അടിമക്കച്ചവടം നടന്നിരുന്ന വള്ളിയൂർക്കാവ്; ഉത്സവപ്പെരുമയുടെ ആഘോഷരാവുകൾ
Mail This Article
കബനീനദിയുടെ കുഞ്ഞോളങ്ങളിൽ മീനവെയിൽ ചായും നേരം വള്ളിയൂർക്കാവ് ക്ഷേത്രപരിസരം ഉണരും. പടിഞ്ഞാറ് ബ്രഹ്മഗിരിക്കുന്നുകൾക്കപ്പുറത്തേക്ക് സൂര്യൻ മറഞ്ഞാൽ വള്ളിയൂർക്കാവിന്റെ രൂപം മാറും. നാനാദിക്കിൽനിന്നും ആളുകൾ കാവിലേക്ക് ഒഴുകിയെത്തും. വയനാടിന്റെ മഹോത്സവം എന്നാണ് വള്ളിയൂർക്കാവ് ഉത്സവത്തെ വിശേഷിപ്പിക്കുന്നത്. കാഴ്ചയിൽ വലിയ പ്രൗഢിയോ ഭംഗിയോ അവകാശപ്പെടാനില്ലാത്ത ചെറിയ ക്ഷേത്രം. എന്നാൽ ഇവിടെ കുടികൊള്ളുന്ന ദേവിയുടെ പ്രഭാവലയത്തിൽ അഭയം തേടിയെത്തുന്നതു പതിനായിരങ്ങളാണ്.
ജാതിഭേദങ്ങളില്ലാതെ വിശ്വാസികൾ തോളോടുതോൾ ചേർന്നുനിന്ന് നടത്തുന്ന ഉത്സവം എന്ന പ്രത്യേകതയും വള്ളിയൂർക്കാവിനുണ്ട്. 1950കളിൽ അടിമക്കച്ചവടം നടന്നിരുന്ന പ്രധാന സ്ഥലമായിരുന്നു ഇത്. കൊയ്ത്ത് കഴിഞ്ഞ് തരിശായി കിടക്കുന്ന വലിയ പാടമാണ് ഉത്സവപ്പറമ്പ്. ഏതാണ്ട് പത്തു വർഷം മുമ്പ് വരെ ഉത്സവസമയത്ത് ആദിവാസികൾ സകുടുംബം ഇവിടെ വന്ന് 14 ദിവസം തമ്പടിച്ചു താമസിക്കുകയായിരുന്നു പതിവ്.
വള്ളിയൂർക്കാവ് വലിയൊരു ചന്ത കൂടിയാണ്. കാപ്പിയും കുരുമുളകും മുതൽ നെല്ലു വരെ വിളവെടുക്കുന്ന കാലമായതിനാൽ എല്ലാവരുടേയും കയ്യിൽ ആവശ്യത്തിന് പണവും കാണും. അടുത്ത ഉത്സവകാലം വരെ, ഒരു വർഷത്തേക്കുള്ള ചട്ടിയും പാത്രങ്ങളും തുണിത്തരങ്ങളുമെല്ലാം ആളുകൾ ഇവിടെ നിന്നാണ് വാങ്ങിയിരുന്നത്.
വയനാടിന്റെ അയൽ ജില്ലകളിൽ നിന്നുമാത്രമല്ല, കർണാടകയിൽനിന്നും തമിഴ്നാട്ടിൽനിന്നുപോലും ആളുകൾ എത്തുന്ന ഉത്സവമാണ് വള്ളിയൂർക്കാവിലേത്. വൈകിട്ട് ഏഴുമണിയോടെ വിവിധ സ്റ്റേജുകളിൽ കലാപരിപാടികൾ ആരംഭിക്കും. ഒരു മണി വരെ പരിപാടികൾ നീണ്ടുപോകാറുണ്ട്. വള്ളിയൂർക്കാവ് ഉത്സവപ്പറമ്പിലെത്തിയാൽ ചിരിക്കുന്ന ആനന്ദിക്കുന്ന മുഖങ്ങൾ മാത്രമേ കാണാൻ സാധിക്കൂ.
English Summary: Valliyoorkavu Temple Festival in Wayanad