കടലിനടിയിലെ മനോഹര കാഴ്ചകള്‍ കാണാന്‍ യാത്ര പോകാം
Mail This Article
ഒരു തലയ്ക്കല്‍ പച്ച പുതച്ചുകിടക്കുന്ന ഭൂമി മറുവശം നീലസമുദ്രം ഇതിനിടയിലായി തൂവെള്ള മണല്‍ പരപ്പ്... ഇത്രയും മതി ഒരു വിഭാഗം സഞ്ചാരികള്‍ക്ക് സമാധാനത്തിന്റെ സ്വപ്‌നതീരം അണയാന്‍. ഇനി അല്‍പം സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് കടലിനടിയിലെ മനോഹര കാഴ്ച്കൾ കാണാന്‍ ഊളിയിടാം, വെള്ളത്തിനു മുകളിലെ യാത്രകളാവാം, അപൂര്‍വ കടല്‍ജീവികളെ അടുത്തു നിന്ന് ആസ്വദിക്കാം... അങ്ങനെയങ്ങനെ സവിശേഷമായ യാത്രാ സാധ്യതകളാണ് ഉഷ്ണമേഖലകളിലെ കടല്‍തീരങ്ങളുടെ വാഗ്ദാനം. വടക്കേ അമേരിക്കയിലെ മൂന്നാമത്തെ ട്രാവല്‍ കമ്പനിയായ ഫെയര്‍പോര്‍ട്ടല്‍ അക്കമിട്ടു നിരത്തുന്ന ഭൂമിയിലെ സ്വര്‍ഗങ്ങളായ ബീച്ചുകളുള്ള നാടുകളെ അറിയാം.
ഫ്‌ളോറിഡ കീസ്
പ്രകൃതി ഭംഗിക്കു പേരുകേട്ട നാടാണ് ഫ്‌ളോറിഡ കീസ്. അമേരിക്കന്‍ ഭൂഖണ്ഡത്തിലെ തന്നെ സജീവമായ ഏക പവിഴപ്പുറ്റുകളാണിവിടെയുള്ളത്. അതുകൊണ്ടുതന്നെ ഇവയെ സംരക്ഷിക്കുന്നതിനായി വാട്ടര്‍ സ്‌പോര്‍ട്ടുകള്‍ക്കും മത്സ്യബന്ധനത്തിനും ബോട്ടിങിനുമെല്ലാം നിയന്ത്രണങ്ങളുണ്ട്. ഏതാണ്ട് 2,900 ചതുരശ്ര നോട്ടിക്കല്‍ മൈല്‍ നീണ്ടു കിടക്കുന്നു ഫ്‌ളോറിഡ കീസ് നാഷണല്‍ മറൈന്‍ സാന്‍ച്വറി. പവിഴപ്പുറ്റുകളില്‍ മാത്രം കണ്ടുവരുന്ന മനോഹരമായ നിറങ്ങളിലും രൂപങ്ങളിലുമുള്ള മത്സ്യങ്ങളേയും മറ്റുജീവികളേയും ഇവിടെ ആസ്വദിക്കാനാവും.
ഹവായ്
ഭൂമിയിലെ സ്വര്‍ഗമെന്ന വിശേഷണം കിട്ടിയിട്ടുള്ള നാടുകളിലൊന്നാണ് ഹവായ്. പ്രകൃതിവിഭവങ്ങളെ സംരക്ഷിച്ചുകൊണ്ടുള്ള വിനോദസഞ്ചാരത്തിനു പേരുകേട്ട അമേരിക്കന്‍ സംസ്ഥാനമാണിത്. ഹനൗമ ഉള്‍ക്കടല്‍, ഡയമണ്ട് ഹെഡ് എന്നിങ്ങനെ പ്രസിദ്ധമായ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്രകൃതിക്ക് ദോഷം വരാത്ത രീതിയിലുള്ള ടൂറിസമാണ് പ്രോത്സാഹിപ്പിക്കപ്പെടുന്നത്. സ്‌നോര്‍ക്കലിങ്, ഡൈവിങ് എന്നിങ്ങനെ പരിസ്ഥിതിക്ക് ദോഷം വരാന്‍ സാധ്യതയുള്ള പ്രവൃത്തികള്‍ക്കായി അധികം തുക ഈടാക്കുകയും ചെയ്യുന്നു. സുസ്ഥിര വിനോദസഞ്ചാരം ഉറപ്പു വരുത്താനായി ടൂര്‍ ഓപറേറ്റര്‍മാരുമായി സഹകരിക്കുന്ന നാടുകളിലൊന്നാണ് ഹവായ്.
