ഇന്ത്യയിലെ വിനോദസഞ്ചാരത്തിനായി ടൂറിസം മന്ത്രാലയവും എയർബിഎൻബിയും കൈകോർക്കുന്നു
Mail This Article
ഇന്ത്യയിലെ വിനോദസഞ്ചാരത്തിനായി ടൂറിസം മന്ത്രാലയവും എയർബിഎൻബിയും കൈകോർക്കുന്നു. ഇന്ത്യയിലെ പൈതൃകപരമായ ഹോംസ്റ്റേകളിലൂടെ കൂടുതൽ സഞ്ചാരികളെ രാജ്യത്തെത്തിക്കാൻ ടൂറിസം മന്ത്രാലയം എയർബിഎൻബിയുമായി ചേർന്നു പദ്ധതിയിടുന്നു. നാലാമത് ജി 20 ടൂറിസം വർക്കിങ് ഗ്രൂപ്പ് മീറ്റിങിന് ഒരു ദിവസം മുന്നോടിയായി നടന്ന ചടങ്ങിലാണ് ഇരുപക്ഷവും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചത്. പൈതൃക ഹോംസ്‌റ്റേകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, ലോകമെമ്പാടുമുള്ള യാത്രാ പ്രേമികൾ ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന ടൂറിസം കേന്ദ്രമായി ഇന്ത്യയെ പ്രോത്സാഹിപ്പിക്കുന്നതിനായിട്ടാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്ത്യയ്ക്ക് ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും വലിയൊരു ഒരു ശേഖരമുണ്ട്. രാജസ്ഥാനിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ഹവേലികൾ മുതൽ ദക്ഷിണേന്ത്യയിലെ ബംഗ്ലാവുകൾ, ഷിംലയിലെ ഫാം സ്റ്റേകൾ തുടങ്ങി നിരവധി ഹെറിറ്റേജ് ഹോംസ്റ്റേകളുടെ കാറ്റലോഗ് മൈക്രോസൈറ്റെന്ന എയർബിഎൻബിയുടെ പ്രൊജക്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ധാരണാപത്രം കുറച്ച് വർഷങ്ങൾക്ക് മുമ്പ് ആസൂത്രണം ചെയ്തിരുന്നെങ്കിലും “കോവിഡ് 19 കാരണം നീണ്ടുപോവുകയായിരുന്നുവെന്ന് ടൂറിസം മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.
Airbnb പോലുള്ള കമ്പനികളുടെ വിപണന സാധ്യതകൾ പ്രയോജനപ്പെടുത്താൻ ധാരണാപത്രം ശ്രമിക്കും, അത്തരം ഹെറിറ്റേജ് ഹോമുകൾ കൂടുതൽ ആൾക്കാരിലേക്ക് എത്തിക്കാനാണ് ശ്രമം. സർക്കാരിന്റെ ഭാഗത്തു നിന്ന്, മന്ത്രാലയവും മറ്റ് വിദഗ്ധരും നടപടികൾ നിർദ്ദേശിക്കുകയും വേണ്ട എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുകയും അങ്ങനെ അത്തരം പൈതൃക ഹോംസ്റ്റേകൾക്കു കൂടുതൽ പ്രോത്സാഹനം ലഭിക്കുകയും” ചെയ്യുമെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. Airbnb - ൽ നിന്ന്, ഗോവയിൽ ധാരണാപത്രം ഒപ്പുവയ്ക്കുന്ന സമയത്ത് കമ്പനിയുടെ ഇന്ത്യ, തെക്കുകിഴക്കൻ ഏഷ്യ, ഹോങ്കോങ്, തായ്‌വാൻ എന്നിവയുടെ തലവൻ അമൻപ്രീത് ബജാജ് സന്നിഹിതനായിരുന്നു. ഇൻബൗണ്ട് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യയുടെ സമ്പന്നമായ സംസ്കാരം ലോകത്തിനു മുൻപിൽ അവതരിപ്പിക്കുന്നതിനുമായി സർക്കാരിനൊപ്പം നിൽക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
ചടങ്ങിൽ കൊച്ചിൻ പോർട്ട് അതോറിറ്റി ചെയർപേഴ്‌സൺ എം ബീന 'ഡവലപ്പിങ് ഇന്ത്യ ആസ് ഹബ് ഓഫ് ക്രൂയിസ് ടൂറിസം' എന്ന വിഷയത്തിൽ അവതരണം നടത്തുകയും ഇന്ത്യയിൽ വരാനിരിക്കുന്ന വിവിധ ക്രൂയിസ് ടെർമിനലുകളുടെ പദ്ധതി സമയക്രമം പങ്കുവയ്ക്കുകയും ചെയ്തു. മുംബൈയിലെ അന്താരാഷ്‌ട്ര ക്രൂയിസ് ടെർമിനൽ 2023 ഡിസംബറിലും ഗോവയിലെ മോർമുഗാവോയിലെ അന്താരാഷ്‌ട്ര ക്രൂയിസ് ടെർമിനൽ നവംബറിലും വിശാഖപട്ടണത്തെ ക്രൂയിസ് ടെർമിനൽ ജൂണിലും പ്രവർത്തനക്ഷമമാകുമെന്നും ബീന പറഞ്ഞു. ഈ വർഷം ഒക്ടോബർ-നവംബർ മാസങ്ങളിൽ നാല് പുതിയ ക്രൂയിസ് ലൈനുകൾ ഇന്ത്യയിൽ ക്രൂയിസ് പ്രവർത്തനങ്ങൾ ആരംഭിക്കാൻ സാധ്യതയുണ്ടെന്ന് കൊച്ചിൻ പോർട്ട് അതോറിറ്റി ഉദ്യോഗസ്ഥർ പറഞ്ഞു.
Content Summary : Together, the Indian Tourism Ministry and Airbnb are promoting heritage homestays.