കന്യാകുമാരിയില്‍ നിന്നും കാശിയിലേക്ക് വെറും 51 മണിക്കൂർ; സുഖമായി ട്രെയിനില്‍ പോയി വരാം
Mail This Article
കേരളത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നുമുള്ളവര്‍ക്ക് ഇനി കന്യാകുമാരിയില്‍ നിന്നും നേരിട്ട് കാശി വരെ ഒറ്റ ട്രെയിനില്‍ പോകാം. ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത കന്യാകുമാരി-ബെനാറസ് കാശി തമിഴ് സംഗമം എക്‌സ്പ്രസ് രാജ്യത്തെ രണ്ടു പ്രധാന ആരാധനാകേന്ദ്രങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കും. ആഴ്ചയില്‍ ഒരിക്കല്‍ ഈ ട്രെയിന്‍ സര്‍വീസ് നടത്തും.
നോർത്ത് ഈസ്റ്റേൺ റെയിൽവേ(NER)യുടെ വാരണാസി ഡിവിഷൻ നല്‍കുന്ന വിവരങ്ങള്‍ പ്രകാരം ഈ ട്രെയിനില്‍, ആകെ 22 കോച്ചുകളാണ് ഉള്ളത്. ഒരു എസി-1, രണ്ട് എസി-2, മൂന്ന് എസി-3, മൂന്ന് എസി-3 ഇക്കോണമി, ആറ് സ്ലീപ്പർ ക്ലാസ്, നാല്. ജനറൽ സെക്കൻഡ് ക്ലാസ്, ശാരീരിക വെല്ലുവിളി നേരിടുന്നവർക്ക് ഒരു രണ്ടാം ക്ലാസ്, ഒരു പാൻട്രി കാർ, ഒരു ലഗേജ് കം ബ്രേക്ക് വാൻ എന്നിങ്ങനെയാണ് കോച്ചുകള്‍.
പുണ്യസ്ഥലങ്ങളെയും പ്രധാന നഗരങ്ങളെയും ബന്ധിപ്പിക്കുന്ന ചരിത്രപരമായ തീർഥാടന പാതയിലൂടെയാണ് ട്രെയിന്‍ പോകുന്നത്. നാഗർകോവിൽ, തിരുനെൽവേലി, വിരുദുനഗർ, മധുര, ഡിണ്ടിഗൽ, ട്രിച്ചി, തഞ്ചാവൂർ, കുംഭകോണം, മയിലാടുതുറൈ, സീർകാഴി, ചിദംബരം, കടലൂർ തുറമുഖം, വില്ലുപുരം, ചെങ്കൽപട്ട്, അരക്കോണം, തമിഴ്‌നാട്ടിലെ പെരമ്പൂർ എന്നിവിടങ്ങളിലൂടെയാണ് ട്രെയിൻ മറ്റ് സംസ്ഥാനങ്ങളിലേക്കു കടക്കുക. കാശി സന്ദർശിക്കുന്ന തമിഴ്‌നാട്ടിൽ നിന്നുള്ള ധാരാളം തീർഥാടകർക്ക് ഇത് ഉപകരിക്കും.
ബനാറസില്‍നിന്ന് ഞായറാഴ്ചകളിലും കന്യാകുമാരിയില്‍നിന്നു വ്യാഴാഴ്ചകളിലുമായിരിക്കും ട്രെയിന്‍ സര്‍വീസ്. കന്യാകുമാരിയിൽ നിന്ന് ബനാറസിലേക്കുള്ള ട്രെയിൻ നമ്പർ 16367 ഉം ബനാറസില്‍ നിന്നും കന്യാകുമാരിയിലേക്കുള്ള ട്രെയിൻ നമ്പർ 16368 ഉം ആണ്. കന്യാകുമാരിയില്‍ നിന്നും ബനാറസ് വരെയുള്ള 2,766 കി.മീ ദൂരം, ശരാശരി 51 മണിക്കൂർ കൊണ്ട് പൂര്‍ത്തിയാക്കും.
ഞായറാഴ്ച, തന്‍റെ പാർലമെന്‍റ് മണ്ഡലമായ വാരണാസിയിലെ 'നമോ ഘട്ടിൽ', കാശി തമിഴ് സംഗമത്തിന്‍റെ രണ്ടാം പതിപ്പ് ഉദ്ഘാടനം ചെയ്യവേയാണ് പ്രധാനമന്ത്രി ഈ പുതിയ ട്രെയിന്‍ ഫ്ലാഗ് ഓഫ് ചെയ്തത്. ഡിസംബർ 17 മുതൽ 30 വരെ നടക്കുന്ന കാശി തമിഴ് സംഗമം, തമിഴ്നാടും കാശിയും തമ്മിലുള്ള സാംസ്കാരിക ബന്ധം ഉയർത്തിക്കാട്ടുന്നു. ഐഐടി-മദ്രാസും ബനാറസ് ഹിന്ദു സർവകലാശാലയുമാണ് പരിപാടിയുടെ മേല്‍നോട്ടം വഹിക്കുന്നത്.