ADVERTISEMENT

യാത്രകൾ പലവിധമാണെങ്കിലും യാത്ര ചെയ്യുന്നവരുടെ ലോകവീക്ഷണം മാറുമെന്നതിൽ തർക്കമില്ല. കുടുംബമായി യാത്ര ചെയ്യാൻ ചിലരൊക്കെ ഇഷ്ടപ്പെടുമ്പോൾ കൂട്ടുകാരുമായി യാത്ര ചെയ്യാനാണ് മറ്റ് ചിലർക്ക് ഇഷ്ടം. കുടുംബമായി അല്ലെങ്കിൽ കൂട്ടുകാരുമായി യാത്ര ചെയ്യുമ്പോൾ പരസ്പരം അറിയാനും സ്നേഹിക്കാനും മനസിലാക്കാനും ഒക്കെയുള്ള അവസരങ്ങളാണ് ലഭിക്കുന്നത്. എന്നാൽ, ചിലർ ഈ കൂട്ടങ്ങളിൽ ഒന്നും ഒതുങ്ങില്ല. അവർക്ക് തനിയെ യാത്ര പോകുന്നതാണ് ഇഷ്ടം. തനിച്ച് ലോകം കാണാനും വ്യത്യസ്തമായ അനുഭവങ്ങളിലൂടെ കടന്നുപോകാനും ആഗ്രഹിക്കുന്നവർ. ഏകാന്തപഥികർ എന്ന് അൽപം സാഹിത്യം കലർത്തി അവരെ വിളിക്കാം. ആൾക്കൂട്ടങ്ങളിൽ തനിയെ നടക്കാൻ ആഗ്രഹിക്കുന്നവർ, മലകളിലും കുന്നുകളിലും കയറി ചെന്ന് സ്വസ്ഥമായി ഒന്നിരിക്കാൻ കൊതിക്കുന്നവർ.

തനിച്ച് യാത്ര ചെയ്യുമ്പോൾ സ്വയം സുരക്ഷയ്ക്ക് പ്രാധാന്യം നൽകണം. പോകുന്ന സ്ഥലങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ വേണം. സാഹസികത ഇഷ്ടപ്പെടുന്നവർ അതിന് പറ്റിയ ഇടങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ചിലർക്ക് നഗരജീവിതവും സാംസ്കാരിക വൈവിധ്യവും ആയിരിക്കും ഹരം. പ്രകൃതിഭംഗി ആസ്വദിച്ച് യാത്ര ചെയ്യാൻ സാധിക്കുന്ന ഇടങ്ങൾ ചിലപ്പോൾ നാടിനെ കണ്ടറിഞ്ഞ് യാത്ര ചെയ്യാൻ സാധിക്കുന്ന ഇടമായിക്കൊള്ളണമെന്നില്ല. ജപ്പാനിലും തായ്​ലൻഡിലും സിംഗപ്പൂരിലും യാത്രകൾ എങ്ങനെയാണ് വ്യത്യസ്തമായിരിക്കുന്നത്. ഏകാന്തപഥികൾക്കായി കുറച്ച് വിനോദസഞ്ചാര ഇടങ്ങൾ.

ഡെൻമാർക്കിൽ എത്തിയാൽ തനിച്ച് നഗരം ചുറ്റി നടക്കാം

സോളോ യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് വളരെ ഉചിതമായ ഒരിടമാണ് ഡെൻമാർക്കിന്റെ തലസ്ഥാനമായ കോപ്പൻഹേഗൻ. വളരെ സന്തോഷകരമായ ഒരു അന്തരീക്ഷമാണ് കോപ്പൻഹേഗന്റെ പ്രത്യേകത. ഒപ്പം കുറഞ്ഞ കുറ്റകൃത്യനിരക്കും ഉന്നതനിലവാരത്തിലുള്ള രാജ്യാന്തര പാചകശാലകളും കോപ്പൻഹേഗനിലേക്ക് യാത്രക്കാരെ ആകർഷിക്കുന്നു. മറ്റ് തെക്കേ യൂറോപ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് നോക്കുകയാണെങ്കിൽ ഡെൻമാർക്ക് അൽപം എക്സ്പെൻസിവ് ആണ്. അതേസമയം, നോർത്തേൺ സ്കാൻഡിനേവിയൻ രാജ്യങ്ങളായ നോർവേ, സ്വീഡൻ എന്നിവയെ അപേക്ഷിച്ച് ചെലവ് കുറവുമാണ്. ഒരു ബൈക്ക് വാടകയ്ക്ക് എടുത്ത് കറങ്ങുന്നതായിരിക്കും സോളോ യാത്രികർക്ക് കൂടുതൽ നല്ലത്. സെൻട്രൽ ഡാൻഹോസ്റ്റൽ പോലെയുള്ള ഇടങ്ങളിൽ താമസിക്കുന്നതും അവിടെ നിന്ന് കോപ്പൻഹേഗൻ കാർഡ് സ്വന്തമാക്കുന്നതും യാത്രയിൽ ഗുണം ചെയ്യും. നഗരത്തിലെ കനാലിലൂടെയുള്ള ബോട്ട് യാത്ര ഉൾപ്പെടെ പലതും ഇതിലൂടെ നിങ്ങൾക്ക് ആസ്വദിക്കാൻ കഴിയും.

