1,250 വർഷങ്ങൾക്ക് ശേഷം ‘നഗ്നപുരുഷൻ’മാരുടെ ഉത്സവത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം
Mail This Article
ലിംഗസമത്വത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പായി, ചരിത്രത്തില്‍ ആദ്യമായി നഗ്നപുരുഷൻമാരുടെ ഉത്സവത്തില്‍ സ്ത്രീകള്‍ക്ക് പങ്കെടുക്കാന്‍ അനുമതി നല്‍കി ജപ്പാനിലെ ദേവാലയം. 1,250 വർഷങ്ങളായി നടന്നുവരുന്ന ഈ ഉത്സവത്തില്‍, ഇതാദ്യമായാണ് സ്ത്രീകള്‍ പങ്കെടുക്കുന്നത്. ജപ്പാനിലെ ഐച്ചി പ്രിഫെക്ചറിലെ ഇനാസാവയിലുള്ള കൊനോമിയ ദേവാലയത്തില്‍, ഫെബ്രുവരി 22 നാണ് 'ഹഡക മത്സൂരി' എന്ന ഉത്സവം. വിളവെടുപ്പ്, സമൃദ്ധി, ഫലഭൂയിഷ്ഠത എന്നിവ ആഘോഷിക്കുന്ന ഉത്സവമാണിത്. പുരുഷന്മാര്‍ നഗ്നരായി പങ്കെടുക്കുന്ന ആചാരത്തെ 'നവോയിസാസ' എന്നാണു പറയുന്നത്. നാൽപ്പതോളം വരുന്ന പ്രാദേശിക സ്ത്രീകളുടെ സംഘം ഇതാദ്യമായാണ് ഈ പ്രാചീന പരിപാടിയുടെ ഭാഗമാകുന്നതെന്ന് ജാപ്പനീസ് പ്രാദേശികപത്രങ്ങള്‍ റിപ്പോർട്ട് ചെയ്തു. ഇവര്‍ ദേവാലയത്തില്‍ തുണിയില്‍ പൊതിഞ്ഞ മുളം പുല്ല് വഴിപാടായി സമര്‍പ്പിക്കും.
കൊനോമിയ ദേവാലയത്തിലെ ഉത്സവത്തിൽ സ്ത്രീകളെ കൂടുതൽ പ്രാധാന്യത്തോടെ ഉൾപ്പെടുത്താനുള്ള തീരുമാനം. പ്രവിശ്യക്ക് പല തലങ്ങളിലും ഇത് ഗുണകരമാകും എന്നാണ് പ്രതീക്ഷ. യുവാക്കൾ തൊഴിലിനായി നഗരങ്ങളിലേക്കു കുടിയേറുന്നത് കാരണം ഇവിടെ ജനസംഖ്യ കുറവാണ്. ഇവിടെയുള്ള ചെറിയ പട്ടണങ്ങളിൽ കൂടുതലും പ്രായമായവരും അശക്തരുമാണ് താമസിക്കുന്നത്. ജനസംഖ്യ കുറയുന്ന സാഹചര്യത്തിൽ, പുരാതന പാരമ്പര്യങ്ങളിൽ ലിംഗഭേദമില്ലാതെയുള്ള പങ്കാളിത്തം, സാംസ്കാരിക ആചാരങ്ങളുടെ തുടർച്ച ഉറപ്പാക്കുന്നതിനു നിർണായകമാണ്.
കുറച്ചു കാലമായി ഈ ഉത്സവത്തില്‍ പങ്കെടുക്കാന്‍ അനുവാദം നല്‍കണമെന്ന് സ്ത്രീകള്‍ ആവശ്യപ്പെട്ടിരുന്നു. കോവിഡ് കാരണം, കഴിഞ്ഞ മൂന്ന് വർഷമായി പഴയതുപോലെ ഉത്സവം നടത്താൻ കഴിഞ്ഞില്ല, അക്കാലത്ത് ഉത്സവത്തിന്‍റെ സംഘാടക സമിതിക്ക് ഇത്തരത്തിലുള്ള ധാരാളം അഭ്യർത്ഥനകൾ ലഭിച്ചു.
നഗ്ന ഉത്സവമാണെങ്കിലും ഇതില്‍ പങ്കെടുക്കുന്ന പുരുഷന്മാര്‍ 'ഫുന്‍ഡോഷി' എന്ന പേരിലുള്ള ജാപ്പനീസ് കോണകം ധരിക്കും. ഒപ്പം 'ടാബി' എന്നറിയപ്പെടുന്ന വെളുത്ത സോക്സും കാലില്‍ ഉണ്ടാകും. ഷിന്‍ ഓട്ടോക്കോ എന്നറിയപ്പെടുന്ന ദൈവമനുഷ്യനായി ഒരു വ്യക്തിയെ തിരഞ്ഞെടുക്കുന്നു. ഇയാളെ ദൈവത്തിന്‍റെ പ്രതിരൂപമായാണ് കാണുന്നത്. ഷിന്‍ ഓട്ടോക്കോയെ തൊടാന്‍ വേണ്ടി പുരുഷന്മാര്‍ മത്സരിക്കുന്നു. ഇങ്ങനെ തൊടുമ്പോള്‍ ഒരു വര്‍ഷത്തെ മുഴുവന്‍ ദൗര്‍ഭാഗ്യവും ദൈവത്തെ മടക്കിയേല്‍പ്പിച്ച്, അടുത്ത വര്‍ഷം മുഴുവനും സൗഭാഗ്യം കൊണ്ടുവരുമെന്ന് അവര്‍ വിശ്വസിക്കുന്നു. രാത്രി സമയത്ത് നടക്കുന്ന പ്രത്യേക ചടങ്ങില്‍ ഈ ദൗര്‍ഭാഗ്യം മുഴുവനും ഒരു പ്രതിമയിലേക്ക് ആവാഹിക്കുന്നു. ശേഷം, അടുത്തുള്ള കാടിനുള്ളില്‍ ഇത് രഹസ്യമായി കുഴിച്ചിടുന്നു.
ജപ്പാനിലെ ഒകയാമയിൽ എല്ലാവര്‍ഷവും ഫെബ്രുവരിയിലെ മൂന്നാമത്തെ ശനിയാഴ്ചയില്‍ നടക്കുന്ന 'സൈദായി ജി ഇയോ ഹഡക മത്സൂരി'യും ഇതേപോലെ നഗ്നപുരുഷന്മാരുടെ ഉത്സവമാണ്. എല്ലാ വർഷവും, 9,000 ത്തിലധികം പുരുഷന്മാർ ഈ ഉത്സവത്തിൽ പങ്കെടുക്കുന്നു. ഏകദേശം 5000 വർഷം ഈ ചടങ്ങുകൾക്ക് പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.