ഗോവയിലെ അതേ ചെലവില്‍ താമസിക്കാം, ഈ വിദേശരാജ്യങ്ങളില്‍
Mail This Article
സഞ്ചാരികള്‍ക്ക് വളരെയേറെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ് ഗോവ. ഇന്ത്യക്കാരും വിദേശികളുമായി, വര്‍ഷംതോറും ലക്ഷക്കണക്കിന് സഞ്ചാരികളാണ് ഇവിടെ എത്തുന്നത്. കുറഞ്ഞ ചെലവില്‍ സന്ദര്‍ശിക്കാന്‍ പറ്റും എന്നതും ഗോവയെ ജനപ്രിയമാക്കുന്ന കാര്യമാണ്. എന്നാല്‍ ഏകദേശം, ഗോവയില്‍ താമസിക്കുന്ന അതേ ചിലവില്‍ പോയി താമസിക്കാന്‍ കഴിയുന്ന വിദേശരാജ്യങ്ങളും ഉണ്ടെന്ന കാര്യം അറിയാമോ? അങ്ങനെയുള്ള പത്തു രാജ്യങ്ങളെക്കുറിച്ച് അറിയാം.
ഒമാൻ
അറേബ്യയുടെ തനതായ കാഴ്ചകള്‍ കാണാനും അനുഭവങ്ങള്‍ ആസ്വദിക്കാനും ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ രാജ്യമാണ് ഒമാന്‍. ഡിസംബർ അവസാനവാരം മുതൽ ജനുവരി ആദ്യം വരെയുള്ള സമയത്ത് ഒമാനില്‍ കുറഞ്ഞ ബഡ്ജറ്റില്‍ താമസസൗകര്യം ലഭിക്കും. എയര്‍ ബിഎന്‍ബി പോലുള്ള സൗകര്യങ്ങള്‍ താമസത്തിനായി പ്രയോജനപ്പെടുത്താം. ക്രിസ്മസ്, ന്യൂ ഇയര്‍ സമയത്ത് പോക്കറ്റ് കീറാതെ യാത്ര പോയിവരാന്‍ പറ്റിയ സ്ഥലങ്ങളില്‍ ഒന്നാണ് ഒമാന്‍. വേൾഡ് ട്രാവൽ & ടൂറിസം കൗൺസിലിന്‍റെ അഭിപ്രായപ്രകാരം, മിഡിൽ ഈസ്റ്റിലെ ഏറ്റവും വേഗത്തിൽ വളരുന്ന ടൂറിസം കേന്ദ്രം കൂടിയാണ് ഒമാന്‍.
നേപ്പാൾ
ഇന്ത്യക്കാര്‍ക്ക് വീസ ആവശ്യമില്ലാത്ത അയല്‍രാജ്യങ്ങളില്‍ ഒന്നാണ് നേപ്പാള്‍. കാഠ്മണ്ഡു, പൊഖാറ തുടങ്ങിയ നഗരങ്ങളിലെ വര്‍ണ്ണാഭമായ രാത്രി ജീവിതവും മനോഹരമായ ഭൂപ്രകൃതിയും സമ്പന്നമായ സംസ്കാരവുമെല്ലാം കുറഞ്ഞ ചിലവില്‍ ആസ്വദിക്കാം.
ശ്രീലങ്ക
ഈ അവധിക്കാലത്ത് വീസയില്ലാതെ പോയി വരാവുന്ന മറ്റൊരു രാജ്യമാണ് ശ്രീലങ്ക. ഹിക്കാഡുവയിലെ ബീച്ച് സൈഡ് പാർട്ടികൾ മുതൽ കൊളംബോയിലെ സാംസ്കാരിക ആഘോഷങ്ങൾ വരെ, ശ്രീലങ്കയുടെ വൈവിധ്യമാര്‍ന്ന മുഖങ്ങള്‍ വര്‍ഷംതോറും ഒട്ടേറെ സഞ്ചാരികളെ ആകര്‍ഷിക്കുന്നു.