തായ്​ലൻഡ് - ബാങ്കോക്കും ഫുക്കെറ്റും കണ്ടാൽ മനസ്സ് നിറയും

കൈയിലൊതുങ്ങുന്ന ചെലവിൽ യാത്ര ചെയ്യാൻ കഴിയുന്ന ദക്ഷിണപൂർവേഷ്യയിലെ ഒരു രാജ്യമാണ് തായ്​ലൻഡ്. ധാരാളം സഞ്ചാരികൾ എത്തുന്ന തായ്​ലൻഡ് വിനോദസഞ്ചാരം പ്രധാന വരുമാന മാർഗമാക്കിയിരിക്കുന്ന ഒരു രാജ്യം കൂടിയാണ്. തീവണ്ടികളിലും ബസുകളിലും വലിയ ബോട്ടുകളിലും ടക് ടക്കുകളിലും (നമ്മുടെ നാട്ടിലെ ഓട്ടോറിക്ഷ) തായ്​ലൻഡിലെ കാഴ്ചകൾ കണ്ട് സഞ്ചരിക്കാം. മാത്രമല്ല, തനിച്ച് സഞ്ചരിക്കുന്നവർക്ക് താമസിക്കാൻ തുച്ഛമായ നിരക്കിൽ ഹോസ്റ്റൽ സൗകര്യവും ലഭിക്കും. പുതിയ ആളുകളെ കാണാനും പരിചയപ്പെടാനുമുള്ള അവസരവും ഒരുക്കുന്നു. ബാങ്കോക്കിലെ രാത്രിജീവിതങ്ങൾക്ക് പ്രത്യേക ഭംഗിയാണ്. ബുദ്ധക്ഷേത്രങ്ങളും യോഗ കേന്ദ്രങ്ങളും ഇവിടെയെത്തുന്നവരെ ആകർഷിക്കുന്നു. ആൻഡമാൻ കടലിലെ ഫുക്കെറ്റും ഫിഫിയും ഉൾപ്പെടെ നിരവധി ചെറുദ്വീപുകൾ തായ്​ലൻഡ് യാത്ര വ്യത്യസ്തമാക്കും.

സുരക്ഷയാണ് മുഖ്യമെങ്കിൽ ജപ്പാനിലേക്കു വണ്ടി പിടിച്ചോ

ആരെയും പേടിക്കാതെ, ഒന്നിനെയും ഭയക്കാതെ മനസ്സമാധാനത്തോടെ യാത്ര ചെയ്യാനാണെങ്കിൽ അതിന് ഏറ്റവും ഉചിതമായ രാജ്യമാണ് ജപ്പാൻ. ജാപ്പനീസ് സംസ്കാരം തന്നെ ദയയുടെയും ബഹുമാനത്തിന്റെയുമാണ്. കുറ്റകൃത്യങ്ങളും മറ്റ് തരത്തിലുള്ള ഉപദ്രവങ്ങളും ഇവിടെ വളരെ കുറവാണ്. ട്രെയിൻ യാത്രകൾ വളരെ സുഗമമാണെന്ന് മാത്രമല്ല, സ്ത്രീകൾക്ക് മാത്രമായുള്ള വണ്ടികളുമുണ്ട്. ജപ്പാനിലെ ഏകാന്തയാത്ര ആരംഭിക്കാൻ ഏറ്റവും ഉചിതമായ സ്ഥലം ടോക്കിയോ ആണ്. അംബരചുംബികളായ കെട്ടിടങ്ങളും രാത്രികളുടെ സൗന്ദര്യവും മാത്രമല്ല, ബുള്ളറ്റ് ട്രയിനിൽ ക്യോട്ടോ വഴിയുള്ള യാത്ര ഫുജി പർവതത്തിന്റെ ഭംഗി കാണാൻ അവസരമൊരുക്കുന്നു. വസന്തകാലത്ത് ചെറി പൂക്കളാൽ ഭംഗിയുള്ള നഗരം പിങ്ക് നിറത്തിലായിരിക്കും. ഇത് വ്യത്യസ്തമായ ഒരു അനുഭവം യാത്രികർക്ക് സമ്മാനിക്കും. ചിലവ് കുറയ്ക്കണമെങ്കിൽ വെൻഡിങ്ങ് മെഷീനുകൾ, 100 യെൻ സ്റ്റോറുകൾ എന്നിവിടങ്ങളിൽ നിന്ന് ഭക്ഷണം കഴിക്കാം. തനിച്ചിരുന്ന് കഴിക്കുന്നത് ജപ്പാനിൽ ഒരു ആഘോഷമാണ്. റസ്റ്ററന്റുകളിൽ ഈറ്റ് എലോൺ സ്പേസ് വരെ സെറ്റ് ചെയ്ത് വച്ചിട്ടുണ്ട്.

