങൾക്ക് 6282009575 എന്ന നമ്പറിൽ ബന്ധപ്പെടുക
English Summary: Vyna Hillock Resort in Wayanad