ADVERTISEMENT

പുതിയ 5 വന്ദേഭാരത് ട്രെയിനുകള്‍ പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ നിര്‍മിത വേവ് പൂള്‍ അബുദാബിയില്‍ വരുന്നു. ഉത്തര്‍പ്രദേശിലെ ദുദാവ ദേശീയ പാര്‍ക്ക് താല്‍ക്കാലികമായി അടച്ചു. ഇന്ത്യന്‍ എയര്‍ലൈന് ജീവശ്വാസമേകി അമേരിക്കന്‍ വ്യോമയാന കമ്പനി... വിനോദ സഞ്ചാര രംഗത്തെ പ്രധാന വാര്‍ത്തകള്‍ എന്തൊക്കെയെന്നു നോക്കാം.

 

വന്ദേഭാരത്

അഞ്ച് വന്ദേഭാരത് ട്രെയിനുകളാണ് ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഭോപാലില്‍ ഫ്‌ളാഗ് ഓഫ് ചെയ്തത്. ഭോപാല്‍-ഇന്‍ഡോര്‍, ഭോപാല്‍-ജബല്‍പുര്‍, ഗോവ-മുംബൈ, പട്‌ന-റാഞ്ചി, ബെംഗളൂരു-ഹൂബ്ലി-ധാര്‍വാദ് എന്നീ വന്ദേ ഭാരത് ട്രെയിനുകളാണ് ഓടിത്തുടങ്ങിയത്. രാജ്യത്ത് നിലവില്‍ 23 റൂട്ടുകളില്‍ വന്ദേ ഭാരത് ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.

 

ഏറ്റവും വലിയ വേവ് പൂള്‍ 

ലോകത്തിലെ തന്നെ ഏറ്റവും വലിയ മനുഷ്യ നിര്‍മിത വേവ് പൂളാണ് അബുദാബിയില്‍ ഒരുങ്ങുന്നുന്നത്. ഹുദെയ്രിയാത്ത് ഐലന്‍ഡ് വിനോദസഞ്ചാര കേന്ദ്രത്തിലാണ് ഈ വേവ് പൂള്‍ നിര്‍മിക്കുക. 53.5 കിലോമീറ്റര്‍ നീളത്തില്‍ പരന്നു കിടക്കുന്നതാണ് ഈ വിനോദ സഞ്ചാര കേന്ദ്രം. ഇതില്‍ 16 കിലോമീറ്ററോളം ബീച്ചുകളാണ്.

 

ദേശീയ പാര്‍ക്ക് അടച്ചു

ഉത്തര്‍പ്രദേശിൽ ഇന്ത്യ - നേപ്പാള്‍ അതിര്‍ത്തിയിലുള്ള ദുദാവ ദേശീയ പാര്‍ക്ക് താല്‍ക്കാലികമായി അടച്ചു. മണ്‍സൂണ്‍ പ്രമാണിച്ചാണു സഞ്ചാരികള്‍ക്കു നിയന്ത്രണം. നവംബറിലാണ് പാര്‍ക്ക് ഇനി സഞ്ചാരികള്‍ക്കു തുറന്നു കൊടുക്കുക.  

 

ട്രൂജെറ്റ് വീണ്ടും 

ഹൈദരാബാദ് ആസ്ഥാനമായുള്ള ബജറ്റ് എയര്‍ലൈൻ ട്രൂജെറ്റ് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഈ വര്‍ഷം തുടക്കത്തില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. ഇപ്പോഴിതാ ട്രൂജെറ്റിനു പുതു ജീവനുമായി അമേരിക്കന്‍ വ്യോമയാന കമ്പനിയായ എന്‍എസ് ഏവിയേഷന്‍ എത്തിയിരിക്കുന്നു. ട്രൂ ജെറ്റിന്റെ 85 ശതമാനം ഓഹരികള്‍ എന്‍എസ് ഏവിയേഷന്‍ സ്വന്തമാക്കിയിട്ടുണ്ട്. പ്രാദേശിക വ്യോമ ഗതാഗതം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ ഉഡാനില്‍ ഉള്‍പ്പെടുന്ന റൂട്ടുകളിലാണ് പ്രധാനമായും ട്രൂജെറ്റ് വിമാനങ്ങള്‍ പറന്നിരുന്നത്. വൈകാതെ ട്രൂജെറ്റ് പ്രവര്‍ത്തനം പുനരാരംഭിക്കും. .

 

Content Summary : Here are some travel news from the past week.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com