വിയറ്റ്‌നാം
ക്രിസ്‌മസും പുതുവർഷവും ആഘോഷിച്ച് വരാന്‍, ചിലവു കുറഞ്ഞ മറ്റൊരു നാടാണ് വിയറ്റ്നാം. ഇൻഡിഗോ, വിയറ്റ്‌ജെറ്റ് പോലുള്ള എയർലൈനുകൾ ഇന്ത്യയിലെ പ്രധാനനഗരങ്ങളില്‍ നിന്നും നേരിട്ടുള്ള സര്‍വീസ് നടത്തുന്നതിനാല്‍ വിയറ്റ്‌നാമിലേക്കുള്ള ഫ്ലൈറ്റ് ടിക്കറ്റുകൾക്ക് നിരക്ക് വളരെ കുറവാണ്. ഏഷ്യയുടെയും യൂറോപ്പിന്‍റെയും സ്വാധീനമുള്ള ഹോയ് ആന്‍ നഗരം, വിന്‍ഡ് സർഫിംഗിനും കൈറ്റ് സർഫിംഗിനും പ്രശസ്തമായ മുയി നേ, യുനെസ്കോ വേൾഡ് ഹെറിറ്റേജ് സൈറ്റായ ഹ്യുവേ, ബാക് ഹാ ഹില്‍സ്റ്റേഷന്‍, ഹാ ലോംഗ് ബേ തുടങ്ങി സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട ഒട്ടേറെ ഇടങ്ങള്‍ വിയറ്റ്‌നാമിലുണ്ട്. റൂഫ്‌ടോപ്പ് ബാറുകളും ലൈവ് മ്യൂസിക് കഫേകളുമുള്ള ഹോ ചി മിൻ സിറ്റിയുടെ ജീവന്‍ തുടിക്കുന്ന നൈറ്റ് ലൈഫും സാപ്പയിലെ ട്രെക്കിംഗുമെല്ലാം സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാണ്.
ഭൂട്ടാൻ
സന്തോഷത്തിന്‍റെ നാടായ ഭൂട്ടാന്‍ മനോഹരമായ പ്രകൃതിദൃശ്യങ്ങൾക്കും ചരിത്രപരമായ സ്ഥലങ്ങൾക്കും പേരുകേട്ടതാണ്. ഇന്ത്യയില്‍ നിന്നും എളുപ്പത്തില്‍ പോയിവരാന്‍ കഴിയും എന്നത് മറ്റൊരു മെച്ചമാണ്. റോഡ് വഴി ഡ്രൈവ് ചെയ്തെത്തുന്ന ഇന്ത്യക്കാർക്ക്, സാധുവായ യാത്രാ രേഖകൾ ഭൂട്ടാൻ റോയൽ ഗവൺമെന്റിന്‍റെ ഫ്യൂൻഷോലിംഗിലുള്ള ഇമിഗ്രേഷൻ ഓഫീസിൽ ഹാജരാക്കി 'എൻട്രി പെർമിറ്റ്' നേടാം. കുറഞ്ഞ ചെലവിൽ താമസിച്ച്, ഒരു അവധിക്കാലം മുഴുവനും ആഘോഷിക്കാൻ ഭൂട്ടാൻ ഏറെ അനുയോജ്യമാണ്.
ഇന്തോനേഷ്യ
ഇന്ത്യക്കാര്‍ക്ക് വീസ ഓൺ അറൈവൽ നല്‍കുന്ന നാടാണ് ഇന്തോനേഷ്യ. ആയിരക്കണക്കിന് അഗ്നിപർവ്വത ദ്വീപുകളും പഴമയും പാരമ്പര്യവും പ്രത്യേകതരം ആചാരങ്ങളുമെല്ലാമുള്ള ഇന്തോനേഷ്യ ചിലവു കുറഞ്ഞ യാത്രയ്ക്ക് പേരുകേട്ടതാണ്. മനോഹരമായ ബീച്ചുകൾ, പഴയ ക്ഷേത്രങ്ങൾ, കേരളത്തോട് കിടപിടിക്കുന്ന പച്ചപ്പ് എന്നിവയെല്ലാം ഇന്തോനേഷ്യയെ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്ന മറ്റു ചില കാര്യങ്ങളാണ്.
കംബോഡിയ
ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് മുപ്പതു ദിവസം വരെയുള്ള കാലാവധിയിലേക്ക് കംബോഡിയയില്‍ വീസ ഓണ്‍ അറൈവല്‍ ലഭിക്കും. സമ്പന്നമായ ചരിത്രവും പൈതൃകവും ആകര്‍ഷകമായ പ്രകൃതിയുമുള്ള ഈ രാജ്യം വര്‍ഷംതോറും ധാരാള വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നു. അങ്കോർ വാട്ടിലെ വിസ്മയിപ്പിക്കുന്ന ക്ഷേത്രങ്ങളും ബയോണിലെ സങ്കീർണ്ണമായ കൊത്തുപണികളും ടാ പ്രോമിന്‍റെ അവശിഷ്ടങ്ങളുമെല്ലാം, രാജ്യത്തിന്റെ സമ്പന്നമായ ചരിത്രത്തിലേക്ക് നേർക്കാഴ്ച നൽകുന്നു.