ഒരു ചെറിയ യാത്രയ്ക്ക് ആണെങ്കിൽ അയർലൻ‍ഡിലേക്ക് പോകാം

ഈ യാത്ര കൂടുതൽ എളുപ്പവും സുഖകരവുമാകുന്നത് യുകെ മലയാളികൾക്ക്. വിമാനത്തിലോ ഫെറിയിലോ എത്താവുന്ന  ദൂരത്തിൽ വളരെ അടുത്താണ് അവരെ സംബന്ധിച്ച് അയർലൻഡ്. നിരവധി മലയാളികൾ അയർലൻഡിൽ ജോലി ചെയ്യുന്നുമുണ്ട്. കാണാൻ ആണെങ്കിൽ നിരവധി സ്ഥലങ്ങളുമുണ്ട് അയർലൻഡിൽ. അതിൽ ഏറ്റവും ആകർഷകം ഡബ്ലിൻ തന്നെയാണ്. പുരാതനകാലഘട്ടവും ആധുനികതയും ഒരേപോലെ ഇണങ്ങിച്ചേർന്നിരിക്കുന്നു ഇവിടെ. സാഹിത്യത്തിന്റെ നഗരം എന്നാണ് ഈ തലസ്ഥാനനഗരത്തെ യുനെസ്കോ വിശേഷിപ്പിക്കുിന്നത്. മോഹർ ക്ലിഫ്, ഗ്രേറ്റൺ സ്ട്രീറ്റിലെ കടകൾ എന്നിവ സോളോ യാത്രികരെ ഒരുപോലെ ആകർഷിക്കും. ഇവിടം ചുറ്റിക്കറങ്ങുന്നതിന് ഒരു കാർ വാടകയ്ക്ക് എടുക്കുന്നത് ആയിരിക്കും ഏറ്റവും ഉചിതം.

നാടിനെയും നാട്ടാരെയും കണ്ടറിഞ്ഞുള്ള യാത്രയാണെങ്കിൽ വിയറ്റ്നാമിലേക്ക് പോകാം

വിയറ്റ്നാമിലെ പഴക്കം ചെന്ന ടൂറിസ്റ്റ് റൂട്ടുകൾ ഏതൊരു ഏകാന്തയാത്രികനും സുഗമമായി ഈ രാജ്യത്ത് സഞ്ചരിക്കാനുള്ള വഴി ഒരുക്കുന്നു. നിരവധി കാഴ്ചകളാണ് വിയറ്റ്നാമിൽ സഞ്ചാരികളെ കാത്തിരിക്കുന്നത്.  ഹ്യൂയുടെ കോട്ട, തലസ്ഥാനമായ ഹനോയിലെ ഫ്രഞ്ച് കൊളോണിയൽ വില്ലകൾ, കു ചി തുരങ്കങ്ങൾ ഉൾപ്പെടെയുള്ള യുദ്ധകാല അവശിഷ്ടങ്ങൾ, ഫു ക്വോക് ദ്വീപിലെ ബീച്ചുകൾ ഇവയെല്ലാം വിയറ്റ്നാമിനെ സഞ്ചാരികളുടെ പറുദീസയാക്കി മാറ്റുന്നു. സോളോ യാത്രികർക്ക് പ്രദേശവാസികളുടെ ബൈക്കിന് പിന്നിൽ ഇരുന്ന് നഗരയാത്ര നടത്താം. അതല്ലെങ്കിൽ സമാനമനസ്കരായ സഞ്ചാരികൾക്ക് ഒപ്പം യുനെസ്കോ പട്ടികയിൽ ഇടം പിടിച്ചിട്ടുള്ള ലൈം സ്റ്റോൺ ദ്വീപായ ഹാ ലോങ് ബേയിലേക്ക് സമുദ്രയാത്ര പോകാം. പോക്കറ്റ് ഫ്രണ്ട്ലിയായ ദക്ഷിണ പൂർവ ഏഷ്യൻ രാജ്യങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് വിയറ്റ്നാം. പൊതുഗതാഗത സംവിധാനങ്ങൾ വളരെ വിശാലമാണ്. രാത്രികളിലും ബസ് ലഭ്യമായിരിക്കും.

