ADVERTISEMENT

കോടമഞ്ഞിനെ വകഞ്ഞുമാറ്റി, തേയിലക്കാടിന്റെ പച്ചപ്പും ആസ്വദിച്ച് മാങ്കുളമെത്തുമ്പോൾ അതിഥികളെ സ്വീകരിക്കാൻ  തലയുയർത്തി നിൽക്കുന്ന ഒരു കൊട്ടാരമുണ്ട്. സ്വർഗത്തിന്റെ ഒരു തുണ്ട് താഴെ വീണത് പോലുള്ള ആ ഭൂമികയിൽ അതിഥികളെ കാത്തിരിക്കുന്ന ദി ഗ്രാൻഡ് ക്ലിഫ്. പഞ്ച നക്ഷത്ര സൗകര്യങ്ങൾ എല്ലാം ഒത്തിണങ്ങിയ ആഡംബരത്തിന്റെ മറുവാക്കെന്നു തോന്നുന്ന റിസോർട്ട്. ആനക്കുളവും വിരിപ്പാറ വെള്ളച്ചാട്ടവും തേയിലത്തോട്ടവും കാടിന്റെ വന്യതയുമെല്ലാം ദി ഗ്രാൻഡ് ക്ലിഫിന്റെ നാലുദിക്കിലും  സൗന്ദര്യത്തിനു മാറ്റുകൂട്ടുന്നു. അത്യാധുനിക സൗകര്യങ്ങളെല്ലാമുള്ള റിസോർട്ടിലെ താമസം അതിഥികൾക്കു അവിസ്മരണീയമായ അനുഭവം തന്നെയാണ്. കുതിച്ചൊഴുകുന്ന വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യവും  നനുത്ത തണുപ്പും അടുത്തറിയണമെന്നുള്ളവർക്കു ദി ഗ്രാൻഡ് ക്ലിഫിനു അകത്തുള്ള സ്വകാര്യ വെള്ളച്ചാട്ടത്തിലെത്താം. അത് മാത്രമല്ലാതെ അതിഥികൾക്കു സമയം ചെലവഴിക്കുന്നതിനായി ധാരാളം വിനോദങ്ങളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. റിസോർട്ടിൽ നിന്നും അധികം ദൂരയല്ലാതെയാണ് ആനക്കുളവും ലക്ഷ്മി എസ്റ്റേറ്റുമൊക്കെ സ്ഥിതി ചെയ്യുന്നത്. 

വെള്ളച്ചാട്ടത്തിന്റെ ദൃശ്യഭംഗിയിൽ വിവാഹ വേദി

വിവാഹമെന്നതു സ്വപ്‍നതുല്യമാക്കാൻ ആരാണ് ആഗ്രഹിക്കാത്തത് അല്ലേ? അതിനു വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തു തരും ദി ഗ്രാൻഡ് ക്ലിഫ്. കോടമഞ്ഞു പുതച്ച താഴ്‌വാരവും അതിരുകൾ പോലെ മലകളും വെള്ളച്ചാട്ടത്തിന്റെ ദൃശ്യഭംഗിയും ഒന്നുചേർന്ന വിവാഹ വേദി. പുരാണ കഥകളെ അനുസ്മരിപ്പിക്കുന്ന രാജകീയവും പ്രൗഢവുമായ ഒരു മുഹൂർത്തം സമ്മാനിക്കാൻ ആ വിവാഹങ്ങൾക്കു കഴിയും. കിനാവിനേക്കാൾ മധുരതരമായിരിക്കും ആ മംഗല്യമെന്നതിൽ ആർക്കാണ് തർക്കമുണ്ടാകുക?

അതിഥികളായി എത്തുന്നവർക്ക്‌ ആസ്വദിക്കാനായി സംഗീതവും നൃത്തവുമടങ്ങുന്ന നമ്മുടെ തനിമ പേറുന്ന കലാരൂപങ്ങൾ എല്ലാ ദിവസവും ദി ഗ്രാൻഡ് ക്ലിഫിൽ അരങ്ങേറും. കാഴ്ചക്കാരിൽ അദ്ഭുതം വിരിയിക്കുന്ന കലാപ്രകടനങ്ങളായിരിക്കുമത്. വളരെ വിശാലവും അത്യാധുനിക സൗകര്യങ്ങൾ നിറഞ്ഞതുമാണ് മുറികൾ.  സ്വകാര്യ പൂളുകളുള്ള പൂൾ വില്ലകളും  ഉണ്ട്.  ആകാശം തൊടാനെന്ന പോലെ നിൽക്കുന്ന മലയടിവാരത്തിനു താഴെ ഇൻഫിനിറ്റി പൂളും അതിഥികൾക്കു ആസ്വദിക്കാവുന്നതാണ്. രുചികരമായ ഭക്ഷണം വിളമ്പുന്ന രാജ്യാന്തര നിലവാരമുള്ള റസ്റ്ററന്റും എടുത്തു പറയണം. തനിനാടൻ കേരള രുചി മാത്രമല്ല, അറബിക്കും കോണ്ടിനെന്റലും ഇവിടെ പരിചയസമ്പന്നരായ പാചകവിദഗ്ധരുടെ മേൽനോട്ടത്തിൽ അതിഥികൾക്കു തയാറാക്കി നൽകുന്നുണ്ട്.  

