ADVERTISEMENT

കോവിഡ് -19  രണ്ടാം തരംഗത്തിനിടയിൽ ട്രെയിന്‍ യാത്രക്കാര്‍ക്കായി ഇന്ത്യൻ റെയിൽ‌വേ പുതിയ മാർ‌ഗനിർ‌ദ്ദേശങ്ങൾ‌ പുറത്തിറക്കി. ഓരോ സംസ്ഥാനങ്ങൾക്കും വ്യത്യസ്തമാണ് പുതിയ നിയമങ്ങൾ. ഇവ നടപ്പിലാക്കുന്നതോടൊപ്പം ട്രെയിൻ യാത്രയ്ക്കുള്ള കോവിഡ് ചെക്ക്‌ലിസ്റ്റും പരിഷ്‌ക്കരിച്ചിട്ടുണ്ട്. റെയിൽ‌വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും മാസ്‌ക്‌ ഉപയോഗിക്കാത്തവരില്‍ നിന്നും 500 രൂപ പിഴ ഈടാക്കുന്നതു പോലെയുള്ള പൊതു മാർ‌ഗനിർ‌ദ്ദേശങ്ങൾ‌ക്ക് പുറമേയാണിത്. കൂടാതെ, വേവിച്ച ഭക്ഷണ സാധനങ്ങള്‍ ഇനി ട്രെയിനുകളിൽ നൽകില്ല.

ട്രെയിന്‍ യാത്രയുമായി ബന്ധപ്പെട്ട് ഓരോ സംസ്ഥാനങ്ങള്‍ക്കുമുള്ള ഏറ്റവും പുതിയ നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളും ചുവടെ.

1. കേരളം

കേരളത്തിലേക്ക് വരുന്ന ട്രെയിന്‍ യാത്രക്കാർ‌ നെഗറ്റീവ് ആർ‌ടി-പി‌സി‌ആർ ടെസ്റ്റ് റിപ്പോർട്ട് ഒപ്പം കരുതണം. അല്ലെങ്കിൽ സ്വന്തം ചെലവിൽ സ്റ്റേഷനുകളിൽ വച്ച്  ടെസ്റ്റ് ചെയ്യാം. യാത്രക്കാര്‍ എല്ലാവരും തന്നെ14 ദിവസത്തേക്ക് നിർബന്ധിത ഹോം ക്വാറന്റീന് വിധേയരാകണം.

2. കര്‍ണാടക

മഹാരാഷ്ട്ര, ചണ്ഡിഗഡ്, പഞ്ചാബ്, കേരളം എന്നിവിടങ്ങളിൽ നിന്ന് ട്രെയിനിൽ യാത്ര ചെയ്യുന്നവർ, യാത്ര തുടങ്ങുന്നതിന് പരമാവധി 72 മണിക്കൂറിനുള്ളിൽ നടത്തിയ ആർടി-പിസിആർ പരിശോധനയുടെ നെഗറ്റീവ് റിപ്പോർട്ട് കയ്യില്‍ കരുതണം.

3. മഹാരാഷ്ട്ര

ഡല്‍ഹി -എൻ‌സി‌ആർ, ഗുജറാത്ത്, രാജസ്ഥാൻ, ഗോവ, കേരളം എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് മഹാരാഷ്ട്ര സർക്കാർ ആർ‌ടി-പി‌സി‌ആർ റിപ്പോർട്ടുകൾ നിർബന്ധമാക്കിയിട്ടുണ്ട്. ഏത് സ്റ്റേഷനിലും ഇറങ്ങുന്ന യാത്രക്കാര്‍ക്ക് 14 ദിവസത്തേക്ക് ക്വാറന്റീന്‍ നിര്‍ബന്ധമാണ്‌. എല്ലാ റെയിൽ‌വേ സ്റ്റേഷനുകളിലും അധിക ശരീരതാപനില പരിശോധനയും നടത്തും. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള ട്രെയിനുകളിൽ നിന്ന് വരുന്നവരെ പ്രാദേശിക ട്രെയിനുകളിൽ യാത്ര ചെയ്യാൻ അനുവദിക്കില്ല.

4. രാജസ്ഥാൻ

ട്രെയിനിൽ യാത്ര പുറപ്പെടുന്നവർക്കും സംസ്ഥാനത്തേക്ക് പ്രവേശിക്കുന്നവർക്കും 72 മണിക്കൂറിൽ കൂടാത്ത സമയത്തിനുള്ളില്‍ എടുത്ത നെഗറ്റീവ് ആർടി-പിസിആർ പരിശോധന റിപ്പോർട്ട് നിർബന്ധമാണ്.

