മഞ്ഞുമൽ ബോയ്സ് ദൈവത്തെ കണ്ട 'ഗുണ കേവ്' വീണ്ടും തുറക്കുമോ? ഡെവിൾസ് കിച്ചന്റെ കൂടുതൽ വിവരങ്ങൾ
Mail This Article
'മനിതർ ഉണർതു കൊള്ളാ, ഇത് മനിത കാതൽ അല്ല, അതൈയും താണ്ടി പുനിതമാനത്' - മനുഷ്യർക്ക് മനസ്സിലാക്കാൻ ഇത് മനുഷ്യരുടെ സ്നേഹം അല്ല, അതിനുമപ്പുറം വിശുദ്ധമായ ഒന്നാണ്. മഞ്ഞുമൽ ബോയ്സ് കണ്ടിറങ്ങുമ്പോൾ തിയറ്ററിന്റെ മുമ്പിൽ നിന്ന് ഇതൊന്ന് ഉച്ചത്തിൽ പറയാൻ തോന്നും. കാരണം, തങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരന് വേണ്ടി 11 പേർ പ്രതികൂലമായ പ്രകൃതിസാഹചര്യത്തെയും മനുഷ്യ സാഹചര്യത്തെയും അവഗണിച്ചാണ് 'ചെകുത്താന്റെ അടുക്കള'യിൽ നിന്ന് അവരുടെ പ്രിയപ്പെട്ട സുഭാഷിനെ പൊക്കിയെടുത്തത്. ഒരു മനുഷ്യനെ ശരിക്ക് അറിയണമെങ്കിൽ അവരുടെ കൂടെ ഒരിക്കലെങ്കിലും യാത്ര ചെയ്താൽ മതിയെന്നാണ് പറയുന്നത്. അങ്ങനെ പരസ്പരം ശരിക്ക് അറിഞ്ഞ 11 പേർ. അവരുടെ കഥയാണ് ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമൽ ബോയ്സ്’ എന്ന സിനിമ.
ഡെവിൾസ് കിച്ചൺ അഥവാ ഗുണ കേവ്
ബ്രിട്ടീഷുകാർ ഡെവിൾസ് കിച്ചൺ എന്നു വിളിച്ച കൊടൈക്കനാലിലെ ആ ഗുഹയ്ക്ക് ഗുണ കേവ് എന്നു പേര് വീണത് കമൽഹാസൻ നായകനായ ഗുണ സിനിമയ്ക്കു ശേഷമാണ്. ചിത്രത്തിലെ കൺമണി അൻപോട് എന്ന ഗാനം ഈ ഗുഹയിൽ ആയിരുന്നു ചിത്രീകരിച്ചത്. സിനിമ പുറത്തിറങ്ങിയതോടെ ഗുണ കേവും പ്രശസ്തമായി. കൊടൈക്കനാലിന്റെ പ്രാന്തപ്രദേശങ്ങളിലാണ് ഗുണ കേവ് അഥവാ ഡെവിൾസ് കിച്ചൺ എന്ന് അറിയപ്പെടുന്ന ഈ പ്രശസ്തമായ ഗുഹ സ്ഥിതി ചെയ്യുന്നത്. ഇടയ്ക്ക് എപ്പോഴെങ്കിലും എത്തിയിരുന്ന സാഹസികയാത്രികർ മാത്രമായിരുന്നു ഈ ഗുഹയിലെ സന്ദർശകരെങ്കിൽ 1992ൽ കമൽഹാസന്റെ ഗുണ സിനിമ ഇറങ്ങിയതോടെ കഥ മാറി. നിരവധി സഞ്ചാരികളാണ് ഇവിടേക്ക് ഒഴുകിയെത്തിയത്.
പില്ലർ റോക്സ് എന്നറിയപ്പെടുന്ന മൂന്ന് പാറകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഗുഹകളുടെ ഒരു കൂട്ടമാണിത്. പ്രധാന കവാടത്തിൽ നിന്ന് ഏകദേശം 400 മീറ്റർ നടന്നുവേണം ഗുണ കേവിന്റെ മുകളിലേക്ക് എത്താൻ. ചെങ്കുത്തായ ഇറക്കത്തിലൂടെ താഴേക്ക് നടന്നാൽ മാസ്മരികമായ ഗുണ കേവ് സഞ്ചാരികളെ വശ്യമായി ആകർഷിക്കും. മഴക്കാലത്തും മഞ്ഞുകാലത്തും കോടമഞ്ഞ് കേറി കിടക്കുന്ന സ്ഥലം.
