എളുപ്പത്തിൽ ഷെംഗന്‍ വീസ അനുവദിക്കുന്ന രാജ്യങ്ങൾ; ഒറ്റ വീസയിൽ 20 ലധികം രാജ്യങ്ങൾ സന്ദർശിക്കാം
Mail This Article
ഒറ്റ വീസ കൊണ്ട് 20 ൽ അധികം രാജ്യങ്ങൾ സന്ദർശിക്കാൻ സാധിക്കും. അതാണ് 26 യൂറോപ്യൻ രാജ്യങ്ങളെ ഉൾക്കൊള്ളുന്ന യൂറോപ്യൻ യൂണിയൻ പാസ്പോർട്ട് രഹിത മേഖലയായ ഷെംഗന്‍. ഒരു സഞ്ചാരിക്ക് ലഭിക്കാവുന്ന ലോകത്തിലെ ഏറ്റവും വലിയ സൗജന്യ യാത്രാ മേഖലയാണിത്. ഷെംഗന്‍ വീസ എന്നത് ഒരു ഹ്രസ്വകാല വീസയാണ്. 90 ദിവസത്തേയ്ക്ക് അനുവദിയ്ക്കുന്ന ഒറ്റ ടൂറിസ്റ്റ് വീസ ഉപയോഗിച്ച് നമുക്ക് ഈ 26 രാജ്യങ്ങളിലൂടെയും യാത്ര ചെയ്യാം. ഷെംഗന്‍ സോണിനുള്ളിൽ അതിർത്തി നിയന്ത്രണങ്ങളൊന്നുമില്ല. എന്നാൽ ഈ വീസ ലഭിക്കാൻ കുറച്ച് ബുദ്ധിമുട്ടാണ്. ചിലപ്പോൾ മാസങ്ങൾ വരെ കാത്തിരിക്കേണ്ടിവരും. എന്നാൽ ഇനി പറയുന്ന ഷെങ്കൻ രാജ്യങ്ങൾ വളരെ അനായാസേന വീസ അനുവദിക്കുന്നു. എളുപ്പത്തിൽ വീസ ലഭിക്കുന്ന ചില ഷെംഗന്‍ രാജ്യങ്ങൾ ഇതാ.
ലക്സംബർഗ്
ഏറ്റവും കൂടുതൽ വീസ അപേക്ഷകൾ സ്വീകരിക്കുന്ന രാജ്യമാണ് ലക്സംബർഗ്.അപേക്ഷിക്കുന്നതിന്റെ 90 ശതമാനവും അനുവദിയ്ക്കുന്നുമുണ്ട് എന്നതാണ് ഈ രാജ്യത്തിന്റെ പ്രത്യേകത. യൂറോപ്പിലെ ഏറ്റവും ചെറിയ രാജ്യങ്ങളിലൊന്നായ ലക്സംബർഗ്, ബെൽജിയം, ഫ്രാൻസ്, ജർമനി എന്നിവയാൽ ചുറ്റപ്പെട്ടിരിക്കുന്നു. ഇത് പ്രധാനമായും ഒരു ഗ്രാമീണ രാജ്യമാണെങ്കിലും, സ്റ്റീൽ, ഫിനാൻസ്, ടെക്നോളജി, വ്യവസായം എന്നിവയിലൂടെ ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിൽ ഏറ്റവും ഉയർന്ന സ്ഥാനം ഈ രാജ്യത്തിനുണ്ട്. 82 കി.മീ നീളവും 57 കി.മീ വീതിയുമുള്ള ഈ കുഞ്ഞൻ രാജ്യം ഒറ്റ ദിവസത്തിനുള്ളിൽ കണ്ടുവരാം. എങ്കിലും കുറഞ്ഞത് 4-5 ദിവസമെങ്കിലും രാജ്യത്ത് തങ്ങി അതിപുരാതനമായ കോട്ടകൾ മുതൽ മനോഹരമായ ഗ്രാമങ്ങൾ വരെ കണ്ടാസ്വദിക്കാം.
ലിത്വാനിയ
ലിത്വാനിയയിലേക്കുള്ള ഒരു സഞ്ചാരി എപ്പോഴും ചരിത്രവും കലയും അതിഗംഭീരമായ സാഹസികതകളും ഒരുപോലെ തിരയുന്ന ഒരാളായിരിക്കണം. വടക്ക് ലാത്വിയയും എസ്റ്റോണിയയും തെക്കുകിഴക്ക് ബെലാറസും തെക്ക് പടിഞ്ഞാറ് പോളണ്ടും അതിർത്തി പങ്കിടുന്ന ലിത്വാനിയ വളരെ എളുപ്പത്തിൽ വീസ അനുവദിക്കുന്ന രാജ്യമാണ്. വെറും 3 ദശലക്ഷത്തിൽ താഴെ ആളുകൾ വസിക്കുന്ന ലിത്വാനിയ ഒരു ബജറ്റ് ഡെസ്റ്റിനേഷൻ എന്ന നിലയിൽ സഞ്ചാരികൾക്കിടയിൽ പ്രശസ്തമാണ്. പൈതൃകസ്മാരകങ്ങളും കോട്ടകളും സുന്ദരമായ നഗരങ്ങളും ലിത്വാനിയയെ വേറിട്ടൊരു സഞ്ചാരയിടമാക്കുന്നു.
