ഷെങ്കന്‍ വീസയിൽ കാണാം 2 മനോഹര രാജ്യങ്ങൾ കൂടി; ഉൾപ്പെടുന്നത് ബൾഗേറിയ, റൊമേനിയ
Mail This Article
ഒരൊറ്റ വീസയില്‍ യൂറോപ്പിലെ ഒട്ടേറെ രാജ്യങ്ങള്‍ ചുറ്റിവരാനുള്ള അവസരം നല്‍കുന്ന ഷെങ്കന്‍ വീസ, യൂറോപ്പിലെ 27 രാജ്യങ്ങൾ ഉൾപ്പെടുന്ന ഷെങ്കന്‍ പ്രദേശ(Schengen Area)ത്തിലൂടെ മറ്റു നിയന്ത്രണങ്ങളില്ലാതെ യാത്ര ചെയ്യാന്‍ ഈ വീസ വിദേശസഞ്ചാരികളെ അനുവദിക്കുന്നു. ഈ രാജ്യങ്ങൾ തമ്മിലുള്ള അതിർത്തികളിൽ യാതൊരു വിധ നിയന്ത്രണങ്ങളും നിലവിലില്ല. അതായത്, രാജ്യാന്തര യാത്രികരെ സംബന്ധിച്ച് ഒരൊറ്റ വലിയ രാജ്യമെന്ന പോലെ ഈ രാജ്യങ്ങള്‍ മുഴുവനും കണ്ടുവരാം.
അധികം വൈകാതെ, രണ്ടു മനോഹര യൂറോപ്യന്‍ രാജ്യങ്ങള്‍ കൂടി ഷെങ്കന്‍ രാജ്യങ്ങളുടെ പട്ടികയില്‍ ഇടംപിടിക്കും. ബൾഗേറിയ, റൊമേനിയ എന്നീ ബാള്‍ക്കന്‍ രാജ്യങ്ങള്‍, തുറമുഖങ്ങളിലേക്കും വിമാനത്താവളങ്ങളിലേക്കും പ്രവേശിക്കുന്നതിന് ഷെങ്കന്‍ സംവിധാനം ഉപയോഗിക്കാന്‍, യൂറോപ്യൻ യൂണിയനുമായി കരാര്‍ ഒപ്പിട്ടു. അതിർത്തി രഹിത പ്രദേശം വികസിപ്പിക്കുന്നതിനുള്ള മുൻ പ്രതിരോധം ഓസ്ട്രിയ ഭാഗികമായി പിൻവലിച്ചതിന് പിന്നാലെയാണ് ഈ നീക്കം.
2024 മാർച്ച് 31 മുതൽ, ബൾഗേറിയയ്ക്കും റൊമാനിയയ്ക്കും ഇടയിലുള്ള യൂറോപ്യൻ യൂണിയൻ ആഭ്യന്തര വ്യോമ, സമുദ്ര അതിർത്തികളില്‍ പരിശോധനകൾ ഉണ്ടാകില്ല. എന്നാല്‍, കര അതിർത്തികളിലെ പരിശോധനകൾ തുടരും. ഇതുകൂടി ഒഴിവാക്കാനുള്ള തീയതി സംബന്ധിച്ച തീരുമാനം ന്യായമായ സമയപരിധിക്കുള്ളിൽ എടുക്കുമെന്നു പ്രതീക്ഷിക്കുന്നതായി യൂറോപ്യന്‍ യൂണിയന്‍ കമ്മീഷൻ പറഞ്ഞു.
അതേസമയം, യൂറോപ്യൻ യൂണിയൻ ഇതര രാജ്യങ്ങളുമായുള്ള അതിർത്തികളില്‍ കാര്യക്ഷമമായി മേൽനോട്ടം വഹിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന്, ഇരു രാജ്യങ്ങൾക്കും ഗണ്യമായ സാമ്പത്തിക പിന്തുണ നല്‍കുന്നത് യൂറോപ്യന്‍ യൂണിയന്‍ തുടരും.
ഏകദേശം 12 വർഷത്തെ ചർച്ചകൾക്കു ശേഷമാണ്, 2024 ൽ ബൾഗേറിയയ്ക്കും റൊമാനിയയ്ക്കും മറ്റ് ഷെങ്കന്‍ രാജ്യങ്ങൾക്കും ഇടയിലുള്ള വ്യോമ, നാവിക ആഭ്യന്തര നിയന്ത്രണങ്ങൾ നീങ്ങുന്നത്. 2011 മുതൽ തന്നെ ഷെങ്കന്‍റെ ഭാഗമാകാന്‍ തയാറാണെന്നു ബൾഗേറിയയും റൊമാനിയയും തുടർച്ചയായി ആവർത്തിച്ചിരുന്നു. സഞ്ചാരനിയന്ത്രണങ്ങൾ ലഘൂകരിക്കുന്നത് ബൾഗേറിയയിലും റൊമാനിയയിലും കാര്യമായ സാമ്പത്തികമാറ്റം ഉണ്ടാക്കും. വാണിജ്യ ട്രാഫിക്കും ട്രക്കുകളുടെ കാത്തിരിപ്പ് സമയവും കുറയും.
ഫ്രാൻസ്, ജർമനി, ബെൽജിയം, നെതർലാൻഡ്‌സ്, ലക്‌സംബർഗ് എന്നീ രാജ്യങ്ങൾ ചേർന്ന് 1985 ൽ ആദ്യമായി സ്ഥാപിതമായ ഷെങ്കൻ ഏരിയയുടെ ഒമ്പതാമത്തെ വിപുലീകരണമാണിത്. നാല് ദശലക്ഷം ചതുരശ്ര കിലോമീറ്ററും ഏകദേശം 420 ദശലക്ഷം ആളുകളുമുള്ള 27 അംഗ രാജ്യങ്ങളാണ് നിലവില്‍ ഷെങ്കന്‍ പ്രദേശത്തുള്ളത്.