വഞ്ചിവീടുകൾ സുരക്ഷിതം; പക്ഷേ പരിശോധനകൾ...?
Mail This Article
ആലപ്പുഴ ചുങ്കത്ത് ഹൗസ് ബോട്ട് മുങ്ങി ആന്ധ്ര സ്വദേശി രാമചന്ദ്ര റെഡ്‌ഡി മരണമടഞ്ഞത് കഴിഞ്ഞ ദിവസമാണ്. ഹൗസ് ബോട്ടിന്റെ അടിത്തട്ടിലെ പലക തകർന്ന് വെള്ളം കയറിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക അനുമാനം. വളരെ പഴക്കം ചെന്നതും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതുമായ ബോട്ടുകൾ ഇപ്പോഴും കായലിൽ സഞ്ചാരികളെയും കൊണ്ട് സ്വൈര വിഹാരം നടത്തുന്നുണ്ടെന്നതിനുള്ള നേർസാക്ഷ്യമാണിത്. ക്രിസ്മസ്, പുതുവർഷ അവധിക്കാലം ആഘോഷിക്കാനായി ധാരാളം സഞ്ചാരികൾ എത്തുന്ന ദിവസങ്ങളിലെ അപകടം കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയ്ക്ക് അപമാനമാണ്.
വളരെ പഴയ ബോട്ടാണ് അപകടത്തിൽ പെട്ടതെന്നാണ് അധികൃതരുടെ വിശദീകരണം. ബോട്ട് കണ്ടം ചെയ്യേണ്ട സമയം കഴിഞ്ഞിട്ട് കാലങ്ങളായി. റജിസ്‌ട്രേഷൻ നടത്തിയിട്ടുണ്ടെങ്കിലും പുതുക്കി പണിതിട്ടില്ല, രേഖകളൊന്നും കൈവശം ഇല്ലായിരുന്നു. മാത്രമല്ല, ബോട്ടിന്റെ ശോചനീയാവസ്ഥ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നു സർവീസ് നിർത്താൻ ആവശ്യപ്പെട്ടപ്പോൾ, പിറ്റേന്ന് ഡോക്കിൽ കയറ്റുമെന്നു ബോട്ടിലെ ജീവനക്കാർ പറഞ്ഞതായും പൊലീസ് പറയുന്നു. എന്നാൽ പ്രധാന സ്ഥലങ്ങളിൽനിന്നു മാറ്റി, വേറെ ജെട്ടികളിൽനിന്നു സഞ്ചാരികളെ കയറ്റി സർവീസ് നടത്തുകയായിരുന്നു അപകടത്തിൽ പെട്ട ബോട്ട് എന്നാണ് അധികൃത ഭാഷ്യം. സുരക്ഷിതമല്ല എന്ന തോന്നലുണ്ടാകുന്ന പക്ഷം, കേരളത്തിന്റെ വിനോദസഞ്ചാര മേഖലയുടെ മുഖമെന്നുതന്നെ വിശേഷിപ്പിക്കാൻ കഴിയുന്ന കെട്ടുവള്ളത്തിലെ യാത്രകൾക്കു എന്തു സംഭവിക്കും? ഹൗസ് ബോട്ടിൽ രാത്രിയും പകലും ചെലവഴിക്കണമെന്ന് ആഗ്രഹിച്ചു വരുന്ന സഞ്ചാരികൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു?