തായ്‌ലൻഡ്
സാഹസികതയും സംസ്‌കാരവും ചരിത്രവും പ്രകൃതി വിസ്മയങ്ങളും നിറഞ്ഞ മനോഹര ഭൂമിയാണ് ആയിരം പുഞ്ചിരികളുടെ നാടെന്നറിയപ്പെടുന്ന തായ്‌ലൻഡ്. ഊർജ്ജസ്വലമായ രാത്രി ജീവിതവും തിരക്കേറിയ നഗരങ്ങളും ശാന്തമായ ദ്വീപുകളും സമ്പന്നമായ സാംസ്കാരിക പൈതൃകവും ഉള്ള ബാങ്കോക്ക്, തായ്‌ലൻഡിന്‍റെ പാർട്ടി തലസ്ഥാനമാണ്. ബാങ്കോക്കിലെ സ്ട്രീറ്റ് മാർക്കറ്റുകളായാലും, ക്രാബിയിലെ ശാന്തമായ ബീച്ചുകളായാലും, ആയുത്തായയുടെ ചരിത്രപരമായ ആകർഷണീയതയായാലും, സഞ്ചാരികള്‍ക്ക് വേണ്ട വ്യത്യസ്തമായ ഒട്ടേറെ അനുഭവങ്ങള്‍ തായ്‌ലൻഡ് നല്‍കുന്നു.
ദുബായ്
മലയാളികളുടെ വീടിനു സമാനമാണ് ദുബായ്. ലോകത്തിലെ ഏറ്റവും മനോഹരമായ അനേകം നിര്‍മ്മിതികളും ഒട്ടേറെ മനുഷ്യനിര്‍മ്മിത അത്ഭുതങ്ങളും ഉള്ള നാടാണ് ഇത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയും, ലോകത്തിലെ ഏക സെവൻ സ്റ്റാർ ഹോട്ടലായ ബുർജ് അൽ അറബുമടക്കം കൗതുകരമായ ഒട്ടേറെ കാഴ്ചകളാണ് ദുബായില്‍ സഞ്ചാരികളെ വരവേല്‍ക്കുന്നത്. മാത്രമല്ല, സമ്പന്നമായ സാംസ്കാരിക വൈവിധ്യത്തിനും ജനപ്രിയ ഉത്സവങ്ങൾക്കുമെല്ലാം പേരുകേട്ടതാണ് ദുബായ്. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമായ നഗരമെന്ന ബഹുമതിയും ദുബായ്ക്കുണ്ട്.
മലേഷ്യ
മലായ് പെനിൻസുലയില്‍ സ്ഥിതിചെയ്യുന്ന മലേഷ്യ ലോകമെങ്ങുമുള്ള സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഇടമാണ്. ഇന്ത്യന്‍ സഞ്ചാരികള്‍ക്ക്, മലേഷ്യയില്‍ 30 ദിവസം വരെ താമസിക്കാൻ വീസ ആവശ്യമില്ല. ഹോസ്റ്റലുകൾ മുതൽ ബജറ്റ് ഹോട്ടലുകൾ വരെ, വിനോദസഞ്ചാരികൾക്ക് കുറഞ്ഞ ചിലവില്‍ താമസിക്കാന്‍ നിരവധി താമസ സൗകര്യങ്ങൾ ഇവിടെയുണ്ട്. തിരക്കേറിയ തെരുവ് മാർക്കറ്റുകളും പ്രാദേശിക പബ്ബുകളും മുതൽ ഊർജ്ജസ്വലമായ ക്ലബ്ബുകൾ വരെ, ആസ്വദിക്കാനും അറിയാനും ഒട്ടേറെ കാര്യങ്ങള്‍ മലേഷ്യയില്‍ സഞ്ചാരികളെ കാത്തിരിക്കുന്നു. തെക്കുകിഴക്കൻ ഏഷ്യയിലെ ബിസിനസ് കേന്ദ്രമായ ക്വാലാലംപൂരും മനോഹരമായ ബീച്ചുകളും ദ്വീപുകളും ഹില്‍സ്റ്റേഷനുകളും യുനെസ്കോയുടെ ലോക പൈതൃകകേന്ദ്രങ്ങളുമെല്ലാമായി വൈവിധ്യപൂര്‍ണ്ണമായ അനുഭവങ്ങളാണ് മലേഷ്യ ഒരുക്കുന്നത്.