ഏകാന്തതയിലേക്ക് ഊളിയിടാൻ കാനഡ

ഊഷ്മളമായ ആതിഥ്യമര്യദയുള്ള രാജ്യമാണ് കാനഡ. അതുകൊണ്ടു തന്നെ ഏകാന്തയാത്രികർക്ക് രണ്ടിലൊന്ന് ആലോചിക്കാതെ യാത്രയ്ക്ക് തിരഞ്ഞെടുക്കാനും പ്രകൃതിയിൽ മയങ്ങാനും കാനഡ നല്ല ഒരു ഓപ്ഷനാണ്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമാണ് കാനഡ. ടൊറൊണ്ടോയിലെ ട്രെൻഡി ബാറുകളും വാൻകൂറിലെ സ്റ്റാൻലി പാർക്കും വ്യത്യസ്തമായ അനുഭവം ആയിരിക്കും സമ്മാനിക്കുക. കാനഡയിലൂടെയുള്ള റോഡ് യാത്ര നോർത്ത് അമേരിക്കയുടെ പ്രകൃതിരമണീയമായ ദൃശ്യങ്ങൾ സമ്മാനിക്കും. സ്കീയിംഗും സ്നോബോർഡിംഗും മുതൽ കയാക്കിംഗും ഐസ് ഹോക്കിയും വരെ സഞ്ചാരികൾക്ക് ആസ്വദിക്കാം. 

അൽപം സാഹസികത വേണമെങ്കിൽ ഐസ് ലൻഡിലേക്ക് പോകാം

വിരസത ഒഴിവാക്കി സാഹസികത നിറച്ച് അടിപൊളിയായി സോളോ യാത്ര പോകാൻ ആഗ്രഹിക്കുന്നവർക്ക് ഇടംവലം നോക്കാതെ ഐസ് ലൻഡ് തിരഞ്ഞെടുക്കാം. സ്നോമൊബൈലിംഗ് മുതൽ കുതിരസവാരി വരെ. അത്രത്തോളം രസകരവും സാഹസികവുമായ ഔട്ട് ഡോർ ആക്ടിവിറ്റികളാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. ഇത് മാത്രമല്ല അഗ്നിപർവത ഭൂമിയിലൂടെയുള്ള സാഹസിക കാൽനടയാത്രയും ഇവിടെ നിങ്ങൾക്ക് ആസ്വദിക്കാം. ഐസിന്റെയും തീയുടെയും നാട് എന്നാണ് ഐസ് ലൻഡ് അറിയപ്പെടുന്നത് തന്നെ. കരിമണൽ കടൽത്തീരങ്ങളും വെള്ളച്ചാട്ടങ്ങളും എല്ലാം ഒരുപോലെ സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നു. അർദ്ധരാത്രിയിൽ ഉദിക്കുന്ന സൂര്യനും വർണവിസ്മയമായ നോർത്തേൺ ലൈറ്റ്സ് കാണാൻ കഴിയുന്നതും ഇവിടുത്തെ പ്രത്യേകതയാണ്. 

ലേഡീസ് പ്ലീസ് ഗോ ടു സ്ലൊവേനിയ

യൂറോപ്പിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന സ്ലൊവേനിയ സ്ത്രീ യാത്രികരെയാണ് പ്രധാനമായും ആകർഷിക്കുന്നത്. പൊതുഗതാഗത സംവിധാനം ഏതൊരു സഞ്ചാരിക്കും താങ്ങാവുന്ന നിരക്കിലാണ്. ഇവിടെ കൂടുതലായും സംസാരിക്കുന്നത് ഇംഗ്ലീഷ് ആണെന്നത് ആശയവിനിമയം കൂടുതൽ എളുപ്പമാക്കുകയും യാത്ര കൂടുതൽ സുഗമമമാക്കുകയും ചെയ്യുന്നു. സ്ലൊവേനിയയുടെ പ്രധാന ആകർഷണം പരമ്പരാഗത ഗ്രാമങ്ങളോട് ചേർന്നു കിടക്കുന്ന തടാകങ്ങളാണ്. വെള്ളത്തിൽ നീന്തി തുടിക്കാനുള്ള അവസരത്തിനൊപ്പം പരമ്പരാഗതമായ ബോട്ട് യാത്രകളും ആസ്വദിക്കാവുന്നതാണ്. നദീതീരത്തുള്ള കഫേകളാലും മാർക്കറ്റുകളാലും സമ്പന്നമാണ് സ്ലോവേനിയയുടെ തലസ്ഥാനനഗരി.

English Summary:

Amazing destinations for your first solo trip around the world.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com