ADVERTISEMENT

കഥാ പശ്ചാത്തലത്തിലും യാത്രയിലും ഒരുപാട് സാമ്യമുണ്ട് തിരഞ്ഞെടുത്ത വാഹനം ക്വാളിസ്, പോയ ആളുകൾ ഏകദേശം 8-9 പേർ. ഇനി കഥയിലേക്ക്...പ്ലസ് ടു കഴിഞ്ഞിരിക്കുന്ന 2006 കാലഘട്ടം ഞരമ്പുകളിൽ ചോര തിളച്ചു മറിഞ്ഞു കുരുത്തക്കേടുകൾ എന്തൊക്കെ ഒപ്പിക്കണം എന്നാലോചിച്ച് ഇരിക്കുന്ന സമയം, മുന്നിൽ വരുന്ന എന്തിനെയും നേരിടാനുള്ള ആർജവം ഉണ്ടെന്ന അഹന്ത തിളച്ചു മറിഞ്ഞു ആ ഈർക്കിളി ശരീരത്തിൽ തലമുടി മുതൽ പാദം വരെയും വ്യാപിച്ചു കിടക്കുന്ന സമയം. 

Read Also : മഞ്ഞുമ്മൽ ബോയ്സ് ഗുണ കേവിന്റെ ചരിത്രം തിരുത്തിയിട്ട് 18 വർ‌ഷം; സിജുവിന് സർക്കാർ ജോലി വാഗ്ദാനം മാത്രം...

denin-sarathlal-mrithul-sanal
ഡെനിസ്, ശരത്, മൃദുൽ, സനൽ യാത്രയിൽ എടുത്ത ചിത്രം.

ഇന്നത്തെ ഡ്യൂക്കൻമാർക്കു മുമ്പിൽ അന്നത്തെ പൾസർ ബോയ്സ് ഒന്നിച്ചു ഒരു യാത്ര പോകാൻ തീരുമാനിച്ചു. ആരും കയറാത്ത തികച്ചും വ്യത്യസ്തമായിരിക്കണം എന്നു വിചാരിച്ച ഒരു ഏക ദിന യാത്ര. പണം എനിക്കൊരു പ്രശ്നമായിരുന്നെങ്കിലും അനന്തമായ സൗഹൃദം യാത്ര ചെലവ് ഒരു തടസമാക്കിയില്ല എല്ലാവരും തട്ടി കൂട്ടി എന്റെ പണം എടുത്തു എന്നാണ് എന്റെ ഓർമ (മഞ്ഞുമ്മൽ ബോയ്സിലെ സുഭാഷിനെ ഓർമ വന്നു). വലിയ കുരുത്തക്കേടുകൾ ഒപ്പിക്കാത്ത (അറിയിക്കാത്ത) കാരണം വീട്ടിൽ നിന്നും യാത്രയ്ക്കുളള അനുവാദം കിട്ടി… കേട്ടറിവ് വച്ച് അപ്പർ ഷോളയാർ ആണ് ലക്ഷ്യം ചാലക്കുടിയിൽ നിന്നും ഏകദേശം 70 കിലോമീറ്റർ, എല്ലാവരും കൂടെ ഒരു ക്വാളിസ് ബുക്ക് ചെയ്യുന്നു കൂട്ടത്തിലെ കുഞ്ഞാപ്പി സർവോപരി അപ്പർ ഷോളെയറിലേക്ക് പാസ്സ് ഒപ്പിക്കാൻ ശേഷിയുമുള്ള ശ്രീകുമാർ അവന്റെ ഏതോ ബന്ധു വഴി ഫോറസ്റ്റ് പാസ് ഒപ്പിക്കുന്നു.

mambra-boys-sreekumar-blue
UHSS-മാമ്പ്ര ബോയ്സ് അപ്പർ ഷോളെയാർ യാത്രയിൽ (ഫയൽ ചിത്രം)

അതിരാവിലെ കുളിച്ച് കുറി തൊട്ട് നാട്ടുകാർക്ക് മുൻപിലൂടെ തികച്ചും അടക്കമുള്ള ഒരു കുട്ടിയായി ഞാൻ ചാലക്കുടിക്കു പുറപ്പെട്ടു. അവിടെ വച്ച് ഡെനിൻ, ശരത്, ശ്രീകുമാർ, സനൽ, അരുൺ, ഡെനിന്റെ ഒരു സുഹൃത്ത് പിന്നെ ഞാനും കണ്ടു മുട്ടി മുൻകൂർ ബുക്ക് ചെയ്ത ക്വാളിസിൽ നേരെ അതിരപ്പിള്ളി ലക്ഷ്യമാക്കി വിട്ടു. പോകും വഴി നേരത്തെ കരുതിയിരുന്ന ബിയറും ചെറുത് കഴിക്കുന്നവർ അതും സേവിച്ചു വഴിയിൽ മുഴുവൻ നിർത്തി ഫോട്ടോയും എടുത്തു യാത്ര ഷോളയാർ ചെക്ക് പോസ്റ്റിൽ എത്തി നിന്നു.

