ബോര്‍ഡിങ് പാസെടുക്കാതെ പ്രവേശിക്കാം ഈ വിമാനത്താവളങ്ങളിൽ
Mail This Article
വിമാനയാത്രക്കുവേണ്ടി പല കടമ്പകളും നമുക്ക് മറികടക്കേണ്ടതുണ്ട്. വിമാനത്താവളത്തില്‍ സമയത്തിനെത്തി കഴിഞ്ഞാല്‍ പിന്നെ ബോര്‍ഡിങ് പാസെടുക്കണം. പിന്നീടുള്ള സുരക്ഷാ പരിശോധനകളില്‍ ഈ ബോര്‍ഡിങ് പാസ് കാണിച്ചു കൊടുക്കേണ്ടി വരും. വിമാനത്തിനുള്ളില്‍ കയറുന്നതിനു മുന്‍പുവരെ ബോര്‍ഡിങ് പാസ് പരിശോധനകളുണ്ട്. മുഖം തന്നെ നിങ്ങളുടെ ബോര്‍ഡിങ് പാസായാലോ? ഫേഷ്യല്‍ റെക്കഗ്നിഷന്‍ സംവിധാനം വഴി യാത്രികരുടെ പരിശോധന നടത്തുന്ന വിമാനത്താവളങ്ങള്‍ അന്താരാഷ്ട്ര തലത്തിലും ഇന്ത്യയിലും കൂടി വരികയാണ്. യാത്രികരുടെ സമയനഷ്ടം ഒഴിവാക്കി, വിമാനയാത്രകള്‍ കൂടുതല്‍ എളുപ്പത്തിലാക്കുന്ന പ്രധാന വിമാനത്താവളങ്ങളെ പരിചയപ്പെട്ടാലോ.
1 .ടോക്യോ, ജപ്പാന്
പ്രധാനമായും രണ്ട് വിമാനത്താവളങ്ങളാണ് ടോക്യോയിലുള്ളത്. ഹാനെഡ അന്താരാഷ്ട്ര വിമാനത്താവളവും നരിത അന്താരാഷ്ട്ര വിമാനത്താവളവും. 2021 ജൂലൈ മുതല്‍ ഫേസ് പാസ് എന്ന പേരിലുള്ള ഫേഷ്യല്‍ റെക്കഗ്നിഷന്‍ സംവിധാനം ഈ രണ്ടു വിമാനത്താവളങ്ങളിലും സ്ഥാപിച്ചു. ഇതോടെ യാത്രികര്‍ക്ക് ബോര്‍ഡിങ് പാസുകള്‍ ആവശ്യമില്ലാതായി. വിമാനത്താവളങ്ങളില്‍ ഫേസ് എക്സ്പ്രസ് കിയോക്സുകള്‍ സ്ഥാപിച്ചിട്ടുണ്ട്. യാത്രികര്‍ ഇവിടെയെത്തി പാസ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്യണം. ഇവിടെ വച്ചു തന്നെ യാത്രികരുടെ ചിത്രങ്ങളെടുക്കുകയും വിവരങ്ങള്‍ ചേര്‍ക്കുകയും ചെയ്യും. ഇതിനു ശേഷം നിങ്ങള്‍ക്ക് ഫേഷ്യല്‍ ഐഡിയുടെ സഹായത്തില്‍ സുരക്ഷാ പരിശോധനകള്‍ എളുപ്പം തീര്‍ത്ത് വിമാനത്തിലേക്കു കയറാനും സാധിക്കും.
