ADVERTISEMENT

അടുത്തിടെയാണ് മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിന്റെ പേര് സംസ്ഥാന സർ‌ക്കാർ‌ അഹില്യാനഗർ എന്നു മാറ്റിയത്. മാൾവ രാജവംശത്തിലെ രാജ്ഞിയായിരുന്ന അഹില്യബായ് ഹോൾക്കറുടെ സ്മരണാർഥമാണ് പുതിയ പേര്. ചരിത്രപരമായ പ്രാധാന്യമുള്ള സ്ഥലങ്ങൾ കണ്ടെത്തി അനുയോജ്യമായ വിധത്തിൽ പുനർനാമകരണം ചെയ്യുന്നതിലൂടെ ഭാവിതലമുറകൾക്ക് അവരുടെ സാംസ്കാരിക പാരമ്പര്യം അറിയാനും സംരക്ഷിക്കാനും പ്രചോദനം നൽകുകയാണ് ലക്ഷ്യമെന്നാണ് സർക്കാർ ഇതിനു നൽകുന്ന വിശദീകരണം

നേരത്തെ അഹമ്മദ് നഗർ എന്നറിയപ്പെട്ടിരുന്ന അഹില്യ നഗർ ചരിത്രത്താലും സംസ്കാരത്താലും സമ്പന്നമായ ഒരു നഗരമാണ്. ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത് ചരിത്ര സ്മാരകങ്ങളും ആത്മീയ കേന്ദ്രങ്ങളും തിരക്കും വൈവിധ്യവും നിറഞ്ഞ ചന്തകളുമാണ്.

നഗരത്തിലെ പ്രധാന ആകർഷണമായ അഹമ്മദ് നഗർ കോട്ട

നഗരത്തിന്റെ സമ്പന്നമായ ചരിത്രത്തിന്റെ തെളിവാണ് അഹമ്മദ് നഗർ കോട്ട. പതിനാറാം നൂറ്റാണ്ടിൽ അഹമ്മദ് നിസാം ഷാ ആണ് കോട്ട പണി കഴിപ്പിച്ചത്. മനോഹരമായ വാസ്തുവിദ്യയുള്ള ഈ കോട്ടയ്ക്ക് ചരിത്രപരമായ പ്രാധാന്യവുമുണ്ട്. സന്ദർശകർക്ക് കോട്ടയുടെ അകത്തളങ്ങളിലൂടെ നടന്നു കാണാം.

Shri Datt mandir. Image Credit : ePhotocorp/istockphoto
Shri Datt mandir. Image Credit : ePhotocorp/istockphoto

ആത്മീയതയുടെ കേന്ദ്രമായ അഹല്യ നഗർ

ആത്മീയതയുടെയും തീർഥാടനത്തിന്റെയും കേന്ദ്രം കൂടിയാണ് അഹില്യ നഗർ. സിദ്ധതേക് അഷ്ടവിനായക് ക്ഷേത്രത്തിലേക്ക് ദൂരെയുള്ള സ്ഥലങ്ങളിൽനിന്നു പോലും നിരവധി തീർഥാടകരാണ് എത്തുന്നത്. ആത്മീയ നേതാവായ മെഹെർ ബാബയുടെ അന്ത്യവിശ്രമ സ്ഥലമായ മെഹെറാബാദ് മറ്റൊരു ആകർഷണ കേന്ദ്രമാണ്. നിരവധി സഞ്ചാരികളും തീർഥാടകരുമാണ് ഇവിടേക്ക് എത്തുന്നത്. വളരെ ശാന്തമായ അന്തരീക്ഷമാണ് ഇവിടെയെന്നതും സഞ്ചാരികളെ ആകർഷിക്കുന്നു. രേണുക ദേവി ക്ഷേത്രം, ചാന്ദ് ബിബി കൊട്ടാരം എന്നിവയും സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാനപ്പെട്ട കേന്ദ്രങ്ങളാണ്.

പ്രകൃതിഭംഗിക്കും പേരു കേട്ട സ്ഥലമാണ് അഹില്യ നഗർ. ഭണ്ഡാർദാര ഹിൽ സ്റ്റേഷനിൽ അതിമനോഹരമായ തടാകങ്ങളും വെള്ളച്ചാട്ടങ്ങളും സഞ്ചാരികളെ കാത്തിരിക്കുന്നു. ആർതർ തടാകത്തിലെ ബോട്ടിങ്ങും രന്ദ വെള്ളച്ചാട്ടത്തിലേക്കുള്ള ട്രക്കിങ്ങും അവിസ്മരണീയമായ അനുഭവം ആയിരിക്കും. 

ഭക്ഷണപ്രിയർക്ക് വ്യത്യസ്ത രുചികൾ അനുഭവിക്കാനും ഇവിടെ അവസരമുണ്ട്. എരിവുള്ള മിസാൽ പാവ് മുതൽ സ്വാദിഷ്ഠമായ സബുദാന കിച്ചടി വരെ വ്യത്യസ്തമായ നിരവധി രുചികളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. മഹാരാഷ്ട്രയുടെ തനതുരുചിയിലുള്ള ഭക്ഷണം ആസ്വദിച്ച് അഹല്യ നഗറിലെ ഇടുങ്ങിയ വഴികളിലൂടെയും തിരക്കേറിയ ബസാറുകളിലൂടെയും നടന്ന് നഗരത്തിന്റെ സാംസ്കാരിക പൈതൃകം ആസ്വദിക്കാം. കൊളോണിയൽ കാലഘട്ടത്തിലെ കെട്ടിടങ്ങൾ, പുരാതന ക്ഷേത്രങ്ങൾ എന്നിവയെല്ലാം സഞ്ചാരികൾക്ക് വ്യത്യസ്തമായ അനുഭവമാണ് നൽകുന്നത്.

English Summary:

Ahmednagar in Maharashtra to be renamed as 'Ahilya Nagar'.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com