ADVERTISEMENT

താമരകൾ വിരിഞ്ഞുനിൽക്കുന്ന അരുവിയുടെ തീരത്ത് ഒരു ഊഞ്ഞാലിലോ, ബീൻ ബാഗിലോ വിശ്രമിക്കുമ്പോൾ ആ അരുവിയ്ക്കപ്പുറം അടുത്ത അതിഥികളേയുമായി ഒരു വിമാനം പറന്നിറങ്ങുന്നു. ആഹാ അന്തസ്, കയ്യിൽ ഒരു ചൂടുകാപ്പിയുമായി വിമാനം വരുന്നതും പോകുന്നതുമെല്ലാം തൊട്ടടുത്ത് ഇരുന്ന് കാണാൻ എന്തു രസമായിരിക്കുമല്ലേ.തായ്​ലൻഡിലെ ബാങ്കോക്ക്, പട്ടായ എന്നിവ മാത്രമല്ല തായ്‌ലൻഡിലെ മറ്റൊരു വിനോദസഞ്ചാര കേന്ദ്രമായ കോ സാമുയിയും അത്യാവശ്യം നല്ല തിരക്കുള്ള സ്ഥലം തന്നെയാണ്. ഈ മനോഹരമായ നഗരത്തിലേക്ക് വർദ്ധിച്ചുവരുന്ന വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യുന്നത് റിസോർട്ട് പോലും തോറ്റുപോകുന്ന സൗകര്യങ്ങളും അന്തരീക്ഷവുമുള്ള ഒരു വിമാനത്താവളമാണ്. ഒരു വിമാനത്താവളം എങ്ങനെയായിരിക്കണമെന്ന് സാമുയി രാജ്യാന്തര വിമാനത്താവളത്തെ കണ്ടു പഠിക്കണം. ഇവിടെ വന്ന് വിമാനമിറങ്ങിയാൽ നിങ്ങൾ പുറത്തേക്ക് പോകാൻ തയാറാകില്ല. കാരണം അത്ര മനോഹരമായിട്ടാണ് ഈ എയർപോർട്ട് തായ്​ലൻഡ് നിർമ്മിച്ചിരിക്കുന്നത്. 

samui-airport-thailand3

കാർബൺ ഫുട്‌പ്രിന്റ് പദവി സ്വന്തമാക്കി

ഈ വിമാനത്താവളം ബാങ്കോക്ക് എയർവേയ്‌സിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ഒന്നാണ്. 1989-ൽ മുളകൊണ്ട് മേഞ്ഞ കെട്ടിടങ്ങളിൽ നിന്ന് ആരംഭിച്ച ഇത് ഇപ്പോൾ ഒരു സമ്പൂർണ്ണ ആധുനിക വിമാനത്താവളമാണ്. ധാരാളം ഓപ്പൺ-എയർ ഏരിയകളുള്ള പരിസ്ഥിതി സൗഹൃദ ഡിസൈനാണ് എയർപോർട്ടിന്റെ പ്രത്യേകത. തായ്‌ലൻഡ് ഗ്രീൻഹൗസ് ഗ്യാസ് മാനേജ്‌മെന്റ് ഇതിന് 2016ലും 17ലും കാർബൺ ഫുട്‌പ്രിന്റ് പദവി നൽകി. ചാവെങ്ങിലെയും ബോഫുട്ടിലെയും പ്രശസ്തമായ എല്ലാ ബീച്ച് റിസോർട്ടുകളും ഈ വിമാനത്താവളത്തിനടുത്താണ് സ്ഥിതിചെയ്യുന്നത്.  പ്രതിവർഷം ആറ് ദശലക്ഷം യാത്രക്കാർ വന്നിറങ്ങുന്ന രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്നാണിത്.  

samui-airport-thailand2

ഒരു എയർപോർട്ടിലെ എല്ലാ  സാധാരണ സൗകര്യങ്ങളും ഇവിടെയുമുണ്ട്. എന്നാൽ വിമാനമിറങ്ങി അകത്തേയ്ക്ക് നടക്കുമ്പോൾ കാഴ്ചകൾ മാറും. റീട്ടെയിൽ ഷോപ്പുകൾ, ഷോറൂമുകൾ, റസ്റ്റോറന്റുകൾ, കോഫി ഷോപ്പുകൾ എന്നിവയെല്ലാം ഉള്ള ഒരു ഒന്നൊന്നര ഷോപ്പിങ് മാൾ തന്നെ അവിടെ കാണാം. എന്നാൽ എയർപോർട്ടിന്റെ ഏറ്റവും വലിയ ആകർഷണം അതിന്റെ പുറം ഭാഗമാണ്. ഒരു പക്കാ റിസോർട്ടിന് സമാനമായാണ് ഇവിടെ എല്ലാം സജ്ജീകരിച്ചരിക്കുന്നത്. തുറന്ന വിശ്രമയിടങ്ങളും ലോഞ്ചുകളും പുൽത്തകിടികളുമെല്ലാം ശരിക്കുമൊരു വിനോദസഞ്ചാരകേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ് ഈ എയർപോർട്ടിനെ. ശരിക്കുമൊരു റിസോർട്ടിനുൾവശം എങ്ങനെയാണോ ഒരുക്കിയിരിക്കുന്നത് അതിനേക്കാൾ ഗംഭീരമായാണ് ഈ എയർപോർട്ട് എന്നു പറയാം. 

samui-airport-thailand

ബ്ലൂ റിബൺ ക്ലബ് ലോഞ്ചിന്റെ അതേ പേരിൽ കോ സാമുയി വിമാനത്താവളത്തിൽ മൂന്ന് ലോഞ്ചുകളുണ്ട്. ഈ ലോഞ്ചുകളും അത്യാഡംബരപൂർണ്ണമായ സൗകര്യങ്ങളും സൗന്ദര്യവുമാണ് പ്രദാനം ചെയ്യുന്നത്. മറ്റൊരു പ്രത്യേകത ഇവിടുത്തെ പൂന്തോട്ടമാണ്. ഈ പൂന്തോട്ടത്തിൽ നിൽക്കുമ്പോൾ അതൊരു എയർപോർട്ടാണെന്നു വിശ്വസിക്കാൻ പ്രയാസമായിരിക്കും. പിന്നെ തൊട്ടടുത്ത് വിമാനം കൊണ്ടുവന്ന് നിർത്തുമ്പോഴായിരിക്കും നമ്മൾ ആ സത്യം തിരിച്ചറിയുന്നത്. തായ്​ലൻഡ് ചുറ്റിക്കറങ്ങി കാണാൻ പദ്ധതിയിടുന്നവർ തീർച്ചയായും സന്ദർശിക്കേണ്ട ഒരിടം തന്നെയാണ് ഈ വിമാനത്താവളം. 

English Summary:

The Most Beautiful Airport in the World

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com