ഇംഗ്ലീഷ് ഓഫീസർ കണ്ടെത്തിയ സ്ഥലം
കൊടൈക്കനാലിലെ മറ്റ് സ്ഥലങ്ങളെ പോലെ ഈ സ്ഥലവും കണ്ടെത്തിയത് ബി എസ് വാർഡ് എന്ന ഇംഗ്ലീഷ് ഉദ്യോഗസ്ഥനാണ്. 1821ലാണ് ഈ വമ്പൻ ഗുഹ കണ്ടെത്തുന്നത്. കൊടൈക്കനാൽ ബസ് സ്റ്റേഷനിൽ നിന്ന് 8.5 കിലോമീറ്റർ ദൂരത്തിലാണ് ഗുഹ സ്ഥിതി ചെയ്യുന്നത്. ഗുണ സിനിമ വന്നതിനു ശേഷം ഇവിടേക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണം കൂടി. അങ്ങനെയാണ് മഞ്ഞുമ്മലിൽ നിന്ന് 2006ൽ യുവാക്കളുടെ സംഘം ഗുണ കേവിലേക്ക് എത്തിയത്. അവരുടെ യാത്ര അവസാനിച്ചത് വലിയ ദുരന്തത്തിലും അതിൽ നിന്നുള്ള അദ്ഭുതകരമായ രക്ഷപ്പെടലിലുമായിരുന്നു. അതിനു ശേഷം സുരക്ഷാകാരണങ്ങളാൽ ഗുഹയുടെ ചുറ്റുപാടുകൾ അടച്ചു. അതുകൊണ്ടു തന്നെ ഇപ്പോൾ ഗുഹ ദൂരെനിന്ന് മാത്രമേ കാണാൻ സാധിക്കുകയുള്ളൂ. മഞ്ഞുമ്മലിൽ നിന്നുള്ള ആ യുവാക്കളുടെ സാഹസികയാത്രയാണ് 'മഞ്ഞുമ്മൽ ബോയ്സ്' എന്ന ചിത്രം.
'ഡെവിൾസ് കിച്ചന്റെ' ആരെയും പേടിപ്പെടുത്തുന്ന ചരിത്രം
ചെകുത്താന്റെ അടുക്കളയിലെ ആഴമേറിയ ഇടുക്കിൽ ഇതുവരെ കാണാതായത് 13 പേരെന്ന് ഔദ്യോഗിക രേഖകൾ. പതിനാറോളം പേർ ഇവിടെ ഗുഹയിലെ ഇടുക്കിൽ വീണു പോയിട്ടുണ്ടെന്നും പറയപ്പെടുന്നു. എന്നാൽ, അതിൽ കൂടുതൽ ആളുകൾക്ക് അവിടെ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഗുണ കേവിൽ നിന്ന് അഥവാ ഡെവിൾസ് കിച്ചണിൽ നിന്ന് രക്ഷപ്പെട്ട് പുറത്തെത്തിയത് മഞ്ഞുമ്മലിൽ നിന്ന് പോയ സുഭാഷ് മാത്രമാണ്. അതിനു വേണ്ടി ജീവൻ കൊടുത്ത് കൂടെ നിന്നത് 10 കൂട്ടുകാരും.
സഞ്ചാരികൾക്ക് പ്രവേശനമില്ലാതെ ഗുണ കേവ്
നിലവിൽ ഗുണ കേവിലേക്ക് സഞ്ചാരികൾക്ക് പ്രവേശനമില്ല. കനത്ത വേലിക്കെട്ടുകളും കടുത്ത നിയന്ത്രണങ്ങളും. നിരവധി പേരുടെ ജീവൻ പൊലിഞ്ഞ ഗുഹയിലെ ഇടുങ്ങിയ അന്ധകാരകുഴി ഗ്രില്ല് വച്ച് അടച്ചു. ചുരുക്കത്തിൽ കേവ് കാണാൻ എത്തുന്ന സഞ്ചാരികൾ ദൂരെ നിന്ന് കണ്ട് പോകണം. എന്നാൽ, ആവശ്യത്തിനുള്ള സുരക്ഷാ ഉദ്യോഗസ്ഥരെ പ്രദേശത്ത് വിന്യസിച്ചും സന്ദർശകർക്ക് സുരക്ഷ ഒരുക്കിയും ഈ ഗുഹ തുറന്നു കൊടുത്താൽ അത് ഇന്ത്യൻ ടൂറിസത്തിന് നൽകുന്ന വിലാസം ചില്ലറയായിരിക്കില്ല. സാത്താന്റെ അടുക്കളയുള്ള ഗുഹ ഒരു നോക്ക് കാണാൻ നിരവധി സഞ്ചാരികൾ എത്തും. അൽ ഹൂത്ത കേവിനെ ഒമാൻ സർക്കാർ തിരക്കുള്ള വിനോദസഞ്ചാര കേന്ദ്രമാക്കിയതു പോലെ ലോകടൂറിസം മാപ്പിൽ ഒരു ഇടം ഈ ഡെവിൾസ് കിച്ചൺ അഥവാ ഗുണ കേവ് അർഹിക്കുന്നുണ്ട്.
എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് ഗുണ കേവ് സഞ്ചാരികൾക്കായി തുറക്കണമെന്നത് സാഹസിക സഞ്ചാരികളുടെ ദീർഘകാലത്തെ ആവശ്യമാണ്. എന്നാൽ നടന്ന അപകടങ്ങളുടെയും മറ്റും ചരിത്രം മുൻനിർത്തി സർക്കാർ ആ റിസ്ക് എടുക്കാൻ തയാറാകുന്നില്ല. മഞ്ഞുമൽ ബോയ്സും ഗുണകേവും വീണ്ടും വാർത്തകളിൽ ഇടംപിടിച്ചതോടെ, ഈ ആധുനികകാലത്ത് കൂടുതൽ സുരക്ഷയൊരുക്കി സഞ്ചാരികളെ വ്യത്യസ്ത അനുഭവത്തിലേക്ക് കൊണ്ടുപോകാൻ സർക്കാർ തയാറാകുമോയെന്ന ചോദ്യമുന്നയിക്കുകയാണ് സാഹസിക യാത്രികർ.