കെട്ടുവള്ളങ്ങൾ വഞ്ചിവീടുകളായി മാറിയതിങ്ങനെ
1991 ലാണ് ആലപ്പുഴയിലെയും കുട്ടനാട്ടിലെയും ചരക്കുകൾ കൊണ്ടുപോകാനായി ഉപയോഗിച്ചിരുന്ന കെട്ടുവള്ളങ്ങൾ താമസത്തിനായി കൂടി ഉപയോഗിച്ചു കൂടേ എന്ന ചിന്ത ചില ഉടമകൾക്കു തോന്നിയത്. വൈകാതെ കെട്ടുവള്ളങ്ങൾക്കു മാറ്റം വരുത്തി, വഞ്ചിവീടുകളാക്കി കായലിലിറക്കി. സംഭവം വിജയിക്കുമോ എന്ന ശങ്ക ഉണ്ടായിരുന്നുവെങ്കിലും ഉടമകളുടെ പ്രതീക്ഷ പോലെ ധാരാളം പേർ ഈ വഞ്ചിവീടുകൾ കാണാനും താമസിക്കാനുമെത്തി. വൈകാതെ കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയിലെ പ്രധാനിയായി ബോട്ടുകൾ മാറി. ഇന്ന് പല രൂപത്തിൽ 800 ലധികം ഹൗസ് ബോട്ടുകൾ ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള ധാരാളം വിനോദസഞ്ചാരികളെയും കൊണ്ട് സർവീസ് നടത്തുന്നുണ്ട്. പ്രദേശവാസികളായ ധാരാളം പേർക്ക് തൊഴിൽ നൽകുന്നൊരു മികച്ച സംരംഭം കൂടിയാണിത്.
കെട്ടുവള്ളങ്ങളുടെ നിർമാണം
പരമ്പരാഗതമായി പിന്തുടർന്നു വരുന്ന രീതികൾ തന്നെയാണ് കെട്ടുവള്ളങ്ങളുടെ നിർമാണത്തിനായി ഇപ്പോഴും പിന്തുടരുന്നത്. പ്ലാവിന്റെ തടിയും കയറുമാണ് കെട്ടുവള്ളങ്ങളുടെ നിർമിതിക്കു പ്രധാനമായും ഉപയോഗിക്കുന്നത്. പ്രാദേശികമായി ലഭിക്കുന്നതും പരിസ്ഥിതി സൗഹാർദ്ദപരവുമായ വസ്തുക്കളാണ് നിർമാണത്തിനു ഉപയോഗിക്കുന്നത്. ആഞ്ഞിലി, മുള, കയർ, തെങ്ങിന്റെ നാരുകൾ, കവുങ്ങ് എന്നിവയും നിർമാണത്തിന് ഉപയോഗിക്കുന്നു. മേൽക്കൂര പനമ്പ്, മുള, കയർ എന്നിവ ഉപയോഗിച്ചാണ് മറയ്ക്കുന്നത്. പുഴുങ്ങിയ കശുവണ്ടിയുടെ തൊണ്ടിലെ കറ കൊണ്ടാണ് വള്ളങ്ങൾക്കു കറുപ്പു നിറം നൽകുന്നത്. വിദഗ്ധരായ തൊഴിലാളികൾക്കായിരിക്കും നിർമാണച്ചുമതല. ഏകദേശം 100 അടി വരെ നീളവും മധ്യഭാഗത്തായി 13 അടി വീതിയുമുണ്ടായിരിക്കും. ഡീസൽ എൻജിൻ ഉപയോഗിച്ചാണ് വള്ളങ്ങൾ പ്രവർത്തിക്കുന്നത്.
