ADVERTISEMENT

യുഎസിലെ ന്യൂയോർക്ക് സിറ്റിയില്‍, മൻഹാറ്റന്റെ ഹൃദയഭാഗത്ത്, കാലാതീതമായി നിലകൊള്ളുന്ന ഒരു വാസ്തുവിദ്യാ വിസ്മയമുണ്ട്. ഒരു ഗതാഗത കേന്ദ്രം എന്നതിലുപരി ന്യൂയോർക്ക് നഗരത്തിന്റെ മഹത്വത്തിന്റെയും ചരിത്രത്തിന്റെയും പ്രതിരോധശേഷിയുടെയും ചിഹ്നമായ ഒരു റെയില്‍വേ സ്റ്റേഷന്‍. മഹാനഗരത്തിന്റെ പടിപടിയായുള്ള വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിച്ച ഗ്രാൻഡ് സെൻട്രൽ ടെർമിനൽ. പ്ലാറ്റ്ഫോമുകളുടെ എണ്ണത്തില്‍ ലോകത്തെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ എന്ന ഖ്യാതിയുള്ള ഈ സ്റ്റേഷന്‍ സന്ദര്‍ശിക്കുന്നതു തന്നെ പതിറ്റാണ്ടുകളുടെ ചരിത്രത്തെ കൈനീട്ടി തൊടുന്നതു പോലെയാണ്. 

ഗ്രാൻഡ് സെൻട്രൽ ടെർമിനൽ. Image Credit:resulmuslu/istockphoto
ഗ്രാൻഡ് സെൻട്രൽ ടെർമിനൽ. Image Credit:resulmuslu/istockphoto

ന്യൂയോര്‍ക്കിന്‍റെ പ്രതീകം

ഗ്രാൻഡ് സെൻട്രൽ എന്ന് വിളിക്കപ്പെടുന്ന ഗ്രാൻഡ് സെൻട്രൽ ടെർമിനൽ 1913 ലാണ് ആദ്യമായി പൊതുജനങ്ങൾക്കായി അതിന്റെ വാതിലുകൾ തുറന്നത്. ഗ്രാൻഡ് സെൻട്രൽ ടെർമിനലിന്‍റെ വിദഗ്ധ വാസ്തുവിദ്യയും ഇന്റീരിയർ ഡിസൈനും ഒട്ടേറെ ദേശീയ പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. ആർക്കിടെക്റ്റുകളായ റീഡും സ്റ്റെമും ചേര്‍ന്നു രൂപകൽപന ചെയ്‌ത ബ്യൂക്‌സ്-ആർട്‌സ് ശൈലി ചുരുങ്ങിയ കാലത്തിനുള്ളില്‍ത്തന്നെ ലോകശ്രദ്ധ ആകര്‍ഷിച്ചു. ഗംഭീരമായ ശിൽപങ്ങളും ക്ലോക്ക് ടവറും കൊണ്ട് അലങ്കരിച്ച ടെർമിനലിന്റെ മുഖം, ന്യൂയോർക്കിന്റെ അഭിലാഷങ്ങളുടെയും ചലനാത്മകതയുടെയും പ്രതീകമായി മാറി.

ഫ്രഞ്ച് കലാകാരനായ പോൾ ഹെല്ല്യൂ വരച്ച ആകാശ മേൽത്തട്ട്, തിളങ്ങുന്ന നക്ഷത്രങ്ങളുടെ പശ്ചാത്തലത്തിൽ രാശിചക്രങ്ങളെ ചിത്രീകരിക്കുന്നു. മാർബിൾ തറകളും ഗംഭീരമായ ഗോവണിപ്പടികളും ഗാംഭീര്യമുള്ള ഷാൻഡിലിയറുകളും കാലാതീതമായ മഹത്വം വിളിച്ചോതുന്നു.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്ലാറ്റ്ഫോമുകള്‍ ഉള്ള സ്റ്റേഷന്‍