സ്ലോവാക്യ
കഴിഞ്ഞ വർഷത്തെ കണക്കുപ്രകാരം സ്ലോവാക്യ ഷെംഗന്‍ വീസ നിരസിക്കുന്നത് വളരെ കുറവാണെന്നാണ്. സ്പാ നഗരമായ പിസ്റ്റനി, ഡാന്യൂബ് നദിക്ക് ചുറ്റുമുള്ള പ്രകൃതി സൗന്ദര്യം, നാടോടി പാരമ്പര്യങ്ങൾ, കരകൗശല വസ്തുക്കൾ, വിന്റേജ് വാസ്തുവിദ്യയ്ക്കും ഒപ്പം മധ്യകാല ചരിത്രത്തിനും അതിശയകരമായ വാസ്തുവിദ്യയ്ക്കും പേരുകേട്ട ഒരു മധ്യ യൂറോപ്യൻ രാജ്യമാണ് സ്ലൊവാക്യ. ഒരു ഭൂപ്രദേശം എന്ന നിലയിൽ, അത് ചരിത്രത്തിലുടനീളം നിരവധി സാമ്രാജ്യങ്ങളുടെയും സർക്കാരുകളുടെയും ഭാഗമായിട്ടുണ്ട്. അവയെല്ലാം ഈ രാജ്യത്ത് അവരുടേതായ സവിശേഷമായ സ്വാധീനം ചെലുത്തിയിട്ടുമുണ്ട്. പാരച്യൂട്ട് കണ്ടുപിടിച്ച നാടെന്ന ഖ്യാതിയുള്ള സ്ലോവാക്യയിൽ നിരവധി യുനെസ്കോ പൈതൃകസൈറ്റുകളുണ്ട്.
ചെക്ക് റിപ്പബ്ലിക്
വേനൽക്കാല കൊട്ടാരങ്ങൾ, പുരാതന കോട്ടകൾ, ലോകത്തിലെ ഏറ്റവും മികച്ച ബിയർ എന്നിവയാൽ സമ്പന്നമാണ് ചെക്ക് റിപ്പബ്ലിക്. രാജ്യത്തിന്റെ നഗര സാംസ്കാരിക കേന്ദ്രമായ പ്രാഗാണ് ഏറ്റവും വലിയ ആകർഷണം. യൂറോപ്പിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന, ചെക്ക് റിപ്പബ്ലിക്, പലപ്പോഴും ശ്രദ്ധിക്കപ്പെടാത്ത ഒരു ഇടമാണ്. വിനോദസഞ്ചാരത്തിന്റെ കാര്യത്തിൽ, പലരും തലസ്ഥാന നഗരമായ പ്രാഗിനപ്പുറത്തേക്ക് പോകാറില്ല.പ്രാഗ് കാണേണ്ട ഒരു കാഴ്ചയാണെങ്കിലും, ചെക്ക് റിപ്പബ്ലിക്കിൽ മറ്റനേകം ആകർഷണങ്ങളുണ്ട്.
ലാത്വിയ
ഷെംഗന്‍ വീസ എളുപ്പത്തിൽ ലഭിക്കുന്ന മറ്റൊരു യൂറോപ്യൻ രാജ്യമാണ് ലാത്വിയ. ലാത്വിയയിൽ ആയിരിക്കുമ്പോൾ, യാത്ര ചെയ്യാനും സ്ഥലം അറിയാനുമുള്ള ഏറ്റവും നല്ല മാർഗം പൊതുഗതാഗതമാണ്, രാജ്യത്തെ ട്രെയിനുകളും ബസുകളും എല്ലാ പ്രധാന നഗരങ്ങളെയും പട്ടണങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്നു. റിഗ, ഡൗഗാവ്പിൽസ് തുടങ്ങിയ വലിയ പട്ടണങ്ങളിൽ ട്രോളിബസുകൾ, ട്രാമുകൾ എന്നിവടക്കം സജീവമായ പൊതുഗതാഗത സംവിധാനമുണ്ട്. ടാക്സികളും താരതമ്യേന വിലകുറഞ്ഞതാണ്. രാജ്യത്തുടനീളം സഞ്ചരിക്കണമെങ്കിൽ ട്രെയിൻ യാത്രയാണ് ഏറ്റവും മികച്ചത്.
ഹങ്കറി
യൂറോപ്പിലെ അണ്ടർറേറ്റഡ് ഡെസ്റ്റിനേഷനുകളിൽ ഒന്നാണ് ഹംഗറി. ചെലവേറിയ പടിഞ്ഞാറൻ യൂറോപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ, ഹംഗറി അവിശ്വസനീയമായ മൂല്യം വാഗ്ദാനം ചെയ്യുന്നു. മനോഹരമായ പ്രകൃതിദൃശ്യങ്ങൾ, സമ്പന്നമായ ചരിത്രം, ഹൃദ്യമായ ഭക്ഷണം, താങ്ങാനാവുന്ന നൈറ്റ് ലൈഫ് എല്ലാം ഇവിടെ ഒരുമിച്ചനുഭവിക്കാം. ഈ ഭൂഖണ്ഡത്തിലെ ഏറ്റവും മികച്ച നൈറ്റ് ലൈഫ് സ്പോട്ടുകളിൽ ഒന്നാണ് ഹങ്കറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിലേത്.ഭൂരിഭാഗം സന്ദർശകരും ബുഡാപെസ്റ്റ് സന്ദർശിക്കുമ്പോൾ, അതിനേക്കാളേറെ കാണാനും അനുഭവിയ്ക്കാനും ഈ രാജ്യത്തുണ്ട്. യൂറോപ്പിന്റെ മധ്യഭാഗത്തുള്ള ഒരു രാജ്യമായിട്ടുപോലും അധികം സഞ്ചാരികളെത്താത്ത തിരക്കില്ലാത്തൊരു സ്പോട്ടാണ് ഇവിടം. വീസയ്ക്ക് അപേക്ഷിക്കുകയാണെങ്കിൽ കാലതാമസമില്ലാതെ ലഭിക്കുകയും ചെയ്യും.