2. ഡല്‍ഹി, ബംഗളൂരു, വരാണസി, പൂനെ, ഹൈദരാബാദ്, ഗുവാഹത്തി, ലക്നൗ, വിജയവാഡ, കൊല്‍ക്കത്ത - ഇന്ത്യ
ഡിജി യാത്രയുടെ വരവോടെ ഇന്ത്യയിലെ വിമാനത്താവളങ്ങളും കൂടുതല്‍ സ്മാര്‍ട്ടായിരിക്കുകയാണ്. നിങ്ങളുടെ വിമാനയാത്രകള്‍ കൂടുതല്‍ അനായാസമാക്കുക ലക്ഷ്യമിട്ടിട്ടുള്ള ആപ്ലിക്കേഷനാണ് ഡിജിയാത്ര. ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡു ചെയ്ത ശേഷം നിങ്ങള്‍ സ്വന്തം സെല്‍ഫി എടുത്ത് ചേര്‍ക്കേണ്ടതുണ്ട്. കൂട്ടത്തില്‍ ആവശ്യമായ വിവരങ്ങളും നല്‍കണം. മുകളില്‍ പറഞ്ഞ വിമാനത്താവളങ്ങളില്‍ നിങ്ങള്‍ക്ക് ഇ ഗേറ്റ് വഴി മുഖം സ്കാന്‍ ചെയ്തുകൊണ്ട് കടന്നു പോകാന്‍ സാധിക്കും. ഫേഷ്യല്‍ റെക്കഗ്നിഷന്‍ സംവിധാനങ്ങളാണ് ഇ ഗേറ്റില്‍ ഉപയോഗിച്ചിരിക്കുന്നത്.
3. ദുബൈ, അബുദാബി - യു എ ഇ
സാങ്കേതികവിദ്യയുടെ കാര്യത്തില്‍ ഒരു പടി മുന്നിലോടുന്ന രാജ്യമാണ് യു.എ.ഇ. ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതികവിദ്യ വിമാനത്താവളങ്ങളില്‍ ആദ്യം അവതരിപ്പിച്ച രാജ്യങ്ങളിലൊന്നാണിത്. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന യാത്രികര്‍ക്ക് 2019 മുതല്‍ തന്നെ പാസ്പോര്‍ട്ടോ ബോര്‍ഡിങ് പാസോ കാണിക്കേണ്ടതില്ല.
പ്രത്യേകം തയാറാക്കിയ ടെര്‍മിനല്‍ വഴി യാത്രികര്‍ കടന്നു പോവുമ്പോള്‍ അവരുടെ മുഖം സ്കാന്‍ ചെയ്തെടുക്കുകയാണ് ചെയ്യുന്നത്. 122 സ്മാര്‍ട്ട് ഗേറ്റുകളാണ് ദുബൈ വിമാനത്താവളത്തിലുള്ളത്. അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലും യാത്രികര്‍ക്ക് ബോര്‍ഡിങ് പാസിന്റെ ആവശ്യമില്ല. നിര്‍മിത ബുദ്ധിയുടേയും ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതികവിദ്യയുടേയും കരുത്തിലാണ് ഇവിടുത്തെ പരിശോധനകള്‍ നടക്കുന്നത്.
4 .ക്വാലാലംപൂര്‍- മലേഷ്യ
മലേഷ്യയിലെ ഏറ്റവും വലുതും തിരക്കേറിയതുമായ വിമാനത്താവളമാണ് ക്വാലാലംപൂര്‍ അന്താരാഷ്ട്ര വിമാനത്താവളം. 2022 തുടക്കം മുതല്‍ ക്വാലാലംപൂര്‍ വിമാനത്താവളത്തില്‍ ഫേഷ്യല്‍ റെക്കഗ്നിഷന്‍ സംവിധാനം ആരംഭിച്ചിട്ടുണ്ട്. വിമാനത്താവളത്തിലെ പ്രത്യേക കേന്ദ്രത്തില്‍ ആദ്യം യാത്രികര്‍ വിവരങ്ങള്‍ നല്കി രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. പിന്നീട് വിമാനത്താവളത്തിലെ പരിശോധനകളില്‍ മുഖം തന്നെയാണ് രേഖ.
5. ഹോങ്കോങ്
സിംഗിള്‍ ടോക്കണ്‍ ട്രാവല്‍ എക്സ്പീരിയന്‍സ് എന്നാണ് ഹോങ്കോങ് വിമാനത്താവളത്തിലെ ഫേഷ്യല്‍ റെക്കഗ്നിഷന്‍ സംവിധാനത്തിന്റെ പേര്. 2019 മുതല്‍ ഹോങ്കോങില്‍ ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്.
