സഞ്ചാരികളുടെ തിരക്കിൽ ഉൗട്ടി; വസന്തമൊരുക്കി പുഷ്പമേള
Mail This Article
വിനോദസഞ്ചാരികള്‍ക്ക് കാഴ്ച വസന്തമൊരുക്കി ഊട്ടി പുഷ്പ മേള. ലക്ഷക്കണക്കിന് പൂക്കളുടെ വൈവിധ്യങ്ങള്‍ നേരില്‍ക്കാണാന്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള സഞ്ചാരികളുടെ ഒഴുക്കാണ്. അഞ്ച് ദിവസത്തെ മേളയുടെ ഭാഗമായി വിപുലമായ ഒരുക്കങ്ങളാണ് തമിഴ്നാട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
റോസ്, ജെണ്ടുമല്ലി, വാടാമുല്ല, ഓര്‍ക്കിഡ്. വിദേശികളും സ്വദേശികളുമായ പൂക്കളുടെ വൈവിധ്യങ്ങള്‍ ആയിരത്തിലേറെ ഇനം വരും. കണ്ണിലുടക്കുന്ന മട്ടിലുള്ള അലങ്കാരം. വിവിധതരം രൂപങ്ങളും അക്ഷരങ്ങളുമെല്ലാം പൂക്കള്‍ക്കൊണ്ട് ഇരട്ടി സൗന്ദര്യം തീര്‍ക്കുന്നു. നൂറ്റി ഇരുപത്തിയഞ്ച് വര്‍ഷത്തെ തലയെടുപ്പുള്ള ഊട്ടി പുഷ്പമേള ആസ്വദിക്കാന്‍ ഓരോ വര്‍ഷവും സഞ്ചാരികളുടെ തിരക്കേറുകയാണ്. വേനലവധി തുടരുന്നതിനാല്‍ മലയാളികളാണ് കൂടുതല്‍. കമാനങ്ങളിലെ കാഴ്ചയില്‍ തുടങ്ങി, ചിത്രങ്ങളെടുത്ത്, കലാപ്രകടനങ്ങള്‍ ആസ്വദിച്ച് മടക്കം.
വിവിധ സംസ്ഥാനങ്ങളിലെ പൂക്കളും അവയുടെ പ്രത്യേകതയുമെല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്. തൈകള്‍ മിതമായ നിരക്കില്‍ വാങ്ങുന്നതിനും മേള പ്രയോജനപ്പെടുത്താം. അഞ്ച് ദിവസത്തെ പുഷ്പമേള പൂര്‍ത്തിയാകുന്നതോടെ ഊട്ടി കൂടുതല്‍ തിരക്കിലേക്ക് നീങ്ങും. സഞ്ചാരികളുടെ വരവ് കണക്കിലെടുത്ത് പ്രധാന കേന്ദ്രങ്ങളില്‍ നിന്ന് ഊട്ടിയിലേക്ക് ബസ് സര്‍വീസുകളുടെ എണ്ണം കൂട്ടി. ആയിരത്തിലധികം പൊലീസുകാരും സുരക്ഷാ കരുതലിനായുണ്ട്. ഹോട്ടലുകളും വിശ്രമകേന്ദ്രങ്ങളുമെല്ലാം അടുത്ത ഒരാഴ്ചക്കാലം പൂര്‍ണമായും സഞ്ചാരികളെക്കൊണ്ട് നിറയും.
English Summary: Ooty Flower Show