ADVERTISEMENT

ഡിജിറ്റൽ നാടോടികൾക്കായി പുതിയ നോമാഡ് വീസ അവതരിപ്പിച്ച് ജപ്പാന്‍. വിദൂരമായി ജോലിചെയ്യുകയും ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് യാത്രചെയ്യുകയും ചെയ്യുന്ന പ്രൊഫഷണലുകൾക്കായി രൂപകൽപ്പന ചെയ്ത പുതിയ വീസ പ്രോഗ്രാം, പ്രതിവർഷം കുറഞ്ഞത് 10 മില്യൺ യെന്‍ (56 ലക്ഷത്തിലധികം രൂപ) സമ്പാദിക്കുന്ന വ്യക്തികൾക്ക് ആറ് മാസത്തെ വീസ വാഗ്ദാനം ചെയ്യുന്നു. യുഎസ്, ഓസ്‌ട്രേലിയ, സിംഗപ്പൂർ എന്നിവയുൾപ്പെടെ ജപ്പാനുമായി നികുതി ഉടമ്പടികളും ഹ്രസ്വകാല വീസ ഇളവ് കരാറുകളും ഉള്ള 49 രാജ്യങ്ങളിൽ നിന്നും പ്രദേശങ്ങളിൽ നിന്നുമുള്ള ഡിജിറ്റൽ നാടോടികള്‍ക്ക് ഈ പ്രോഗ്രാം പ്രയോജനകരമാകും. ജപ്പാൻ ഇമിഗ്രേഷൻ സർവീസസ് ഏജൻസി(ISA) ഈ വര്‍ഷം മാർച്ച് അവസാനത്തോടെ ആറ് മാസത്തെ ഡിജിറ്റൽ നോമാഡ് വീസ ആരംഭിക്കും.

വീസ രഹിത സന്ദർശനത്തിന് നിലവില്‍ 90 ദിവസമാണ് പരിധി. പുതിയ തീരുമാനപ്രകാരം, വീസ കാലാവധി ആറ് മാസമായി സജ്ജീകരിക്കും. പ്രൊഫഷണലുകള്‍ക്ക് ജപ്പാനിൽ എവിടെ നിന്നും വിദൂര ജോലികൾ ചെയ്യാനുള്ള സൗകര്യത്തോടൊപ്പം, സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികൾക്കും ഇത് പ്രയോജനപ്പെടുത്താം. 

അപേക്ഷകർക്ക് സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് ഉണ്ടായിരിക്കണം. അവരുടെ പങ്കാളികളെയും കുട്ടികളെയും ജപ്പാനിലേക്ക് കൊണ്ടുവരാന്‍ കഴിയും. എന്നിരുന്നാലും, ഈ വീസ, അപേക്ഷകര്‍ക്ക് റസിഡൻസ് കാർഡോ സർട്ടിഫിക്കറ്റോ നല്‍കുന്നില്ല. വീസ ലഭിച്ചവര്‍ക്ക് ചില സർക്കാർ ആനുകൂല്യങ്ങള്‍ പരിമിതമായിരിക്കും. പുതുക്കാനാവത്ത വീസയാണ് ഇങ്ങനെ നല്‍കുന്നത്. വീസ ലഭിച്ചവര്‍ കാലാവധി കഴിഞ്ഞ് വീണ്ടും അപേക്ഷിക്കുന്നതിന് മുമ്പ്, ജപ്പാന് പുറത്ത് നിർബന്ധമായും ആറ് മാസം തങ്ങിയിരിക്കണം.

കോവിഡിനു ശേഷമുള്ള ലോകത്ത് സംഭവിച്ച ഏറ്റവും മികച്ച കാര്യങ്ങളില്‍ ഒന്നാണ് ഡിജിറ്റൽ നോമാഡ് വീസ. ഒരു ലാപ്ടോപ്പും വൈഫൈയും ഉണ്ടെങ്കില്‍ ലോകത്തിന്‍റെ ഏതു ഭാഗത്തിരുന്നും ജോലി ചെയ്യാനുള്ള ഈ സംവിധാനം, ജോലിഭാരവും ടെന്‍ഷനും കുറയ്ക്കുക മാത്രമല്ല, വീസ നല്‍കുന്ന രാജ്യങ്ങള്‍ക്ക് ഒരു വരുമാനമാര്‍ഗം കൂടിയാണ്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് വിദൂര തൊഴിലാളികളുടെ സാമ്പത്തിക സംഭാവനകൾ പ്രയോജനപ്പെടുത്താൻ ഇത് ലക്ഷ്യമിടുന്നു. ടൂറിസം മേഖലയില്‍ ഉണ്ടായ നഷ്ടം ഒരുപരിധി വരെ ഇങ്ങനെ നികത്താം. കൂടാതെ, ഈ വീസ ഉപയോഗിച്ച്, ഒരാൾക്ക് ഈ രാജ്യങ്ങളിലെ സ്റ്റാർട്ടപ്പുകളുമായോ ചെറുകിട ബിസിനസുകളുമായോ ചേര്‍ന്നു പ്രവർത്തിക്കാനുമാകും.

ലോകത്തെ ഏറ്റവും മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെ, അന്‍പതിലധികം രാജ്യങ്ങള്‍ ഡിജിറ്റല്‍ നോമാഡ് വീസ നല്‍കുന്നുണ്ട്.

English Summary:

Japan announces its digital nomad visa.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com