6. പാരിസ്, ഫ്രാന്‍സ്
പാരിസിലെ ചാര്‍ലെസ് ഡെ ഗുവെല്ല വിമാനത്താവളത്തിലും ഓര്ലേ വിമാനത്താവളത്തിലും ഫേഷ്യല്‍ റേക്കഗ്നിഷന് സംവിധാനമുണ്ട്. ഇവിടെയെത്തുന്ന യാത്രികര്‍ക്ക് പ്രത്യേകം ബോര്‍ഡിങ് പാസിന്റെ ആവശ്യമില്ല. വിമാനത്താവളത്തിലെ ഗേറ്റുകളിലും മറ്റും ഫേഷ്യല്‍ റെക്കഗ്നിഷന്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
7. സ്പെയിന്
സ്പെയിനിലെ നാല്പതോളം വിമാനത്താവളങ്ങള്‍ നിയന്ത്രിക്കുന്ന കമ്പനിയാണ് ഏന. ഇവര്‍ ബാഴ്സലോണയിലെ എല്‍ പ്രാറ്റ് വിമാനത്താവളത്തില്‍ ഫേഷ്യല്‍ റെക്കഗ്നിഷന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏനയുടെ ആപ്ലിക്കേഷന്‍ വഴിയോ വിമാനത്താവളത്തിലെ ഫേഷ്യല്‍ റെക്കഗ്നിഷന്‍ കേന്ദ്രങ്ങള്‍ വഴിയോ യാത്രികര്‍ക്ക് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനാവും. ഇതിനുശേഷം പാസ്പോര്‍ട്ടോ ബോര്‍ഡിങ് പാസോ എടുക്കാതെ തന്നെ ബാഴ്സലോണയിലെ ഈ വിമാനത്താവളം വഴി സഞ്ചരിക്കാനാവും.
8. ഹീത്രു, മാഞ്ചസ്റ്റര്‍- യു.കെ
ബ്രിട്ടീഷ് എയര്വേയ്സില് യാത്ര ചെയ്യുന്നവര്‍ക്കു മാത്രമായി ഹീത്രു വിമാനത്താവളത്തിലും മാഞ്ചസ്റ്റര്‍ വിമാനത്താവളത്തിലും ബയോമെട്രിക് ബോര്‍ഡിങ് ആസ്വദിക്കാനാവും. ബ്രിട്ടീഷ് എയര്‍വേയ്സ് വഴി യാത്ര ചെയ്യുന്നവര്‍ ഈ വിമാനത്താവളങ്ങളില്‍ രജിസ്റ്റര്‍ ചെയ്യണം. പിന്നീട് ഫേഷ്യല്‍ റെക്കഗ്നിഷന്‍ വഴി യാത്ര സാധ്യമാവും.
9. ഫ്രാങ്ക്ഫര്‍ട്ട്, മ്യൂണിച്ച്- ജര്‍മനി
ജര്‍മനിയില്‍ ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലും മ്യൂണിച്ച് വിമാനത്താവളത്തിലും ബയോമെട്രിക് രജിസ്ട്രേഷന് നടത്തിയ ശേഷം എളുപ്പം യാത്ര ചെയ്യാനാവും. ലുഫ്താന്‍സ എയര്‍ലൈന്‍സില്‍ യാത്ര ചെയ്യുന്നവര്‍ക്കു മാത്രമാണ് ഈ സൗകര്യമുള്ളത്. ലുഫ്താന്‍സ ആപ്പ് വഴി യാത്രികര്‍ക്ക് രജിസ്റ്റര്‍ ചെയ്ത് ഫോട്ടോയും പാസ്പോര്‍ട്ട് വിവരങ്ങളും നല്‍കാനാവും.
10. യു.എസ്.എ
അമേരിക്കയിലെ നിരവധി വിമാനത്താവളങ്ങളില്‍ ഫേഷ്യല്‍ റെക്കഗ്നിഷന്‍ സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ട്. ഡെല്‍റ്റ എയര്‍ലൈന്‍സ്, യുണൈറ്റഡ് എയര്‍ലൈന്‍സ് തുടങ്ങിയ വ്യോമയാന കമ്പനികള്‍ ഈ സേവനം നല്കുന്നു. എയര്‍ലൈന്‍ ആപ്ലിക്കേഷനുകള്‍ വഴി യാത്രികര്‍ക്ക് വിവരങ്ങള്‍ നല്‍കാനാവും. പിന്നീട് വിമാനത്താവളങ്ങളില്‍ എളുപ്പം യാത്രികര്‍ക്ക് സുരക്ഷാ പരിശോധനകള്‍ നടത്താനും സാധിക്കുന്നു.
Content Summary : Don’t need boarding pass at these airports around the world.