mambra-boys-mm02
UHSS-മാമ്പ്ര ബോയ്സ് അപ്പർ ഷോളെയാർ യാത്രയിൽ (ഫയൽ ചിത്രം)

കയ്യിൽ കിട്ടിയ പാറ കഷ്ണം പോലും ദഹിക്കുന്ന പ്രായം ആയതു കൊണ്ട് പോകും വഴി കിട്ടിയതെല്ലാം വയറിലാക്കി (മാങ്ങ, ചക്ക, അപ്പം, പുട്ട് ) എന്ന് വേണ്ട എല്ലാം .ചെക്ക് പോസ്റ്റിൽ നിന്ന് ഡെനിന്, സനൽ വീണ്ടും ആരെയോ ഒക്കെ വിളിച്ചു പാസ് റെഡി ആക്കി( ഇന്നും എന്റെ അറിവിൽ അപ്പർ ഷോളയാർ ടിബി സൈഡിലോട്ട് ആരേയും വിടുന്നില്ല). വണ്ടിയിൽ ഒരു വാച്ചറെയും കൂട്ടി മുകളിലെത്തി നല്ല തണുപ്പ് . ചെന്നിറങ്ങിയ വഴിയിൽ മുഴുവൻ കരടി കാഷ്ഠം കാണുന്നുണ്ടായിരുന്നു, ഫോറസ്റ്റ് ടിബി ആന ചവുട്ടി പകുതിയും പൊളിച്ചിരിക്കുന്നു അവിടെ ഇപ്പോൾ ആരും സ്റ്റേ ഇല്ല എല്ലാവരും താഴെ മാറി ഇരിക്കുന്നു (വന്യ ജീവി സാന്നിധ്യം തന്നെ കാരണം) . 

mambra-boys-mm04
UHSS-മാമ്പ്ര ബോയ്സ് അപ്പർ ഷോളെയാർ യാത്രയിൽ (ഫയൽ ചിത്രം)

കോർട്ടേഴ്സിന് ചുറ്റിലും ധാരാളം മുസമ്പിയും ചാമ്പയ്ക്കയും പഴുത്ത് വിളഞ്ഞു നിൽക്കുന്നു. കയ്യിൽ കിട്ടിയ വടിയും കമ്പും വച്ച് ഞങ്ങൾ അതെല്ലാം തല്ലി പറിച്ചു വണ്ടിയിലിട്ടു. കിട്ടിയതൊന്നും പോരാഞ്ഞ് ഡെനിൻ വൈൻ ഇടാൻ വേണ്ടി ചാമ്പ മരത്തിൽ വലിഞ്ഞു കയറി. അന്നും ഇന്നും സർവാഭരണ വിഭൂഷിതനാണ് മാന്യ ദേഹം. മരത്തിന്റെ മുകളിൽ കയറി താഴെ എത്തിയപ്പോൾ കയ്യിൽ കിടന്ന രണ്ടര പവന്റെ ചെയിൻ കാണുന്നില്ല. ആ ആറ് ഇഞ്ച് ശരീരം ഇതറിഞ്ഞതു മുതൽ കിലു കിലെ വിറച്ചു കുറ്റി കാട്ടിൽ എപ്പാടും പരതി, കൂട്ടത്തിൽ ഞങ്ങളും വാച്ചറും എന്തിനും പോന്ന ഞങ്ങളുടെ ഡ്രൈവറും. 

അങ്ങനെ സമയം ഒഴുകി നീങ്ങി, തിരികെ ഇറങ്ങണം ഞങ്ങൾ അവനെ തിരികെ പോരാൻ നിർബന്ധിച്ചു അവൻ വീട്ടിൽ പറയാനുള്ള പേടി കാരണം തീരെ കൂട്ടാക്കുന്നുമില്ല. ഒടുവിൽ വാച്ചറുടെ ധൈര്യത്തിൽ അവൻ അവിടെ നിൽക്കാൻ തീരുമാനിച്ചു, രാവിലെ വീണ്ടും തപ്പി പോകാം എന്നാണ് പദ്ധതി. രാവിലെ തന്നെ ബൈക്കിൽ വരാമെന്ന ഉറപ്പിൽ ഞങ്ങൾ പതുക്കെ ഇറങ്ങി. ചാലക്കുടിയിൽ എത്തിയപ്പോളാണ് സത്യത്തിൽ കഴിച്ച ബിയറിന്റെ കെട്ടിറങ്ങി കാര്യങ്ങൾ ഒന്നാലോചിക്കുന്നത്, എല്ലാവരും അവനെ അവിടെ ആക്കി പോന്നതിന്റെ ആവലാതി പങ്കു വച്ചു വീട്ടിൽ ചെന്ന പാടെ ഡെനിന്റെ മമ്മി എന്നെ വിളിച്ചു. കേൾക്കാൻ ബാക്കി ഒന്നുമില്ലായിരുന്നു അത്രയ്ക്കും ചീത്ത ആ വിറച്ച സൗണ്ടിൽ, ഞാൻ ഒന്നും പറയാതെ കേട്ടിരുന്നു. ചെയ്ത മണ്ടത്തരത്തിന്റെ വ്യാപ്തി അവിടുത്തെ സാഹചര്യവും മമ്മിയുടെ ആവലാതിയും ചേർത്തു വായിച്ചപ്പോൾ എന്തോ കനത്ത ക്ഷീണത്തിൽ പോലും കണ്ണിന്റെ പോള അടക്കാൻ അനുവദിച്ചില്ല.

