ADVERTISEMENT

ഇത്തവണത്തെ അവധിക്കാലം ആഘോഷമാക്കാൻ ഒരുങ്ങുമ്പോൾ ഊട്ടി ലിസ്റ്റിൽ ഉണ്ടാകുമെന്ന് ഉറപ്പു വരുത്തുക. കാരണം, ഇവിടേക്ക് എത്തുന്ന വിനോദസഞ്ചാരികൾക്കായി പ്രത്യേക ടോയ് ട്രെയിൻ എത്തുന്നു. തമിഴ് നാട്ടിലെ നീലഗിരി ജില്ലയിലെ മേട്ടുപ്പാളയം - ഊട്ടി - കൂനൂർ - ഊട്ടി റൂട്ടിൽ സ്പെഷൽ മൗണ്ടൻ ടോയ് ട്രെയിനിനുള്ള പദ്ധതികൾ സതേൺ റെയിൽവേ സേലം ഡിവിഷൻ അനുവദിച്ചു. വേനൽക്കാലത്ത് കൂടുതൽ സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രത്യേക ടോയ് ട്രെയിൻ സേവനം ആരംഭിക്കുന്നത്. 2024 മാർച്ച് 29 മുതൽ ജൂലൈ ഒന്നു വരെ ട്രെയിൻ പ്രവർത്തിക്കും.

മസിനഗുഡി വഴി ഊട്ടിക്കുപോകുന്ന റോഡ്.  (Photo Courtesy: Tamil Nadu Tourism,Culture and Religious Endowments Department)
മസിനഗുഡി വഴി ഊട്ടിക്കുപോകുന്ന റോഡ്. (Photo Courtesy: Tamil Nadu Tourism,Culture and Religious Endowments Department)

രാജ്യാന്തര വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ ഏപ്രിൽ, മേയ് സമയങ്ങളിലാണ് നീലഗിരിയിൽ ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത്. ഈ സമയങ്ങളിൽ ദിവസേന വിനോദസഞ്ചാരികളുടെ വലിയ ഒഴുക്ക് തന്നെ ഇവിടെ ഉണ്ടാകാറുണ്ട്. യുനെസ്കോയുടെ പൈതൃകപദവി ലഭിച്ചിട്ടുള്ള മൗണ്ടൻ ട്രെയിൻ ആണ് ഇത്. അതുകൊണ്ടു തന്നെ കൂടുതൽ ആകർഷണീയത കൊണ്ടു വരുന്നതിന്റെ ഭാഗമായാണ് സതേൺ റെയിൽവേയുടെ സേലം ഡിവിഷൻ സ്പെഷൽ ടോയി ട്രെയിൻ പ്രഖ്യാപിച്ചിരിക്കുന്നത്.

ഊട്ടിയിലേക്കുള്ള വനപാതയിലെ ആനത്താരകൾ സൂചിപ്പിച്ചുകൊണ്ട് സ്ഥാപിച്ചിരിക്കുന്ന ബോർഡുകൾ. (Photo by Manjunath Kiran / AFP)
ഊട്ടിയിലേക്കുള്ള വനപാതയിലെ ആനത്താരകൾ സൂചിപ്പിച്ചുകൊണ്ട് സ്ഥാപിച്ചിരിക്കുന്ന ബോർഡുകൾ. (Photo by Manjunath Kiran / AFP)

ഈ പാതയിലൂടെ യാത്ര ചെയ്യുന്ന സഞ്ചാരികളെ കാത്തിരിക്കുന്നത് അതിമനോഹരമായ യാത്രാനുഭവമാണ്. 206 പാലങ്ങളിലൂടെയും 16 കേവുകളിലൂടെയുമാണ് ഈ യാത്ര പൂർത്തിയാകുന്നത്. മനോഹരമായ പ്രകൃതിദൃശ്യങ്ങളാണ് സഞ്ചാരികൾക്ക് ഈ യാത്രയിൽ ലഭിക്കുന്നത്. 29 മുതലാണ് സ്പെഷൽ ടോയ് ട്രെയിൻ യാത്ര. കൂനൂരിനും ഊട്ടിക്കുമിടയിൽ വെള്ളി, ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലാണ് സ്പെഷൽ ടോയ് ട്രെയിൻ സർവീസ്. വിനോദസഞ്ചാരികളുടെ സൗകര്യാർത്ഥം വെള്ളിയാഴ്ചകളിലും ഞായറാഴ്ചകളിലും മേട്ടുപ്പാളയം - ഊട്ടി സ്പെഷൽ മൗണ്ടൻ ട്രെയിനും ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും ഊട്ടി - മേട്ടുപ്പാളയം സ്പെഷൽ മൗണ്ടൻ ട്രെയിനുകളും സേലം ഡിവിഷൻ തയാറാക്കിയിട്ടുണ്ട്. വേനൽക്കാലത്ത് നിരവധി വിനോദസഞ്ചാരികൾ എത്തുന്നതിനാൽ നീലഗിരിയിൽ നല്ല തിരക്കാണ് അനുഭവപ്പെടാറുള്ളത്.

