ADVERTISEMENT

വിനോദവും സാഹസികതയും കൈകോര്‍ക്കുന്ന പുത്തന്‍ അനുഭവം സഞ്ചാരികള്‍ക്കായി ഒരുക്കാന്‍ ഒരുങ്ങുകയാണ് സൗദി അറേബ്യ. മൂന്ന് ഹോട്ടലുകളും 11 റസ്റ്ററന്റുകളും റോളർകോസ്റ്ററും ഉള്ള ലോകത്തിലെ ആദ്യത്തെ ഫ്ലോട്ടിങ് തീം പാര്‍ക്ക് സൗദിയില്‍ ഉടന്‍ ആരംഭിക്കും. സൗദി അറേബ്യയുടെ ഏറ്റവും പുതിയ  പ്രോജക്റ്റായ തീം പാര്‍ക്കിന്‍റെ പേര് 'ദി റിഗ്' എന്നാണ്. അറേബ്യൻ തീരപ്രദേശത്തു നിന്ന് 40 കിലോമീറ്റർ അകലെ അൽ ജുറൈദ് ദ്വീപിനും ബെറി ഓയിൽ ഫീൽഡിനും സമീപത്തായി സ്ഥിതി ചെയ്യുന്ന ഇത് വാസ്തുവിദ്യയുടെയും എൻജിനിയറിങ് വൈദഗ്ധ്യത്തിന്റെയും അതുല്യമായ കൂടിച്ചേരലായിരിക്കും.

Image Credit : therig.sa
Image Credit : therig.sa

പേരുപോലെ തന്നെ അറേബ്യൻ ഗൾഫിന്റെ ഹൃദയഭാഗത്തുള്ള ഒരു ഓയിൽ റിഗിന്റെ മുകളിൽ, തൂങ്ങിക്കിടക്കുന്ന രീതിയിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മൂന്നു ആഡംബര ഹോട്ടലുകളിലായി എണ്ണൂറോളം മുറികള്‍ ഉണ്ടാകും. 300,000 ചതുരശ്ര മീറ്ററിൽ കൂടുതൽ വിസ്തൃതിയുള്ള ഒരു മെഗാ ഏരിയയിലാണ് ദി റിഗ് നിർമ്മിക്കുന്നത്. വാട്ടർ ആക്ടിവിറ്റി സെന്റർ, എക്സ്ട്രീം സ്പോർട്സ്, സാഹസിക പാർക്ക്, അമ്യൂസ്മെന്‍റ് പാര്‍ക്ക്, ഒരു ഡൈവിങ് കോംപ്ലക്സ് എന്നിവ ഉൾപ്പെടെ എഴുപതോളം ആകര്‍ഷണങ്ങള്‍ ഇവിടെ ഉണ്ടാകും. കൂടാതെ, തിയേറ്ററുകൾ, ഇ-സ്‌പോർട്‌സ് സോണുകൾ, റീട്ടെയിൽ പാർക്ക്, കുട്ടികളുടെ പാര്‍ക്കുകള്‍ മുതലായവയും ഉണ്ടാകും.

Image Credit : therig.sa
Image Credit : therig.sa

ഓഫ്‌ഷോർ ഓയിൽ പ്ലാറ്റ്‌ഫോമുകളുടെ രൂപകൽപ്പനയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഒരു ഓഫ്‌ഷോർ പ്ലാറ്റ്‌ഫോമില്‍ നിര്‍മിക്കുന്ന ലോകത്തിലെ ആദ്യത്തെ ടൂറിസം ഡെസ്റ്റിനേഷൻ എന്നാണ് ഇതിനെക്കുറിച്ച് ദി റിഗ്ഗിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പറയുന്നത്. ഓയിൽ പാർക്ക് ഡെവലപ്‌മെൻ്റ് കമ്പനിയാണ് ദി റിഗിനെ നയിക്കുന്നത്.

പാര്‍ക്കിലേക്ക് എത്തിച്ചേരണമെങ്കില്‍ സന്ദര്‍ശകര്‍ ഫെറിയിലോ യാറ്റിലോ പ്ലെയിനിലോ ഹെലികോപ്റ്ററിലോ കയറണം. അതുകൊണ്ടുതന്നെ അതിസമ്പന്നര്‍ക്ക് വേണ്ടി മാത്രമുള്ള തീം പാര്‍ക്കായിരിക്കും ഇതെന്ന് കരുതുന്നു. ദമാം സിറ്റിയിലെയും ജുബൈൽ ഇൻഡസ്ട്രിയൽ സിറ്റിയിലെയും വലിയ റിഗ്ഗുമായി ബന്ധിപ്പിച്ചിരിക്കുന്ന രണ്ട് കടൽത്തീര ടെർമിനലുകളുമുണ്ട്,  സന്ദർശകർക്ക് ഇവിടങ്ങളില്‍ ഒരുക്കുന്ന വിവിധ യാത്രാ മാർഗങ്ങളിലൂടെ ദ്വീപിലെത്താം. 50 ബോട്ടുകൾ ഉൾക്കൊള്ളാൻ ശേഷിയുള്ള അത്യാധുനിക മറീനയും വിമാനമാർഗം എത്തുന്ന അതിഥികൾക്ക് സൗകര്യപ്രദമായ ഗതാഗതം ഉറപ്പാക്കാനായി ഹെലിപാഡും ഉണ്ടാകും.

ഫ്ലോറിഡയിലെ പ്രശസ്തമായ വാൾട്ട് ഡിസ്നി വേൾഡ് റിസോർട്ടിന്റെ മൂന്നിരട്ടി വലിപ്പമുള്ള പാർക്ക് നിർമിക്കുമെന്ന് സൗദി അറേബ്യ ഈയിടെ അവകാശപ്പെട്ടിരുന്നു. രണ്ടായിരത്തി മുപ്പത്തിരണ്ടിൽ തീം പാർക്ക് 900,000 ത്തിലധികം വിനോദസഞ്ചാരികളെ ആകർഷിക്കുമെന്നാണ് കരുതുന്നത്.

English Summary:

The world's first floating theme park, appropriately titled The Rig, is scheduled to open in Saudi Arabia.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com