ADVERTISEMENT

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെ വിവാഹാഘോഷപരിപാടികൾ തകർപ്പനായി നടക്കുകയാണ്. ലോകം തന്നെ കണ്ട ഏറ്റവും വലിയ ആഘോഷങ്ങളിൽ പങ്കുചേരാൻ ലോകോത്തര വ്യക്തിത്വങ്ങളും എത്തി. ഇവരെല്ലാവരും എത്തിയത് ചെറിയ വിമാനത്താവളമായ ജാംനഗറിലേക്ക് ആണ്. ജാംനഗർ നഗരത്തിൽ നിന്ന് വെറും പത്തു കിലോമീറ്റർ അകലെയാണ് ഗുജറാത്തിലെ ഗോവർധൻപുർ വിമാനത്താവളം അഥവാ ജാംനഗർ വിമാനത്താവളം.

ആഭ്യന്തര വിമാനത്താവളമായ ജാംനഗർ ഇന്ത്യൻ എയർ ഫോഴ്സ് ബേസ് കൂടിയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇവിടെ വരുന്നത് മുഴുവൻ രാജ്യാന്തര പ്രമുഖരാണ്. മാർക്ക് സക്കർബർഗ്, ബിൽ ഗേറ്റ്സ്, റിഹാന, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന് തുടങ്ങി നിരവധി വ്യക്തിത്വങ്ങളാണ് ഈ വിമാനത്താവളത്തിലേക്ക് എത്തിയത്. ഗുജറാത്തിലെ വളരെ ചെറിയ വിമാനത്താവളമായ ജാംനഗർ വിമാനത്താവളം എങ്ങനെയാണ് ഇത്രയും ഹൈപ്രൊഫൈൽ സെലിബ്രിറ്റികളെ സ്വാഗതം ചെയ്തത്. രാജ്യാന്തര പരിവേഷത്തിലേക്ക് ഉയർന്നപ്പോൾ എങ്ങനെയാണ് അതിനെ കൈകാര്യം ചെയ്തത്.

പത്തുദിവസത്തേക്ക് രാജ്യാന്തര വിമാനത്താവളമായി മാറി

ആഭ്യന്തര വിമാനത്താവളമായ ജാംനഗർ വിമാനത്താവളം നിലവിൽ രാജ്യാന്തര വിമാനത്താവളമായി മാറി. ഫെബ്രുവരി 25 മുതൽ മാർച്ച് അഞ്ചു വരെയാണ് ജാംനഗർ ആഭ്യന്തര വിമാനത്താവളത്തിന് രാജ്യാന്തര വിമാനങ്ങളെ സ്വീകരിക്കാൻ അനുമതി നൽകിയിരിക്കുന്നത്. അംബാനി കുടുംബത്തിന് അവരുടെ രാജ്യാന്തര അതിഥികളെ സ്വീകരിക്കുന്നതിനു വേണ്ടിയാണത്. രാജ്യാന്തര അതിഥികൾക്കായി കസ്റ്റംസ്, ഇമിഗ്രേഷൻ, ക്വാറന്റൈൻ സൗകര്യം എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്.

ജാംനഗർ വിമാനത്താവളത്തിന്റെ സിവിലിയൻ മേഖലയിൽ പരമാവധി ആറ് ചെറിയ വിമാനങ്ങൾ മാത്രമാണ് ഉൾക്കൊള്ളാൻ കഴിയുന്നത്. എന്നാൽ വെള്ളിയാഴ്ച 140 വിമാനങ്ങളാണ് എത്തുകയും പുറപ്പെടുകയും ചെയ്തത്. അതേസമയം, യാത്രക്കാരെ ഉൾക്കൊള്ളുന്ന ഇടം 475 സ്ക്വയർ മീറ്ററിൽ നിന്ന് 900 സ്ക്വയർ മീറ്ററായി ഉയർത്തി. നേരത്തെ 180 യാത്രക്കാരെ ഉൾക്കൊള്ളാൻ മാത്രമായിരുന്നു വിമാനത്താവളത്തിനു കഴിഞ്ഞിരുന്നതെങ്കിൽ ഇപ്പോൾ 360 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയും.

വിമാനത്താവളത്തിലും നവീകരണ പ്രവർത്തനങ്ങൾ

വിമാനത്താവളത്തിൽ ശുചിമുറികൾ ഉൾപ്പെടെയുള്ളവ നവീകരിച്ചു. നേരത്തെ ഇവിടെ 16 ഹൗസ് കീപ്പിങ് ജീവനക്കാർ ആയിരുന്നു ഉണ്ടായിരുന്നത്. എന്നാൽ 35 ഓളം ഹൗസ് കീപ്പിങ് ജീവനക്കാരെ പുതിയതായി നിയമിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരുടെ എണ്ണം ഇരട്ടിയാക്കി. തിരക്ക് നിയന്ത്രിക്കാൻ ഇന്ത്യൻ എയർപോർട്ട് അതോറിറ്റി കൂടുതൽ മിലിറ്ററി ഉദ്യോഗസ്ഥരെ ജാംനഗർ വിമാനത്താവളത്തിൽ വിന്യസിച്ചിട്ടുണ്ട്.

English Summary:

Jamnagar airport change to welcome celebs, An international airport for 10 days!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com