ഏകദേശം 48 ഏക്കർ സ്ഥലത്താണ് ഗ്രാന്‍ഡ്‌ സെന്‍ട്രല്‍ നിലകൊള്ളുന്നത്. പ്ലാറ്റ്ഫോമുകളുടെ എണ്ണത്തിന്‍റെ കാര്യത്തിൽ ലോകത്തെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ എന്ന ബഹുമതി ഇതിനുണ്ട്. ഇവിടെ 44 പ്ലാറ്റ്ഫോമുകളാണുള്ളത്. ഭൂമിക്കു താഴെയായി 30 ട്രാക്കുകളും ഉപരിതലത്തിൽ 26 എണ്ണവും ഉള്ളതിൽ, പാസഞ്ചർ സർവീസിനായി 43 ട്രാക്കുകൾ മാത്രമാണ് ഉപയോഗിക്കുന്നത്. പ്ലാറ്റ്ഫോമുകളിലൂടെയും ട്രെയിൻ യാർഡുകളിലൂടെയുമുള്ള ആകെ ട്രാക്കുകളുടെ എണ്ണം 100 കവിയും.

മെട്രോ നോർത്ത് റെയിൽവേയിൽ ന്യൂയോർക്കിലെ വെസ്റ്റ്ചെസ്റ്റർ, പുട്ട്നം, ഡച്ചെസ് കൗണ്ടികളിലേക്ക് ഇവിടെനിന്നും ട്രെയിനുകള്‍ ഓടുന്നു. ആംട്രാക്ക് കണക്‌ഷനുകൾ വഴി ഗ്രാൻഡ് സെന്ട്രൽ അഡിരോൺഡാക്ക്, എംപയർ സർവീസ്, എത്താൻ അല്ലെൻ എക്സ്പ്രസ്, മാപ്പിൾ ലീഫ് സേവനങ്ങളുമുണ്ട്. 

സംരക്ഷണവും നവോത്ഥാനവും

ഇരുപതാം നൂറ്റാണ്ടിന്റെ അവസാന പകുതിയിൽ നഗര വികസനം കുതിച്ചുയർന്നതോടെ ഗ്രാൻഡ് സെൻട്രൽ തകർച്ചാ ഭീഷണി നേരിട്ടു. എന്നിരുന്നാലും ജാക്വലിൻ കെന്നഡി ഒനാസിസിനെപ്പോലുള്ള പ്രവർത്തകരുടെ നേതൃത്വത്തിൽ ഉയര്‍ന്നുവന്ന ഗ്രാസ്റൂട്ട് സംരക്ഷണ പ്രസ്ഥാനം ടെർമിനലിനെ നാശത്തിൽനിന്നു രക്ഷിച്ചു. 1978 ൽ, ഗ്രാൻഡ് സെൻട്രലിനെ ദേശീയ ചരിത്ര ലാൻഡ്മാർക്ക് ആയി പ്രഖ്യാപിച്ചു.

1990 കളിൽ, ഗ്രാൻഡ് സെൻട്രലിന്റെ വാസ്തുവിദ്യ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള പുനഃസ്ഥാപന ശ്രമങ്ങള്‍ നടക്കുകയുണ്ടായി. മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ടേഷൻ അതോറിറ്റിയുടെ നേതൃത്വത്തിൽ നടന്ന പുനരുദ്ധാരണ പദ്ധതി ടെർമിനലിന് പുതുജീവൻ നൽകി.

ഗതാഗതത്തിനപ്പുറം

ഗ്രാൻഡ് സെൻട്രൽ ടെർമിനൽ, ഗതാഗത കേന്ദ്രമെന്നതിലുപരി സന്ദർശകർക്ക് അവിസ്മരണീയമായ അനുഭവവുമാകുന്നു. ടെർമിനലിൽ ഷോപ്പുകൾ, റസ്റ്ററന്റുകൾ, സാംസ്കാരിക ആകർഷണങ്ങൾ എന്നിവങ്ങനെ ഒട്ടേറെ കാര്യങ്ങളുണ്ട്. ഗൗർമെറ്റ് ഡൈനിങ് മുതൽ ആർട്ടിസാനൽ മാർക്കറ്റുകൾ വരെയുള്ളവ, വിനോദ സമയം ചിലവഴിക്കാന്‍ പറ്റിയ ഒരു ലക്ഷ്യസ്ഥാനമാക്കി ഈ റെയില്‍വേ സ്റ്റേഷനെ മാറ്റുന്നു. 

മിഡ്ടൗൺ ടിഡിആർ വെഞ്ചറസ് എന്നറിയപ്പെടുന്ന ഒരു സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലാണ് ഇപ്പോള്‍ ഗ്രാന്‍ഡ്‌ സെന്‍ട്രല്‍ പ്രവര്‍ത്തിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com