മഞ്ഞുപുതച്ച വഴികൾ ഒപ്പം കോടമഞ്ഞു വാരി വിതറുന്ന സുഖകരമായ തണുപ്പും പച്ചപ്പു നിറഞ്ഞ തേയിലത്തോട്ടങ്ങളും ഇക്കാഴ്ചകളൊക്കെയും ആസ്വദിക്കുവാനായി മിക്കവരും പോവുക മൂന്നാറിലേക്കാണ്. സഞ്ചാരികളുടെ മനസ്സ് നിറയ്ക്കുന്ന നിരവധി കാഴ്ചകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. കരിമ്പാറകെട്ടുകളിലൂടെ ഒഴുകിയെത്തുന്ന ചെറുവെള്ളച്ചാട്ടങ്ങളും യാത്രയിലുടനീളമുണ്ട്. മൂന്നാറിലെ കാഴ്ചകൾ കണ്ടുമടുത്തോ എങ്കിൽ ഇനി മാങ്കുളത്തേക്കു വണ്ടികയറാം. അടിമാലിയിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ഒരു 25 കിലോമീറ്റർ ഉള്ളിലേക്ക് സഞ്ചരിച്ചാൽ മാങ്കുളമായി. 

മൂന്നാറിന്റെ അതേ ദൃശ്യചാരുതയാണ് മാങ്കുളത്തിന്. വനംവകുപ്പ് ഏർപ്പാടാക്കിയിട്ടുള്ള ട്രെക്കിങ്, താമസ സൗകര്യം എന്നിവ മാങ്കുളത്തെ പൂർണമായും ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷനാക്കി മാറ്റുന്നു. മാങ്കുളത്ത് ഇത്രയും സൗകര്യങ്ങളുള്ള കാര്യം യാത്രികരുടെ ലോകത്ത് അറിയപ്പെട്ടു തുടങ്ങുന്നതേയുള്ളൂ. മലയാറ്റൂർ വനവും രാജമലയും തേയിലത്തോട്ടങ്ങളും ചേർത്തു പ്രകൃതിയുണ്ടാക്കിയ ‘കുമ്പിളാ’ണ് മാങ്കുളം.

മാങ്കുളത്തുണ്ട് കാഴ്ചകൾ ഒരുപാട്. വിരിപ്പാറയിൽ നിന്നും മൂന്നരമണിക്കൂർ നടന്നാൽ നക്ഷത്രകുത്തിലെത്താം. കാട്ടിലൂടെ ആദിവാസി ഊരുകളും കണ്ട് കാനനഭംഗിയറിഞ്ഞ് ട്രെക്കിങ്ങ് നടത്താം. വഴികാട്ടികളായി ആദിവസികളും ഒപ്പംവരും. കിളിക്കല്ല്, കണ്ണാടിപ്പാറ, കോഴിയലക്കുത്ത് എന്നീ വനാന്തർഭാഗങ്ങളിലേക്കും ട്രെക്കിങ് സംഘടിപ്പിക്കുന്നുണ്ട്. മൂന്നാറിന്റെ ഭൂപ്രകൃതിയെ മലയുടെ മുകളിൽ നിന്നു കണ്ടാസ്വദിക്കാൻ കണ്ണാടിപ്പാറയിലേക്കുള്ള ട്രെക്കിങ് അവസരമൊരുക്കുന്നു. അടുത്ത ആകർഷണം കൈനഗരി വെള്ളച്ചാട്ടമാണ്. നല്ലതണ്ണിയാർ കൈനഗരിപ്പാറയിലൂടെയൊഴുകി കൈനഗരി വെള്ളച്ചാട്ടമായി മാറുന്നു. വിശാലമായ പാറപ്പുറത്തും തടയണയിലും ഇരുന്ന് ആ സുന്ദരക്കാഴ്ച ശരിക്കും ആസ്വദിക്കാം.

ആനക്കുളം

മാങ്കുളത്തു നിന്നും നാലുകിലോമീറ്റർ നടന്നാൽ ആനക്കുളത്ത് എത്താം. സഞ്ചാരികളെ ആകർഷണവലയത്തിലാക്കുന്ന കാഴ്ചയാണ് ആനക്കുളം. ആനകൾ കൂട്ടമായി വെള്ളം കുടിക്കാൻ വരുന്ന ഇവിടെത്തുന്നത് കൊണ്ടാണ് ആനക്കുളമെന്ന പേര്. ആളുകൾ ഉണ്ടെങ്കിലും ആനകൾ കൃത്യമായി ഇവിടെ വെള്ളം കുടിക്കാൻ എത്താറുണ്ട്. േസ്റ്റഷനറി കടകളും ഒരു ചായക്കടയുമാണ് ആനക്കുളം കവല. ഈ പ്രദേശത്ത് അമ്പതിലേറെ വീടുകളുണ്ട്.

English Summary:

Grand Cliff Resort: A premier luxury five star retreat surrounded by Munnar's wilderness and waterfalls.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com