5. പശ്ചിമ ബംഗാൾ

ട്രെയിനിൽ സംസ്ഥാനത്തേക്ക് യാത്ര ചെയ്യുന്നവർക്ക് 72 മണിക്കൂറിൽ കൂടാത്ത സമയത്തിനുള്ളില്‍ എടുത്ത നെഗറ്റീവ് ആർടി-പിസിആർ പരിശോധന റിപ്പോർട്ട് നിർബന്ധമാണ്.

6. അസം

മഹാരാഷ്ട്രയിൽ നിന്നോ കർണാടകയിൽ നിന്നോ ട്രെയിനുകളിൽ പ്രവേശിക്കുന്ന യാത്രക്കാർ അസമിലെ റെയിൽവേ സ്റ്റേഷനുകളിൽ വച്ച് പരിശോധന നടത്തണം.

7. ഹിമാചൽ പ്രദേശ്

സംസ്ഥാനത്ത് പ്രവേശിക്കുന്നതിന് ഇ-രജിസ്ട്രേഷൻ നിർബന്ധമാക്കിയിട്ടുണ്ട്. പഞ്ചാബ്, ഡല്‍ഹി, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർ യാത്ര തുടങ്ങുന്നതിന് 72 മണിക്കൂറിനുള്ളിൽ നടത്തിയ ആർടി-പിസിആർ പരിശോധനയുടെ നെഗറ്റീവ് റിപ്പോർട്ട് കയ്യില്‍ കരുതണം.

8. ചണ്ഡിഗഡ്

ചണ്ഡിഗഡിലേക്ക് ട്രെയിനില്‍ എത്തുന്ന എല്ലാ യാത്രക്കാരോടും കോവ പഞ്ചാബ് ആപ്പിൽ രജിസ്റ്റർ ചെയ്യണമെന്ന് സംസ്ഥാന സർക്കാർ അഭ്യർത്ഥിച്ചു.

9. ഛത്തീസ്ഗഡ്

ട്രെയിന്‍ യാത്രക്കാർ‌ക്ക് നെഗറ്റീവ് ആർ‌ടി-പി‌സി‌ആർ നെഗറ്റീവ് റിപ്പോർട്ടുകൾ നിർബന്ധമാണ്. റെയിൽ‌വേ സ്റ്റേഷനുകളിൽ‌ പരിശോധനയ്ക്കുള്ള സൗകര്യം ഉണ്ട്. പോസിറ്റീവ് ആയാല്‍ സ്വന്തം ചെലവിൽ ഒരു പ്രാദേശിക ക്വാറന്റീന്‍ കേന്ദ്രത്തിൽ  പോയി ക്വാറന്റൈന്‍ പാലിക്കണം.

10. ഉത്തർപ്രദേശ്

മഹാരാഷ്ട്രയിൽ നിന്നും കേരളത്തിൽ നിന്നും എത്തുന്ന എല്ലാ ട്രെയിൻ യാത്രക്കാരും യാത്ര തുടങ്ങുന്നതിന് പരമാവധി 72 മണിക്കൂർ സമയത്തിനുള്ളില്‍ നടത്തിയ നെഗറ്റീവ് ആർടി-പിസിആർ പരിശോധന റിപ്പോർട്ട് കൈവശം വയ്ക്കേണ്ടത് അത്യാവശ്യമാണ്. അവർ 14 ദിവസത്തെ ഹോം ക്വാറന്റീന്‍ പാലിക്കുകയും വേണം. റെയിൽ‌വേ സ്റ്റേഷനുകളിൽ പരിശോധനയ്ക്കുള്ള സൗകര്യം ലഭ്യമാണ്.

11. ഡല്‍ഹി

മഹാരാഷ്ട്രയിൽ നിന്ന് ട്രെയിനില്‍ പ്രവേശിക്കുന്നവർ യാത്ര തുടങ്ങുന്നതിന് പരമാവധി 72 മണിക്കൂർ സമയത്തിനുള്ളില്‍ നടത്തിയ നെഗറ്റീവ് ആർടി-പിസിആർ പരിശോധന റിപ്പോർട്ട് കൈവശം വെക്കണം.  ട്രെയിന്‍ യാത്രക്കാര്‍ 14 ദിവസത്തെ ഹോം ക്വാറന്റീന്‍ പാലിക്കണം.

12. കശ്മീർ

എല്ലാ ട്രെയിൻ യാത്രക്കാരും യാത്ര തുടങ്ങുന്നതിന് പരമാവധി 72 മണിക്കൂർ സമയത്തിനുള്ളില്‍ നടത്തിയ നെഗറ്റീവ് ആർടി-പിസിആർ പരിശോധന റിപ്പോർട്ട് കൈവശം വയ്ക്കണം

English Summary: Travel Guidelines for Railway Passengers

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com