mambra-boys-mm06
UHSS-മാമ്പ്ര ബോയ്സ് അപ്പർ ഷോളെയാർ യാത്രയിൽ (ഫയൽ ചിത്രം)

ശ്രീകുമാറിനെയും ശരത്തിനേയും വിളിച്ചു രാവിലെ തന്നെ അങ്ങോടു തിരിക്കണമെന്ന് പറഞ്ഞു. വണ്ടിയും റെഡി ആക്കി ഞങ്ങൾ മൂന്നുപേർ രണ്ടു ബൈക്കിലായി യാത്ര തിരിച്ചു ഏകദേശം 8 മണിയോടെ വീണ്ടും ഞങ്ങൾ അപ്പർ ഷോളയാറിൽ എത്തിയപ്പോളേക്കും ഡെനിൻ രാവിലെ തന്നെ മല നടന്നിറങ്ങി ആദ്യ ബസിൽ തന്നെ ചാലക്കുടിക്ക് പോയിരുന്നു.

നേരിട്ട് കണ്ടപ്പോൾ അന്നത്തെ രാത്രിയുടെ ഭീകരാവസ്ഥ ഞങ്ങൾ മനസ്സിലാക്കി. ആനയുടെ ചിഹ്നം വിളിയും ഏതൊക്കെയോ കാട്ടു മൃഗങ്ങളുടെ കാൽ പെരുമാറ്റവും മണ്ണെണ്ണ വിളക്കിന്റെ വെളിച്ചവും രാജവെമ്പാലയുടെ സാന്നിധ്യവും വാച്ചറുടെ കൂർക്കം വലിയും അവന് എക്കാലവും ഓർക്കാൻ ഒരു ഭീതിയുടെ കമ്പിളി പുതച്ച രാത്രിയാണ് സമ്മാനിച്ചത് എന്ന് പിന്നീടവൻ പറഞ്ഞറിഞ്ഞു. അവന്റെ മമ്മിയുടെ മുൻപിൽ രണ്ട് ദിവസം കഴിഞ്ഞു കീഴടങ്ങി, കുറച്ചു ഉപദേശവും സ്നേഹത്തോടെയുള്ള ശാസനയും മടിയും കൂടാതെ സ്വീകരിച്ചു.

എന്തായാലും ഇന്ന് ആലോചിക്കുമ്പോൾ ഏറ്റവും അപകടകരമായ തീരുമാനമായിരുന്നു അവന് അവിടെ നിൽക്കാൻ തോന്നിയതും ഞങ്ങൾക്ക് അവനെ അവിടെ ആക്കി പോരാൻ തോന്നിയതും. പ്രായം കൊണ്ടും പരിചയം കൊണ്ടും മുമ്പിലായ വാച്ചറോ, ഡ്രൈവറോ അന്ന് അത് ചെയ്യരുത് എന്ന് വാശി പിടിച്ചിരുന്നെങ്കിൽ ഒരിക്കലും ചെയ്യുകയും ഇല്ലായിരുന്നു.

മഞ്ഞുമ്മൽ ബോയ്സിന് കിട്ടിയ കയ്യടി മാന്യരായ എന്റെ നാട്ടുകാരിൽ നിന്നും ഞങ്ങളുടെ  കയ്യിലിരിപ്പിനു തെറി ആയി പ്രതീക്ഷിച്ചു കൊണ്ട് തന്നെ ഇതിവിടെ എഴുതുന്നു.

പല വഴിക്കായി പിരിഞ്ഞ ആ ആത്മാർഥ സുഹൃത്തുക്കൾ വീണ്ടും ഒരു ഒത്തു ചേരലിനായി കാത്തിരിക്കുകയാണ് പോയ വഴികളിൽ ഓർമയുടെ  മാറാപ്പുമായി തികച്ചും പക്വതയോടെ ഒരിക്കൽ കൂടെ യാത്ര ചെയ്യുവാൻ! കൈചെയ്ൻ നഷ്ടമായെങ്കിലും അവന് ഒന്നും സംഭവിക്കാതെ കാത്ത സർവ ദൈവങ്ങൾക്കും വീട്ടിലിരുന്നു ഞങ്ങൾക്കായി എപ്പോളും പ്രാർത്ഥന ചൊല്ലിയിരിക്കുന്ന അച്ഛനമ്മമാർക്കും നന്ദി.

ചെറിയൊരു ഗുണപാഠം:  

ചോര തിളപ്പിൽ അറിയാത്ത സ്ഥലത്ത് നിന്ന് അറിയാത്ത അപകടങ്ങളിൽ ചെന്ന് ചാടരുത്. അധികാരികൾ നൽകുന്ന മുന്നറിയിപ്പുകൾ അവഗണിക്കാതിരിക്കുക.

English Summary:

These are not Manjummal guys; these are UHSS-Mambra boys.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com