കോസ്റ്ററിക്ക
മഴക്കാടുകളും ജീവജാലങ്ങളും ബീച്ചുകളുമാണ് കോസ്റ്ററിക്കയിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. പ്രകൃതിവിഭവങ്ങളേയും ജൈവവൈവിധ്യത്തേയും സംരക്ഷിച്ചുകൊണ്ടുള്ള വിനോദ സഞ്ചാരമാതൃക നടപ്പിലാക്കുന്നു. കോസ്റ്ററിക്കയുടെ നാലിലൊന്നു ഭാഗവും സംരക്ഷിത പ്രദേശങ്ങളോ ദേശീയ പാര്‍ക്കുകളോ ആണ്. 2050ല്‍ കാര്‍ബണ്‍ ന്യൂട്രാലിറ്റി ലക്ഷ്യമിടുന്ന നാടു കൂടിയാണ് കോസ്റ്ററിക്ക. മലകയറ്റവും ക്യാമ്പിങും അടക്കമുള്ള പ്രകൃതി സൗഹൃദ വിനോദ സഞ്ചാര രീതികളെ കോസ്റ്ററിക്ക പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
മാലദ്വീപ്
ഇന്റര്‍നെറ്റില്‍ ലോകത്തെ മനോഹര കടല്‍തീരങ്ങള്‍ തിരഞ്ഞു പോയാല്‍ നിങ്ങള്‍ എത്തിപ്പെടുക മാലദ്വീപിലായിരിക്കും. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ മാല പോലെ കിടക്കുന്ന സഞ്ചാരികളുടെ പ്രിയ കേന്ദ്രമാണിത്. വിനോദ സഞ്ചാരം പ്രധാന വരുമാനമാര്‍ഗമായതിനാല്‍ സഞ്ചാരികള്‍ക്കുവേണ്ട സൗകര്യങ്ങള്‍ പരമാവധി മാലദ്വീപ് ഒരുക്കുന്നു. മനുഷ്യ ഇടപെടലുകള്‍ വഴിയുള്ള കാലാവസ്ഥാ മാറ്റത്തിനെതിരായ ബോധവല്‍ക്കരണത്തില്‍ മുന്നില്‍ നില്‍ക്കുന്നു. സമുദ്രവിഭവങ്ങളും തീരദേശവുമാണ് തങ്ങളുടെ സമ്പത്തെന്ന് തിരിച്ചറിഞ്ഞുകൊണ്ട് അവ സംരക്ഷിക്കാനുള്ള ശ്രമങ്ങളും ഈ രാജ്യം നടത്തുന്നുണ്ട്.
ബെലീസ്
പവിഴപ്പുറ്റുകള്‍ അതിരിടുന്ന മറ്റൊരു സുന്ദര പ്രദേശമാണ് ബെലീസ്. നേരത്തെ ബ്രിട്ടീഷ് ഹോണ്ടുറാസ് എന്നറിയപ്പെട്ടിരുന്ന പ്രദേശമാണിത്. ഗ്രേറ്റ് ബ്ലൂ ഹോള്‍ എന്നറിയപ്പെടുന്ന കടലിലെ ആഴത്തിലുള്ള കുഴി ബെലീസിന്റെ തീരത്താണ്. ഏകദേശം 124 മീറ്റര്‍ ആഴവും മുകളില്‍ ഒരറ്റത്തു നിന്നും മറ്റേ അറ്റത്തേക്ക് 318 മീറ്ററുമുള്ള കുഴിയാണിത്. സവിശേഷമായ പ്രകൃതിയുള്ളതിനാല്‍ വ്യത്യസ്തമായ ജീവജാലങ്ങളെ ഇവിടെ കണ്ടുവരാറുണ്ട്. 1996ല്‍ യുനെസ്‌കോ ഈ പ്രദേശത്തെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. കരയുടെ 40 ശതമാനം പ്രദേശവും സംരക്ഷിത മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട് ബെലീസ്.
സീഷെല്‍സ്
പുരാതനവും സുന്ദരവുമായ ബീച്ചുകളും തെളിഞ്ഞ കടലുമെല്ലാം തികഞ്ഞ കിഴക്കനാഫ്രിക്കന്‍ മേഖലയിലെ സുന്ദര രാജ്യമാണ് സീഷെല്‍സ്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പരന്നു കിടക്കുന്ന 115 ദ്വീപുകളുടെ സമൂഹമാണ് സീഷെല്‍സ്. 1960കള്‍ മുതല്‍ തന്നെ പ്രകൃതി സംരക്ഷണത്തിനു മുന്‍കയ്യെടുത്ത പാരമ്പര്യമുണ്ട് സീഷെല്‍സിന്. ഇവിടുത്തെ അല്‍ഡബ്രാ ദ്വീപുകള്‍ ലോകത്തെ തന്നെ ഏറ്റവും വലിയ പവിഴദ്വീപുകളിലൊന്നാണ്. ഇതിന്റെ പ്രാധാന്യം മനസിലാക്കി യുനെസ്‌കോ തന്നെ ലോക പൈതൃക പദവിയും നല്‍കിയിട്ടുണ്ട്. വ്യത്യസ്തമായ പക്ഷി ഇനങ്ങളും വലിയ കടലാമകളുടേയും വാസസ്ഥലം കൂടിയാണിത്.