വിളവെടുത്ത കാരറ്റുകൾ വൃത്തിയാക്കുന്ന ഊട്ടിയിലെ കർഷകർ. (Photo by XAVIER GALIANA / AFP)
വിളവെടുത്ത കാരറ്റുകൾ വൃത്തിയാക്കുന്ന ഊട്ടിയിലെ കർഷകർ. (Photo by XAVIER GALIANA / AFP)

വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഇന്ത്യയിലെ മറ്റ് ടോയ് ട്രെയിനുകൾ

അതിൽ പ്രധാനപ്പെട്ടതാണ് കൽക്ക - ഷിംല പർവത നിരയിലെ ടോയ് ട്രെയിൻ. ഏകദേശം 96 കിലോമീറ്റർ വരുന്ന യാത്രയ്ക്കിടയിൽ 20 സ്റ്റേഷനുകളാണ് ഉള്ളത്. 800 പാലങ്ങളും 900 വളവുകളും 103 തുരങ്കങ്ങളും കടന്നാണ് ഈ മൗണ്ടൻ ട്രെയിൻ യാത്ര. കൽക്കയിൽ നിന്ന് ഏകദേശം അഞ്ചു മണിക്കൂർ വേണം ഷിംലയിൽ എത്താൻ. ഇതിലെ 103-ാമത്തെ തുരങ്കത്തിൽ പ്രേതബാധയുണ്ടെന്നു കഥകളുമുണ്ട്. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ തുരങ്കം കൂടിയാണ് ഇത്. അഞ്ചു മണിക്കൂർ നീളുന്ന യാത്ര മനോഹരമായ പ്രകൃതിയുടെ ദൃശ്യവിരുന്നാണ് സഞ്ചാരികൾക്കു സമ്മാനിക്കുന്നത്.

മേട്ടുപ്പാളയം–ഊട്ടി പാതയിൽ കോടമഞ്ഞ് ആസ്വദിക്കുന്ന സഞ്ചാരികൾ. (ചിത്രം: മനോരമ)
മേട്ടുപ്പാളയം–ഊട്ടി പാതയിൽ കോടമഞ്ഞ് ആസ്വദിക്കുന്ന സഞ്ചാരികൾ. (ചിത്രം: മനോരമ)

മഹാരാഷ്ട്രയിലെ നേരൽ - മതേരൻ ടോയ് ട്രെയിൻ ആണ് വിനോദസഞ്ചാരികളെ ആകർഷിക്കുന്ന മറ്റൊരു ടോയ് ട്രെയിൻ. വാഹനരഹിത മേഖലയായ ഇവിടെ സഞ്ചാരികൾക്ക് വാഗ്ദാനം നൽകുന്നത് മലിനീകരണമില്ലാത്ത യാത്രയാണ്. 1907ൽ പ്രവർത്തനം ആരംഭിച്ച ഈ ട്രെയിൻ പശ്ചിമഘട്ടത്തിലെ പച്ചപ്പ് നിറഞ്ഞ താഴ്​വരകളിലൂടെയാണ് സഞ്ചരിക്കുന്നത്. രണ്ടര മണിക്കൂർ ആണ് യാത്രയുടെ ദൈർഘ്യം. നേരലിൽ നിന്ന് ആരംഭിക്കുന്ന യാത്ര ഒരു സിഗ് - സാഗ് റൂട്ടിലൂടെയാണ് സഞ്ചരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയതും ഏറ്റവും അവസാനം പണി കഴിപ്പിക്കപ്പെട്ടതുമായ പർവത റെയിൽവേയാണ് കാൻഗ്ര വാലി റെയിൽവേ. പഞ്ചാബിലെ പത്താൻകോട്ടിൽ നിന്ന് ഹിമാചൽ പ്രദേശിലെ ജോഗീന്ദർ നഗറിലേക്കാണ് കാൻഗ്ര റെയിൽവേ. ദൗലാധർ പർവത നിരകളിലൂടെയാണ് ഈ ട്രെയിൻ യാത്ര. 1929ലാണ് ഈ റെയിൽവേ പൂർത്തിയാക്കിയത്. ബ്രിട്ടീഷ് ഭരണകാലത്തെ അവസാനത്തെ പർവത റെയിൽ പദ്ധതിയെ അടയാളപ്പെടുത്തുന്ന ഒന്നാണിത്.

1881 മുതൽ പ്രവർത്തിക്കുന്ന ഒന്നാണ് ഡാർജിലിങ് ടോയ് ട്രെയിൻ. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന റെയിൽ റൂട്ടുകളിൽ ഒന്നാണിത്. പ്രകൃതിരമണീയമായ താഴ്​വരകളിലൂടെയും കുന്നിൻപുറങ്ങളിലൂടെയുമാണ് ഈ ട്രെയിൻ കടന്നു പോകുന്നത്. 80 കിലോമീറ്ററിലധികം നീണ്ടു കിടക്കുന്ന പാത 505 പാലങ്ങളിലൂടെയാണ് കടന്നു പോകുന്നത്. 

English Summary:

Special toy train service in Coonoor and Ooty.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com