ഫൈവ് സ്റ്റാർ വഞ്ചിവീടുകൾ
പത്തുവർഷം മുമ്പുള്ള ഹൗസ് ബോട്ടുകളും ഇപ്പോൾ ഉള്ളവയും തമ്മിൽ വലിയ അന്തരമുണ്ട്. സന്ദർശകരുടെ ആവശ്യങ്ങൾ കൂടി മാനിച്ചുകൊണ്ട്, ആഡംബരമെന്നു വിശേഷിപ്പിക്കാൻ കഴിയുന്നത്ര സൗകര്യങ്ങൾ വഞ്ചി വീടുകളിൽ ഒരുക്കിയിട്ടുണ്ട്. പ്രധാനമായും രണ്ടു തരത്തിലുള്ള ഹൗസ് ബോട്ടുകളാണ് ഉള്ളത്– പ്രീമിയം അല്ലെങ്കിൽ ഡീലക്സ് ഹൗസ് ബോട്ടുകളും സൂപ്പർ ഡീലക്സ് ഹൗസ് ബോട്ടുകളും. ഇരുപത്തിനാല് മണിക്കൂറും എസി സൗകര്യങ്ങൾ ലഭ്യമാകുന്നവയാണ് സൂപ്പർ ഡീലക്സ് ഹൗസ് ബോട്ടുകൾ. രാത്രിയിൽ മാത്രം പത്തുമണിക്കൂർ വരെ എസി പ്രവർത്തിപ്പിക്കുന്നവയാണ് ഡീലക്സ് ഹൗസ് ബോട്ടുകൾ. മികച്ച രീതിയിൽ സജ്ജീകരിച്ചിട്ടുള്ള അകത്തളങ്ങൾ, അത്യാഡംബരം തുളുമ്പുന്ന ഫർണിഷിങ്, എയർ കണ്ടിഷൻ ചെയ്ത മനോഹരമായ കിടപ്പു മുറികൾ, ആധുനിക സംവിധാനങ്ങൾ ഉൾക്കൊള്ളിച്ചിട്ടുള്ള ടോയ്‍ലെറ്റുകൾ, സ്വീകരണ മുറികൾ, നന്നായി ഒരുക്കിയിട്ടുള്ള അടുക്കള, ബാൽക്കണി എന്നുവേണ്ട അതിഥികളുടെ ആവശ്യങ്ങളെല്ലാം മുന്നിൽ കണ്ടുകൊണ്ടാണ് ഓരോ വഞ്ചി വീടിന്റെയും അകത്തളങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. താമസം മാത്രമല്ല, ഭക്ഷണവും ഏറെ മികച്ചതാണ്. കായൽ മൽസ്യങ്ങൾ ഉൾപ്പെടുന്ന തനിനാടൻ വിഭവങ്ങളായിരിക്കും പ്രധാനമായും തയാറാക്കുക. എങ്കിലും സന്ദർശകരുടെ താൽപര്യമനുസരിച്ചു നോർത്ത് ഇന്ത്യനും ചൈനീസും അറബിക്കും ഉൾപ്പെടെയുള്ള ഭക്ഷണങ്ങൾ തയാറാക്കി നൽകും.
സൗകര്യങ്ങൾ ഏറെ, എന്നാൽ സുരക്ഷിതമോ ?
വഞ്ചിവീടുകൾ സുരക്ഷിതം തന്നെയാണെന്നാണ് അധികൃതർ അടക്കമുള്ളവർ പറയുന്നത്. അപകടമുണ്ടായാൽ സഹായത്തിനായി ബോട്ടിലെ ജീവനക്കാർ ഉണ്ടാകും. സുരക്ഷക്കായി ലൈഫ് ജാക്കറ്റുകളും അഗ്നിശമനോപകരണങ്ങളും ബോട്ടിലുണ്ടായിരിക്കും. കാലപ്പഴക്കമാണ് പല ഹൗസ് ബോട്ടുകളുടെയും കാര്യത്തിൽ വില്ലനാകുന്നത്. സമയാസമയങ്ങളിൽ പുതുക്കിയും അറ്റകുറ്റപ്പണികൾ ചെയ്തും മുന്നോട്ടു പോകുകയാണെങ്കിൽ ഓരോ വഞ്ചി വീടും വർഷങ്ങളോളം ഉപയോഗിക്കാം. എന്നാൽ വെള്ളം തട്ടിയാൽ അലിഞ്ഞു പോകുന്ന, ആയുസ് തീരാറായ അടിപ്പലകയും ശോചനീയാവസ്ഥയുമുള്ള വള്ളങ്ങൾ കായലിൽ ഇറക്കാതെ കണ്ടം ചെയ്യുക തന്നെയാണ് വേണ്ടത്. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, ഭൂരിഭാഗം വള്ളങ്ങളിലും ബാത്റൂമിന്റെ പുറത്തേക്കുള്ള കുഴൽ തെന്നിമാറി അകത്തേക്കു വെള്ളം കയറാനുള്ള സാധ്യതകൾ ഉണ്ട്. അതുകൂടി ഇടയ്ക്കു പരിശോധിക്കേണ്ടതുണ്ട്.
English Summary: Kerala House boat Safety Concerns